സഹകരണ മേഖലയില്‍ നാലാം തരംഗത്തിനു കാത്തിരിക്കാം
ഡോ. എം. രാമനുണ്ണി
(തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ മുന്‍ ജനറല്‍
മാനേജരും കണ്‍സ്യൂമര്‍ഫെഡ്
മുന്‍ മാനേജിങ് ഡയരക്ടറും)
(2021 മാര്‍ച്ച് ലക്കം)
ആധുനിക കാലത്തെ ശക്തിയെന്നതു അറിവിനെയും മനസ്സിനെയും സമ്പത്തിനെയും കീഴടക്കാനുള്ള കഴിവാണെന്നു പറഞ്ഞതു അമേരിക്കന്‍ എഴുത്തുകാരനായ ആല്‍വിന്‍ ടോഫ്‌ളറാണ്. വിവര വിജ്ഞാന വിസ്‌ഫോടനത്തോടെ നമ്മുടെ സഹകരണ പ്രസ്ഥാനം ഇന്നു നാല്‍ക്കവലയില്‍ ശങ്കിച്ചു നില്‍ക്കുകയാണ്. ശരിയായ ദിശയിലേക്കു നീങ്ങിയില്ലെങ്കില്‍ സര്‍വനാശത്തിന്റെ കാഹളമായിരിക്കും നമുക്കു കേള്‍ക്കേണ്ടിവരിക.
ചുറ്റുപാടുകളോട് നിരന്തരം സംവദിക്കുകയും ഭാവിയെക്കുറിച്ച് ആശങ്കാകുലനാകുകയും വരാന്‍ പോകുന്ന മാറ്റങ്ങളെ നേരിടാന്‍ എങ്ങനെ തയാറാകണമെന്നു നമ്മളെ ബോധവല്‍ക്കരിക്കുകയും ചെയ്ത അമേരിക്കന്‍ എഴുത്തുകാരനാണ് ആല്‍വിന്‍ ടോഫ്‌ളര്‍ ( ജനനം : 1928 ഒക്ടോബര്‍ 04. മരണം : 2016 ജൂണ്‍ 27 ). 1970 ലാണ് അദ്ദേഹം ഫ്യൂച്ചര്‍ ഷോക്ക് ( Future shock ) എന്ന പുസ്തകം നമുക്കു പരിചയപ്പെടുത്തിയത്. 87 വര്‍ഷം നീണ്ട ജീവിതത്തില്‍ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ തേഡ് വെയ്‌വ് ( Third Wave ) എന്ന പുസ്തകത്തിനു രൂപം നല്‍കി. ഇന്റര്‍നെറ്റിന്റെ ചരിത്രവും അതു ഭാവിയില്‍ ജനജീവിതത്തെ എങ്ങനെ സ്വാധീനിയ്ക്കുമെന്നും കൃത്യമായി വിവരിക്കുന്നുണ്ട് തേഡ് വെയ്‌വില്‍. ഇതുവഴി രൂപപ്പെടുന്ന ലോകത്ത് സംരംഭകരും സ്ഥാപനങ്ങളും എങ്ങനെ ഒരൊറ്റ ഓണ്‍ലൈന്‍ ലോകമായി പരിവര്‍ത്തനം ചെയ്യപ്പെടുമെന്നു ഒരു പ്രവാചകനെപ്പോലെ അദ്ദേഹം വിവരിക്കുന്നുണ്ട്.
