സഹകരണത്തില്‍ നയം വ്യക്തമാക്കുന്നു
കേരളത്തിന് ആദ്യമായി ഒരു സഹകരണ നയം തയ്യാറാക്കുകയാണ്. സഹകരണ സംഘം രൂപവത്കരണം മൗലികാവകാശമാക്കിയിട്ടും എന്താണ് ഈ മേഖലയിലെ നയമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കിയിട്ടില്ല. ഇത് ഒരു പോരായ്മയായി വിലയിരുത്താം. എന്നാല്‍, ആ കുറവ് കേരളം പരിഹരിക്കുകയാണ്. സഹകരണ നയരൂപവത്കരണത്തിന് വേദിയാകുന്നുവെന്നത് കണ്ണൂരില്‍ നടക്കാന്‍ പോകുന്ന എട്ടാം സഹകരണ കോണ്‍ഗ്രസിന്‍റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. കയറിലും കൈത്തറിയിലും സര്‍ക്കാര്‍ നയം കരടായി പുറത്തിറങ്ങിയിട്ടുണ്ട്. വ്യവസായ-വാണിജ്യ നയത്തിലാണ് ഈ മേഖലകളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. കയര്‍, കൈത്തറി, കരകൗശല മേഖലകളില്‍ സഹകരണ സംഘങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. അതിനാല്‍, സഹകരണ കോണ്‍ഗ്രസിന്‍റെ ചര്‍ച്ചകളില്‍ വ്യവസായ-വാണിജ്യ നയത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിക്കേണ്ടിവരും.
സഹകരണ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയും പ്രാധാന്യവും ലോകമെങ്ങും പഠനവിഷയമാണ്. ഗുജറാത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് താങ്ങായി മാറിയ അമൂലും ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങളുടെ അതീജവനത്തില്‍ ലോകത്തിനുതന്നെ മാതൃകയായ കേരളത്തിലെ ഊരാളുങ്കലും സഹകരണ പാഠ്യവിഷയമായിട്ട് നാളേറെയായി. ഇന്ത്യയില്‍ സഹകരണ മേഖലയാകെ മാറ്റത്തിന്‍റെ പാതയിലാണ്. സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കുകയെന്നത് മൗലികാവകാശമാക്കി ഭരണഘടനാ ഭേദഗതിയുണ്ടായി. സഹകരണം സംസ്ഥാന വിഷയമാണ്. എങ്കിലും, സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്ക് പരിധിയുണ്ട്. അതായത്, ഒരു സ്വയംഭരണ സ്ഥാപനം എന്നനിലയില്‍ സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകുമെന്നതിനുള്ള ഊന്നലാണ് 97-ാം ഭരണഘടനാഭേദഗതി നല്‍കുന്നത്. ജനാധിപത്യ കേന്ദ്രീകൃതമായ പ്രവര്‍ത്തനവും ഒരു ജനകീയ കൂട്ടായ്മയുടെ നേട്ടത്തിനുവേണ്ടിയുള്ള ലക്ഷ്യവുമാണ് സഹകരണ സംഘങ്ങള്‍ക്ക് മൗലികാവകാശ പദവി ലഭിക്കാന്‍ ഇടയാക്കിയിട്ടുള്ളത്.
ഓരോ വിഷയത്തിലും സര്‍ക്കാരുകളുടെ സമീപനമാണ് നയമായി രൂപപ്പെടുത്താറുള്ളത്. കേരളത്തില്‍ ഒട്ടേറെവിഷയങ്ങളില്‍ നയരൂപവത്കരണം നടന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവില്‍സര്‍ക്കാര്‍ അംഗീകരിച്ചത് ടൂറിസം നയമാണ്. ഭൂനയവും വ്യവസായ നയവുമെല്ലാം സര്‍ക്കാരിന്‍റെ വികസനകാഴ്ചപ്പാട് എങ്ങനെയാണെന്നതിന്‍റെ അളവുകോലായി കേരളത്തില്‍ മാറിയിട്ടുണ്ട്. സഹകരണ പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുള്ള മണ്ണാണ് കേരളം. അതിന് രാഷ്ട്രീയ അടിത്തറകൂടിയുണ്ട്.അതിനാല്‍, സഹകരണ നയത്തിനുള്ള പ്രാധാന്യം ഏറെയാണ്.കരട് നയത്തിന് രൂപം നല്‍കി ക്കഴിഞ്ഞു. സഹകരണ കോണ്‍ഗ്രസ് ഈ കരട് രേഖ ഗൗരവത്തോടെയുള്ള ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അതില്‍നിന്നുയരുന്ന നിര്‍ദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും സഹകരണ നയത്തിന് സര്‍ക്കാര്‍ അന്തിമരൂപം നല്‍കുക.
