സഹകരണ ബാങ്കുകള്‍ക്ക് പിരിഞ്ഞുകിട്ടിയ കുടിശ്ശിക 6521 കോടി; ഇളവ് നല്‍കിയത് 287 കോടി

web desk

 

കുടിശ്ശിക നിവാരണ പദ്ധതിയിലൂടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ പിരിഞ്ഞുകിട്ടിയത് 6521 കോടി രൂപ. 2018-19 സാമ്പത്തിക വര്‍ഷത്തെ കുടിശ്ശികയില്‍നിന്നാണ് ഈ തുക തിരികെ പിരിച്ചെടുത്തത്. 287 കോടി രൂപയുടെ ഇളവ് ഇടപാടുകാര്‍ക്ക് നല്‍കി. 6,52,304 പേര്‍ക്കാണ് കുടിശ്ശിക നിവാരണ പദ്ധതിയുടെ ഭാഗമായി തീര്‍പ്പാക്കല്‍ ആനുകൂല്യം ലഭിച്ചത്.

 

കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ കുടിശ്ശിക പിരിച്ചെടുക്കാന്‍ കഴിഞ്ഞത് ഈ വര്‍ഷമാണ്. 2016-17 വര്‍ഷത്തില്‍ 5743 കോടി രൂപയാണ് പിരിച്ചെടുത്തത്. 311 കോടി രൂപ ഇളവു നല്‍കുകയും ചെയ്തു. 2017-18ല്‍ 6055 കോടി രൂപ പിരിച്ചെടുത്തപ്പോള്‍ 214 കോടി രൂപ ഇളവ് നല്‍കി.

 

സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും കുടിശ്ശിക കുറയ്ക്കുന്നതിനും വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നവകേരള കുടിശ്ശിക നിവാരണം എന്ന പദ്ധതി നടപ്പാക്കിയത്. പരമാവധി സഹകരണ ബാങ്കുകളെ കുടിശ്ശികരഹിതമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇതിന് കുടിശ്ശികയായ വായ്പകള്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കി.

വായ്പക്കാരന്റെ നിലവിലെ സാഹചര്യം, സാമ്പത്തിക സ്ഥിതി, തിരിച്ചടവുശേഷി എന്നിവ ഭരണസമിതി വിലയിരുത്തും. ഇതനുസരിച്ചാണ് വായ്പക്കാരനുള്ള ഇളവ് നിശ്ചയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചടവ് സംബന്ധിച്ച് ധാരണയുണ്ടാക്കും. എല്ലാ വായ്പകളിലും പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി നല്‍കുന്നുണ്ട്. 25 ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ കുടിശ്ശികയായിട്ടുള്ള വായ്പകളാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News