ഫ്യൂച്ചര്‍ ഷോക്കും തേഡ് വെയ്‌വും അക്കാലത്തു സമൂഹത്തിലുണ്ടാക്കിയ ചലനങ്ങള്‍ ചെറുതല്ല. ഇതേത്തുടര്‍ന്ന്, 1990ല്‍ അദ്ദേഹത്തിന്റെ വിഖ്യാത രചന പവര്‍ ഷിഫ്റ്റ് ( Power shift ) പുറത്തുവന്നു. അറിവ്, സമ്പത്ത്, മനസ് എന്നീ മൂന്നു ശക്തികള്‍ എങ്ങനെ ഏകാഗ്രമായി പ്രവര്‍ത്തിക്കുന്നുവെന്നതും ആധുനിക കാലഘട്ടത്തിലെ ശക്തിയെന്നതു അറിവിനെയും സമ്പത്തിനെയും മനസ്സിനെയും കീഴടക്കാനുള്ള കഴിവാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. വസ്തുതകള്‍ കാലഹരണപ്പെടുകയും പുതിയ അറിവുകള്‍ ലോകത്തെ കീഴടക്കുകയും ചെയ്യുന്ന കറന്‍സിയായി മാറ്റപ്പെടുന്ന ഒരു കാലത്തെക്കുറിച്ചാണു അദ്ദേഹം പവര്‍ ഷിഫ്റ്റില്‍ സൂചിപ്പിക്കുന്നത്. അനന്യമായ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു സമൂഹം എങ്ങനെ പുരോഗതി നേടുമെന്നു അദ്ദേഹം വസ്തുനിഷ്ഠമായി സമര്‍ഥിക്കുന്നുണ്ട് ഈ ഗ്രന്ഥത്തില്‍. മനുഷ്യരാശിയുടെ വളര്‍ച്ചയും വികാസവും സസൂക്ഷ്മം നിരീക്ഷിയ്ക്കുന്ന എഴുത്തുകാരന്‍ മൂന്നു പ്രധാനപ്പെട്ട സംസ്‌കാര ഉറവിടങ്ങള്‍ കണ്ടെത്തുന്നുണ്ട്. ഇതില്‍ ആദ്യ തരംഗം എന്നു വിളിയ്ക്കുന്നതു സമൂഹത്തിലുണ്ടായ കാര്‍ഷിക മേഖലയിലെ പുരോഗതിയെയാണ്. മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും കാര്‍ഷിക വിപ്ലവം നല്‍കിയ സംഭാവനകളെയാണ് അദ്ദേഹം ആദ്യ തരംഗത്തിലൂടെ എടുത്തുകാണിക്കുന്നത്. അദ്ദേഹം സൂചിപ്പിക്കുന്ന രണ്ടാം തരംഗം വ്യവസായ വിപ്ലവത്തിന്റെതാണ്. വ്യവസായ വിപ്ലവം തൊഴിലിന്റെയും പണത്തിന്റെയും മാറ്റങ്ങളുടെയും രൂപത്തില്‍ സമൂഹത്തില്‍ വരുത്തിയ ചലനങ്ങളെ ആല്‍വിന്‍ ടോഫ്‌ളര്‍ കൃത്യമായി ഫ്യൂച്ചര്‍ ഷോക്കില്‍ വിശദീകരി്ക്കുന്നുണ്ട്.
വിവരവിജ്ഞാന വിസ്‌ഫോടനം എന്നതാണു അദ്ദേഹം കണ്ടെത്തുന്ന മൂന്നാം തരംഗം. 1974 ല്‍ പോര്‍ച്ചുഗലിലെയും സ്‌പെയിനിലെയും കാര്‍നേഷന്‍ വിപ്ലവത്തിലൂടെയും 1970 കളില്‍ ലാറ്റിനമേരിക്കയില്‍ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലൂടെയും 1980 ല്‍ ഫിലിപ്പൈന്‍സ്, തെക്കന്‍ കൊറിയ, തായ്‌വാന്‍ എന്നീ ഏഷ്യ പെസിഫിക്ക് രാജ്യങ്ങളിലും 86 മുതല്‍ 88 വരെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോവിയറ്റ് റഷ്യയിലും ഉണ്ടായ മാറ്റങ്ങളെയാണ് അദ്ദേഹം മൂന്നാം തരംഗം അഥവാ ജനാധിപത്യ തരംഗം എന്നതുകൊണ്ട് വിവക്ഷി്ക്കുന്നത്. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ലേഖനത്തില്‍ ഫ്യൂച്ചര്‍ ഷോക്കിനും തേഡ് വെയ്‌വിനും പവര്‍ ഷിഫ്റ്റിനും ഏറെ പ്രസക്തിയുണ്ട്.
