സഹകരണ റിസ്ക് ഫണ്ട് ആനുകൂല്യം 2 ലക്ഷം രൂപയായി വർദ്ധിപ്പിച്ച് ഉത്തരവായി: അപേക്ഷകൾ വർധിക്കുന്നതും ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതും ബോർഡിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.

adminmoonam

സംസ്ഥാന സഹകരണ വികസന ക്ഷേമനിധി ബോർഡിന് കീഴിലുള്ള റിസ്ക് ഫണ്ട് ആനുകൂല്യത്തിന്റെ പരിധി ഒന്നര ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു ഉത്തരവായി. എന്നാൽ പ്രീമിയം തുകയിൽ വലിയ വർധനവ് വരുത്തിയത് വായ്പകാരിലും സഹകാരികളിലും വലിയ പ്രതിഷേധത്തിന് ഇടയാക്കി.

സഹകരണ വകുപ്പിന്റെ സുപ്രധാനവും ഏറെ പ്രയോജനകരമായ പദ്ധതിയാണ് റിസ്ക് ഫണ്ട് പദ്ധതി. 2009 ഓഗസ്റ്റ് മാസത്തിലാണ് പദ്ധതി തുടങ്ങുന്നത്. ഈ വർഷം സെപ്റ്റംബർ 30 വരെ 51,746 അപേക്ഷകളാണ് റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി ലഭിച്ചത്. 372.03 കോടി രൂപ ഇതുവരെ നൽകി കഴിഞ്ഞു.6.9.2016ൽ പുതിയ ബോർഡ് ചുമതലയേൽക്കുമ്പോൾ 7,437 അപേക്ഷകളാണ് തീർപ്പുകൽപ്പിക്കാൻ ഉണ്ടായിരുന്നത്.31.7.2019 വരെ 37,092 അപേക്ഷകൾ ലഭിച്ചു. ഇപ്പോൾ മൊത്തം ഉള്ള 44,529 അപേക്ഷകളിൽ 24,693 അപേക്ഷയിൽ തീർപ്പുകൽപ്പിക്കാൻ ആയി.187.53 കോടി രൂപ ഇവർക്കായി നൽകി.6,446 അപേക്ഷകൾ പലകാരണങ്ങളാൽ തള്ളിക്കളയേണ്ടതായിവന്നു. ഇപ്പോൾ 6,376 പുതിയ അപേക്ഷകൾ നിർവഹണത്തിൽ ആണ്.4,215 അപേക്ഷകളിൽ പോരായ്മകൾ പരിഹരിക്കാൻ സഹകരണസംഘങ്ങൾക്ക് നൽകിയിരിക്കുകയാണ്. ഇതെല്ലാം അടക്കം 13,390 അപേക്ഷകളിൽ ഇനി തീർപ്പു കൽപ്പിക്കേണ്ടത് ഉണ്ട്. 30.3.2012 നാണ് റിസ്ക് ഫണ്ട് തുക ഒന്നര ലക്ഷം രൂപയാക്കി വർധിപ്പിച്ചത്. പിന്നീട് ഇപ്പോൾ രണ്ട് ലക്ഷം രൂപയാക്കി വർധിപ്പിച്ചു.

മുൻകാലങ്ങളിൽ നിന്ന് 75% അപേക്ഷകരിൽ വർധന ഉണ്ടായിട്ടുണ്ടെന്ന് ബോർഡ് സെക്രട്ടറിയും ജോയിന്റ് രജിസ്ട്രാറുമായ നൗഷാദ് പറഞ്ഞു. പ്രീമിയം തുകയും സംഘങ്ങളിൽ നിന്നുള്ള വാർഷിക തുകയും നാമമാത്രമായ സർക്കാർ ഗ്രാന്റും പ്രയോജനപ്പെടുത്തിയാണ് ബോർഡ് റിസ്ക് ഫണ്ട് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. എന്നാൽ വർധിച്ച അപേക്ഷകളും സ്ഥിര നിക്ഷേപ പലിശ 9 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറച്ചതും സർക്കാർ ഗ്രാന്റ് കിട്ടുന്നത് പലപ്പോഴും വൈകുന്നതും ബോർഡിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 20 നാണ് റിസ്ക് ഫണ്ട് ആനുകൂല്യ തുക ഒന്നര ലക്ഷം രൂപയിൽ നിന്നും 2 ലക്ഷം രൂപയായി വർദ്ധിപ്പിച്ച് ഉത്തരവായത്. എന്നാൽ ഇതോടൊപ്പം തന്നെ പ്രീമിയം തുകയും വലിയതോതിൽ വർദ്ധിപ്പിച്ചു. ഒപ്പം റിസ്ക് ഫണ്ട് ആനുകൂല്യം ലഭിക്കുന്നതിന് ആവശ്യമായ നിബന്ധനകളും ഒരുപാട് വർദ്ധിപ്പിച്ചു. അതായത് നിയമാവലിയിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തി.കൂടാതെ ജി. എസ്.ടി തുകയും പുറമെ അടയ്ക്കണം.ഇത് സഹകാരികൾക്കിടയിലും വായ്പകാർക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റിസ്ക് ഫണ്ട് ആനുകൂല്യം നൽകാതിരിക്കാൻ ആണ് നിബന്ധനകൾ വർദ്ധിപ്പിച്ചതെന്നാണ് സഹകാരികളുടെ പക്ഷം. എന്നാൽ അർഹതപ്പെട്ടവർക്ക് വേഗത്തിൽ ലഭ്യമാക്കാനാണ് പുതുതായി വ്യവസ്തകൾ വച്ചത് എന്ന് ബോർഡ് സെക്രട്ടറിയും പറയുന്നു.

