1500 കുടുംബങ്ങൾക്ക് സഹകരണ വകുപ്പ് വീട് വെച്ച് നൽകും
പ്രളയദുരന്തത്തില്‍ പൂര്‍ണമായും വീട് തകര്‍ന്നവര്‍ക്ക് ആശ്വാസവുമായി സഹകരണവകുപ്പ്. സമ്പൂര്‍ണമായി വീട് നഷ്ടപ്പെട്ട ആയിരത്തിഅഞ്ഞൂറ് കുടുംബങ്ങള്‍ക്ക് പുതിയ വീട് വച്ചുനല്‍കുന്നതിന് സഹകരണവകുപ്പിന്റെ പദ്ധതി.ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്‍കിയാകും സഹകരണപ്രസ്ഥാനം വീട് നിര്‍മാണം നടത്തുക. എഴുപത്തി അഞ്ച് കോടി രൂപയാണ് ആയിരത്തി അഞ്ഞൂറ് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് വേണ്ടി വരിക. ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശഭരണവകുപ്പിന്റേയും മേല്‍നോട്ടത്തില്‍ പ്രദേശത്തെ സഹകരണസംഘങ്ങള്‍ക്കാകും നിര്‍മാണചുമതല. ജില്ലാ ഭരണകൂടം നല്‍കുന്ന പട്ടിക അനുസരിച്ചാകും ഭവനനിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത്.
അറുനൂറ് സ്ക്വ. ഫീറ്റില്‍ കുറയാതെ വിസ്തൃതിയുള്ള വീടുകളാകും നിര്‍മിക്കുക. അടുത്ത മാസം ഒന്നാം തീയതി മുതല്‍ തന്നെ ഈ ഭവനപദ്ധതി ആരംഭിക്കും. മൂന്നുമാസം കൊണ്ട് ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും.ദുരന്തങ്ങളെ അതിജീവിക്കാന്‍ പര്യാപ്തമായ കെട്ടിടങ്ങളാകും നിര്‍മിക്കുക. ഇതിനായി സാങ്കേതിക വിദഗ്ധരുടെ സഹായം തേടും. അതാത് പ്രദേശത്തിന്റെ സാഹചര്യം, ഭൂമിയുടെ ഘടന, ഭൂമിയുടെ ലഭ്യത, ഗുണഭോക്താവിന്റെ താല്‍പര്യം, സാമ്പത്തികസ്ഥിതി എന്നിവ അനുസരിച്ചാകും വീടിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുക.
കെട്ടിടനിര്‍മാണത്തില്‍ മാത്രം ഒതുക്കാതെ, ഈ കുടുംബങ്ങളുടെ തുടര്‍ജീവിതത്തിന് പര്യാപ്തമായ ഇടപെടല്‍ സഹകരണവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകും. ദുരന്താനന്തര കൗണ്‍സലിംഗ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള മാര്‍ഗനിര്‍ദേശം, ശുചിത്വ ബോധവല്‍ക്കരണം, നഷ്ടപ്പെട്ട രേഖകളുടെ വീണ്ടെടുപ്പിനുള്ള സഹായം എന്നിവയ്ക്കായി ഒരു ഹെല്‍പ് ഡെസ്കായി സഹകരണപ്രസ്ഥാനം പ്രവര്‍ത്തിക്കും. സാമൂഹിക പുനരധിവാസത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും. സന്നദ്ധപ്രവര്‍ത്തകരുടേയും സഹകാരികളുടേയും സേവനം ഇതിനായി പ്രയോജനപ്പെടുത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹകരണമേഖല അറുപത് കോടിയോളം രൂപ സമാഹരിച്ച് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെയാണ് എഴുപത്തി അഞ്ച് കോടിയുടെ ഭവനനിര്‍മ്മാണപദ്ധതി. വീട് നിർമാണവുമായി ബന്ധപ്പെട്ട് നാലായിരം സഹകാരികളുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സെപ്റ്റംബർ ഒന്നിന് ചേരും.പ്രളയത്തിൽ വിവിധ സ്ഥലത്തെ സഹകരണ സംഘങ്ങളിലായി 75 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. നബാർഡിനോട് സഹായം ചോദിച്ചതായും മന്ത്രി അറിയിച്ചു.