സഹകരണ പ്രസ്ഥാനമെന്നതു ജനങ്ങളുടെ ഒരു കൂട്ടായ്മയാണ്. സ്വയം സഹായം, പരസ്പര സഹായം എന്ന തത്വശാസ്ത്രം പ്രയോഗതലത്തില്‍ കൊണ്ടുവരുന്നതിനു ഏറ്റവും പ്രയോജനകരമായ ഒരു സംഘടനാരൂപമാണു സഹകരണ പ്രസ്ഥാനത്തിന്റെത്. സമൂഹത്തിലെ സാമ്പത്തികവും സാമൂഹികവും സംസ്‌കാരികവുമായ മാറ്റങ്ങളുടെ പ്രതിഫലനങ്ങള്‍ അതുകൊണ്ടുതന്നെ സഹകരണ സ്ഥാപനങ്ങളില്‍ പ്രതിഫലിയ്ക്കുമെന്നു ഉറപ്പാണ്. കാര്‍ഷിക സമ്പദ്‌വ്യവസ്ഥയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ച ഉച്ചനീചത്വങ്ങള്‍ ഒരു പരിധിവരെ ലഘൂകരിയ്ക്കാന്‍ സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെ കഴിഞ്ഞിട്ടുണ്ട്. വ്യവസായ വിപ്ലവത്തിലൂടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഉല്‍പ്പാദന വര്‍ധന എങ്ങനെ സാധ്യമാക്കാമെന്നു മനുഷ്യന്‍ പ്രയോഗതലത്തില്‍ ആവിഷ്‌കരിച്ചു വിജയിപ്പിച്ചു.
സമൂഹത്തെ രണ്ടാക്കി
വ്യവസായ വിപ്ലവത്തെത്തുടര്‍ന്നു ബ്രിട്ടനിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും അതുവഴി മനുഷ്യര്‍ അനുഭവിച്ച പ്രയാസങ്ങള്‍ക്കും പരിഹാരം കണ്ടെത്താനാണു റോബര്‍ട്ട് ഓവന്‍ ഉപഭോക്തൃ സഹകരണ പ്രസ്ഥാനങ്ങള്‍ക്കു രൂപം നല്‍കിയത്. ആദ്യ തരംഗവും രണ്ടാം തരംഗവും ഫലപ്രദമായി നേരിടുന്നതിനും അതിന്റെ പ്രത്യാഘാതങ്ങള്‍ ഒരു പരിധി വരെ ലഘൂകരിയ്ക്കുന്നതിനും സഹകരണ പ്രസ്ഥാനത്തിനു കഴിഞ്ഞു. എന്നാല്‍, മൂന്നാം തരംഗമായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വരവോടെ സഹകരണ പ്രസ്ഥാനം ഒരു നാല്‍ക്കവലയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. സഹകരണ പ്രസ്ഥാനത്തിന്റെ ജനാധിപത്യ സ്വഭാവം പുഷ്ടിപ്പെടുത്താനും ഏതാനും പ്രമാണിമാരുടെ ഏകാധിപത്യപരമായ ഇടപെടലുകള്‍ക്കു തടയിടാനും വിവര വിജ്ഞാനം വഴി കഴിയേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. പകരം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ആവിര്‍ഭാവത്തോടെ സമൂഹം രണ്ടായി പകുത്തു മാറ്റപ്പെടുകയാണുണ്ടായത്. ഇതിനെയാണു ഡിജിറ്റല്‍ ഡിവൈഡ് ( Digital Divide ) എന്നു വിളിക്കുന്നത്. വിവര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരും അല്ലാത്തവരുമായി ഒരു സമൂഹം വിഭജിയ്ക്കപ്പെടുന്ന സ്ഥിതിവിശേഷം അനുദിനം വര്‍ധിച്ചുവരുന്നു. ഇവിടെ അറിവും വിവരസാങ്കേതിക വിദ്യ കൈകാര്യം ചെയ്യാനുള്ള ശേഷിയും അധികാരം കൈയാളാനുള്ള അവസരമായി മാറുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന അധികാരം സമ്പത്ത് വര്‍ധിപ്പിക്കാനും അതുവഴി അക്രമ പ്രവണതകളിലൂടെ അധികാരം നിലനിര്‍ത്താനും ഇട നല്‍കുന്നു. ഇതുതന്നെയാണു സഹകരണ പ്രസ്ഥാനത്തില്‍ ഒരളവില്‍ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സംഘത്തിന്റെ ഉടമ ആരാണ് ?
