സഹകരണ സംഘങ്ങള്‍ വഴി മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന യാനങ്ങള്‍

Deepthi Vipin lal

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാസ്ത്രീയമായ മത്സ്യബന്ധന രീതിക്ക് പ്രാപ്തരാക്കാന്‍ ആഴക്കടല്‍ മത്സ്യബന്ധനയാനം നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സഹകരണ സംഘങ്ങള്‍ വഴി മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മയ്ക്കാണ് യാനം നല്‍കുക.

എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ട് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് മുഖേനയാണ് നിര്‍മിച്ചു നല്‍കുന്നത്. ബോട്ട് നിര്‍മാണച്ചെലവ്, വല, ഇന്‍ഷുറന്‍സ്, കടല്‍ സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒരു ബോട്ടിന് 163.7 ലക്ഷം രൂപയാണ് ആകെ ചെലവ്. അതില്‍ 48 ലക്ഷം രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡിയാണ്. ബാക്കി തുക ബാങ്ക് വായ്പയായി ലഭ്യമാക്കും. മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ പത്ത് വീതം മത്സ്യത്തൊഴിലാളികള്‍ അടങ്ങുന്ന ഗ്രൂപ്പിനെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയില്‍ മാമ്പള്ളി നെടുങ്കണ്ട മത്സ്യത്തൊഴിലാളി സഹകരണ സംഘം, മര്യനാട് പെരുമാതുറ മത്സ്യത്തൊഴിലാളി സഹകരണ സംഘം, ചിറയിന്‍കീഴ് മുതലപ്പൊഴി മത്സ്യത്തൊഴിലാളി സഹകരണ സംഘം, വലിയതുറ തൊഴിലാളി സഹകരണ സംഘം എന്നീ മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് വിതരണം ചെയ്യും. കൊല്ലം ജില്ലയില്‍ വെള്ളനാതുരുത്ത് പണ്ടാരത്തുരുത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘം, ജോനകപ്പുറം മൂതാക്കര മത്സ്യത്തൊഴിലാളി സഹകരണ സംഘം, കോഴിക്കോട് ജില്ലയില്‍ പുതിയങ്ങാടി എലത്തൂര്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘം, കൊല്ലം മൂടാടി ഇരിങ്ങല്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘം എന്നിങ്ങനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ഇതിനു പുറമെ കൊല്ലം, എറണാകുളം ജില്ലകളിലായി ഓരോ ഗ്രൂപ്പുകളെക്കൂടി പദ്ധതിക്കായി തിരഞ്ഞെടുക്കും. എട്ട് മാസത്തിനുള്ളില്‍ യാനങ്ങള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. ഫിഷറീസ് വകുപ്പും മത്സ്യഫെഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആഴക്കടലിനെ ഇളക്കി മറിക്കാതെ ചൂണ്ട, ഗില്‍നെറ്റ് എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് ഇതിലൂടെ സാധ്യമാകും. സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നവരെ ഘട്ടം ഘട്ടമായി സുരക്ഷിതമായ യന്ത്രവല്‍കൃത മത്സ്യബന്ധന രീതിയിലേക്ക് മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Latest News