സഹകരണ നീതി മെഡിക്കൽ സ്റ്റോറുകളുടെ പ്രവർത്തനം കൂടുതൽ പരിശോധനാ വിധേയമാക്കാൻ വകുപ്പ്.

adminmoonam

 

സംസ്ഥാനത്തെ സഹകരണ വകുപ്പിനു കീഴിലുള്ള സഹകരണ നീതി മെഡിക്കൽ സ്റ്റോറുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പരിശോധന വിധേയമാക്കാൻ സഹകരണ വകുപ്പ് ഒരുങ്ങുന്നു. നീതി മെഡിക്കൽ സ്റ്റോറുകൾ ആരംഭിക്കാനും അനുവദിക്കാനും ഒട്ടനവധി വ്യവസ്ഥകൾ ഉണ്ടെങ്കിലും ഇതൊന്നും കാര്യമായി പരിഗണിക്കപ്പെടുന്നില്ല.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കൺസ്യൂമർഫെഡിൽ നിന്നുതന്നെ നീതി മെഡിക്കൽ സ്റ്റോറിലേക്കുള്ള മരുന്നുകൾ വാങ്ങിയിരിക്കണം എന്നതാണ്. കൺസ്യൂമർഫെഡിൽ സ്റ്റോക്കില്ല എന്ന സാക്ഷ്യപത്രം വാങ്ങി ബന്ധപ്പെട്ട അസിസ്റ്റന്റ് രജിസ്ട്രാർ നിന്നും അനുമതി വാങ്ങിയ ശേഷമേ പുറമേനിന്ന് മരുന്നുകൾ വാങ്ങാവൂ എന്നാണ് ചട്ടം. എന്നാൽ ഇപ്പോൾ 90 ശതമാനത്തിലധികം മരുന്നുകളും പുറമേ നിന്നാണ് നീതി മെഡിക്കൽ സ്റ്റോറിലേക്ക് സംഘങ്ങൾ വാങ്ങുന്നത്. കൺസ്യൂമർഫെഡിൽ സ്റ്റോക്കില്ല എന്നും മരുന്നില്ലെന്നുമുള്ള കാരണങ്ങളാണ് ഇതിനായി സഹകരണസംഘങ്ങൾ നിരത്തുന്നത്. അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ നിന്ന് അനുമതി വാങ്ങുന്നുമില്ല. തങ്ങൾക്ക് മരുന്നിന്റെ ഓർഡർ തരുന്നില്ല എന്നാണ് കൺസ്യൂമർഫെഡ് അധികൃതർ ഇതിന് മറുപടി പറയുന്നത്. കൺസ്യൂമർഫെഡിൽ എല്ലാകാര്യവും “കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടിലാണ്”.

നീതി മെഡിക്കൽ സ്റ്റോറിൽ സ്റ്റോക്ക് ബുക്ക് യഥാ വണ്ണം ഉപയോഗിക്കണം എന്ന നിർദ്ദേശവും ഒരിടത്തും പാലിക്കപ്പെടുന്നില്ല. ഇതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുമില്ല.
ഒരു പഞ്ചായത്തിൽ രണ്ടിൽ കൂടുതൽ നീതി മെഡിക്കൽ സ്റ്റോറുകൾ അനുവദിക്കാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ ഇതെല്ലാം കാറ്റിൽപറത്തി സ്വാധീനങ്ങൾക്ക് കീഴ്പ്പെട്ട് പത്തും അതിലധികവും നീതി മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ ഉണ്ട്.

നീതി മെഡിക്കൽ സ്റ്റോറുകൾ സംബന്ധിച് പരാതികളും ആക്ഷേപങ്ങളും കൂടുന്ന സാഹചര്യത്തിലാണ് യൂണിറ്റ് ഇൻസ്പെക്ടർമാരും ഓഡിറ്റ് വിഭാഗവും നീതി മെഡിക്കൽ സ്റ്റോറുകളുടെ പ്രവർത്തനവും അനുമതിയും കർശനമാക്കാൻ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News