ആരാണു സഹകരണ സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ അഥവാ അവകാശി എന്നു നമ്മള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? ആലോചിച്ചാല്‍ ഒരു ഉത്തരമേ ലഭിക്കാന്‍ സാധ്യതയുള്ളൂ. അതു സ്ഥാപനത്തിലെ അംഗങ്ങള്‍ തന്നെയെന്നതാണ്. എന്നാല്‍, നമുക്കു പരിചയമുള്ള ഏതൊരു സഹകരണ സ്ഥാപനത്തെയും എടുത്തു പരിശോധിക്കുക. എന്താണു അതിലെ അംഗങ്ങളുടെ അധികാരം, അവകാശം ? അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനപ്പുറം എന്തധികാരമാണു അവര്‍ക്കു ഇന്നുള്ളത്. ഒരു പഞ്ചായത്ത് പ്രവര്‍ത്തന പരിധിയായുള്ള ഒരു സഹകരണ സ്ഥാപനത്തില്‍ ഏകദേശം പതിനയ്യായിരത്തിലേറെ അംഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതില്‍ എത്രപേര്‍ സഹകരണ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ഇടപഴകുന്നുണ്ട് ? നിക്ഷേപം നടത്തുന്നതിനോ വായ്പയെടുക്കുന്നതിനോ നീതി സ്റ്റോറില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നതിനോ പണ്ടം പണയം വെക്കുന്നതിനോ തിരിച്ചെടുക്കുന്നതിനോ വിത്ത്, വളം, മരുന്ന്, കീടനാശിനി എന്നിവ വാങ്ങുന്നതിനോ ഒരു വര്‍ഷത്തില്‍ ചുരുങ്ങിയത് പത്തു പ്രാവശ്യമെങ്കിലും തന്റെ സഹകരണ സ്ഥാപനം സന്ദര്‍ശിക്കുന്ന എത്ര അംഗങ്ങള്‍ നമുക്കുണ്ട് ? ഇവിടെയാണ് അംഗത്വമെന്നതു കേവലമൊരു വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അവകാശം മാത്രമായി ചുരുങ്ങുന്നത്.
അംഗങ്ങളുടെ കൂട്ടായ വേദി എന്ന ധാരണയാണ് പൊതുയോഗം എന്നതിലൂടെ ലഭിക്കുന്നത്. എന്നാല്‍, സഹകരണ സ്ഥാപനങ്ങളുടെ പൊതുയോഗങ്ങളില്‍ മൊത്തം അംഗസഖ്യയുടെ എത്ര ശതമാനം പേര്‍ ഹാജരാകുന്നുണ്ട് ? അംഗങ്ങളുടെ വീടുകളില്‍ കൊണ്ടുപോയി ഹാജര്‍ ഒപ്പിടീക്കുന്ന രീതി അവലംബിക്കാതിരുന്നാല്‍ എത്ര പൊതുയോഗങ്ങള്‍ക്കു ക്വാറം തികയ്ക്കാനാകും ? എന്തുകൊണ്ടാണു പൊതുയോഗങ്ങള്‍ക്കു അംഗങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാത്തത് ? പൊതുയോഗങ്ങള്‍ കാര്യക്ഷമമാക്കാന്‍ കഴിയുന്നില്ലെങ്കില്‍, അംഗങ്ങള്‍ അവരുടെ അവകാശം പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍, എങ്ങനെയാണു ജനാധിപത്യം സാധ്യമാവുക ? പതുക്കെ അംഗങ്ങളുടെ അധികാരം ഭരണസമിതിയിലേക്കു മാറിപ്പോകുന്ന അവസ്ഥ നമ്മുടെ നാട്ടില്‍ കാണാന്‍ കഴിയുന്നില്ലെ ? അംഗങ്ങളുടെ പ്രതിനിധികളാണു ഭരണസമിതിയില്‍ എത്തിച്ചേരുന്നത് എന്നതിനാല്‍ ഒരു പരിധിവരെ ജനാധിപത്യം സാധ്യമാകുന്നുവെന്നു നമുക്കു സമാധാനിക്കാം. എന്നാല്‍, ഭരണസമിതിയുടെ ഘടനയും പ്രവര്‍ത്തനവും സസൂക്ഷ്മം പരിശോധിച്ചാല്‍ നമുക്കു കണ്ടെത്താന്‍ കഴിയുക ഏതാനും ചിലരിലേക്കുള്ള അധികാര കേന്ദ്രീകരണമാണ്.
