സഹകരണഫണ്ടില്‍ നോട്ടമിട്ട് ബജറ്റ്
സഹകരണമേഖലയ്ക്കാകെ 140.5 കോടി രൂപയാണു ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതു സാധാരണരീതിയിലുള്ള വിഹിതം മാത്രമാണ്. കാര്യമായ പദ്ധതികളൊന്നും ഇത്തവണയില്ല. രണ്ടര ലക്ഷം കോടി രൂപയാണു കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപം. ഈ ഫണ്ടിനെ സര്‍ക്കാര്‍പദ്ധതികളുമായും ജനക്ഷേമപ്രവര്‍ത്തനങ്ങളുമായും
ബന്ധിപ്പിക്കുന്ന ‘സഹകരണ’ രീതി ശക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കു ബജറ്റില്‍ ഊന്നല്‍ നല്‍കി എന്നല്ലാതെ സഹകരണസംഘങ്ങളില്‍ നടപ്പാക്കാനുള്ള പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപിച്ച പദ്ധതികളാവട്ടെ സര്‍ക്കാരിനു മേല്‍നോട്ടപ്പങ്കാളിത്തമല്ലാതെ കാര്യമായ ബാധ്യതകള്‍ ഇല്ലാത്തവയാണ്.
കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണു കേരളത്തിന്റെ പുതിയ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചത്. ബജറ്റില്‍ സഹകരണ മേഖലയ്ക്ക് എന്തു നീക്കിയിരിപ്പുണ്ടെന്ന ചോദ്യത്തിനു ‘സഹകരണം’ നന്നായി വേണമെന്ന നിര്‍ദേശം മാത്രമാണുള്ളതെന്നാണു മറുപടി. ജനകീയ ക്രൗഡ് ഫണ്ടിങ്ങിന്റെ സ്ഥാപിതരൂപങ്ങളാണു കേരളത്തിലെ സഹകരണപ്രസ്ഥാനം. ഒരു തദ്ദേശസ്ഥാപനത്തില്‍ അഞ്ചു സഹകരണ സ്ഥാപനങ്ങളെങ്കിലും നിലവിലുണ്ട്. ഇവ പ്രാദേശികതലത്തില്‍നിന്നു സ്വരൂപിക്കുന്ന നിക്ഷേപങ്ങളാണ് ഈ പ്രസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ. രണ്ടര ലക്ഷം കോടി രൂപയാണ് ഈ രീതിയില്‍ കേരളത്തിലെ സഹകരണ മേഖലയിലുള്ളത്. ഈ ഫണ്ടിനെ സര്‍ക്കാര്‍പദ്ധതികളുമായും ജനക്ഷേമപ്രവര്‍ത്തനങ്ങളുമായും ബന്ധിപ്പിക്കുന്ന ‘സഹകരണ’ രീതി ശക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കാണ് ഈ ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. സഹകരണസംഘങ്ങളില്‍ നടപ്പാക്കാനുള്ള പുതിയ പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപിച്ചവയാകട്ടെ, സര്‍ക്കാരിനു മേല്‍നോട്ടപ്പങ്കാളിത്തമല്ലാതെ കാര്യമായ ബാധ്യതകള്‍ ഇല്ലാത്തവയുമാണ്.
സാമ്പത്തിക ആഘാതം വലുതാണെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണു ധനമന്ത്രി ബജറ്റ് അവതരണത്തിലേക്കു കടന്നത്. കേന്ദ്രത്തില്‍നിന്നുള്ള സാമ്പത്തികവിഹിതം കുറഞ്ഞുതുടങ്ങിയതിന്റെ പ്രശ്‌നങ്ങള്‍ ഇതില്‍ വിവരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: സംസ്ഥാനങ്ങള്‍ക്കു വീതംവെച്ച് നല്‍കേണ്ട ഡിവിസിബിള്‍ പൂളില്‍നിന്നു പത്താം ധനകാര്യ കമ്മീഷന്റെ കാലത്തു കേരളത്തിനു ലഭിച്ചിരുന്നത് 3.875 ശതമാനം വിഹിതമായിരുന്നു. പതിനഞ്ചാം ധനകാര്യക്കമ്മീഷന്റെ കാലമായപ്പോള്‍ അതു 1.925 ശതമാനമായി കുറഞ്ഞു. ഇതിലൂടെ പതിനായിരക്കണക്കിനു കോടി രൂപയുടെ വെട്ടിക്കുറവാണു കേരളത്തിന്റെ വരുമാനത്തില്‍ വര്‍ഷംതോറും കേന്ദ്രം വരുത്തുന്നത്. റവന്യുക്കമ്മി ഗ്രാന്റ് ഇനത്തില്‍ കേന്ദ്രം കുറവ് വരുത്തിയതു മൂലം ഏകദേശം 6700 കോടി രൂപയുടെ കുറവുണ്ടായി. ജി.എസ്.