സഹകരണ ജീവനക്കാര്‍ രണ്ടാം തരക്കാരോ?

Deepthi Vipin lal

‘- കിരണ്‍ വാസു

2017 നവംബറില്‍ ധനവകുപ്പ് ഇറക്കിയ ഉത്തരവില്‍
സഹകരണ വകുപ്പ് ജീവനക്കാരെയും മെഡിസെപ് എന്ന
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സര്‍ക്കാരിനു ഒരു സാമ്പത്തിക ബാധ്യതയുമില്ലാത്ത
ഈ പദ്ധതിയില്‍ നിന്നു പിന്നീട് രണ്ടു ലക്ഷത്തിലേറെ
വരുന്ന സഹകരണ ജീവനക്കാരെ മാത്രം ഒഴിവാക്കി

 

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സര്‍ക്കാരിനെ ഒന്നിച്ചു സഹായിച്ചവരാണു കേരളത്തിലെ സഹകരണ ജീവനക്കാര്‍. പ്രളയത്തിനു ശേഷം സാലറി ചലഞ്ച്, കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വാക്‌സിന്‍ ചലഞ്ച് എന്നിവയെല്ലാം ഇതിന് ഉദാഹരമാണ്. കേരളത്തിലെ രണ്ടു ലക്ഷത്തിലേറെ വരുന്ന സഹകരണ ജീവനക്കാര്‍ സമാനതകളില്ലാത്ത പ്രതിബദ്ധത സര്‍ക്കാരിനോട് കാണിച്ചിട്ടുണ്ട്. സാലറി ചലഞ്ചില്‍ തിരിച്ചുവേണ്ടാത്തവിധത്തില്‍ ഒരുമാസത്തെ പൂര്‍ണ ശമ്പളം സര്‍ക്കാരിനു നല്‍കിയ ഏക വിഭാഗമാണു സഹകരണ രംഗത്തുള്ള ജീവനക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിലാണു ശമ്പളം സാലറി ചലഞ്ചിലേക്കു വാങ്ങിയത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ പലരും ഇതു നല്‍കിയതുപോലുമില്ല. വാക്‌സിന്‍ ചലഞ്ച് ഒരു ദൗത്യമായി ഏറ്റെടുത്ത ഏക വിഭാഗവും സഹകരണ ജീവനക്കാരാണ്. മൂന്നു ദിവസത്തെ ശമ്പളം മുതല്‍ ഒരു മാസത്തെ ശമ്പളം വരെ ഈയിനത്തിലും സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലെല്ലാം സഹകരണ ജീവനക്കാര്‍ രണ്ടാം തരക്കാരാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായി പിരിഞ്ഞവര്‍ക്കുള്ള പരിഗണന പോലും ഇവര്‍ക്കു കിട്ടിയിട്ടില്ല. ഇതിന്റ പ്രകടമായ ഉദാഹരണമാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് എന്ന പേരില്‍ പ്രത്യേക ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണ്. എന്നാല്‍, പല കാരണങ്ങളാലും ഇതുവരെ നടപ്പാക്കാനായിട്ടില്ല. ഇപ്പോള്‍ നടപ്പാക്കാനുള്ള അന്തിമഘട്ടത്തിലെത്തിയെന്നാണു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞത്. ഇതില്‍ സഹകരണ ജീവനക്കാരും കുടുംബാംഗങ്ങളും അംഗങ്ങളല്ല. സഹകരണ ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തിയാണു തുടക്കത്തില്‍ പദ്ധതി വിഭാവനം ചെയ്തത്. പിന്നീടാണ് അട്ടിമറി സംഭവിക്കുന്നത്. ഇക്കാര്യം ‘മൂന്നാംവഴി’ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ സഹകരണ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ ഇതു തിരുത്തുമെന്നു പ്രഖ്യാപിച്ചതാണ്. എന്നാല്‍, ആ വാക്കും നടപ്പായില്ല. ഒടുവിലത്തെ സ്ഥിതിയനുസരിച്ച് സഹകരണ ജീവനക്കാരെ ഒഴിവാക്കി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന 11 ലക്ഷം പേരാണ് ഇപ്പോള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറുന്നത്.