അധികാരം ചിലരിലേക്ക്
ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെക്കുറിച്ചു കൃത്യമായ അജണ്ട നേരത്തെത്തന്നെ നല്‍കുകയും ഭരണസമിതി യോഗങ്ങളില്‍ വിശദമായി പഠിച്ചു ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ കൈകൊള്ളുകയും എടുത്ത തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുക എന്ന രീതി എത്ര ഭരണസമിതികളില്‍ നടക്കുന്നുണ്ട് ? പല സഹകരണ സ്ഥാപനങ്ങളിലും അധികാരം ഏതാനും ഉദ്യോഗസ്ഥരിലേക്കോ ജീവനക്കാരിലേക്കോ ആയി ചുരുങ്ങിയതായി കണ്ടെത്താന്‍ കഴിയും. ഇതില്‍ത്തന്നെ, സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാവുന്ന ഏതാനും ചിലരിലേക്കു അധികാരം കേന്ദ്രീകരിക്കുന്ന പ്രവണത സഹകരണ സ്ഥാപനങ്ങളില്‍ വര്‍ധിച്ചു വരുന്നതായി കാണുന്നുണ്ട്. ഇതുതന്നെയാണ് സഹകരണ പ്രസ്ഥാനത്തിന്റെ ജനാധിപത്യ മുഖം നഷ്ടപ്പെടുത്തിയത്. ഇതു തുടര്‍ന്നുപോയാല്‍ സഹകരണ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകും. സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തി തീര്‍ത്തും നഷ്ടമാകും. ഇതു ഒരു പ്രവണതയാണ്. ഈ പ്രവണത നമ്മുടെ സഹകരണ സ്ഥാപനങ്ങളിലെ മിക്ക പ്രവര്‍ത്തനങ്ങളിലും പ്രകടമാണ്. സമീപകാലത്തായി സഹകരണ മേഖലയില്‍ നടക്കുന്ന ചില തീരുമാനങ്ങള്‍ ഒന്നു പരിശോധിച്ചാല്‍ ഇതിന്റെ ആഴവും പരപ്പും വ്യക്തമാകും.
ഒരു പ്രാഥമിക സഹകരണ സംഘത്തില്‍ നിക്ഷേപം സ്വീകരിക്കുന്നതു എന്തിനു വേണ്ടിയാണ് ? ഉത്തരം ലളിതമാണ്. ഒരു പ്രദേശത്തെ ജനങ്ങളുടെ സമ്പാദ്യം അഥവാ മിച്ചം വെയ്ക്കുന്ന തുക ആവശ്യക്കാര്‍ക്കു വിതരണം ചെയ്യുന്നതിനായി പ്രാഥമിക സഹകരണ സംഘം വഴിയൊരുക്കുന്നു. അത്രമാത്രം. അങ്ങനെയെങ്കില്‍, ആ പ്രദേശത്തു നിന്നു എത്ര പലിശക്കു നിക്ഷേപം സ്വീകരിക്കണമെന്നു തീരുമാനിക്കാന്‍ ആര്‍ക്കാണു അധികാരം ? ഇന്നു ഈ അധികാരം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുണ്ടോ ? സംസ്ഥാന തലത്തില്‍ ചേരുന്ന പലിശ നിര്‍ണയ സബ്ബ് കമ്മിറ്റിക്കു കേരളത്തിലെ ഓരോ പ്രദേശത്തിന്റെയും സാധ്യതകളും അവസരങ്ങളും കണ്ടെത്താനും കൃത്യമായി തിരിച്ചറിയാനും കഴിയുമോ ? ഒരുപക്ഷേ, ആ പ്രദേശത്തിനു വായ്പ ആവശ്യമില്ലെങ്കില്‍ സമാഹരിച്ച നിക്ഷേപം മറ്റു പ്രദേശങ്ങളിലേക്കു ആവശ്യാനുസരണം കൈമാറാനുള്ള അധികാരം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുണ്ടോ ? ഒരു ജില്ലയുടെ ഒരു ഭാഗത്തുള്ള സഹകരണ സംഘം സമാഹരിക്കുന്ന നിക്ഷേപം ആ ജില്ലയുടെ മറ്റൊരു ഭാഗത്തു ആവശ്യമുള്ള സഹകരണ സംഘത്തിനു അവര്‍ക്കു ഉചിതമെന്നു തോന്നുന്ന നിരക്കില്‍ വായ്പയായി നല്‍കാന്‍ അധികാരമുണ്ടോ ? ഇല്ല എന്നതാണ് വസ്തുത. ഈ പണം മുന്‍കാലങ്ങളില്‍ ജില്ലാ ബാങ്കില്‍, ഇപ്പോള്‍ കേരള ബാങ്കില്‍ , നിക്ഷേപിച്ച് അതു വായ്പയായി വിതരണം ചെയ്യുന്ന വേളയില്‍ പലിശയിലുണ്ടാകുന്ന വര്‍ധന നമ്മള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതു ക്രമാതീതമായി വര്‍ധിച്ചുവെന്നു കണ്ടെത്താന്‍ കഴിയും. നബാര്‍ഡില്‍ നിന്നുള്ള കാര്‍ഷിക വായ്പ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു കിട്ടുന്ന വേളയില്‍ ജില്ലാ ബാങ്ക് എന്ന ഒരു തട്ട് എടുക്കുന്ന പലിശവര്‍ധന ഇല്ലാതാകുമ്പോള്‍ കുറയ്ക്കാനാകുമെന്നാണ് കേരള ബാങ്കിന്റെ രൂപവത്കരണ വേളയില്‍ നമ്മള്‍ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍, യഥാര്‍ഥ്യമെന്താണ് ? പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങള്‍ക്കു ന്യായമായ പലിശ കേരള ബാങ്ക് നല്‍കുന്നില്ല. മാത്രമല്ല, പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു നല്‍കുന്ന കാര്‍ഷിക വായ്പക്കുള്ള പലിശയില്‍ കേരള ബാങ്ക് കുറവ് വരുത്തുന്നുമില്ല. ഇവിടെയാണ് അംഗങ്ങളില്‍ നിന്നു സ്ഥാപനം അന്യവല്‍ക്കരിയ്ക്കപ്പെടുന്നത്. ഇതു സംബന്ധിച്ചുള്ള തീരുമാനം കൈകൊള്ളുന്നതു അംഗങ്ങളാണെങ്കില്‍ ഒരിക്കലും ഇത്തരം ഒരു സ്ഥിതിവിശേഷം ഉണ്ടാവില്ല.
സംഘങ്ങള്‍ തകരും
ഇത്തരത്തില്‍ പോയാല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ മാത്രമല്ല, സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സംഘങ്ങളും പതുക്കെ തകര്‍ച്ചയിലേക്കു നീങ്ങാന്‍ സാധ്യതയുണ്ട്. ആധുനിക കാലഘട്ടത്തില്‍ നിലനില്‍ക്കാനും വളരാനും സാങ്കേതിക വിദ്യ അനിവാര്യമാണെന്നു നമ്മള്‍ പല തവണ ചര്‍ച്ച ചെയ്തതും അതു ബോദ്ധ്യപ്പെട്ടതുമാണ്. എന്നാല്‍, കേരള ബാങ്കിന്റെ രൂപവത്കരണത്തിനു ശേഷവും നമുക്കു ബാങ്കിങ് സേവനങ്ങള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി അംഗങ്ങളിലേക്കു എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ? നിലവിലുള്ള കോര്‍ ബാങ്കിങ് സംവിധാനത്തിനു പകരമായി ഒരു പൊതു സോഫ്റ്റ്‌വെയര്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇവിടെയും സഹകരണ സംഘങ്ങളുടെ, അതുവഴി അംഗങ്ങളുടെ, ആവശ്യം തിട്ടപ്പെടുത്തുന്നതു ആരാണ് ? അവര്‍ക്കു ഏറ്റവും പ്രയോജനകരമായതു ഏതെന്നു തീരുമാനി്ക്കുന്നതു ആരാണ് ? അത്തരത്തില്‍ അംഗങ്ങളുടെ ആവശ്യം തിട്ടപ്പെടുത്താതെ നടപ്പാക്കുന്ന സാങ്കേതികവിദ്യ ജനങ്ങള്‍ പ്രയോജനപ്പെടുത്തുമോ ? ഈ ചോദ്യങ്ങളെല്ലാം പ്രസക്തമാണ്. ഇത്തരത്തില്‍, സഹകരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ ഒട്ടനവധി മേഖലകളില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുന്ന സ്ഥിതി കണ്ടെത്താനാവും. സഹകരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കുതന്നെ എതിരാണ് ഈ അധികാര കേന്ദ്രീകരണം. അതുകൊണ്ടുതന്നെ സാമൂഹികമായ പരിവര്‍ത്തനത്തിലൂടെ ജനാധിപത്യം പുനഃസ്ഥാപിയ്ക്കപ്പെടേണ്ടതുണ്ടെന്നു നമ്മള്‍ തിരിച്ചറിയണം.
