സ്ത്രീകള്‍ക്കെതിരായ അതിക്രമം; സഹകരണ വകുപ്പ് പ്രചാരണത്തിന്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ക്യാമ്പയിനുമായി സഹകരണ വകുപ്പ്. ജനങ്ങളുമായി ഏറ്റവും കൂടുതല്‍ അടുത്തുനില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലയിലാണ് സഹകരണ മേഖല ഈ പ്രചരണം ഏറ്റെടുക്കുന്നത്. ഒന്നരക്കോടിയോളം ഇടപാടുകാര്‍ സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമായുണ്ട്. ഇവരിലേക്ക് ഇത്തരം സന്ദേശം എത്തിക്കാനായാല്‍ ഏറ്റവും മികച്ചതും ബൃഹത്തായതുമായ പ്രചരണ ക്യാമ്പയിനായി അത് മാറുമെന്നാണ് സഹകരണ വകുപ്പിന്റെ പ്രതീക്ഷ.
അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തരമായി ബന്ധപ്പെടേണ്ട പൊലീസ്, ബാലാവകാശക്കമ്മീഷന്‍, വനിതാക്കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഫോണ്‍ നമ്പരുകള്‍ പ്രതിരോധ പ്രചാരണങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയില്‍ ജനങ്ങളിലെത്തിക്കാനാണ് ശ്രമം. ഇതിനായി സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും നിക്ഷേപങ്ങളുടെയും വായ്പയുടെയും പാസ്ബുക്കുകളില്‍ ഈ നമ്പര്‍ പതിപ്പിക്കും. പാസ് ബുക്കുകകളില്‍ നമ്പര്‍ അച്ചടിച്ചു നല്‍കുകയോ സീല്‍ പതിപ്പിച്ചു നല്‍കുകയോ വേണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഏറ്റവും അത്യാവശ്യമായി ഉപയോഗിക്കേണ്ടി വരുന്ന ഫോണ്‍ നമ്പരുകളും പാസ്ബുക്കുകളില്‍ പെട്ടെന്ന് തിരിച്ചറിയുന്ന രീതിയിലായിരിക്കും അച്ചടിച്ചു നല്‍കുക. ഇതിന് പുറമെ സ്ത്രീധനത്തിനെതിരെയുള്ള സന്ദേശങ്ങളും സഹകരണ സംഘങ്ങളിലൂടെ പ്രചരിപ്പിക്കും. ഇത്തരത്തിലുള്ള സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് സംഘങ്ങള്‍ക്ക് അവരുടേതായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാം. വിദ്യാര്‍ഥികളില്‍ സ്ത്രീധന വിരുദ്ധ മനോഭാവവും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള മനോഭാവവും വളര്‍ത്തിയെടുക്കുന്നതിനുള്ള പരിപാടികളും സംഘങ്ങള്‍ക്ക് നടത്താനാകും.
സഹകരണ സംഘം ജീവനക്കാര്‍, ഭരണസമിതി അംഗങ്ങള്‍, ഇടപാടുകാര്‍ എന്നിവരെല്ലാം ചേരുമ്പോള്‍ കേരളത്തിലെ ആകെ ജനസംഖ്യയുടെ പകുതിയിലേറെ വരും. സഹകരണ സംഘങ്ങളിലൂടെ ഒരു സമൂഹത്തില്‍ നല്ല മാറ്റത്തിന് വഴിയൊരുക്കാനാകുമെന്നതിന്റെ തെളിവാണ് ഈ പങ്കാളിത്തം. അതുകൊണ്ടാണ് ഇത്തരമൊരു ക്യാമ്പയിന്‍ ഏറ്റെടുക്കാന്‍ സഹകരണ വകുപ്പ് തയ്യാറായത്. പൊതു സമൂഹത്തിനിടയില്‍ ഗുണകരമായ ഇടപെടലുകള്‍ നടത്താന്‍ സഹകരണ വകുപ്പ് പ്രതിജ്ഞാദ്ധമാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ പ്രതികരിച്ചു.