ടി. നഷ്ടപരിഹാരം അവസാനിച്ചതിന്റെ ഫലമായി നടപ്പുവര്‍ഷം 7000 കോടി രൂപയുടെ കുറവാണുണ്ടായത്. പബ്ലിക് അക്കൗണ്ട് കടബാധ്യതയായി കണക്കാക്കിയ കേന്ദ്രനയം കാരണം ഒരു വര്‍ഷം ഏകദേശം 10,000 കോടി രൂപയുടെ വരുമാനനഷ്ടമാണ് ഉണ്ടാകുന്നത്. കിഫ്ബി, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനി തുടങ്ങി ബജറ്റിനു പുറത്തു ധനം സമാഹരിക്കുന്ന സ്ഥാപനങ്ങളുടെ ബാധ്യതയെ സര്‍ക്കാരിന്റെ ബാധ്യതയായി പരിഗണിക്കുമെന്ന നിലപാടും നമ്മുടെ കടമെടുക്കാനുള്ള ശേഷിയെ പരിമിതപ്പെടുത്തുകയാണ്. ഈ വകയിലും 3100 കോടിയുടെ കുറവുണ്ടാകും. വിപണിയില്‍നിന്നുള്ള കടമെടുപ്പുപരിധിയില്‍ കുറവ് വരുത്തിയതുമൂലം വിഭവസമാഹരണത്തില്‍ ഏകദേശം 4000 കോടിയുടെ കുറവാണുണ്ടായത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വീതംവെയ്പ്പിലും കേരളം അവഗണിക്കപ്പെടുകയാണ്- ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. ഈ സാഹചര്യത്തിലാണു സഹകരണമേഖലയെ സര്‍ക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളുടെ പങ്കാളിയാക്കി മാറ്റുന്ന രീതിയിലേക്കു നയരൂപവത്കരണം ഉണ്ടാകുന്നത്. ബജറ്റിനു മുമ്പു പ്രസിദ്ധീകരിച്ച സാമ്പത്തികാവലോകന റിപ്പോര്‍ട്ടിലും ഈ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നുണ്ട്.
മുന്നോട്ടേക്കുള്ള
സാധ്യത
സാമ്പത്തികമുന്നേറ്റത്തിനും സാമൂഹിക ജീവിതവികാസത്തിനും ഇനി കേരളം സ്വീകരിക്കേണ്ട രീതി എന്താണെന്നാണു സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെക്കുന്നത്. കാര്‍ഷികമേഖലയെ സാങ്കേതികമായി വളര്‍ത്തുകയും വിപണനശൃംഖലയുടെ വിപുലീകരണം സാധ്യമാക്കുകയും ചെയ്യണമെന്നതാണ് അതിലെ ഊന്നല്‍. റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ് : ‘ സുസ്ഥിര കാര്‍ഷിക വികസനം എന്നതിന്റെ വിജയം കാര്‍ഷിക സാങ്കേതികവിദ്യകളുടെ സമീപകാല മുന്നേറ്റങ്ങളെക്കുറിച്ചും അതനുസരിച്ച് കാര്‍ഷികാവശ്യങ്ങളുടെ കാര്യക്ഷമവും ഫലപ്രദവുമായ പരിപാലനത്തെക്കുറിച്ചും കര്‍ഷകരെ ബോധവാന്മാരാക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. കുറഞ്ഞ ഉല്‍പ്പാദനക്ഷമത, ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവ്, തൊഴിലാളികളുടെ ദൗര്‍ലഭ്യം, കാര്യക്ഷമമല്ലാത്ത യന്ത്രവല്‍ക്കരണം, വിഘടിതമായ വിതരണശൃംഖല, വിളവെടുപ്പിനുശേഷമുള്ള പരിപാലനത്തിനായിട്ടുള്ള സംവിധാനത്തിന്റെ അപര്യാപ്തത എന്നിവ സംസ്ഥാനത്തിന്റെ കാര്‍ഷികമേഖലയുടെ വികസനത്തിനു നിര്‍ണായകമായി നില്‍ക്കുന്ന ചില ഘടകങ്ങളാണ്. ലഭിക്കുന്ന ലാഭത്തില്‍ സുസ്ഥിരത വരുത്തുന്നതിനായി ഉല്‍പ്പാദനം, കാര്‍ഷികവ്യവസായം, മൂല്യശൃംഖല, നിക്ഷേപവര്‍ധന എന്നിവയിലെ മാറ്റങ്ങളിലൂടെ കാര്‍ഷികാസൂത്രണത്തില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ആധുനിക കൃഷിരീതിയിലും മറ്റു കാര്‍ഷിക പ്രവര്‍ത്തനങ്ങളിലും കഴിവുകള്‍ വികസിപ്പിക്കുന്നതു ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിലേക്കുള്ള ശരിയായ നീക്കമായിരിക്കും’. ഈ നിര്‍ദേശങ്ങള്‍ എങ്ങനെ സാധ്യമാക്കണമെന്നതാണു ബജറ്റ് ചൂണ്ടിക്കാട്ടുന്നത്. അതു പൂര്‍ണമായ ഒരു പദ്ധതിരേഖയായി അവതരിപ്പിക്കാന്‍ ബജറ്റിനു കഴിഞ്ഞിട്ടില്ലെന്നതു വസ്തുതയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികനില ഭദ്രമല്ലാത്തതും പദ്ധതികള്‍ക്കു സര്‍ക്കാര്‍ഫണ്ട് നീക്കിവെക്കാനില്ലാത്തതുമാണ് ഇതിനു കാരണം. അതേസമയം, ഈ ലക്ഷ്യം നേടുന്നതിനു സഹകരണമേഖലയുടെ സാമ്പത്തികശേഷി ഉപയോഗിക്കുക എന്നതാണു സര്‍ക്കാര്‍കാഴ്ചപ്പാട്. അതു ബജറ്റിലും പ്രകടമാണ്.