എന്തുകൊണ്ട് സഹകരണനയം
ഇന്ത്യയില്‍ ഒരു സഹകരണ നയം അനിവാര്യമാണെന്ന് ആദ്യം നിര്‍ദ്ദേശിച്ചത് ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് (ഐ.സി.എ.) ആണ്. ഇന്ത്യയിലും ഇന്തോനേഷ്യയിലും സഹകരണ മേഖലയില്‍ നിയമവും നിലപാടും രണ്ടുവഴിക്ക് പോകുന്ന സ്ഥിതിയാണെന്ന് 2002-ല്‍ ഐ.സി.എ. ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് സഹകരണ നയം രൂപവത്കരിക്കണമെന്നു നിര്‍ദ്ദേശിക്കാന്‍ കാരണം. 1958-ല്‍ നാഷണല്‍ ഡവലപ്മെന്‍റ് കൗണ്‍സില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് വളരാന്‍ കഴിയണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളുടെ പ്രാധാന്യം, സ്വഭാവം, വികസന സമീപനം എന്നിവയെല്ലാം എങ്ങനെയാകണമെന്ന് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ, ഇതൊന്നും കൃത്യമായ ഒരു നയമായി രൂപപ്പെടുത്താന്‍ കഴിഞ്ഞില്ല.
1977-ലാണ് ആദ്യമായി ഇന്ത്യയില്‍ ഒരു സഹകരണ നയം തയ്യാറാക്കാനുള്ള ശ്രമം നടന്നത്. ആ വര്‍ഷം ഡല്‍ഹിയില്‍ നടന്ന സംസ്ഥാന സഹകരണ മന്ത്രിമാരുടെ ദേശീയ കൂട്ടായ്മയില്‍ സഹകരണ നയം രൂപവത്കരിക്കാനുള്ള ചര്‍ച്ച നടന്നു. ‘സഹകരണ മേഖല ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക്’ എന്ന തത്വത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. ഇതില്‍ 42 നിര്‍ദ്ദേശങ്ങളാണ് രൂപപ്പെടുത്തിയത്. എന്നാല്‍, ഇതിലൊന്നുപോലും പിന്നീട് പരിഗണനാ വിഷയമാവുകയോ നയത്തിന് അന്തിമ രൂപമാവുകയോ ഉണ്ടായില്ല. 2002-ലാണ് ഒരു കരട് സഹകരണ നയത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്.ഐ.സി.എ. നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പക്ഷേ, ഈ നയരൂപവത്കരണ ശ്രമത്തില്‍ പ്രകടമായിരുന്നത് നവ ഉദാരീകരണ കാലത്ത് സഹകരണ സംഘങ്ങള്‍ എങ്ങനെയാകണമെന്ന നിലപാടായിരുന്നു. ഉദാരീകരണ നയങ്ങള്‍ക്ക് ആക്കം പകരാന്‍ പാകത്തില്‍ സഹകരണ സംഘങ്ങളും മാറണമെന്ന സമീപനം 2002-ലെ കരട് സഹകരണ നയത്തില്‍ പ്രകടമായിരുന്നു. പക്ഷേ, ഇതും കരടില്‍ ഒതുങ്ങി. ദേശീയ സഹകരണ നയത്തിന് അന്തിമരൂപമുണ്ടായില്ല. സഹകരണം ഒരു സംസ്ഥാന വിഷയമായതിനാല്‍ ഇതില്‍ ഒരു കേന്ദ്രനയം എത്രത്തോളം പ്രായോഗികമാകുമെന്ന ചര്‍ച്ചയും 2002-ലെ കരട് നയത്തിന് ഭാവിയില്ലാതെ പോകാന്‍ കാരണമായി.
