സഹകരണ നിയമത്തിന്റെ കരട് ഭേദഗതി നിയമവകുപ്പിന്റെ പരിശോധനയില്‍
സഹകരണ നിയമത്തില്‍ സമഗ്രമാറ്റം നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്കായി കൈമാറി. 57 വകുപ്പുകളിലാണ് ഭേദഗതി വരുത്തുന്നത്. ഇതിന്റെ നിയമപരമായ പരിശോധനയാണ് നിയമവകുപ്പ് നടത്തുന്നത്. നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ നിലവിലെ കേസുകള്‍, മറ്റ് നിയമങ്ങളെ ബാധിക്കുന്ന വ്യവസ്ഥകള്‍ എന്നിവയെല്ലാം ഏത് തരത്തിലാണ് ബാധിക്കുകയെന്ന് നിയമവകുപ്പ് പരിശോധിക്കും.
കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സംസ്ഥാന നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവന്നാല്‍ അത് നിലനില്‍ക്കില്ല. ഇക്കാര്യങ്ങളും നിയമവകുപ്പ് പരിശോധിക്കും. കേന്ദ്ര നിയമമായ ബാങ്കിങ് റഗുലേഷന്‍സ് ആക്ടില്‍ സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും ബാധകമാകുന്ന വിധത്തില്‍ സമീപകാലത്ത് ഭേദഗതി വന്നതാണ്. അതിനനുസരിച്ചുള്ള ഭേദഗതി സംസ്ഥാന നിയമത്തിലും വരുത്തേണ്ടതുണ്ട്. ഇക്കാര്യം റിസര്‍വ് ബാങ്കും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. സഹകരണ ടാസ്‌ക് ഫോഴ്‌സ് യോഗങ്ങളില്‍ സഹകരണ സംഘം രജിസ്ട്രാറോടും ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ നല്‍കിയതാണ്.
ബാങ്കിങ് റഗുലേഷന്‍സ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചുള്ള മാറ്റം സഹകരണ വകുപ്പ് തയ്യാറാക്കിയ സഹകരണ നിയമത്തിലെ കരട് ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അര്‍ബന്‍ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക് എന്നിവയില്‍ ഭരണസമിതിക്ക് പുറമെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപീകരിക്കണമെന്ന വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, ഈ വ്യവസ്ഥ സംസ്ഥാന സഹകരണ നിയമത്തിലില്ല. സംസ്ഥാന നിയമം അനുസരിച്ചാണ് ബൈലോ ഭേദഗതി രജിസ്റ്റര്‍ ചെയ്യേണ്ടത്. സംസ്ഥാന നിയമത്തിലില്ലാത്ത വ്യവസ്ഥ അനുസരിച്ച് ബൈലോ ഭേദഗതി അംഗീകരിക്കാന്‍ പല ജോയിന്റ് രജിസ്ട്രാര്‍മാരും തയ്യാറാകാത്തത് ഒരു പ്രശ്‌നമായി നിലവിലുണ്ട്. അര്‍ബന്‍ ബാങ്കുകളുടെ കാര്യത്തിലാണ് ഈ തര്‍ക്കമുള്ളത്.
അര്‍ബന്‍ ബാങ്കുകളില്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപീകരിച്ചിട്ടുണ്ടെങ്കിലും ബൈലോയില്‍ ഇതുവരെ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് വൈരുദ്ധ്യം. പുതിയ സഹകരണ ഭേദഗതിയിലും ഇത് ഉള്‍പ്പെടാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സിലല്ലാതെ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ ‘ബാങ്ക്’ എന്ന് വിശേഷിപ്പിക്കരുതെന്നാണ് കേന്ദ്രനിയമത്തിലെ മറ്റൊരു വ്യവസ്ഥ. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്ന രീതിയില്‍തന്നെയാണ് സഹകരണ വകുപ്പിന്റെ കരട് ഭേദഗതിയില്‍ വിശേഷിപ്പിക്കുന്നത്. നിയമവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കരടില്‍ മാറ്റം വരുത്തിയാകും ബില്ല് തയ്യാറാക്കുക.