സഹകരണ കോളേജുകളില്‍ 210 എന്‍ജിനീയറിങ് സീറ്റുകള്‍ അനുവദിച്ച് സര്‍ക്കാര്‍
കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എന്‍ജിനീയറിങ്ങിന് (കേപ്) കിഴീലെ കോളേജുകളില്‍ അധിക സീറ്റ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നി ബി-ടെക് കോഴ്‌സുകളിലേക്കാണ് പുതിയ സീറ്റുകള്‍ അനുവദിച്ചത്.
പെരുമണ്‍, കിടങ്ങൂര്‍, തൃക്കരിപ്പൂര്‍, തലശ്ശേരി, വടകര എന്നീ അഞ്ചുകോളേജുകളിലായി 210 സീറ്റുകളാണ് നല്‍കിയത്. സീറ്റുകള്‍ കൂടുന്നതിന് അനുസരിച്ച് അധിക ജീവനക്കാരെ നിയമിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേപ് ഡയറക്ടര്‍ നല്‍കിയ പ്രപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
പെരുമണ്‍ എന്‍ജിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് എന്നീ കോഴ്‌സുകള്‍ക്കാണ് പുതിയ സീറ്റ് അനുവദിച്ചിട്ടുള്ളത്. ഓരോ കോഴ്‌സിനും 30 വീതം സീറ്റുകളാണ് കൂട്ടിയത്.
കിടങ്ങൂര്‍ എന്‍ജിനീയറിങ് കോളേജ്, തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ് കോളേജ്, തലശ്ശേരി എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് കോഴ്‌സിനാണ് അധികസീറ്റ് ലഭിച്ചത്. കിടങ്ങൂര്‍, തൃക്കരിപ്പൂര്‍ കോളേജുകളില്‍ 30 വീതം സീറ്റും, തലശ്ശേരി കോളേജില്‍ 60 സീറ്റുമാണ് അധികമായി അനുവദിച്ചിട്ടുള്ളത്. വടകര എന്‍ജിനീയറിങ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോഴ്‌സിന് 30 സീറ്റ് അധികമായി ലഭിക്കും.