സഹകരണ വകുപ്പിന്റെ മാതൃകാ കൃഷിത്തോട്ടം പദ്ധതിക്കും ഹരിതം സഹകരണം പദ്ധതിക്കും തുടക്കമായി: ഭക്ഷ്യോല്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാതെ ഇനി മുന്നോട്ട് പോകാനാകില്ലെന്ന് സഹകരണ മന്ത്രി.

adminmoonam

സഹകരണ വകുപ്പിന്റെ മാതൃകാ കൃഷിത്തോട്ടം പദ്ധതിക്കും ഹരിതം സഹകരണം പദ്ധതിക്കും സംസ്ഥാനത്തെമ്പാടും തുടക്കമായി.ഭക്ഷ്യോല്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാതെ ഇനി മുന്നോട്ട് പോകാനാകില്ലെന്ന് സഹകരണ മന്ത്രി പറഞ്ഞു.ഭക്ഷ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാതെ സംസ്ഥാനത്തിന് ഇനി മുന്നോട്ടു പോകാനാകില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ബാലരാമപുരം സർവീസ് സഹകരണ ബാങ്കിൽ മാതൃകാ കൃഷിത്തോട്ടം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായുള്ള ഒരു ലക്ഷം തെങ്ങിൻ തൈ നടുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മലയാളികൾ കൂടുതലായി കൃഷിയിലേക്ക് ഇറങ്ങണം. കോവിഡ് പശ്ചാത്തലത്തിൽ കൃഷിക്ക് കൂടുതൽ ഊന്നൽ നൽകണം. കാശുകൊടുത്ത് എല്ലാം വാങ്ങി കഴിക്കാം എന്ന ധാരണ മാറണം. നമുക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നമ്മൾ തന്നെ ഉൽപാദിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ വിവിധതലങ്ങളിൽ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകൾ നടക്കും.

ഇത്തരത്തിലുള്ള പദ്ധതികൾ വിജയകരമായി നടത്തുന്നതിന് വേണ്ടിയാണ് കേരളത്തിലെ സഹകരണ ബാങ്കുകളിൽ മാതൃക പച്ചക്കറിത്തോട്ടം പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തു സാധിക്കുന്ന മുഴുവൻ സഹകരണസംഘങ്ങളും ഇത്തരത്തിൽ മാതൃകാ കൃഷിത്തോട്ടം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി ദിനമായ ഇന്ന് സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ലക്ഷം തെങ്ങിൻ തൈകൾ നട്ട് പരിപാലിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സംസ്ഥാന, ജില്ലാ, താലൂക്ക് സ്ഥലങ്ങളിൽ ഉദ്ഘാടനങ്ങൾ നടന്നു. സംസ്ഥാനത്തെ മുഴുവൻ സഹകരണസംഘങ്ങളും പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈകൾ വിതരണം ചെയ്യുകയും നടുകയും ചെയ്തു.
ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് അഞ്ചേക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്. ചടങ്ങിൽ എം.വിൻസെന്റ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് പ്രതാപചന്ദ്രൻ, സഹകരണ സംഘം രജിസ്ട്രാർ നരസിംഹുഗരി ടി. എൽ. റെഡ്ഡി, സ്പിന്നിങ് മിൽ ചെയർമാൻ എം. എം. ബഷീർ, മാനേജിങ് ഡയറക്ടർ സുധീർ, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.കെ.പ്രീജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News