കൃഷിയില്‍ സ്ത്രീകളുടെ പ്രാധാന്യം കണക്കിലെടുത്ത് കാര്‍ഷികമൂല്യ ശൃംഖലയുള്‍പ്പടെ എല്ലാ തലത്തിലും സ്ത്രീകളുടെ ശാക്തീകരണം കൊണ്ടുവരുന്നതിന്റെ സാധ്യത കാണേണ്ടതാണെന്നാണ് ആസൂത്രണ ബോര്‍ഡ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കര്‍ഷക ഉല്‍പ്പാദക സംഘങ്ങളുടെ രൂപവത്കരണം, യന്ത്രവല്‍ക്കരണം എന്നിവയെ സഹായിക്കുന്നതിനായി ക്ലസ്റ്റര്‍കൃഷി, ഉല്‍പ്പാദനത്തിനും വിളവെടുപ്പിനുംശേഷമുള്ള സംസ്‌കരണത്തിനായി ആധുനികവല്‍ക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ നേരിട്ടുള്ള വിപണനത്തിലൂടെ മികച്ച വില നേടാന്‍ കഴിയും. വിളയിറക്കുന്ന സീസണു മുമ്പായി കാര്‍ഷിക കാലാവസ്ഥ -കാര്‍ഷിക പരിസ്ഥിതിമേഖലകളെ അടിസ്ഥാനമാക്കിയുള്ള വിള ആസൂത്രണം കാലാവസ്ഥയുടെ അനിശ്ചിതത്വത്തിനു തയാറെടുക്കാന്‍ കര്‍ഷകരെ സഹായിക്കുമെന്നു ആസൂത്രണ ബോര്‍ഡ് പറയുന്നു. ഈ കാഴ്ചപ്പാട് അടിസ്ഥാനമാക്കി സഹകരണപദ്ധതികളെ ക്രമീകരിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാങ്കേതികാധിഷ്ഠിത സഹകരണ കാര്‍ഷിക പദ്ധതി ഈ ബജറ്റില്‍ പ്രഖ്യാപിച്ചത് അതുകൊണ്ടാണ്. കാര്‍ഷികരംഗത്തു സഹകരണ മേഖലയുടെ സമഗ്ര ഇടപെടല്‍ ശക്തമാക്കുന്നതിനാണു ‘കോ-ഓപ്പറേറ്റീവ് ഇനീഷ്യേറ്റീവ് ഇന്‍ ടെക്‌നോളജി ഡ്രിവണ്‍ അഗ്രികള്‍ച്ചര്‍’ (സി.ഐ.ടി.എ.) എന്ന പദ്ധതി നടപ്പാക്കുന്നതെന്നു ബജറ്റ്പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 14 സഹകരണ സംഘങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയാണിത്. ഇത്തവണ അതു പൊതുപദ്ധതിയായി പ്രഖ്യാപിച്ചു. 34.5 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
പദ്ധതികളിലെ
സാധ്യതകള്‍
സഹകരണസംഘങ്ങളുടെ വളര്‍ച്ച എങ്ങനെയാകണമെന്ന നിര്‍ദേശവും ഈ ബജറ്റിന്റെ ഉള്ളടക്കത്തിലുണ്ട്. പുതിയ സാഹചര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി കാലാനുസൃതമായ മാറ്റവും മത്സരാധിഷ്ഠിതമായ വളര്‍ച്ചയും ഉണ്ടാകണമെന്നാണ് ഈ നിര്‍ദേശം. ഒരു സംഘത്തിന്റെ പ്രവര്‍ത്തനപരിധിക്ക് അപ്പുറത്തേക്കു ബിസിനസ്‌ലോകം വളര്‍ത്തിയെടുക്കണമെന്നാണു നിര്‍ദേശിക്കുന്നത്. ഇതിനുള്ള ഭൗതികസാഹചര്യം ഒരുക്കാനുള്ള പദ്ധതിനിര്‍ദേശം ബജറ്റിലുണ്ട്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര വ്യാപാരമേളയ്ക്കു സ്ഥിരം വേദിയുണ്ടാക്കുമെന്ന നിര്‍ദേശം ഈ ഗണത്തിലുള്ളതാണ്. 15 കോടി രൂപയാണ് ഇതിനായി പ്രാഥമികമായി വകയിരുത്തിയിട്ടുള്ളത്. എല്ലാ വര്‍ഷവും ഡല്‍ഹി പ്രഗതി മൈതാനത്ത് അന്താരാഷ്ട്ര വ്യാപാരമേള സംഘടിപ്പിക്കാറുണ്ട്. ഇതേ മാതൃകയില്‍ സംസ്ഥാനത്തു ദേശീയ – അന്തര്‍ദേശീയ നിലവാരത്തിലുള്ള വ്യാപാരമേള സംഘടിപ്പിക്കുമെന്നാണു പ്രഖ്യാപനം. കേരളത്തിലെ വ്യവസായികള്‍ക്കും സംരംഭകര്‍ക്കും അന്തര്‍ദേശീയതലത്തില്‍ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്താനുള്ള വേദിയായി ഇതു മാറുമെന്നാണു ബജറ്റ്പ്രസംഗത്തില്‍ അവകാശപ്പെടുന്നത്.
