സഹകരണ എക്‌സ്‌പോ ഓണ്‍ലൈന്‍ വീഡിയോ മത്സരം നടത്തുന്നു
സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് ഏപ്രില്‍ 18 മുതല്‍ 25 വരെ എറണാകുളത്തു സംഘടിപ്പിക്കുന്ന കോ-ഓപ്പറേറ്റീവ് എക്‌സ്‌പോയുടെ ഭാഗമായി ‘സഹകരണ മേഖലയും ജനങ്ങളും’ എന്ന വിഷയത്തില്‍ പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ വീഡിയോ മത്സരം നടത്തുന്നു. 10,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5000 രൂപ. മൂന്നാം സമ്മാനം 2500 രൂപ. 10 പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും നല്‍കും. സാക്ഷ്യപത്രം, മെമന്റൊ എന്നിവക്കു പുറമേ ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ യുവ കോ-ഓര്‍പ്പറേറ്റീവ് സൊസൈറ്റിയുടെ ഐ്കൂപ്‌സ് ടി.വി.യിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരവും ലഭിക്കും.
എന്‍ട്രികള്‍ ഏപ്രില്‍ 18 രാത്രി 12 മണിവരെ അപ്‌ലോഡ് ചെയ്യാം. പ്രൊഫഷണല്‍ ക്യാമറയിലോ മൊബൈലിലോ വീഡിയോ ചെയ്യാം. ആനിമേഷന്‍, മ്യൂസിക് വീഡിയോ, ഡോക്യുമെന്ററി, ന്യൂസ് സ്റ്റോറി തുടങ്ങി ഏതു രീതിയില്‍ നിര്‍മ്മിച്ച വീഡിയോകളും മത്സരത്തിന് പരിഗണിക്കും. എന്‍ട്രികള്‍ എക്‌സ്‌പോ വേദിയില്‍ പ്രദര്‍ശിപ്പിക്കും. വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്റ് (ക്രെഡിറ്റ് ഉള്‍പ്പെടെ) ആണ്. എച്ച്.ഡി. (1920X1080) MP4 ഫോര്‍മാറ്റിലാണ് വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ്‌വേഡുംഉപയോഗിച്ച് വേണം വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍. ഒരാള്‍ക്ക് മൂന്ന് വീഡിയോ വരെ അയയ്ക്കാം. മലയാളത്തിലാണ് വീഡിയോ ചെയ്യേണ്ടത്. കിട്ടുന്ന എന്‍ട്രികളുടെ പകര്‍പ്പവകാശം സഹകരണ വകുപ്പിനായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cooperativeexpo.com സന്ദര്‍ശിക്കുക.
[mbzshare]