നയരൂപവത്കരണത്തിലെ പ്രതിസന്ധി
സഹകരണ മേഖലയെ സര്‍ക്കാര്‍ എങ്ങനെ കാണുന്നുവെന്നതാണ് ഒരു നയം രൂപവത്കരിക്കുമ്പോള്‍ പ്രധാനമായും ഉയരുന്ന ചോദ്യം. അതിന് ഉത്തരമായാല്‍ നയരൂപവത്കരണം എളുപ്പമാകും. 97-ാം ഭരണഘടനാ ഭേദഗതിയില്‍ രണ്ടു കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒന്ന്, ജനാധിപത്യ കേന്ദ്രീകൃതമായതും സ്വയംഭരണാധികാരമുള്ളതുമാണ് സഹകരണ സ്ഥാപനങ്ങള്‍. രണ്ട്, സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കുകയെന്നത് മൗലികാവകാശമാണ്. ഈ രണ്ടു കാര്യങ്ങളും പൂര്‍ണമായും നടപ്പാക്കുമ്പോള്‍ സഹകരണ സംഘങ്ങളില്‍സര്‍ക്കാര്‍ ഇടപെടലിനുള്ള സാധ്യത പരിമിതപ്പെടും. അതായത്, സ്വയംഭരണ സ്ഥാപനങ്ങളെന്ന നിലയില്‍ പൂര്‍ണമായി സഹകരണ സ്ഥാപനങ്ങളെ കേരളം പോലും അംഗീകരിച്ചിട്ടില്ല. പരിശോധനയും ഭരണസമിതി പിരിച്ചുവിടലുമൊക്കെ സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ചെയ്യുന്നത്.
നിയമത്തിലെ വൈരുദ്ധ്യങ്ങളാണ് മറ്റൊരു പ്രശ്നം. സഹകരണസംഘം രജിസ്റ്റര്‍ ചെയ്യാനുള്ളത് മൗലികാവകാശമാക്കി മാറ്റുമ്പോള്‍, ആര്‍ക്കും ഏതു തരം സംഘത്തിലും അംഗമാകാനുള്ള അധികാരമുണ്ടാകണം. എന്നാല്‍, സംസ്ഥാന നിയമത്തില്‍ ഒരേ സ്വഭാവമുള്ള ഒന്നിലേറെ സംഘങ്ങളില്‍ ഒരാള്‍ അംഗമായിരിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. മാത്രവുമല്ല, ഒരു സംഘം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിന്‍റെ പ്രവര്‍ത്തന പരിധി, പ്രവര്‍ത്തന സാധ്യത എന്നിവ പരിശോധിച്ച് രജിസ്ട്രാര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് വ്യവസ്ഥ.
ഈ വൈരുദ്ധ്യങ്ങള്‍ക്കും രാഷ്ട്രീയ-ഭരണ സമ്മര്‍ദ്ദങ്ങള്‍ക്കുമിടയില്‍നിന്നാണ് സംസ്ഥാനത്ത് ആദ്യമായി സഹകരണ നയത്തിന് രൂപം നല്‍കുന്നത്. കേരളബാങ്കിന്‍റെ വരവ്, വായ്പാമേഖലയുടെ ദ്വിതല ഘടനയിലേക്കുള്ള മാറ്റം എന്നിവയുടെ കൂടി പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യം ഈ നയരൂപവത്കരണത്തിനുണ്ട്. മാത്രവുമല്ല, കരടിലെ നിര്‍ദ്ദേശങ്ങള്‍ ഒരേപോലെ ചര്‍ച്ചാവിഷയവും തര്‍ക്കവിഷയവുമാണ്.
കാഴ്ചപ്പാടും ദൗത്യവും
കരട് സഹകരണ നയത്തില്‍ ഉദാരീകരണത്തെ പ്രതിരോധിക്കാനുള്ള ബദലായി സഹകരണ മേഖലയെ വളര്‍ത്തുകയെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണക്കാരനെ സഹായിക്കുന്ന ഏജന്‍സിയായി സഹകരണ സംഘങ്ങളെ മാറ്റുകയാണ് ലക്ഷ്യം. ചലനാത്മകവും സ്ഥായിയായതുമായ സഹകരണ സ്ഥാപനങ്ങളെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാടായി കരട് നയത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
സാമൂഹിക -സാമ്പത്തിക വികസനത്തിന് സര്‍ക്കാരിന് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായി സഹകരണ സ്ഥാപനങ്ങളെ മാറ്റും. ഇതിന് സാധ്യമാകുന്ന വിധത്തില്‍ സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കുക, അവയ്ക്ക് ആവശ്യമായ രജിസ്ട്രേഷന്‍ നല്‍കുക, അവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം ഒരുക്കുക എന്നിവയാണ് സര്‍ക്കാരിന്‍റെ ദൗത്യമായി കരട് നയത്തില്‍ പറയുന്നത്.