സര്‍ക്കാരിനു പ്രത്യേകിച്ച് സാമ്പത്തിക ബാധ്യതയില്ലാത്ത പദ്ധതിയാണിത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യപരിരക്ഷ ‘മെഡിക്ലെയിം’ രൂപത്തില്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. ഇതു സഹകരണ ജീവനക്കാര്‍ക്കു സര്‍ക്കാര്‍ നല്‍കുന്നില്ല. ഇതാണു പുറന്തള്ളാന്‍ കാരണമെങ്കില്‍ പ്രത്യേകമായി പ്രീമിയം തുക നിശ്ചയിക്കാവുന്നതേയുള്ളൂ. ഒരു സഹകരണ സ്ഥാപനം അവിടത്തെ ജീവനക്കാര്‍ക്കു നല്‍കുന്ന ‘മെഡിക്ലെയിം’ ഇത്തരത്തില്‍ അധികമായി നല്‍കുന്ന പ്രീമിയം തുകയില്‍ ഉള്‍പ്പെടുത്താവുന്നതേയുള്ളൂ. എന്നാല്‍, സഹകരണ ജീവനക്കാരെ പരിഗണിക്കണമെന്ന ഒരുനിലപാടും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നതാണു യാഥാര്‍ഥ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടക്കം വിഹിതം കൂട്ടാന്‍ ഓടിനടന്ന സംഘടനാ നേതാക്കളും ഈ വിഷയം സര്‍ക്കാരിനു മുമ്പില്‍ കാര്യമായി അവതരിപ്പിച്ചിട്ടില്ല. പി.എഫ്. വിഹിതത്തിനു നികുതി നല്‍കുന്ന ഏക തൊഴിലാളിവിഭാഗം സഹകരണ മേഖലയിലുള്ളവരാണ്. കേരള ബാങ്കില്‍ ഒടുക്കുന്ന പി.എഫ്. വിഹിതത്തിന് ആദായനികുതിയിളവ് ബാധകമല്ല. ഇങ്ങനെ, സഹകരണ ജീവനക്കാര്‍ എന്നും സര്‍ക്കാര്‍ സേവനങ്ങളില്‍ രണ്ടാം തരക്കാരായി മാറുകയാണ്.

അട്ടിമറി
എവിടെ മുതല്‍ ?

2017 നവംബറില്‍ ധനവകുപ്പ് ഇറക്കിയ ഉത്തരവനുസരിച്ച് ഈ പദ്ധതിയില്‍ സഹകരണ മേഖലയിലെ ജീവനക്കാരെയും ഉള്‍പ്പെടുത്തിയിരുന്നു. കേരള ഗവ. മെഡിക്കല്‍ അറ്റന്‍ഡന്റ് ചട്ടങ്ങള്‍ ബാധകമായ ഹൈക്കോടതിയിലേതുള്‍പ്പടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, എയ്ഡഡ് മേഖലയിലേതടക്കമുള്ള അധ്യാപകര്‍, അനധ്യാപകര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍കലാശാലകള്‍ എന്നിവയിലെ ജീവനക്കാര്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍, ഈ വിഭാഗത്തില്‍ വരുന്ന പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ഇവരുടെയെല്ലാം ചട്ടപ്രകാരമുള്ള ആശ്രിതര്‍ എന്നിവര്‍ക്കാണു മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സ്‌കീം ഫോര്‍ സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് ( മെഡിസെപ് ) എന്ന പദ്ധതി ബാധകമാകുന്നത്. എന്നാല്‍, ഇതിനു തുടര്‍ച്ചയായി ഇറങ്ങിയ ഉത്തരവുകളില്‍ സഹകരണ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ പുറത്തായി. പദ്ധതിയില്‍ അംഗമാകുന്ന ജീവനക്കാരുടെ കണക്കെടുത്തപ്പോള്‍ത്തന്നെ സഹകരണ ജീവനക്കാര്‍ പുറത്താണെന്ന സൂചന ലഭിച്ചിരുന്നു. കാരണം, സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ കണക്ക് സര്‍ക്കാര്‍ ശേഖരിച്ചിരുന്നില്ല.