മിനിമം പ്രീമിയം 100 രൂപയിൽ നിന്ന് 250 ആക്കിയും പരമാവധി പ്രീമിയം 525 നിന്ന് 1000 രൂപയുമാക്കി വർധിപ്പിച്ചു. ഇതിന് പുറമെ ജി.എസ്.ടി തുകയും. ചെറിയ വായ്പകൾ നൽകുന്ന ചെറിയ സംഘങ്ങൾക്കും വായ്പക്കാർക്കും 100ൽ നിന്ന് 250 രൂപയാക്കി വർധിപ്പിച്ചത് വളരെ കൂടുതലാണെന്നാണ് സഹകാരികളുടെ പക്ഷം. 5000 രൂപ മുതൽ വായ്പ നൽകുന്ന സഹകരണസംഘങ്ങൾ സംസ്ഥാനത്തുണ്ട്. ചെറിയ തുക വായ്പയെടുക്കുന്ന സാധാരണക്കാർക്ക് പലിശകുപുറമേ ഭീമമായ പ്രീമിയം തുക ഈടാക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് സഹകാരികൾ പറയുന്നത്. തന്നെയുമല്ല ഉത്തരവ് ഇറങ്ങിയ അന്നുമുതൽ നൽകിയ വായപക്കാരിൽനിന്നു ഈ പുതുക്കിയ തുക ഈടാക്കണമെന്നും പറയുന്നു. ഇതും പ്രായോഗികമല്ലെന്ന് സഹകാരികളും സഹകരണ ജീവനക്കാരും പറയുന്നു. പല നിസ്സാര കാരണങ്ങൾ പറഞ്ഞു റിസ്ക് ഫണ്ട് ആനുകൂല്യം നിഷേധിക്കുന്ന സാഹചര്യം ഇപ്പോൾ തന്നെയുണ്ടെന്ന് സഹകാരികൾ പരാതിപ്പെടുന്നു. സംഘങ്ങളിൽ നിന്നും വായ്പ കാരിൽ നിന്നും റിസ്ക് ഫണ്ട് പ്രീമിയം ഈടാക്കാനുള്ള ആവേശം ബോർഡ് ജീവനക്കാർക്ക് റിസ്ക് ഫണ്ട് ആനുകൂല്യം നൽകാൻ കാണുന്നില്ലെന്ന് പരാതിപ്പെടുന്നവരും കുറവല്ല. നിലവിൽ റിസ്ക് ഫണ്ട് ആനുകൂല്യത്തിന് ആയി അഞ്ചോ ആറോ രേഖകളാണ് ആവശ്യമായി ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് പതിനഞ്ചിൽ കൂടുതൽ രേഖകൾ ആയതായി പുതുക്കിയ നിയമാവലി പറയുന്നു.

ബോർഡിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ നിസ്സാര കാര്യങ്ങൾ പറഞ്ഞു അപേക്ഷകൾ തള്ളാനുള്ള കുറുക്കുവഴിയാണ് പുതിയ ഭേദഗതിയെന്നു വിശ്വസിക്കുന്ന സഹകാരികളും ഉണ്ട്. വായ്പ ഉപ നിയമാവലി നിർബന്ധമായും വേണമെന്നാണ് ഒരു പ്രധാന ഭേദഗതി. അമ്പതിലധികം വർഷം പഴക്കമുള്ള പല സംഘങ്ങളിലും ഉപ നിയമാവലി ഉണ്ടാകില്ലെന്നും സഹകാരികൾ പറയുന്നു. 5000 രൂപ വായ്പയെടുക്കുന്നയാൾക്ക് സംഘത്തിന്റെ പലിശയും റിസ്ക് ഫണ്ട് പ്രീമിയവും എല്ലാം കൂടി വരുമ്പോൾ 10 ശതമാനം പലിശ എന്നത് 16 ശതമാനം ആകും. ഇത് വളരെ ഗൗരവത്തോടെ കാണണമെന്ന് ഇതിനകം തന്നെ സഹകാരികൾ പറഞ്ഞുതുടങ്ങി.നേരത്തെ ഒരാൾക്ക് എല്ലാ വായ്പകളിലും റിസ്ക് ഫണ്ട് ആനുകൂല്യം ലഭിച്ചിരുന്നു. എന്നാൽ പുതിയ നിയമാവലി അനുസരിച്ച് എത്ര വായ്പയുണ്ടെങ്കിലും പരമാവധി അഞ്ച് ലക്ഷം രൂപ വരെ എന്നതാക്കി നിജപ്പെടുത്തി. ഇത്തരത്തിൽ സഹകാരികളെയും വായ്പകാരെയും പരിപൂർണമായി ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകളോടെയാണ് സഹകരണ റിസ്ക് ഫണ്ട് നിയമം സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നതെന്നാണ് സഹകാരി പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *

Latest News