പദ്ധതിയിലെ പങ്കാളിത്തം
പദ്ധതി നടത്തിപ്പില്‍ സഹകരണ സംഘങ്ങള്‍ക്കുള്ള പങ്കാളിത്തത്തെക്കുറിച്ചാണ് കരട് നയത്തില്‍ഒരു പ്രധാന ഊന്നല്‍ നല്‍കിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പില്‍ സഹകരണ സംഘങ്ങളെ എത്രത്തോളം പങ്കാളിയാക്കാന്‍ പറ്റുമെന്നതാണ് കരട് നയരേഖ മുന്നോട്ടുവെക്കുന്ന ചോദ്യം. നേരത്തെ ജനകീയാസൂത്രണ പദ്ധതി നടത്ത ിപ്പില്‍പോലും സഹകരണ മേഖലയ്ക്ക് കാര്യമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ‘പ്രാദേശിക സമ്പത്ത് പ്രാദേശിക വികസനം’ എന്നതാണ് ഇതില്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. പ്രാദേശികമായി സ്വരുക്കൂട്ടുന്ന മൂലധനമാണ് അതത് പ്രദേശത്തിന്‍റെ സഹകരണ ബാങ്കുകളിലേത്. ഇതിനെ പ്രാദേശിക വികസന പദ്ധതികള്‍ക്കായി എങ്ങനെ ഉപയോഗിക്കാനാകുമെന്ന കാഴ്ചപ്പാടാണ് കരട് നയരേഖ മുന്നോട്ടുവെക്കുന്നത്.
ഒരു ഗ്രാമവികസനത്തിന് വേണ്ടത് ഒരു പഞ്ചായത്ത്, സ്കൂള്‍, സഹകരണ ബാങ്ക് എന്നതായിരുന്നു നെഹ്റുവിന്‍റെ കാഴ്ചപ്പാട്. ഇത് ആധുനിക രീതിക്ക് അനുയോജ്യമായ രീതിയില്‍ എങ്ങനെ പ്രയോഗത്തിലാക്കാനാകുമെന്നതാണ് കരട് നയം മുന്നോട്ടുവെക്കുന്നത്.
സഹകരണ മേഖലയിലെ സമീപനം
വായ്പാസംഘങ്ങള്‍, മറ്റ് സംഘങ്ങള്‍ തുടങ്ങി വിവിധ സഹകരണ മേഖലകളിലുണ്ടാകേണ്ട സമീപനത്തെക്കുറിച്ച് കരട് നയം വിശദീകരിക്കുന്നുണ്ട്. ഏറ്റവും പ്രധാനവും ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെക്കുന്നതുമായ ഒരു ഭാഗമാണിത്. ഒരു പഞ്ചായത്തിന്‍റെ പ്രവര്‍ത്തന പരിധിയില്‍ ഒന്നിലേറെ വായ്പാ സംഘങ്ങള്‍ ആവശ്യമുണ്ടോയെന്നതാണ് ഇതിലുന്നയിക്കുന്ന വിഷയം.
പഞ്ചായത്തിന്‍റെ ബാങ്ക് എന്ന നിലയില്‍ പ്രാഥമിക സഹകരണ ബാങ്കുകളുണ്ടാകുമ്പോള്‍, മറ്റുപേരിലും ഹ്രസ്വം, ദീര്‍ഘം എന്നിങ്ങനെയുള്ള വായ്പ കാലാവധിയനുസരിച്ചും പലതരം സംഘങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടോയെന്നതാണ് ഇവിടെ ഉന്നയിക്കുന്നത്. കേരളത്തില്‍ ഏറെ തര്‍ക്കമുണ്ടാക്കുന്ന വിഷയം കൂടിയാണിത്. കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ പല സംഘങ്ങള്‍ നടത്തുന്നുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളും ഇത്തരം സ്റ്റോറുകള്‍ നടത്തുന്നുണ്ട്. പ്രാദേശിക വികസനത്തിന്‍റെ ഏജന്‍സിയായി പ്രാഥമിക സഹകരണ ബാങ്കുകള്‍ മാറുമ്പോള്‍, ബാങ്കിങ് ഇതര സേവന പ്രവര്‍ത്തനങ്ങള്‍കൂടി ഈ ബാങ്കുകള്‍ ഏറ്റെടുക്കേണ്ടതല്ലേയെന്നതാണ് രണ്ടാമതുന്നയിക്കുന്ന വിഷയം.
സഹകരണ സംഘങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വമാണ് നയം മുന്നോട്ടുവെക്കുന്ന മറ്റൊരു നിര്‍ദ്ദേശം. ഒരു സംഘത്തിന്‍റെ ഉല്‍പന്നം മറ്റൊരുസംഘത്തിന് ഉപയോഗിക്കാനോ വിപണനം ചെയ്യാനോ പറ്റുമെങ്കില്‍ അത്തരമൊരു സഹവര്‍ത്തിത്വം ഉറപ്പാക്കണമെന്നാണ് കരട് നയത്തിലെ നിര്‍ദ്ദേശം.