സഹകരണ സംഘം രജിസ്ട്രാര്‍ക്കും ഫങ്ഷണല്‍ രജിസ്ട്രാര്‍ക്കും കീഴിലായി 25,000 ത്തോളം സഹകരണ സ്ഥാപനങ്ങളാണു കേരളത്തിലുള്ളത്. ഇവിടെയാകെ രണ്ടു ലക്ഷത്തോളം ജീവനക്കാരുണ്ടെന്നും കണക്കാക്കുന്നു. നിലവില്‍ സഹകരണ സംഘം ജീവനക്കാര്‍ക്കു എല്‍.ഐ.സി.യുമായി ചേര്‍ന്നുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയാണുള്ളത്. ഇതു ചികിത്സാസഹായം ലഭ്യമാകുന്നതല്ല. അതിനാല്‍, ഇത്തരം പരിരക്ഷകള്‍ക്കു മറ്റ് ഇന്‍ഷൂറന്‍സ് കമ്പനികളെ വ്യക്തിപരമായി ആശ്രയിക്കുന്ന രീതിയാണു നിലവിലുള്ളത്. സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ മെച്ചപ്പെട്ട സേവന – വേതന വ്യവസ്ഥകളുള്ളവരല്ല എല്ലാ സഹകരണ ജീവനക്കാരും. സംഘങ്ങളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ചാണു സഹകരണ ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കുന്നത്. അതിനാല്‍, കുറഞ്ഞ പ്രീമിയവും മെച്ചപ്പെട്ട പരിരക്ഷയും ഉറപ്പാക്കിയുള്ള സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ സഹകരണ ജീവനക്കാരെ എന്തുകൊണ്ടും ഉള്‍പ്പെടുത്തേണ്ടതാണ്. സാധാരണ കേരള സര്‍വീസ് റൂള്‍ ബാധകമായ മേഖലകളില്‍ നടപ്പാക്കുന്ന പദ്ധതികളെല്ലാം സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കും ബാധകമാക്കാറുണ്ട്. ഇതിനു സര്‍ക്കാര്‍ അനുമതി നല്‍കുകയും സഹകരണ സംഘം രജിസ്ട്രാര്‍ പ്രത്യേക സര്‍ക്കുലറിറക്കുകയുമാണു ചെയ്യുന്നത്. എന്നാല്‍, ആരോഗ്യ പദ്ധതിയുടെ കാര്യത്തില്‍ ഇതുണ്ടായില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ അത്ര സംഘടിത വിലപേശല്‍ ശേഷി സഹകരണ ജീവനക്കാര്‍ക്ക് ഇല്ലെന്നതാണ് ഈ പുറന്തള്ളലിനു കാരണം. അമിത രാഷ്ട്രീയവിധേയത്വം നിറഞ്ഞതാണു സഹകരണ ജീവനക്കാരുടെ സംഘടനകള്‍. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും രാഷ്ട്രീയത്താല്‍ കെട്ടിപ്പടുത്തതാണെങ്കിലും ജീവനക്കാരുടെ ക്ഷേമങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ചോദിച്ചുവാങ്ങാന്‍ ഈ സംഘടനകള്‍ക്കു കഴിയാറുണ്ട്. രണ്ടു ലക്ഷം ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയില്‍ സഹകരണ ജീവനക്കാര്‍ പരിധിക്കു പുറത്താകുമ്പോള്‍ തീര്‍ച്ചയായും അതിന്റെ ഉത്തരവാദിത്തം ജീവനക്കാരുടെ സംഘടനകള്‍ക്കും സംഘടനാ നേതാക്കള്‍ക്കുമുണ്ട്.

