‘സഹകരണം’ പുറത്ത്,ഒപ്പംകേര കര്‍ഷകരും

moonamvazhi

അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലാണു കൊപ്രയും
പച്ചത്തേങ്ങയും. 2017 നു ശേഷം ഇത്രയും വിലത്തകര്‍ച്ച ആദ്യമാണ്.
അതേസമയം, കൃഷിച്ചെലവ് അഞ്ചു വര്‍ഷംകൊണ്ട് 15 ശതമാനത്തോളം
കൂടി. ഒരു ഘട്ടത്തില്‍ ഒരു ക്വിന്റല്‍ കൊപ്രയ്ക്കു 14,000 രൂപ വരെ
കിട്ടിയിരുന്നു. അതിപ്പോള്‍ 8600 രൂപയില്‍ എത്തിനില്‍ക്കുന്നു.
കൊപ്രസംഭരണത്തില്‍ നിന്നു കേരഫെഡ് പുറത്തായതാണു
പ്രതിസന്ധിക്കു കാരണം.

 

കൊപ്രയും പച്ചത്തേങ്ങയും സംഭരിക്കുന്നതിനു ദേശീയതലത്തില്‍തന്നെ ഒരു സഹകരണ ഘടനയുണ്ട്. നാഫെഡ് ആണ് ഇതിന്റെ ദേശീയ ഏജന്‍സി. സംസ്ഥാനത്തു കേരഫെഡും മാര്‍ക്കറ്റ്‌ഫെഡും. പ്രാദേശികതലത്തില്‍ സഹകരണ സംഘങ്ങള്‍. ഇതാണു സംഭരണത്തിനു പരമ്പരാഗതമായി ഉണ്ടായിരുന്ന ശൃംഖല. തേങ്ങയ്ക്കു വിപണിയില്‍ വില കുത്തനെ കുറയുമ്പോള്‍ കേരകര്‍ഷകര്‍ക്കു താങ്ങായി നില്‍ക്കുന്നതു സര്‍ക്കാരിന്റെ സംഭരണമാണ്. കഴിഞ്ഞ കുറച്ചുകാലമായി നാളികേര സംഭരണം അത്യാവശ്യമായിരുന്നില്ല. പൊതുവിപണിയില്‍ തേങ്ങയ്ക്കു മെച്ചപ്പെട്ട വില ലഭിച്ചിരുന്നുവെന്നതാണ് അതിനു കാരണം. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷമായി സ്ഥിതിയാകെ മാറി. തേങ്ങ വിറ്റാല്‍ ഉല്‍പ്പാദനച്ചെലവുപോലും കിട്ടാത്ത അവസ്ഥയിലായി കര്‍ഷകര്‍. ഇതിനു പരിഹാരമാകേണ്ട സംഭരണ സംവിധാനം പാടെ ഇല്ലാതായി. പച്ചത്തേങ്ങയും കൊപ്രയും സംഭരിക്കുന്നതില്‍നിന്നു സഹകരണ സംഘങ്ങള്‍ പുറത്തായതാണ് ഈ പ്രശ്‌നത്തിനു കാരണം. രണ്ടു വകുപ്പുകള്‍ക്കിടയില്‍ വീര്‍പ്പുമുട്ടി ഒരു കര്‍ഷകസഹായപദ്ധതി തകര്‍ന്നില്ലാതാകുന്നതാണു കൊപ്രയുടെയും പച്ചത്തേങ്ങയുടെയും സംഭരണത്തില്‍ ഇപ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ കാണുന്നത്.