ഡല്‍ഹിയിലെ വ്യാപാരമേളയില്‍ മികച്ച പങ്കാളിത്തമാണു കഴിഞ്ഞ തവണ കേരളത്തിലെ സഹകരണസംഘങ്ങള്‍ ഉറപ്പാക്കിയത്. മുന്നൂറിലേറെ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ സഹകരണസംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. പ്രാദേശികവിപണിയാണ് ഇവയ്ക്കുള്ളത്. സംസ്ഥാനത്തിനു പുറത്തും വിദേശത്തുമുള്ള വിപണിസാധ്യത ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. എന്നാല്‍, ഡല്‍ഹിയിലെ വ്യാപാരമേളയില്‍ 28 സംഘങ്ങള്‍ പങ്കാളികളായപ്പോള്‍ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്കു മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആവശ്യക്കാരുണ്ടായി. നല്ല വ്യാപാരമേളകള്‍ ഇത്തരം വിപണിസാധ്യതകള്‍ സഹകരണസംഘങ്ങള്‍ക്ക് ഉണ്ടാക്കുന്നുവെന്നാണ് ഇതു കാണിക്കുന്നത്. കേരളംതന്നെ അത്തരമൊരു സ്ഥിരം വിപണനവേദി സൃഷ്ടിക്കുന്നതു സഹകരണസംഘങ്ങളുടെ വളര്‍ച്ചയ്ക്ക് ആക്കം പകരുമെന്നതില്‍ തര്‍ക്കമില്ല.
വര്‍ക്ക് ഫ്രം
ഹോളിഡേ ഹോം
ടൂറിസംമേഖലയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതിയാണു ‘ വര്‍ക്ക് ഫ്രം ഹോളിഡേ ഹോം’. ഇതും സഹകരണ സംഘങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാവും. വര്‍ക്ക് ഫ്രം ഹോമിനു സമാനമായി ടൂറിസംമേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയാണു വര്‍ക്ക് ഫ്രം ഹോളിഡേ ഹോം. നിരവധി പേര്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ തങ്ങളുടെ തൊഴില്‍ച്ചുമതലകള്‍ ഓണ്‍ലൈനായി നിര്‍വഹിക്കാന്‍ സൗകര്യങ്ങള്‍ തേടാറുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സജ്ജമാക്കുന്ന വര്‍ക്ക് ഫ്രം ഹോളിഡേ ഹോം എന്ന പദ്ധതി ടൂറിസംമേഖലയ്ക്കു മുതല്‍ക്കൂട്ടാകും. ഇതിനായി പത്തു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഉത്തരവാദിത്തടൂറിസം പദ്ധതിയുടെ ഭാഗമായി പ്രാദേശിക ടൂറിസ്റ്റ്‌കേന്ദ്രങ്ങള്‍ കേരളത്തില്‍ ഒരുപാട് രൂപപ്പെട്ടിട്ടുണ്ട്. ആഭ്യന്തരസഞ്ചാരികളുടെ എണ്ണം ചരിത്രത്തിലിതുവരെ ഇല്ലാത്തവിധം കൂടി. ഇത്തരം കേന്ദ്രങ്ങളില്‍ ‘ വര്‍ക്ക് ഫ്രം ഹോളിഡേ ഹോം’ കേന്ദ്രങ്ങള്‍ അതതു പ്രദേശത്തെ സഹകരണസംഘങ്ങള്‍ക്കു തുടങ്ങാനായാല്‍ അതൊരു പുതിയ ചുവടുവെപ്പാകും. ഇതൊന്നും സഹകരണ പദ്ധതികളായല്ല ബജറ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേ ഇത്തരം പദ്ധതികളുടെ സാധ്യത ഉപയോഗപ്പെടുത്താന്‍ സഹകരണസംഘങ്ങള്‍ക്ക് അവസരമുണ്ടാകുമെന്നതാണു നേട്ടം.