2019 ജൂണില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍നിന്നു സഹകരണ ജീവനക്കാര്‍ പുറത്താകുന്നുവെന്ന വാര്‍ത്ത ‘ മൂന്നാം വഴി ‘ നല്‍കിയതിനു പിന്നാലെ ഇക്കാര്യത്തില്‍ അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടു. നിയമസഭയില്‍ അംഗങ്ങളുടെ ഇതു സംബന്ധിച്ചുള്ള ചോദ്യത്തിനു മറുപടിയായി സഹകരണ ജീവനക്കാരെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സഹകരണ മേഖലയിലെ ജീവനക്കാരെ സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ജീവനക്കാരെ പദ്ധതിയില്‍നിന്നു മാറ്റിനിര്‍ത്തേണ്ട കാര്യമില്ല. സഹകരണ ജീവനക്കാര്‍ക്കു നിലവില്‍ 3000 രൂപയോളം മെഡിക്കല്‍ അലവന്‍സ് നല്‍കുന്നുണ്ട്. ഇത് ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്കു മാറ്റാവുന്നതേയുള്ളൂ. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും – കടകംപള്ളി പറഞ്ഞു. എന്നാല്‍, നേരത്തെയുള്ള ഒരു നിലപാടിലും മാറ്റമുണ്ടായിട്ടില്ലെന്നാണു രണ്ടാം പിണറായി സര്‍ക്കാരിലെ ധനമന്ത്രിയായ കെ.എന്‍. ബാലഗോപാലിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. മെഡിസെപ് പദ്ധതി ഇനി ഏറെ താമസമില്ലാതെ നടപ്പാകുമെന്ന് മന്ത്രി വ്യക്തമാക്കിയപ്പോള്‍ അതില്‍ ആരൊക്കെ അംഗങ്ങളാണെന്നതും വിശദീകരിച്ചു. അതില്‍ സഹകരണ ജീവനക്കാരില്ല. തുടക്കത്തില്‍ പുറത്തായിപ്പോയ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴത്തെ
സ്ഥിതി

ഒരിക്കല്‍ പ്രപ്പോസല്‍ തയാറാക്കി ടെണ്ടര്‍ നടത്തുകയും പദ്ധതി നടത്തിപ്പ് റിലയന്‍സ് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, പ്രധാന ആശുപത്രികളൊന്നും റിലയന്‍സിന്റെ എംപാനല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല. മാത്രവുമല്ല, സേവനം നല്‍കുന്നതില്‍ ഒട്ടേറെ പാളിച്ചകളുമുണ്ടായി. ഇതോടെ റിലയന്‍സിനു നല്‍കിയ കരാര്‍ സര്‍ക്കാര്‍ റദ്ദാക്കി. 2021 ജനുവരി 22 നു പുതുക്കിയ ആര്‍.എഫ്.പി. പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് റീ – ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഏപ്രില്‍ ഏഴിനു ബിഡ് തുറന്ന് ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ പദ്ധതിയുടെ ചുമതലക്കാരായി തിരഞ്ഞടുത്തു. ആഗസ്റ്റ് ആറിന് ഈ കമ്പനിക്കു സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടത്തിപ്പിനുള്ള ഓര്‍ഡര്‍ നല്‍കി. റിലയന്‍സിനെ ഒഴിവാക്കിയതിനെതിരെ അവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീര്‍പ്പുണ്ടാകുന്നതിനു മുമ്പുതന്നെയാണു സര്‍ക്കാര്‍ റീ ടെണ്ടര്‍ നടത്തിയതും ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ തിരഞ്ഞെടുത്തതും. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശമനുസരിച്ചാണ് ഈ നടപടിയിലേക്കു സര്‍ക്കാര്‍ കടന്നത്.