കൃഷിവകുപ്പിനാണു നാളികേര സംഭരണത്തിന്റെ ചുമതല. സംസ്ഥാന നോഡല്‍ ഏജന്‍സിയായ കേരഫെഡ് കൃഷിവകുപ്പിനു കീഴിലുമാണ്. എന്നാല്‍, കേരഫെഡിനു പ്രാദേശികതലത്തില്‍ സംഭരണത്തിനു സംവിധാനമില്ല. മറ്റൊരു നോഡല്‍ ഏജന്‍സി മാര്‍ക്കറ്റ്‌ഫെഡാണ്. ഇതു സഹകരണ വകുപ്പിനു കീഴിലാണ്. മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ പ്രാദേശികമായുണ്ട് എന്നതാണു സംഭരണത്തിനു മാര്‍ക്കറ്റ്‌ഫെഡിനുള്ള മെച്ചം. മാത്രവുമല്ല, പ്രാഥമിക സഹകരണ ബാങ്കുകള്‍പോലും കൊപ്രസംഭരണത്തിനു സൗകര്യമൊരുക്കാറുണ്ട്. ഈ രീതിയില്‍ ഒരു കൂട്ടുസംവിധാനം ഉണ്ടായാല്‍ നാളികേര സംഭരണം ഒരു പ്രശ്‌നമായി കേരളത്തില്‍ മാറാനിടയില്ല. മാത്രവുമല്ല, സംഭരിക്കുന്ന കൊപ്ര മുഴുവന്‍ നാഫെഡ് ഏറ്റെടുക്കും. അതിനുള്ള സംഭരണവില കേന്ദ്ര സര്‍ക്കാരില്‍നിന്നു നാഫെഡ്‌വഴി ലഭ്യമാക്കുകയും ചെയ്യും. എന്നാല്‍, തേങ്ങയ്ക്കും കൊപ്രയ്ക്കും വില കുത്തനെ കുറഞ്ഞിട്ടും, ഇത്രയേറെ സഹകരണ സംവിധാനം സംസ്ഥാനത്തു നിലവിലുണ്ടായിട്ടും, സംഭരണം നടത്താനായില്ലെന്നതു ഗുരുതരമായ കെടുകാര്യസ്ഥതയുടെ അടയാളമാണ്.

അഞ്ചു വര്‍ഷത്തെ വലിയ തകര്‍ച്ച

അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലാണു കൊപ്രയും പച്ചത്തേങ്ങയും. 2017നു ശേഷം ഇത്രയും വിലത്തകര്‍ച്ച ആദ്യമാണ്. ഒരു പച്ചത്തേങ്ങയ്ക്കു നിലവില്‍ കിട്ടുന്നതു ശരാശരി 8.60 രൂപയാണ്. നല്ല തേങ്ങയാണെങ്കില്‍ 10.40 രൂപ. 2017 ജനുവരിയില്‍ ശരാശരി 9.30 രൂപ കിട്ടിയിരുന്നു. പിന്നീടിതു 20 രൂപവരെയായി. അഞ്ചു വര്‍ഷംകൊണ്ട് കൃഷിച്ചെലവ് 15 ശതമാനത്തോളം കൂടുകയും ചെയ്തു. 2017 ജനുവരിയില്‍ കൊപ്രയ്ക്ക് ക്വിന്റലിനു 8100 രൂപയായിരുന്നു. ആ വര്‍ഷം ശരാശരി 9835 രൂപ കിട്ടി. 2018 ല്‍ 12,661 രൂപയും 2019 ല്‍ 10,402 രൂപയും 2020 ല്‍ 11,422 രൂപയും 2021 ല്‍ 12,000 രൂപയും ശരാശരി വില കിട്ടി. ഒരു ഘട്ടത്തില്‍ 14,000 രൂപ വരെ എത്തി. അതാണിപ്പോള്‍ 8600 രൂപയില്‍ നില്‍ക്കുന്നത്. സംസ്ഥാനത്തു ചിലയിടങ്ങളില്‍ 8000-8200 രൂപയാണു വില. ഈ സ്ഥിതിയായിട്ടും എന്തുകൊണ്ട് സംഭരണം നടന്നില്ലെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. പിടിപ്പുകേട്.

