സഹകരണ മേഖലയിലെ സാരഥിക്ക് സംസ്ഥാന ബഹുമതി
2006 ല്‍ കൊല്ലത്ത് ആരംഭിച്ച എന്‍.എസ്.
സഹകരണ ആശുപത്രിയുടെ അമരക്കാരനായ
പി. രാജേന്ദ്രനാണ് ഇക്കൊല്ലം മികച്ച
പ്രവര്‍ത്തനത്തിനുള്ള സഹകരണ മന്ത്രിയുടെ
അവാര്‍ഡ് ലഭിച്ചത്. 45 വര്‍ഷമായി സഹകരണ
മേഖലയുടെസ്പന്ദനം അടുത്തറിയുന്ന, മുന്‍ എം.പി.
കൂടിയായ ഈ സഹകാരി ചെറുതും വലുതുമായ
ഒട്ടേറെ സഹകരണ സംഘങ്ങളുടെ രൂപവത്കരണത്തിലും
അവയുടെ പ്രവര്‍ത്തനത്തിലും
നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
സാധാരണക്കാരായ രോഗികള്‍ക്കു താങ്ങാനാവുന്ന നിരക്കും മികച്ച ചികിത്സയും ഉറപ്പാക്കുന്ന എന്‍.എസ്. സഹകരണാശുപത്രി ദേശിംഗനാടിന്റെ ഹൃദയത്തുടിപ്പായതു ചുരുങ്ങിയ നാളുകള്‍ക്കുള്ളിലാണ്. ജനകീയ കൂട്ടായ്മയില്‍ മുന്നേറുന്ന ആശുപത്രി നല്‍കുന്നതു ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനം. ഇതിനു ചുക്കാന്‍ പിടിക്കുന്നതാകട്ടെ അതുല്യനായ സംഘാടകന്‍, പക്വമതിയായ നേതാവ്, പ്രഗ ത്ഭനായ ഭരണാധികാരി, മികച്ച പ്രസംഗകന്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് ഉടമയായ പി. രാജേന്ദ്രന്‍ എന്ന മികച്ച സഹകാരിയും. ‘ എല്ലാവരെയും ചേര്‍ത്തുപിടിയ്ക്കുക എന്നതാണു സഹകാരികളുടെ കടമ. അതിനു വീഴ്ച വരുത്താതെയുള്ള പ്രവര്‍ത്തനത്തിലൂടെ ആശുപത്രിയെ അനുദിനം വളര്‍ച്ചയുടെ പടവുകളിലേക്കു നയിക്കാനാവുന്നതു കൂട്ടായ്മയുടെ പ്രവര്‍ത്തനഫലമാണ്. അത് അങ്ങേയറ്റം സന്തോഷം പകരുന്നു ‘ – മുന്‍ എം.പി. പി. രാജേന്ദ്രന്‍ മനസ് തുറന്നു. തന്നെ സഹകരണമന്ത്രിയുടെ ട്രോഫി തേടിയെത്തിയെന്നതിലുപരി തുടര്‍ച്ചയായി നാലാം തവണയും ആശുപത്രിയ്ക്ക് അവാര്‍ഡ് ലഭിച്ചതു രാജേന്ദ്രന് ഏറെ ആഹ്ലാദം പകരുന്നു. ഇത് ഈ കൂട്ടായ്മയുടെ ഇച്ഛാശക്തിയുടെ ഫലമാണ്. ആതുരസേവനമേഖലയിലെ ചൂഷണത്തിനു ബദലായി 2006 ല്‍ ആരംഭിച്ച കൊല്ലം എന്‍.എസ്. സഹകരണാശുപത്രിയെ ചികിത്സാവൈദഗ്ധ്യം കൊണ്ടും കുറഞ്ഞ ചികിത്സനിരക്കുകൊണ്ടും കൊല്ലംജനതയുടെ പ്രിയപ്പെട്ട ആതുരാലയമായി മാറ്റാന്‍ കഴിഞ്ഞതില്‍ രാജേന്ദ്രന്‍ ഏറെ അഭിമാനിക്കുന്നു.
