സഹകരണ ഡിപ്ലോമ കോഴ്‌സിന് ‘സ്‌പോര്‍ട്‌സ് ക്വാട്ട’; അപേക്ഷ ക്ഷണിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍
സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍(ജെ.ഡി.സി.) കോഴ്‌സിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം നല്‍കുന്നു. 2023-24 വര്‍ഷത്തെ കോഴ്‌സിലാക്കാണ് പ്രവേശനം അനുവദിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിലാണ് ഇതിന്റെ ചുമതല. ഇതിനായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. എന്നാല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
2021-22, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച കായിക ഇനങ്ങളില്‍ ജില്ലയിയെ പ്രതിനിധീകരിച്ച പങ്കെടുത്തതാണ് കുറഞ്ഞ യോഗ്യതയായി കണക്കാക്കുന്നത്. സംസ്ഥാന മത്സരങ്ങളില്‍ യൂത്ത്-ജൂനിയര്‍ വിഭാഗങ്ങളിലെ പങ്കാളിത്തമാണ് പരിഗണിക്കുക. ഇതേ വര്‍ഷങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിര്‍ദ്ദിഷ്ട ഫോറത്തില്‍ സഹകരണ യൂണിയന്‍ സെക്രട്ടറിക്ക് നല്‍കുന്ന അപേക്ഷയുടെ പകര്‍പ്പ്, യോഗ്യ സര്‍ട്ടിഫിക്കറ്റ്, കായികമേഖലയിലെ നേട്ടം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സ്‌പോര്‍ട്‌സ് കൗണ്‍സിലിനും അപേക്ഷ നല്‍കണം. ഏപ്രില്‍പത്തിന് മുമ്പ് ഈ അപേക്ഷ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ലഭിക്കണമെന്ന് പ്രസിഡന്റ് യു.ഷറഫലി അറിയിച്ചു. സെക്രട്ടറി, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം-1 എന്നതാണ് വിലാസം.