സഹകരണ
സംരക്ഷണനിധി
സഹകരണമേഖലയ്ക്കാകെ 140.5 കോടി രൂപയാണു ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതു സാധാരണരീതിയിലുള്ള വിഹിതം മാത്രമാണ്. കാര്യമായ പദ്ധതികളും ഇത്തവണയില്ല. സഹകരണമേഖലയില്‍ വിദ്യാഭ്യാസ-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നു മൂന്നു വര്‍ഷത്തേക്ക് ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചപ്പോള്‍ സഹകരണവകുപ്പ് തീരുമാനിച്ചതാണ്. അതിനു ബജറ്റിലും ഊന്നല്‍ നല്‍കിയിട്ടുണ്ട്. സഹകരണമേഖലയെ ശക്തിപ്പെടുത്താനുള്ള വിദ്യാഭ്യാസ-ഗവേഷണ-പരിശീലന പരിപാടികള്‍ക്കായി നാലു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണവകുപ്പിന്റെ ആധുനികീകരണത്തിനായി 5.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
വായ്പക്കുടിശ്ശിക കൂടുന്നത്, സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തത് എന്നിങ്ങനെ പല കാരണങ്ങളാല്‍ സഹകരണസംഘങ്ങള്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഘട്ടമാണിത്. നിക്ഷേപം തിരിച്ചുകൊടുക്കാന്‍പോലും കഴിയാത്ത സഹകരണസംഘങ്ങളുടെ എണ്ണം കൂടിവരികയാണ്. കരുവന്നൂര്‍ സഹകരണ ബാങ്കിലുണ്ടായ പ്രതിസന്ധിയും ക്രമക്കേടും ഈ രംഗത്തെ വിശ്വാസ്യതയ്ക്കുപോലും കോട്ടമുണ്ടാക്കി. പണം കിട്ടാനുള്ള നിക്ഷേപകരുടെ നെട്ടോട്ടം മാധ്യമങ്ങളില്‍ ഓരോ ദിവസവും വാര്‍ത്തയായി. ഈ ഘട്ടത്തിലാണു പ്രതിസന്ധിയിലാകുന്ന സഹകരണസംഘങ്ങളെ സഹായിക്കാന്‍ ഒരു സഹകരണ സംരക്ഷണ നിധി രൂപവത്കരിക്കുമെന്നു സഹകരണമന്ത്രി പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിന് ആറു മാസത്തിലേറെ പഴക്കമുണ്ടായെങ്കിലും മറ്റു നടപടികളൊന്നും ഉണ്ടായില്ല. ഈ ബജറ്റില്‍ സഹകരണ സംരക്ഷണനിധി സംബന്ധിച്ച് കൃത്യമായ നിര്‍ദേശം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സഹകരണമേഖലയുടെ സമഗ്രവികസനത്തിനായി കേരള സഹകരണ സംരക്ഷണ നിധി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നിലവില്‍ വരുമെന്നാണു പ്രഖ്യാപനം. സഹകരണസംഘങ്ങളുടെ കരുതല്‍ശേഖരത്തില്‍നിന്നുള്ള നിശ്ചിത ശതമാനവും സര്‍ക്കാര്‍വിഹിതവും സംയോജിപ്പിച്ചാണു ഫണ്ട് രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
ബജറ്റിനു പിന്നാലെ സഹകരണ സംരക്ഷണനിധി രൂപവത്കരണത്തിനുള്ള നടപടികളും സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്പെഷല്‍ ഓഫീസറെ നിയമിച്ചു. സഹകരണവകുപ്പിലെ സ്പെഷല്‍ സെക്രട്ടറി പി.എസ്. രാജേഷിനെയാണു സ്പെഷല്‍ ഓഫീസറാക്കിയത്. നിധിയുടെ രൂപവത്കരണവും വിതരണവും എങ്ങനെയാകണമെന്നതു സംബന്ധിച്ച് സഹകരണസംഘം രജിസ്ട്രാര്‍ കരട് പദ്ധതി തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. സഹകരണച്ചട്ടത്തിലടക്കം ഭേദഗതി വരുത്തേണ്ട നിര്‍ദേശങ്ങളാണ് ഇതിലുള്ളത്. ഇത്തരം കാര്യങ്ങളില്‍ വകുപ്പുതലത്തില്‍ ഏകോപനമുണ്ടാക്കുകയാണു സ്പെഷല്‍ ഓഫീസറുടെ ചുമതല. ലാഭത്തിന്റെ 15 ശതമാനമാണു സഹകരണ സംഘങ്ങള്‍ കരുതലായി മാറ്റിവെക്കുന്നത്. ഇത് അതതു സംഘങ്ങളുടെ പേരിലാണു കേരള ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍നിന്ന് ഒരു വിഹിതമാണു സംരക്ഷണ നിധിയിലേക്കു മാറ്റുന്നത്. നിലവിലെ ചട്ടമനുസരിച്ച് അതതു സംഘങ്ങളുടെ ആവശ്യത്തിനല്ലാതെ കരുതല്‍നിക്ഷേപം ഉപയോഗിക്കാനാവില്ല. ഈ ചട്ടത്തിലാണു മാറ്റം വരുത്തേണ്ടത്. എന്നാല്‍, സഹകരണ സംരക്ഷണനിധി പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് മാത്രമായി പരിമിതപ്പെടുന്ന വിധത്തിലാണ് ഇപ്പോള്‍ ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 500 കോടി രൂപ സഹകരണ സംരക്ഷണ നിധിയില്‍ ഉറപ്പാക്കണമെന്നാണു സഹകരണ വകുപ്പ് കണക്കാക്കുന്നത്. പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളുടെ കരുതല്‍ധനം മാത്രമാണ് ഇതിലേക്കു മാറ്റാന്‍ സാധ്യതയുള്ളത്. കരുതല്‍നിക്ഷേപത്തിനു കേരള ബാങ്ക് നല്‍കുന്ന പലിശ നിധിയിലേക്കു നിക്ഷേപിക്കുന്ന തുകയ്ക്കു നല്‍കും. ഇങ്ങനെ നിധിയിലേക്കു നല്‍കുന്ന നിക്ഷേപവും നിശ്ചിത കാലപരിധിക്കു ശേഷമോ അടിയന്തര സാഹചര്യത്തിലോ പലിശയടക്കം പിന്‍വലിക്കാനാവും. ഇതിന്റെ വിശദാംശങ്ങളടങ്ങുന്നതാണു രജിസ്ട്രാര്‍ തയാറാക്കിയ പദ്ധതിരേഖ.
