സഹകരണ സംഘങ്ങളുടെ 1100 കോടിയുടെ കാര്‍ഷിക പദ്ധതികളിലേറെയും കടലാസില്‍തന്നെ
കാര്‍ഷികമേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് നബാര്‍ഡ് തയ്യാറാക്കി അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള സഹകരണ സംഘങ്ങളുടെ പദ്ധതികളിലേറെയും കടലാസില്‍ ഉറങ്ങുന്നു. 639 അപേക്ഷകളിലായി 1100 കോടിരൂപയുടെ പദ്ധതികളാണ് പ്രവര്‍ത്തനരേഖ തയ്യാറാക്കി സഹകരണ സംഘങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ പത്തുശതമാനം പോലും ഇതുവരെ അംഗീകാരം നേടിയിട്ടില്ലെന്നാണ് വിവരം. ഇതുവരെയുള്ള കണക്ക് അനുസരിച്ച് 74 അപേക്ഷകള്‍ മാത്രമാണ് അംഗീകാരം നേടിയത്. 100.26 കോടിരൂപയാണ് ഈ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുള്ളത്.
കേരളബാങ്കുവഴി സമര്‍പ്പിച്ച അപേക്ഷകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. മറ്റ് ധനകാര്യ ബാങ്കുകളെല്ലാം ഈ പദ്ധതിയുടെ അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കുന്നുണ്ട്. കേരളബാങ്കുവഴി വായ്പ സ്വീകരിക്കുന്ന കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഒരുശതമാനം പലിശ നിരക്കില്‍ അത് ലഭ്യമാകും. ഇത് കാര്‍ഷിക പദ്ധതികള്‍ ഏറ്റെടുക്കുന്ന സംഘങ്ങള്‍ക്ക് നബാര്‍ഡ് മൂന്ന് ശതമാനം അധിക സബ്‌സിഡി നല്‍കുമെന്നത് കൊണ്ടാണ്. ഈ സാധ്യതയാണ് കേരളത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോകുന്നത്.
മലപ്പുറം ജില്ലാസഹകരണ ബാങ്ക് കേരളബാങ്കിന്റെ ഭാഗമാകാതെ നില്‍ക്കുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടി മലപ്പുറത്തെ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് നബാര്‍ഡിന്റെ എ.ഐ.എഫ്. ഫണ്ട് നല്‍കാന്‍ കേരളബാങ്ക് തയ്യാറായിരുന്നില്ല. ഇതിന് പുറമെയാണ് മറ്റ് സംഘങ്ങള്‍ നല്‍കിയ അപേക്ഷകള്‍പോലും കെട്ടിക്കിടക്കുന്ന സ്ഥിതിയുള്ളത്. അംഗീകാരം നേടിയ 64 പദ്ധതികളില്‍ 23 എണ്ണം പ്രാഥമിക സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ളതാണ്. ഇതിനാകെ 34.42 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്.
2020 മെയ് മാസമാണ് കാര്‍ഷിക അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഒരു ലക്ഷം കോടിയുടെ പ്രത്യേക പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഓരോ സംസ്ഥാനത്തും ചെലവഴിക്കാവുന്ന പണം എത്രയാണെന്നും ഇതില്‍ നിശ്ചയിച്ചിരുന്നു. 2520 കോടിരൂപയാണ് കേരളത്തിന് ലഭിച്ചത്. കൃത്യമായ പദ്ധതി തയ്യാറാക്കി അതിന്റെ റിപ്പോര്‍ട്ട് സഹിതമാണ് നബാര്‍ഡിന് അപേക്ഷ നല്‍കേണ്ടത്.
സഹകരണ സംഘങ്ങള്‍ക്ക് അധിക പലിശഇളവ് ലഭിക്കുന്നതിനാല്‍ ഇതൊരു മിഷനായി ഏറ്റെടുക്കാന്‍ മുന്‍ സഹകരണ സംഘം രജിസ്ട്രാര്‍ മുന്നിട്ടിറങ്ങിയിരുന്നു. മൂന്നുമേഖലകളാക്കി തിരിച്ച് സംഘങ്ങളുടെ യോഗം വിളിച്ച് അവര്‍ക്ക് താല്‍പര്യമുള്ളതും സാധ്യതയുള്ളതുമായ പദ്ധതികളാണ് തയ്യാറാക്കിയത്. ഇതിനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പ്രത്യേകം വിദഗ്ധരെയും ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഫലമായാണ് 1100 കോടിയുടെ പദ്ധതി തയ്യാറാക്കിയത്. അതാണ് കേരളബാങ്കിന്റേതടക്കമുള്ള മെല്ലെപ്പോക്ക് കാരണം കടലാസില്‍ ഒതുങ്ങിക്കിടക്കുന്നത്.