കേന്ദ്രവും കേരളവും ഒരുപോലെ
ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ആദായ നികുതി വകുപ്പുമെല്ലാം സഹകരണ സ്ഥാപനങ്ങളുടെ അധികാരം കൈയേറുന്നതും തട്ടിപ്പറിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. അതുപോലെ സംസ്ഥാന തലത്തില്‍ സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും കേരള ബാങ്കും അംഗങ്ങളുടെ അധികാരം കൈവശപ്പെടുത്തുന്നു. പ്രാഥമിക സംഘങ്ങളുടെ തലത്തില്‍ ഭരണസമിതിയും ഭരണസമിതിയിലെതന്നെ ഏതാനും പേരും ചില ഉദ്യോഗസ്ഥരും അംഗങ്ങളുടെ അധികാരം കൈവശപ്പെടുത്തുന്നു. ചുരുക്കത്തില്‍, അംഗങ്ങള്‍ക്കു വേണ്ടി, അംഗങ്ങളാല്‍ നടത്തപ്പെടുന്ന, അംഗങ്ങളുടെ സഹകരണ സ്ഥാപനമെന്ന ജനാധിപത്യപരമായ രീതി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സഹകരണ സ്ഥാപനം നിലനില്‍ക്കണമെങ്കില്‍ അവയുടെ ജനാധിപത്യപരമായ അധികാരങ്ങള്‍ പുന:സ്ഥാപിക്കപ്പെടേണ്ടിയിരിക്കുന്നു. കേവലം തൊലിപ്പുറമേയുള്ള മാറ്റങ്ങള്‍ക്കപ്പുറത്തു കൃത്യമായ, ഘടനാപരമായ പരിഷ്‌കാരങ്ങളിലൂടെ അംഗങ്ങള്‍ക്കു അധികാരം തിരിച്ചേല്‍പ്പിക്കുന്ന പ്രക്രിയ ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്.
തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കു ഭരണഘടനാ ഭേദഗതിയിലൂടെ അധികാരം നല്‍കുകയും ജനാധിപത്യ പ്രവര്‍ത്തനങ്ങളിലൂടെ അതു ഊട്ടിയുറപ്പിക്കുകയും ചെയ്ത പ്രക്രിയ സഹകരണ സ്ഥാപനങ്ങളിലും ഇന്നു അനിവാര്യമായിരിക്കുന്നു. ഈ അര്‍ഥത്തില്‍, ആല്‍വിന്‍ ടോഫ്‌ളേറിയന്‍ ചിന്തകള്‍, ഒരി്ക്കല്‍ക്കൂടി നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ജനാധിപത്യ പുന:സ്ഥാപനത്തിന്റെ ഒരു നാലാം തരംഗത്തിനായി നമുക്കു പ്രയത്‌നിക്കാം. അതു സാധ്യമല്ലെങ്കില്‍ സര്‍വ്വനാശത്തിന്റെ കാഹളത്തിനായി നമുക്കു കാതോര്‍ക്കാം.