നിയമഘടനയിലെ മാറ്റം
ഭരണഘടനാ ഭേദഗതിക്ക് ശേഷം സംസ്ഥാന സഹകരണ നിയമങ്ങള്‍ ഭേദഗതി ചെയ്തെങ്കിലും അത് കാര്യമായ പഠനത്തിനോ പരിശോധനയ്ക്കോ ശേഷമായിരുന്നില്ല. കേന്ദ്ര നിയമത്തിന് അനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്തത്. എന്നാല്‍, പല പൊരുത്തക്കേടുകളും ഇപ്പോഴും സഹകരണ നിയമത്തിലുണ്ട്. സഹകരണ നയത്തിലൂടെ ലക്ഷ്യമിടുന്ന പലതും പ്രായോഗികമാക്കണമെങ്കില്‍ നിയമത്തില്‍ കാര്യമായ ഭേദഗതി അനിവാര്യമാണ്. ഇത് ഏതൊക്കെ രീതിയിലാവണമെന്ന് കരട് നയത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
സംഘങ്ങളിലെ അംഗങ്ങള്‍ ‘ആക്ടീവ് അംഗങ്ങള്‍’ ആകേണ്ട അനിവാര്യത നയം ചൂണ്ടിക്കാട്ടുന്നു. ‘ആക്ടീവ് അംഗങ്ങള്‍’ ആരെന്ന് നിയമപരമായി ത്തന്നെ നിര്‍ണയിക്കേണ്ടതുണ്ട്. നേരത്തെ ഇത്തരമൊരു വ്യവസ്ഥ സഹകരണ നിയമത്തിലുണ്ടായിരുന്നു. പൊതുയോഗത്തിലെ പങ്കാളിത്തം, സംഘത്തിന്‍റെ സേവനം ഉപയോഗിക്കല്‍ എന്നിവയൊക്കെയാണ് ‘ആക്ടീവ് മെമ്പറുടെ’ നിര്‍ണയത്തിന് അടിസ്ഥാനമാക്കിയത്. ഇവര്‍ക്ക് മാത്രമായി വോട്ടവകാശം പരിമിതപ്പെടുത്തി. ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയിലാണ് ഈ ‘ആക്ടീവ് മെമ്പര്‍’ വോട്ടവകാശ രീതി മാറ്റിയത്. ഇപ്പോള്‍ നയത്തില്‍ ചൂണ്ടിക്കാട്ടുന്ന ആക്ടീവ് മെമ്പര്‍ വോട്ടവകാശത്തിനള്ള മാനദണ്ഡമല്ല. പകരം, സംഘങ്ങളുടെ പുരോഗതിക്ക് ഇടപെടാന്‍ കഴിയുന്ന ‘സഹകാരി’ എന്ന നിലയിലാണ്.
കേരളത്തിലെ സഹകരണ സംഘങ്ങളിലാകെ അഞ്ചരക്കോടി അംഗങ്ങളുണ്ടെന്നാണ് ഏകദേശ കണക്ക്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ രണ്ടരക്കോടിയോളം പേരാണ് 18 വയസ്സിന് മുകളിലുള്ളത്. അതായത് ജനസംഖ്യയെക്കാള്‍ അംഗങ്ങള്‍ സഹകരണ സംഘങ്ങളില്‍ അംഗങ്ങളാണെന്നര്‍ത്ഥം. ഒരാള്‍ പല സംഘങ്ങളിലും അംഗങ്ങളാകും. ഒരു സംഘത്തിലും ആക്ടീവ് അല്ലാതിരിക്കുകയും ചെയ്യും.ഇതിനെ എങ്ങനെ മാറ്റിയെടുക്കാനാകുമെന്ന സംശയം നയം ഉന്നയിക്കുന്നുണ്ട്. പല വകുപ്പുകളുടെ കീഴിലായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളെ ഒരു വകുപ്പിന് കീഴിലാക്കേണ്ടതിന്‍റെ ആവശ്യകതയും നയം മുന്നോട്ടുവെക്കുന്നുണ്ട്. സഹകരണ കോണ്‍ഗ്രസില്‍സജീവ ചര്‍ച്ച അനിവാര്യമാക്കുന്നതാണ് കരട് സഹകരണ നയത്തിലെ ഓരോ നിര്‍ദ്ദേശവും