സർക്കാരിന്റെ പദ്ധതികൾക്ക് പണം കണ്ടെത്താനുള്ള മേഖലയായിമാത്രം ഇടതുപക്ഷം സഹകരണമേഖലയെ കാണുന്നുവെന്ന് അനിൽ അക്കര എംഎൽഎ.
ജനങ്ങൾക്ക് വിശ്വാസം ഉള്ള സഹകരണ സംഘങ്ങളെ ഇടതുപക്ഷസർക്കാർ പല അഴിമതികൾക്കും താവളമാക്കുന്നതായി അനിൽ അക്കര എംഎൽഎ ആരോപിച്ചു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തൃശ്ശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. നിലവിലെ പല അന്വേഷണങ്ങളും കേരളബാങ്ക് നിക്ഷേപങ്ങളിലേക്ക് ആണ് ചെന്നെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബി ആർ ആക്റ്റിൽ വന്നിട്ടുള്ള പുതിയ ഭേദഗതികൾ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെ യാതൊരു വിധത്തിലും ബാധിക്കില്ല എന്നും അർബൻ ബാങ്ക്, സംസ്ഥാന- കേന്ദ്ര സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യംവച്ചുകൊണ്ടുള്ളതാണെന്നും ജില്ലാ സമ്മേളനം വിലയിരുത്തി.
കോൺഗ്രസ് നേതാക്കളായ രാജേന്ദ്രൻ അരങ്ങത്ത്, സി.ഒ. ജേക്കബ്, കോയ്ൻസ് ചെയർപേഴ്സൺ സി ബി ഗീത, സംഘടനാ നേതാക്കളായ ഇ ഡി സാബു, എ കെ സതീഷ് കുമാർ, പി ആർ പ്രമോദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ ഉള്ളവരെ ആദരിച്ചു.