സഹകരണ ബാങ്കുകള്‍ക്ക് ഏകീകൃത സോഫ്റ്റ്വെയര്‍: ടെണ്ടര്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കും

Deepthi Vipin lal

പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സഹകരണ വകുപ്പ് ഒരുങ്ങുന്നു. ഡിസംബറോടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനുള്ള ഘട്ടത്തിലേക്ക് കടക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. മിക്ക സഹകരണ ബാങ്കുകളിലും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ക്ക് സൈബര്‍ സുരക്ഷയില്ലെന്നാണ് വകുപ്പ് വിലയിരുത്തിയിട്ടുള്ളത്. ഇത് തട്ടിപ്പിന് സാധ്യതയുണ്ടാക്കുന്നതാണ്. അത് തടയുക എന്നതും ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നുണ്ട്.


എകീകൃത സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നതിനുള്ള ഇ-ടെണ്ടര്‍ നടപടി തുടങ്ങിയിട്ടുണ്ട്. നിലവില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ നടത്തുന്ന നിക്ഷേപം, വായ്പ , എം.ഡി.എസ്. തുടങ്ങി എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് ഏകീകൃത സോഫ്റ്റ്‌വെയറിനുള്ള ആര്‍.എഫ്.പി. തയ്യാറാക്കിയിട്ടുള്ളതെന്നാണ് സഹകരണ വകുപ്പ് വിശദീകരിക്കുന്നത്. ലഭിക്കുന്ന ടെണ്ടര്‍ പരിശോധിക്കുന്നതിനായി എന്‍.ഐ.സി., ഐ.ടി.മിഷന്‍, കേരള ബാങ്ക്, പാക്സ് പ്രതിനിധികള്‍, സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ (ക്രെഡിറ്റ്), നോഡല്‍ ഓഫീസര്‍ (ഐ.ടി.) എന്നിവരെ ഉള്‍പ്പെടുത്തി രജിസ്ട്രാറുടെ അധ്യക്ഷതയില്‍ ടെക്നിക്കല്‍ കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍, കേരള ബാങ്കിന്റെ കോര്‍ബാങ്കിങ് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ, ആര്‍.ടി.ജി.എസ്.ടി., എന്‍.ഇ.എഫ്.ടി., എ.ടി.എം. തുടങ്ങിയ ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്ന രീതിയിലാണ് ഏകീകൃത സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. സംഘങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളില്‍ കൃത്രിമം നടക്കുന്നതിനാല്‍ പരമാവധി സുരക്ഷ ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ ആര്‍.എഫ്.പി.യിലുണ്ടെന്നും സഹകരണ വകുപ്പ് വിശദീകരിക്കുന്നു. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ ആധുനിക ബാങ്കിങ് സേവനം ലഭ്യമാക്കുമെന്ന വാഗ്ദാനം എത്രകണ്ട് നടപ്പാക്കാനാകുമെന്നതില്‍ സഹകാരികള്‍ക്ക് ആശങ്കയുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകള്‍ ബാങ്കിങ് പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ളത്. ഈ ഘട്ടത്തില്‍ കേരള ബാങ്കിലൂടെ ആധുനിക ബാങ്കിങ് സേവനം നല്‍കാന്‍ ആര്‍.ബി.ഐ. അനുമതി നല്‍കുമോയെന്നതാണ് ഉയരുന്ന ആശങ്ക.

2020 ആഗസ്റ്റിലാണ് പ്രാഥമിക സഹകരണ ബാങ്കുകളില്‍ സോഫ്റ്റ്‌വെയര്‍ ഏകീകരിക്കാനുള്ള ആര്‍.എഫ്.പി. തയ്യാറാക്കിയത്. സഹകരണ സംഘം രജിസ്ട്രാര്‍ ചെയര്‍മാനായ ഒരു മോണിറ്ററിങ് കമ്മിറ്റി ഇതിനായി രൂപീകരിച്ചിരുന്നു. എന്‍.ഐ.സി., ഐ.ടി.മിഷന്‍, കേരള ബാങ്ക്, പാക്സ് പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് സമിതി. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ-ടെണ്ടര്‍ നടപടിയിലേക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News