സഹകരണവകുപ്പിന്റെ ‘നെറ്റ് സീറോ എമിഷന്‍’ പദ്ധതിക്ക് നാളെ തുടക്കം
കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായി സഹകരണവകുപ്പ് ബൃഹദ് പദ്ധതി നടപ്പാക്കുന്നു. ‘നെറ്റ് സീറോ എമിഷന്‍ പദ്ധതി സഹകരണമേഖലയില്‍’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടക്കമിടും.
ജൂണ്‍ അഞ്ചിന് ഓരോ സംഘവും കുറഞ്ഞത് 10 വൃക്ഷത്തെകള്‍ പൊതുസ്ഥലങ്ങളിലടക്കം നട്ടു പരിപാലിക്കും. പൊതുജനങ്ങള്‍ക്ക് വൃക്ഷത്തെകള്‍ നല്‍കും. വൃക്ഷത്തൈ ഉല്‍പാദനത്തിന് സംഘങ്ങള്‍ ശ്രമിക്കും. സഹകരണസംഘം രജിസ്ട്രാറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 12,284 സംഘങ്ങളിലും ബ്രാഞ്ചുകളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ സംഘങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ നിര്‍മ്മിക്കും. ഓഫീസുകള്‍ ഹരിതകാര്യാലയങ്ങളാക്കും. ഊര്‍ജ്ജ സംരക്ഷണത്തിനും സുസ്ഥിരമാലിന്യ സംസ്‌കരണം, സുസ്ഥിരഗതാഗതം എന്നിവയ്ക്കും പ്രാധാന്യം നല്‍കും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 10 ന് അയ്മനം എന്‍.എന്‍. പിള്ള സ്മാരക സാംസ്‌കാരിക നിലയത്തില്‍ നടക്കും. സഹകരണ – രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇതിനു മുന്നോടിയായി, കുട്ടികളില്‍ ചെറുപ്രായത്തില്‍ത്തന്നെ പരിസ്ഥിതി സംരക്ഷണാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, അയ്മനം പി.ജെ.എം. അപ്പര്‍ പ്രൈമറി സ്‌കൂള്‍ അങ്കണത്തില്‍, വൈക്കം മുഹമ്മദ് ബഷീറിലൂടെ മലയാളിക്കു സുപരിചിതമായ മാങ്കോസ്റ്റിന്‍ മരം മന്ത്രി നടും. കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാന ങ്ങളിലും താലൂക്കുതല ത്തിലും സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സമാനരീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും പ്രതീകാത്മകമായി മാങ്കോസ്റ്റിന്‍ മരം നടുകയും ചെയ്യും.
വില്ലേജ് സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. പാര്‍ലമെന്റംഗം തോമസ് ചാഴികാടന്‍ മുഖ്യപ്രഭാഷണം നടത്തും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സൗരജ്യോതി വായ്പാ വിതരണം നടത്തും. സഹകരണസംഘം രജിസ്ട്രാര്‍ റ്റി.വി. സുഭാഷ് പരിസ്ഥിതി ദിന സന്ദേശം നല്‍കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ വൃക്ഷത്തൈകളും അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി പഠനോപകരണങ്ങളും അയ്മനം വില്ലേജ് എസ്.സി.ബി. പ്രസിഡന്റ് കെ.കെ. ഭാനു അങ്കണവാടി യൂണിഫോമും വിതരണം ചെയ്യും. സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ കെ.എം രാധാകൃഷ്ണന്‍ സ്വാഗതം പറയും. രാവിലെ 11 മുതല്‍ ‘നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍: എന്ത്, എങ്ങനെ കൈവരിക്കാം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കേരള കാര്‍ഷിക സര്‍വകലാശാല പരിസ്ഥിതി പഠനവിഭാഗം മേധാവി പ്രൊഫ. പി.ഒ. നമീര്‍ വിഷയാവതരണം നടത്തും.