സഹകരണ ബാങ്കുകള്‍ ‘മുറ്റത്തെ മുല്ല’ വായ്പ നല്‍കിയത് 3.19 ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക്
ബ്ലേഡ് പലിശക്കാരില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാനായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച ലഘുവായ്പ പദ്ധതിയായ ‘മുറ്റത്തെ മുല്ല’ ഇതിനകം ആശ്വാസമായത് 3,19,340 പേര്‍ക്കാണ്. കുടുംബശ്രീ അയല്‍ക്കുട്ടങ്ങളിലൂടെ സഹകരണ ബാങ്കുകളാണ് ലഘുവായ്പ നല്‍കുന്നത്. 2021 മാര്‍ച്ച് 31 വരെയുള്ള കണക്ക് അനുസരിച്ച് 10,784 കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സഹകരണ ബാങ്കുകള്‍ പണം നല്‍കിയിട്ടുണ്ട്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളായ 3,19,340 പേര്‍ക്കാണ് ഈ തുക വിതരണം ചെയ്തത്.
ബാങ്ക് വായ്പ ലഭ്യമാകുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളാണ് ബ്ലേഡ് പലിശക്കാരെ ജനങ്ങള്‍ ആശ്രയിക്കാന്‍ കാരണമെന്നായിരുന്നു വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ വഴി ലഘുവായ്പ പദ്ധതി തുടങ്ങാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചത്. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സാങ്കേതിക പ്രശ്നങ്ങളില്ലാതെ സഹകരണ ബാങ്കുകള്‍ക്ക് വായ്പ കൊടുക്കാനാകും. കൂടുംബശ്രീ യൂണിറ്റുകള്‍ സാമ്പത്തിക ഇടപാട് നടത്തുന്നതിലേറെയും സഹകരണ ബാങ്കുകളാണ് എന്നതാണ് ഇതിന് കാരണം. മുറ്റത്തെ മുല്ലവഴി കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ക്ക് നല്‍കുന്ന പണത്തിന്റെ തിരിച്ചടവ് അതത് കുടുംബശ്രീ യൂണിറ്റുകളാണ് ഉറപ്പുവരുത്തുന്നത്.
ഗ്രാമീണ മേഖലയില്‍ മുറ്റത്തെ മുല്ല വലിയ മാറ്റമുണ്ടാക്കിയെന്നാണ് സഹകരണ വകുപ്പ് വിലയിരുത്തുന്നത്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍, കൂലിവേലക്കാര്‍, ചെറുകിട കര്‍ഷകര്‍ എന്നവര്‍ക്കെല്ലാം ഈ പദ്ധതി ഏറെ സഹായകരമായി. പാലക്കാട് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി പിന്നീട് സംസ്ഥാനമാകെ വ്യാപിപ്പിക്കുകയായിരുന്നു.
കോവിഡ് വ്യാപനഘട്ടത്തില്‍ ‘മുറ്റത്തെ മുല്ല’ കൂടുതല്‍ ജനകീയമായിട്ടുണ്ട്. വീട്ടുപടിക്കല്‍ വായ്പലഭിക്കുന്നുവെന്നതും തൊഴിലും വരുമാനവും ഇല്ലാതായതും ഇതിന് കാരണമായിട്ടുണ്ട്. മുറ്റത്തെ മുല്ലയ്ക്ക് പുറമെ, കോവിഡ് കാലത്ത് സഹായം ലഭ്യമാക്കാന്‍ വേണ്ടിമാത്രം ‘ഒപ്പം’ എന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതിയും നടപ്പാക്കുന്നുണ്ട്. സഹകരണ ബാങ്കുകളും കുടുംബശ്രീയും തമ്മിലുള്ള സഹകരണത്തിലൂടെയാണ് ഈ പദ്ധതിയും മുന്നോട്ട് പോകുന്നത്.
[mbzshare]