കേരള ബാങ്കിന്റെ
എഫ്.പി.ഒ.
പുതിയ ചുവടുവെപ്പായി ബജറ്റ് അവതരിപ്പിക്കുന്ന പദ്ധതിയാണു കേരള ബാങ്കിനു കീഴില്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ( എഫ്.പി.ഒ ) രൂപവത്കരിക്കുകയെന്നത്. കേരള ബാങ്ക് വഴി 100 എഫ്.പി.ഒ.കള്‍ രൂപവത്കരിക്കുന്നതിനായി പത്തു കോടി രൂപയാണു ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. സഹകരണസംഘങ്ങളിലൂടെ കര്‍ഷകക്കൂട്ടായ്മകള്‍ എന്നതു നബാര്‍ഡും മുന്നോട്ടുവെക്കുന്ന നിര്‍ദേശമാണ്. കേരള ബാങ്കിനു കീഴിലായി 1625 പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളുണ്ട്. അവയിലൂടെയാണു കേരള ബാങ്കിന്റെ കാര്‍ഷികമേഖലയിലെ സാമ്പത്തിക ഇടപെടല്‍ ക്രമീകരിച്ചിട്ടുള്ളത്. ഈ സംഘങ്ങള്‍ക്കു കീഴിലായി കര്‍ഷകക്കൂട്ടായ്മകളുണ്ടാക്കാമെന്നാണു നബാര്‍ഡ് നിര്‍ദേശിക്കുന്നത്. കാര്‍ഷിക സഹകരണസംഘങ്ങളെ ഒരു പ്രദേശത്തിന്റെ മള്‍ട്ടി സര്‍വീസ് സെന്റുകളാക്കി വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന കാഴ്ചപ്പാടാണ് ഇതിന്റെ അടിസ്ഥാനം. എന്നാല്‍, കാര്‍ഷികസംഘങ്ങള്‍ക്കു ബദലായി പുതിയ കര്‍ഷകക്കൂട്ടായ്മകള്‍ സൃഷ്ടിക്കുന്നുവെന്നതാണ് കേരള ബാങ്കിന്റെ എഫ്.പി.ഒ. പദ്ധതി ഉണ്ടാക്കാവുന്ന മാറ്റം.
ഒരു പഞ്ചായത്തില്‍ ഒരു എഫ്.പി.ഒ. യെങ്കിലും രൂപവത്കരിക്കുമെന്നാണു കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ അറിയിച്ചത്. അതായത് ഓരോ പഞ്ചായത്തിലും കാര്‍ഷിക സഹകരണസംഘത്തിന്റെ ബദല്‍സംവിധാനം കേരള ബാങ്കിനുണ്ടാകും. കേരള ബാങ്ക് മുന്നോട്ടുവെക്കുന്ന ആശയവും പദ്ധതിയും ഇങ്ങനെയാണ് – കൃഷി, മൃഗസംരക്ഷണം, മത്സ്യക്കൃഷി, കോഴി വളര്‍ത്തല്‍ മുതലായ മേഖലകളില്‍ കര്‍ഷകര്‍ ഒന്നിച്ച് ചേര്‍ന്നു സംഘടിപ്പിക്കുന്ന പുതിയ കര്‍ഷക ഉല്‍പ്പാദകസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണു തുക വകയിരുത്തിയിട്ടുള്ളത്. കൃഷിയിടത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ബഹുഭൂരിപക്ഷം കര്‍ഷകരും ചെറുകിട നാമമാത്ര കര്‍ഷകരാണ്. ഇത്തരം ചെറുകര്‍ഷകര്‍ ഒന്നിച്ചുചേര്‍ന്നു കര്‍ഷക ഉല്‍പ്പാദകസംഘങ്ങള്‍ രൂപവത്കരിക്കാനും സംഘശക്തിയിലൂടെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമായി കേരള ബാങ്ക് കര്‍ഷക ഉല്‍പ്പാദകസംഘങ്ങള്‍ക്കു 60 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നുണ്ട്. ഒരു പഞ്ചായത്തില്‍ ഒരു കര്‍ഷക ഉല്‍പ്പാദകസംഘം എന്നതാണു കേരള ബാങ്ക് ലക്ഷ്യമാക്കുന്നത്. ഒരു കര്‍ഷക ഉല്‍പ്പാദകസംഘത്തില്‍ ചുരുങ്ങിയതു 300 അംഗങ്ങളാണ് ഉള്‍പ്പെടുന്നത്. ഈ രീതിയില്‍ ഗ്രാമീണ കാര്‍ഷിക സമ്പദ്ഘടനയില്‍ സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാന്‍ എഫ്.പി.ഒ.