പദ്ധതി നിര്‍വഹണത്തിനു വിവിധ വകുപ്പുകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിനു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. പുതുക്കിയ ആര്‍.എഫ്.പി. അനുസരിച്ച് പദ്ധതിയുടെ നടത്തിപ്പിനായി തിരഞ്ഞെടുത്ത ഇന്‍ഷൂറന്‍സ് കമ്പനി തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്ട്രേറ്റര്‍ മുഖേന തയാറാക്കുന്ന ഹോസ്പിറ്റല്‍ എംപാനല്‍ ലിസ്റ്റ് സര്‍ക്കാരിനു സമര്‍പ്പിക്കണം. ഇതിനൊപ്പം, സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആശ്രിതരുടെയും വിവരം ശേഖരിച്ച് ആ വിവരങ്ങള്‍ കമ്പനിക്കു കൈമാറും. ഇതിനു ശേഷം സര്‍ക്കാരും കമ്പനിയുമായുള്ള പരസ്പര ഉടമ്പടി പ്രകാരം പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഗുണഭോക്താക്കളുടെ രണ്ടാംഘട്ട വിവര ശേഖരണവും ഒന്നാംഘട്ട വിവരശേഖരണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു വകുപ്പ് തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനും അവരുടെ പൂര്‍ണ വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാനുമുള്ള നിര്‍ദേശങ്ങള്‍ എല്ലാ വകുപ്പിലേക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിലൊന്നിലും സഹകരണ വകുപ്പോ സഹകരണ ജീവനക്കാരോ ഇല്ല.

കേരള ഹൈക്കോടതിയിലേതുള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍, എയിഡഡ് സ്‌കൂളിലേത് ഉള്‍പ്പടെയുള്ള അധ്യാപക – അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും ആശ്രിതരും സംസ്ഥാന സക്കാരിനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരുമാണു പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണല്‍ സ്റ്റാഫ്, പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും ആശ്രിതരും കുടുംബ പെന്‍ഷന്‍കാരും പദ്ധതിയില്‍ അംഗങ്ങളായിരിക്കും.ഫലത്തില്‍ പുറത്താകുന്നതു സഹകരണ ജീവനക്കാര്‍ മാത്രമാണ്.

രോഗാവസ്ഥയില്‍
ആശ്വാസം

രോഗബാധിതരാകുന്ന ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സഹായകമാകുന്ന ഒരു പദ്ധതിയാണു സര്‍ക്കാര്‍ വിഭാവനം ചെയ്ത മെഡിസെപ്. പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിശ്ചിത ചികിത്സകള്‍ക്കും അവയ്ക്ക് അനുബന്ധമായി വരുന്ന ഡേ കെയര്‍ ചികിത്സയ്ക്കും ഗുണഭോക്താവിനു നേരിടേണ്ടിവരുന്ന ചെലവുകള്‍ക്കു പരിരക്ഷ നല്‍കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളിലെ മരുന്നുവില, ഡോക്ടര്‍മാരുടേതടക്കമുള്ള ഫീസ്, മുറിവാടക, പരിശോധനാ ചാര്‍ജുകള്‍, രോഗനുബന്ധ ഭക്ഷണച്ചെലവുകള്‍ എന്നിങ്ങനെ ചികിത്സാഘട്ടത്തില്‍ വരുന്ന എല്ലാ ചെലവുകളും പരിരക്ഷയില്‍പ്പെടും. നിലവിലുള്ള രോഗങ്ങള്‍ക്കുള്‍പ്പെടെ ജീവനു ഭീഷണിയുള്ള അടിയന്തര സാഹചര്യത്തില്‍ എംപാനല്‍ ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പദ്ധതിയുടെ കീഴില്‍ പരിരക്ഷ ലഭിക്കും.