സംഘങ്ങളുടെ
സാരഥി
കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്നു രാഷ്ട്രമീമാംസയില്‍ ബിരുദാനന്തരബിരുദം നേടിയ രാജേന്ദ്രന്‍ 1972 മുതല്‍ മുഴുവന്‍സമയ സി.പി.എം. പ്രവര്‍ത്തകനായി വിവിധ ചുമതലകളിലൂടെ പടിപടിയായി ഉയര്‍ന്നതിനു പിന്നിലെ ശക്തി പ്രവര്‍ത്തനമികവും കൃത്യതയും ആത്മാര്‍ഥതയുമാണ്. 45 വര്‍ഷമായി സഹകരണമേഖലയുടെ സ്പന്ദനം തൊട്ടറിയുന്ന ഈ സി.പി.എം. സംസ്ഥാനക്കമ്മിറ്റിയംഗം ജില്ലയിലെ നിരവധി സഹകരണസ്ഥാപനങ്ങളുടെ അമരക്കാരനാണ്. പരിമിതമായ സീറ്റും താങ്ങാനാവാത്ത ഫീസും കാരണം കോളേജ്‌വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ജില്ലയിലെ യുവാക്കളെ ഉന്നത വിദ്യാഭ്യാസമേഖലയിലേക്കു കൈപിടിച്ചുയര്‍ത്താന്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ആരംഭിച്ച കൊല്ലം കോ-ഓപ്പറേറ്റീവ് കോളേജ് ഇന്നും യുവതലമുറയുടെ ഹൃദയത്തുടിപ്പാണ്. 1982 ല്‍ ആരംഭിച്ച കോളേജിന്റെ (കൊല്ലം താലൂക്ക് എഡ്യൂക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി) സ്ഥാപകപ്രസിഡന്റായ രാജേന്ദ്രന്‍ ഇന്നും ആ സ്ഥാനത്തു തുടരുന്നു. 1978 മുതല്‍ 1981 വരെ കൊല്ലം കാര്‍ഷിക ഗ്രാമവികസന സഹകരണ (കൊല്ലം ഭൂപണയ ബാങ്ക്) സംഘം ഭരണസമിതിയംഗം, 1981 മുതല്‍ ആറ് വര്‍ഷം ചെറിയേലാ ക്ഷീര സഹകരണ സംഘം പ്രസിഡന്റ്, 1987 മുതല്‍ 1991 വരെ കേരള സംസ്ഥാന കശുവണ്ടിത്തൊഴിലാളി സഹകരണസംഘം അഡ്മിനിസ്‌ട്രേറ്റര്‍, 1988 മുതല്‍ 1991 വരെ കൊല്ലം കോക്കനട്ട് പ്രോസസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണസംഘം പ്രസിഡന്റ് തുടങ്ങി രാജേന്ദ്രന്റെ കൈയൊപ്പ് പ തിഞ്ഞ സംഘങ്ങള്‍ ഏറെ.
കൊല്ലം ജില്ലയിലെ സഹകരണ പ്രസ്ഥാനത്തിനു ഊര്‍ജം പകരുന്ന നിരവധി പ്രവര്‍ത്തനങ്ങളുടെ സംഘാടകനാണു പി. രാജേന്ദ്രന്‍. സംസ്ഥാനത്തിനുതന്നെ മാതൃകയായി മാറിയ നിരവധി സഹകരണസംഘങ്ങളുടെ സംരംഭകനാണ്. വ്യത്യസ്തമായ സഹകരണസ്ഥാപനങ്ങളുടെ സ്ഥാപകപ്രസിഡന്റായി സംഘങ്ങള്‍ രൂപവത്കരിക്കുന്നതില്‍ മുന്‍കൈപ്രവര്‍ത്തനം നടത്തി. 1988-1999 വരെ കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡന്റായിരുന്ന രാജേന്ദ്രന്‍ 2017 മുതല്‍ വീണ്ടും പ്രസിഡന്റായി. കൊല്ലം ജില്ലാ സഹകരണ പ്രിന്റിംഗ് പ്രസ് ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്ന അദ്ദേഹം തൃക്കോവില്‍വട്ടം ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 മുതല്‍ 1999 വരെ കേരളാ സ്റ്റേറ്റ് കാഷ്യൂ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന രാജേന്ദ്രന്‍ 99 ല്‍ ചെയര്‍മാന്‍സ്ഥാനം രാജിവച്ചാണു കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍നിന്നു മത്സരിച്ചു ജയിച്ചത്. 2004 ലെ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. കേരളാ കോ-ഓപ്പറേറ്റീവ് എപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി, കൊല്ലം ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊട്ടിയത്ത് നിര്‍മാണത്തിലിരിക്കുന്ന ദേശിംഗനാട് റാപ്പിഡ് ഡെവലപ്‌മെന്റ് ആന്റ് അസിസ്റ്റന്റ്‌സ് സഹകരണസംഘം എന്ന ആശയത്തിനു രൂപം നല്‍കിയതു രാജേന്ദ്രനാണ്. ജില്ലയിലെ ചെറുതും ദുര്‍ബലവുമായ സഹകരണസംഘങ്ങളെ മുന്‍നിരയില്‍ കൊണ്ടുവരുന്നതിനു നേതൃപരമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു.
ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെപ്രധാന സഹകരണസംഘങ്ങളിലൊന്നായി മാറിയ എന്‍.എസ്. സഹകരണാശുപത്രിയെ ഇന്നു കാണുന്ന വളര്‍ച്ചയിലേക്ക് എത്തിച്ചതില്‍ രാജേന്ദ്രനു വലിയ പങ്കുണ്ട്. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്കു ചികിത്സച്ചെലവില്‍ 30 ശതമാനം ഇളവ്, മരുന്നുവിലയില്‍ 10 ശതമാനം ഇളവ്, സന്ത്വനം പദ്ധതിയിലൂടെ വര്‍ഷംതോറും നൂറുകണക്കിനാളുകള്‍ക്കു ലക്ഷക്കണക്കിനു രൂപയുടെ ചികിത്സാ ധനസഹായം തുടങ്ങി മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ എന്‍.എസ്. സഹകരണാശുപത്രി വഴി നടപ്പാക്കി സമൂഹത്തിനു കൈത്താങ്ങായി. ആശുപത്രിക്ക് 2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ മികച്ച സഹകരണാശുപത്രിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും 2021 ല്‍ എന്‍.സി.ഡി.സി. ദേശീയ അവാര്‍ഡും 2020, 2021, 2022 വര്‍ഷങ്ങളില്‍ ജില്ലയിലെ ടി.ബി. പ്രതിരോധപ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബെസ്റ്റ് നോട്ടിഫിക്കേഷന്‍ സെന്റര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
(മൂന്നാംവഴി സഹകരണ മാസിക ആഗസ്റ്റ് ലക്കം 2023)