കളുടെ രൂപവത്കരണം വഴി സാധിക്കുന്നു. ഈ ദൗത്യം കേരളത്തില്‍ വിജയകരമായി നടപ്പാക്കുന്നതിനു കേരള സര്‍ക്കാര്‍ കേരള ബാങ്കിനെ ഏല്‍പ്പിച്ചതു സംസ്ഥാനവികസനത്തില്‍ കേരള ബാങ്കിന്റെ വര്‍ധിതമായ പ്രസക്തിയെയാണു വിളിച്ചോതുന്നത്. സംസ്ഥാനത്തെ തൊഴില്‍വികസനത്തില്‍ ഇതു സുപ്രധാന വഴിത്തിരിവാകും.’ ഒരു എഫ്.പി.ഒ. മുഖാന്തരം നേരിട്ടും പരോക്ഷമായും ചുരുങ്ങിയത് അഞ്ഞൂറിലറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നാണു കണക്കാക്കിയിട്ടുള്ളതെന്നു ഗോപി കോട്ടമുറിക്കല്‍ പറയുന്നു.
നിലവില്‍ കേരള ബാങ്കിന്റെ കാര്‍ഷിക മേഖലയിലെ ഇടപെടല്‍ കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളിലൂടെയായിരുന്നു. ഇനി നേരിട്ട് കര്‍ഷക ഉല്‍പ്പാദകക്കമ്പനികള്‍ കൂടി കേരള ബാങ്കിന്റെ വായ്പാവിതരണത്തിന്റെ ഭാഗമാകും. പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളെ മള്‍ട്ടി സര്‍വീസ് സെന്ററുകളാക്കി മാറ്റി കാര്‍ഷികാനുബന്ധ മേഖലകളില്‍ ഇടപെടണമെന്നാണു നബാര്‍ഡ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനായി സംഘങ്ങള്‍ക്കു കീഴില്‍ സ്വാശ്രയ ഗ്രൂപ്പുകളും സംരംഭക ഗ്രൂപ്പുകളും തുടങ്ങണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നുണ്ട്. ഇതിനായി ഒട്ടേറെ ധനസഹായ പദ്ധതികളും നബാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം സാധ്യതകള്‍ക്കു പകരം കര്‍ഷക ഉല്‍പ്പാദകക്കമ്പനികള്‍ രൂപവത്കരിച്ച് പ്രാദേശികതലത്തില്‍ പുതിയൊരു കര്‍ഷകക്കൂട്ടായ്മാ ശൃംഖല സൃഷ്ടിക്കലാണു കേരള ബാങ്കിന്റെ പദ്ധതിയിലൂടെ സംഭവിക്കാന്‍ പോകുന്നത്. ഇതു സഹകരണ സംഘങ്ങള്‍ക്ക് ഒരു സമാന്തരസംവിധാനം കേരള ബാങ്ക് വഴി ഒരുക്കുന്നതിനു തുല്യമാണെന്നാണു സഹകാരികളുടെ വിമര്‍ശനം
സഹകരണ ഓഡിറ്റിനു
അഞ്ചു കോടി
സഹകരണ ഓഡിറ്റ് സംവിധാനത്തില്‍ സമഗ്രമാറ്റമുണ്ടാകുമെന്ന സൂചന സമീപകാലത്തായി ഉണ്ടായിട്ടുണ്ട്. ടീം ഓഡിറ്റ് വന്നതും കേന്ദ്ര ഓഡിറ്റ് സര്‍വീസിലെ ഉദ്യോഗസ്ഥയെ സഹകരണ ഓഡിറ്റ് ഡയറക്ടറായി നിയോഗിച്ചതുമെല്ലാം ഇതിന്റെ സൂചനയായിരുന്നു. നിലവിലെ ഓഡിറ്റ് സംവിധാനം മാറ്റേണ്ടതുണ്ടെന്നും അതിനു തുടക്കമിടുകയാണെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. കേരളത്തിലെ സഹകരണ ഓഡിറ്റ് വിഭാഗത്തിന്റെ പുനരാവിഷ്‌കരണവും നവീകരണവും നടത്തുന്നതിനായി പ്രത്യേക പദ്ധതി രൂപപ്പെടുത്തുമെന്നാണു ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. അതിലേക്കായി അഞ്ചു കോടി രൂപയുടെ അധിക വകയിരുത്തലും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളുടെ വിവിധ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി 15.75 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതു മുന്‍വര്‍ഷം അനുവദിച്ച അതേ നിരക്കിലുള്ളതാണ്. സഹകരണാശുപത്രികള്‍ക്കുള്ള ധനസഹായം, ആശുപത്രി സഹകരണ സംഘങ്ങളുടെ അപക്‌സ് ഫെഡറേഷനുള്ള സഹായം, യുവജന