പദ്ധതിയുടെ കീഴില്‍ വരുന്ന ഏതെങ്കിലും ആശുപത്രിയില്‍ ഗുണഭോക്താവോ കുടുംബാംഗങ്ങളോ തേടുന്ന ചികിത്സകള്‍ക്ക് ഓരോ കുടുംബത്തിനും പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപ നിരക്കിലാണു പരിരക്ഷ. മൂന്നു വിധത്തിലുള്ള പരിരക്ഷയാണു പദ്ധതിയനുസരിച്ച് ലഭിക്കുന്നത്. അടിസ്ഥാന പരിരക്ഷയും അധിക പരിരക്ഷയും അധിക സഹായവുമാണിത്. പദ്ധതിയിലുള്‍പ്പെട്ടവരുടെ കുടുംബത്തിനു വര്‍ഷം രണ്ടു ലക്ഷം രൂപയുടേതാണ് അടിസ്ഥാന ഇന്‍ഷൂറന്‍സ് പരിരക്ഷ. അവയവ മാറ്റം ഉള്‍പ്പടെയുള്ള ഗുരുതര രോഗത്തിനു പരമാവധി ആറു ലക്ഷം രൂപ വരെ ലഭിക്കുന്നതാണ് അധിക പരിരക്ഷ. ഇത് ഒരു കുടുംബത്തിനു മൂന്നു വര്‍ഷത്തേക്കു ലഭിക്കുന്ന തുകയാണ്. അടിസ്ഥാന പരിരക്ഷയ്ക്കു പുറമെയാണിത്. അധിക പരിരക്ഷയും ഗുരുതര രോഗ ചികിത്സക്കു തികയുന്നില്ലെങ്കില്‍ മുന്നു ലക്ഷം രൂപ കൂടി നല്‍കുന്നതാണ് അധിക സഹായം. പോളിസി കാലയളവില്‍ ഒരു കുടുംബത്തിനു പരമാവധി ലഭിക്കുന്ന അധികസഹായമാണു മൂന്നു ലക്ഷം. ഇതിനായി ഇന്‍ഷൂറന്‍സ് കമ്പനി വര്‍ഷം 25 കോടി രൂപയുടെ സഞ്ചിത നിധി രൂപവത്കരിക്കും. ഇതില്‍നിന്നായിരിക്കും അധിക സഹായം നല്‍കുക. ജീവനക്കാര്‍ നല്‍കേണ്ട പ്രീമിയം തുക എത്രയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇന്‍ഷൂറന്‍സ് കമ്പനിയുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടുന്ന മുറയ്‌ക്കേ ജീവനക്കാരും പെന്‍ഷന്‍കാരും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് എത്ര രൂപയാണു വിഹിതമായി നല്‍കേണ്ടത് എന്നു വ്യക്തമാകൂ.

ആദിവാസികള്‍ക്ക്
സഹകരണ
ഇന്‍ഷൂറന്‍സ്

സഹകരണ ജീവനക്കാരെ അവഗണിച്ച് ഒരു ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ പിന്നാക്കാവസ്ഥയിലുള്ള ആദിവാസി വിഭാഗങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ തയാറായതു സഹകരണ മേഖലയിലാണ്. സംസ്ഥാനത്തെ പട്ടികജാതി – പട്ടികവര്‍ഗ ജനവിഭാഗത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി സഹകരണ വകുപ്പ് തയാറാക്കിയതാണു സമഗ്ര ആരോഗ്യ പദ്ധതി. സഹകരണ ആശുപത്രികളുമായി സഹകരിച്ചാണിതു നടപ്പാക്കുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പാക്കിത്തുടങ്ങി. പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയാണ് ഇതിന്റെ ചുമതല ഏറ്റെടുത്തിട്ടുള്ളത്. പോഷകാഹാരക്കുറവുമൂലം നവജാത ശിശുക്കള്‍ മരിച്ചുവീഴുന്ന ഒരു ഘട്ടത്തിലാണ് അതിനു പരിഹാരം കണ്ടെത്താന്‍ സഹകരണ മേഖല രംഗത്തു വന്നത്. പദ്ധതി രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ അട്ടപ്പാടിയിലെ സാധാരണ ജനങ്ങളുടെ ജീവിതാവസ്ഥയെത്തന്നെ അതു മാറ്റിയിട്ടുണ്ട്.

