സഹകരണ പെന്‍ഷന്‍ അപകടത്തിലാകരുത്

moonamvazhi

1995 മാര്‍ച്ച് 14 നാണു കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ് രൂപവത്കരിക്കപ്പെടുന്നത്. മൂന്നു സ്‌കീമുകളിലായാണു ബോര്‍ഡില്‍നിന്നു പെന്‍ഷന്‍ അനുവദിക്കുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള സംഘങ്ങള്‍, സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍, ഫങ്ഷണല്‍ രജിസ്ട്രാറുടെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങള്‍ എന്നിങ്ങനെ മൂന്നു രീതിയിലാണു പെന്‍ഷന്‍ സ്‌കീമുമുള്ളത്. 58 -ാം വയസ്സില്‍ സര്‍വീസില്‍നിന്നു വിരമിക്കുമ്പോള്‍ 15,000 രൂപ പെന്‍ഷന്‍ നല്‍കണമെങ്കില്‍ പെന്‍ഷന്‍ അക്കൗണ്ടില്‍ 16,32,488 രൂപയെങ്കിലും നീക്കിയിരിപ്പുണ്ടാകണമെന്നാണു പെന്‍ഷന്‍ പരിഷ്‌കരണക്കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ആ തുകയ്ക്കു വര്‍ഷം എട്ടു ശതമാനം നിരക്കില്‍ പലിശ കിട്ടുകയും വേണം. ഇത്രയും തുക പ്രാഥമിക സംഘത്തില്‍ നിന്നു കിട്ടുന്നില്ല. ജില്ലാ സഹകരണ ബാങ്കില്‍നിന്നു വിരമിക്കുന്ന ഒരാള്‍ക്കു 22,000 രൂപയാണു പെന്‍ഷനായി നല്‍കേണ്ടത്. ഇതു നല്‍കണമെങ്കില്‍ അദ്ദേഹത്തിന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ ഫണ്ട് നീക്കിയിരിപ്പില്‍ 23,89,911 രൂപ വേണം. ജില്ലാ ബാങ്കില്‍നിന്നു വിരമിച്ച ജീവനക്കാരില്‍ ഒരാളുടെയും അക്കൗണ്ടില്‍ ഈ നീക്കിയിരിപ്പ് ഇല്ലെന്നു സമിതിറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കിട്ടുന്ന വരുമാനവും നല്‍കുന്ന പെന്‍ഷനും തമ്മില്‍ പൊരുത്തപ്പെടാതെ പോകുന്ന സ്ഥിതിയാണു നിലവില്‍ സഹകരണ പെന്‍ഷന്‍ ബോര്‍ഡിനുള്ളത്. നിലവിലെ രീതിയില്‍ തടസ്സമില്ലാതെ മുന്നോട്ടുപോകാന്‍ 923.46 കോടി രൂപയുടെ അധികനിക്ഷേപം വേണ്ടതുണ്ട്. ഓരോ ജീവനക്കാരനും അടയ്ക്കുന്ന തുകയുടെ പതിന്മടങ്ങ് പെന്‍ഷനായി നല്‍കേണ്ടിവരുന്നുണ്ട്. ഒരു മാസത്തെ ഫണ്ട് അതതു മാസത്തെ പെന്‍ഷന്‍ വിതരണത്തിനു തികയുന്നില്ല. അപ്പോള്‍ നിക്ഷേപത്തില്‍നിന്നു പിന്‍വലിക്കേണ്ടിവരുന്നു. 69,316 പേരാണു പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്. ഇതില്‍ 19,006 പേര്‍ക്കു പെന്‍ഷന്‍ നല്‍കുന്നു. 2030 ആകുമ്പോഴേക്കും മൊത്തം പെന്‍ഷന്‍കാര്‍ 36,380 ആകുമെന്നാണു കണക്കാക്കുന്നത്. അതായത്, ബാധ്യതകളുടെ തോത് ഉയരുമെന്ന മുന്നറിയിപ്പ് സമിതിറിപ്പോര്‍ട്ടിലുണ്ട്. പ്രായോഗികമായ പരിഷ്‌കരണമാണു സഹകരണ പെന്‍ഷന്‍കാര്യത്തില്‍ ഉണ്ടാകേണ്ടത്. സഹകരണ ജീവനക്കാര്‍ക്കു മെച്ചപ്പെട്ട ജീവിതനിലവാരവും ക്ഷേമവും സമൂഹികാംഗീകാരവും നേടിക്കൊടുത്തതില്‍ സര്‍ക്കാരിന്റെ പങ്ക് വളരെ വലുതാണ്. പെന്‍ഷന്‍ പദ്ധതിപോലും അത്തരം ഇടപെടലിന്റെ ഭാഗമാണ്.

ഈ പദ്ധതി തുടങ്ങി രണ്ടര പതിറ്റാണ്ടിലേറെ കഴിഞ്ഞു. ബോര്‍ഡ് രൂപവത്കരണ ഘട്ടത്തിലെ കേരളമോ സഹകരണ-സാമ്പത്തിക സാഹചര്യമോ അല്ല ഇന്നുള്ളത്. അതിനാല്‍ പദ്ധതിയില്‍ മാറ്റം അനിവാര്യമാണ്. ഇല്ലെങ്കില്‍, ഈ പദ്ധതിതന്നെ അപകടത്തിലാകും. സഹകരണ ജീവനക്കാര്‍ക്കു വിരമിച്ച ശേഷവും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കണമെന്നതില്‍ തര്‍ക്കമില്ല. അതിനനുസരിച്ച് പെന്‍ഷന്‍പദ്ധതി പരിഷ്‌കരിക്കാനുള്ള ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. ലാഭത്തിലുള്ള സഹകരണ സംഘങ്ങള്‍ അവരുടെ ജീവനക്കാരുടെ ഭാവിക്കുവേണ്ടി ലാഭവിഹിതത്തിന്റെ ഒരു ഭാഗം മാറ്റിവെക്കുന്ന രീതിയില്‍ പെന്‍ഷന്‍ പദ്ധതിയില്‍ പരിഷ്‌കരണം കൊണ്ടുവരികയാണു വേണ്ടത്. ജീവനക്കാരുടെ അധ്വാനത്തിന്റെ ഫലം കൂടിയാണ് ഒരു സഹകരണ സംഘത്തിന്റെ ലാഭം. സഹകാരികള്‍ക്കും പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം. സംഘങ്ങളുടെ ലാഭവിഹിതത്തില്‍നിന്നു സഹകാരികള്‍ക്കുള്ള പെന്‍ഷന്‍ ഫണ്ടിലേക്കു തുക കണ്ടെത്തുന്നവിധത്തില്‍ ഈ പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ട്. കാരണം, സഹകരണ സംഘങ്ങള്‍ ഒട്ടേറെ സഹകാരികളുടെ വിയര്‍പ്പില്‍ ഉയര്‍ന്നതാണ്. അവശകാലത്ത് അവര്‍ക്കു തങ്ങളുടെ അധ്വാനത്തിന്റെ മൂല്യം തുണയാകേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News