സഹകരണസംഘങ്ങള്‍ക്കുള്ള സഹായം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പുനരുജ്ജീവനത്തിനുള്ള സഹായം എന്നിങ്ങനെ വിവിധ പരിപാടികള്‍ക്കുള്ള വകയിരുത്തല്‍ 8.5 കോടി രൂപയില്‍നിന്നു 18.4 കോടിയായി ഉയര്‍ത്തി. വനിതാ സഹകരണസംഘങ്ങള്‍ക്കും വനിതാഫെഡിനും സഹായം അനുവദിക്കുന്നതിനായി 2.5 കോടി രൂപ നീക്കിവെച്ചു. സഹകരണ അംഗസമാശ്വാസ നിധിയിലേക്കുള്ള സര്‍ക്കാര്‍വിഹിതമായി 4.2 കോടി രൂപ അനുവദിച്ചു. പട്ടികജാതി-പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ക്കു സര്‍ക്കാര്‍അംഗീകൃത കോഴ്‌സുകള്‍ തുടങ്ങുന്നതിനും ഉല്‍പ്പാദന യൂണിറ്റുകള്‍ ഏറ്റെടുക്കുന്നതിനുമായി എട്ടു കോടി രൂപയാണു നീക്കിവെച്ചിട്ടുള്ളത്. പട്ടികജാതി-പട്ടിക വര്‍ഗ സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പുനര്‍ജനി പദ്ധതിക്കായി 3.6 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
പശ്ചാത്തലവികസനവുമായി ബന്ധപ്പെട്ട വിപണനം, കാര്‍ഷിക സംസ്‌കരണം, ആരോഗ്യമേഖലയിലെ സഹകരണസംരംഭങ്ങള്‍ മുതലായവയ്ക്കു നബാര്‍ഡ്- ആര്‍.ഐ.ഡി.എഫ്. സഹായമായി 15 കോടി രൂപയാണു ബജറ്റിലുള്ളത്. പ്രാഥമിക വായ്പാസംഘങ്ങള്‍, പ്രാഥമിക സഹകരണസംഘങ്ങള്‍, മൊത്ത വ്യാപാരസ്റ്റോറുകള്‍, ഫെഡറേഷനുകള്‍ എന്നിവയ്ക്കുള്ള ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിക്കായി 28.1 കോടി രൂപ മാറ്റിവെച്ചു.
മറ്റു വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ച തുക ഇപ്രകാരമാണ് : ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ കൃഷിരീതികള്‍ക്കൊപ്പം ജൈവക്കൃഷി രീതികളിലൂടെ ഭക്ഷ്യയോഗ്യവും സുരക്ഷിതവുമായ ഭക്ഷ്യോല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ആറ് കോടി രൂപ അനുവദിച്ചു. തദ്ദേശീയവും വിദേശീയവുമായ പഴവര്‍ഗങ്ങളുടെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഫലവര്‍ഗക്കൃഷി വിപുലീകരിക്കുന്നതിനായി 18.92 കോടി രൂപ വകയിരുത്തി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനം, സംഭരണം, വെയര്‍ഹൗസിങ് എന്നിവയ്ക്കായി 74.5 കോടി രൂപ അനുവദിച്ചു. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിനു കീഴില്‍ പുതുതായി ഒരു ഡെയറിപാര്‍ക്ക് 20 കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നു. ആദ്യപടിയായി രണ്ടു കോടി രൂപ ഇതിനു വകയിരുത്തി. ഡോര്‍ സ്റ്റെപ്പ് വെറ്ററിനറി സേവനങ്ങള്‍ നല്‍കുന്ന പദ്ധതിക്കു 20 കോടി രൂപയും ക്ഷീരഗ്രാമം പദ്ധതി വ്യാപിപ്പിക്കാനായി 2.4 കോടി രൂപയും വകയിരുത്തി. വാണിജ്യ ക്ഷീരവികസന പ്രവര്‍ത്തനങ്ങളും മില്‍ക് ഷെഡ് വികസന പ്രവര്‍ത്തനങ്ങളും എന്ന പദ്ധതിക്കു 42.33 കോടി രൂപയും സംസ്ഥാനത്തു കാലത്തീറ്റ ഫാമും മോഡല്‍ ഡെയറി യൂണിറ്റും സ്ഥാപിക്കല്‍ എന്ന പുതിയ പദ്ധതിക്കായി 11 കോടി രൂപയും അനുവദിച്ചു.