കേവലം ചികിത്സാപദ്ധതി എന്നതിനപ്പുറം അട്ടപ്പാടിയിലെ പട്ടികജാതി – പട്ടികവര്‍ഗ ജനവിഭാഗത്തിന്റെ ആരോഗ്യ സംരക്ഷണത്തെ നിര്‍ണയിക്കുന്ന വിവിധങ്ങളായ ഇടപെടലുകളാണു പദ്ധതി നടത്തിയിട്ടുള്ളത്. അട്ടപ്പാടിയിലെ പട്ടിക ജനവിഭാഗത്തിനു സൗജന്യ രോഗ ചികിത്സ, ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യ സംരക്ഷണം, കുട്ടികളുടെ ആരോഗ്യപരിപക്ഷ, ഗൃഹകേന്ദ്രീകൃത ആരോഗ്യ സേവനങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സംവര്‍ധക ജീവിത ശൈലികളും സമ്പൂര്‍ണ പോഷണവും, സഹകരണ ആരോഗ്യ മോഡല്‍ പദ്ധതി നടത്തിപ്പും മേല്‍നോട്ടവും മുതലായവയാണ് അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതിയുടെ ആശയങ്ങള്‍. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ പരിശോധനയില്‍ വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമാണെന്നു കാണുന്നവര്‍ക്കാണ് ഇ.എം.എസ്. സഹകരണ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ നല്‍കിയിട്ടുള്ളത്. അത് ഏതാനും കുറച്ചു പേര്‍ക്കല്ല. കൃത്യമായി പറഞ്ഞാല്‍ 6924 പേര്‍ക്കു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ കിട്ടി. ആദിവാസികള്‍ക്കിടയില്‍ ഒരിക്കലും അത്തരമൊരു സേവനം മുമ്പുണ്ടായിട്ടില്ല.

രോഗികള്‍ക്കു വിദഗ്ധ ചികിത്സ കിട്ടുന്നതിനു പുറമെ ആദിവാസി മേഖലകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, 24 മണിക്കറും സൗജന്യ ആംബുലന്‍സ് സേവനം ഉറപ്പുവരുത്തുക, ഗര്‍ഭിണികളായ എല്ലാവരെയും രജിസ്റ്റര്‍ ചെയ്ത് അവര്‍ക്കു വിദഗ്ധമായ ഗര്‍ഭകാല – പ്രസവ – പ്രസവാനന്തര പരിചരണം നല്‍കുക, കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ആഹാരവും പോഷകങ്ങളും ലഭ്യമാക്കുക, കുട്ടികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുക, രോഗ പ്രതിരോധത്തിനായി വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്തുക. പകര്‍ച്ചവ്യാധികളെ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, ജനിതക രോഗങ്ങള്‍ക്കു ചികിത്സ ലഭ്യമാക്കുക, ലഹരിമരുന്നുകളുടെ ദുരുപയോഗത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുക, ലഹരി വിമോചന ചികിത്സ ലഭ്യമാക്കുക എന്നിങ്ങനെ ഗുണഭോക്താക്കളായ ജനവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമാണ്. അട്ടപ്പാടിയില്‍ ശിശുമരണം ഇപ്പോള്‍ തീരെ ഇല്ലാതായി. ചികിത്സ കിട്ടാത്ത ആദിവാസികള്‍ അവിടെയില്ല. ഒരു സമൂഹത്തെയും അവഗണിക്കപ്പെട്ടവരുടെ ജീവിതത്തെയും മാറ്റിയെടുക്കാന്‍ സഹകരണ മേഖലയുടെ സന്നദ്ധതയ്ക്കു കഴിഞ്ഞു. ആ മേഖലയ്ക്കു രക്തോട്ടം നല്‍കുന്ന ജീവനക്കാരെയാണു സര്‍ക്കാര്‍ ഇപ്പോഴും രണ്ടാം തരക്കാരാക്കുന്നത്. അതു ഭൂഷണമാണോയെന്ന് എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published.