ഹൗസിങ് സഹകരണ സംഘങ്ങള്‍ക്കായി പ്രത്യേക നിയമത്തിന് ശുപാര്‍ശ

moonamvazhi

സംസ്ഥാനതലത്തില്‍ ഹൗസിങ് സഹകരണ സംഘങ്ങള്‍ക്കായി പ്രത്യേക നിയമം കൊണ്ടുവരാന്‍ ശുപാര്‍ശ. നാഷണല്‍ കോഒപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷനാണ് ഇത്തരമൊരു ശുപാര്‍ശ കേന്ദ്ര സഹകരണ മന്ത്രാലയത്തിന് മുമ്പില്‍ വെച്ചത്. മാതൃക നിയമം തയ്യാറാക്കി സംസ്ഥാനങ്ങളുടെ പരിഗണയ്ക്കായി ഫെഡറേഷന്‍ നല്‍കിയിട്ടുണ്ട്. ഹൗസിങ് സംഘങ്ങള്‍ക്കായുള്ള വ്യവസ്ഥകള്‍ സഹകരണ നിയമത്തില്‍ വേണ്ടത്രയില്ലെന്നാണ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നത്.

ഹൗസിങ് സംഘങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍, പണം കണ്ടെത്തല്‍, അംഗങ്ങളുടെ ബാധ്യതകളും ചുമതലകളും, കുടിശ്ശികവരുത്തിയവരെ ഫ്‌ളാറ്റില്‍നിന്ന് ഒഴിപ്പിക്കല്‍, അംഗങ്ങളുടെ അയോഗ്യത, ഫ്‌ളാറ്റുകളും വീടുകളും അനുവദിക്കല്‍, അവകാശം കൈമാറ്റം ചെയ്യല്‍, ഹൗസിങ് എസ്റ്റേറ്റുകളുടെ അറ്റകുറ്റപ്പണികള്‍ എന്നിങ്ങനെ ഹൗസിങ് സംഘങ്ങളെ ബാധിക്കുന്ന കാര്യങ്ങളിലൊന്നും സഹകരണ നിയമങ്ങളില്‍ വ്യവസ്ഥയില്ലെന്നാണ് ഫെഡറേഷന്‍ പറയുന്നത്. മാത്രവുമല്ല, ഹൗസിങ് സംഘങ്ങളുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ക്കും വ്യവസ്ഥയില്ല. അതിനാല്‍, ഇത്തരം സംഘങ്ങള്‍ക്കുവേണ്ടിയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പ്രത്യേക നിയമമോ, നിലവിലെ നിയമത്തില്‍ പ്രത്യേകം ചാപ്റ്ററോ വേണമെന്നാണ് ശുപാര്‍ശ.

ഡല്‍ഹി, ഗോവ, ജമ്മുകാശ്മിര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഹൗസിങ് സംഘങ്ങള്‍ക്കായുള്ള പ്രത്യേകം വ്യവസ്ഥകള്‍ അവിടുത്തെ സഹകരണ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2007-ലെ നാഷണല്‍ അര്‍ബന്‍ ഹൗസിങ് ആന്‍ഡ് ഹാബിറ്റാറ്റ് പോളിസിയില്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകം സഹകരണ ഹൗസിങ് സൊസൈറ്റി നിയമം വേണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു.

കാര്‍ഷിക സംഘങ്ങളുടെ മൊത്തം വരുമാനത്തിനും ആദായനികുതി ഇളവ് നല്‍കുന്നുണ്ട്. കണ്‍സ്യൂമര്‍ സൊസൈറ്റികള്‍ക്ക് ഒരുലക്ഷം രൂപയും ഇളവുണ്ട്. എന്നാല്‍, ഹൗസിങ് സംഘങ്ങള്‍ക്ക് 50,000 രൂപയാണ് ഇളവ്. പൂര്‍ണ നികുതിയിളവ് സാധ്യമാകില്ലെങ്കിലും പരിധി ഒരുലക്ഷമെങ്കിലുമാക്കണമെന്നാണ് ഫെഡറേഷന്റെ മറ്റൊരു ശുപാര്‍ശ.

Leave a Reply

Your email address will not be published. Required fields are marked *

Latest News