പച്ചത്തേങ്ങ, കൊപ്ര എന്നിവ താങ്ങുവിലയ്ക്കു സര്‍ക്കാര്‍ സംഭരിച്ചാല്‍ പൊതുവിപണിയിലും വില കൂടാറാണു പതിവ്. എന്നാല്‍, ഇത്തവണ സംഭരണം ആരംഭിച്ചശേഷമാണു വിലയിടിവുണ്ടായത്. സംഭരണത്തിലെ പിടിപ്പുകേടാണ് ഇതിനു വഴിയൊരുക്കിയത്. സംസ്ഥാന സര്‍ക്കാര്‍ കേരഫെഡ് വഴി പച്ചത്തേങ്ങസംഭരണം തുടങ്ങിയെങ്കിലും അതു വഴിപാടായി മാറി. കേരളത്തില്‍ ആകെ തുടങ്ങിയത് അഞ്ചു സംഭരണ കേന്ദ്രങ്ങളാണ്. മുമ്പ് വിലയിടിഞ്ഞപ്പോള്‍ നൂറുകണക്കിനു സഹകരണ ബാങ്കുകള്‍വഴി പച്ചത്തേങ്ങ സംഭരിച്ചാണു പ്രതിസന്ധി മറികടന്നിരുന്നത്. 50,000 മെട്രിക് ടണ്‍ കൊപ്ര ആറു മാസംകൊണ്ട് സംഭരിക്കാന്‍ കേന്ദ്രം അനുമതി നല്‍കി മൂന്നു മാസം കഴിഞ്ഞിട്ടും സംഭരണത്തിനു മതിയായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. പ്രധാന സംഭരണ ഏജന്‍സിയായ കേരഫെഡ് സംഭരണത്തില്‍ നിന്നു പിന്മാറിയിട്ട് ദിവസങ്ങളായി. വെളിച്ചെണ്ണയ്ക്കായി കൊപ്ര സംഭരിക്കുന്ന ഏജന്‍സികള്‍ താങ്ങുവിലയ്ക്കു കൊപ്ര സംഭരിക്കാന്‍ പാടില്ലെന്ന നാഫെഡ് നിബന്ധനയെത്തുടര്‍ന്നാണു കേരഫെഡ് പുറത്തായത്. പുതിയ ഏജന്‍സിയെ കണ്ടെത്താനോ നിലവിലുള്ള ഏജന്‍സിയായ മാര്‍ക്കറ്റ്‌ഫെഡിനു കീഴില്‍ കൂടുതല്‍ സംഘങ്ങളെ ഉള്‍പ്പെടുത്താനോ നടപടിയില്ല. സംഭരണത്തില്‍നിന്നു സഹകരണ സംഘങ്ങള്‍ പുറത്തായതാണ് ഈ പദ്ധതി പാളിപ്പോകാനും കര്‍ഷകര്‍ പ്രതിസന്ധിയിലാകാനുമുള്ള കാരണം. നാഫെഡിന്റെ കണക്കില്‍ നിലവില്‍ കേരളത്തില്‍ കൊപ്ര സംഭരിക്കാന്‍ രംഗത്തുള്ളതു മൂന്നോ നാലോ സംഘങ്ങള്‍ മാത്രമാണ്.

കേരഫെഡിന് കേന്ദ്രവിലക്ക്

കൊപ്രസംഭരണത്തില്‍ കേന്ദ്ര ഏജന്‍സിയായ നാഫെഡ് മുന്നോട്ടുവെച്ച ചില നിബന്ധനകളാണു കേരഫെഡിനെ കുഴക്കിയത്. സംഭരണ പ്രക്രിയയില്‍നിന്നുതന്നെ കേരഫെഡിനു പുറത്തുപോകേണ്ടിവന്നു. കൊപ്ര സംഭരിക്കുന്ന ഏജന്‍സി അതേ കാലയളവില്‍ വെളിച്ചെണ്ണ, നാളികേര വ്യാപാരത്തില്‍ ഇടപെടരുതെന്നാണു നാഫെഡിന്റെ പ്രധാന നിര്‍ദേശം. കേരളത്തില്‍ വെളിച്ചെണ്ണയുടെ ജനപ്രിയ ബ്രാന്‍ഡായ ‘കേര’ പുറത്തിറക്കുന്നതു കേരഫെഡാണ്. കേരയുടെ ഉല്‍പാദനത്തിനുമാത്രം ഒരു ദിവസം 100 മെട്രിക് ടണ്‍ കൊപ്ര വേണ്ടിവരുന്നുണ്ട്. കേരഫെഡ് സംഭരണത്തിനിറങ്ങുമ്പോള്‍ കേരയുടെ ഉല്‍പ്പാദനം നിര്‍ത്തേണ്ട സ്ഥിതിയാകും. ഇതോടെ, കേരഫെഡ് കൊപ്ര സംഭരണത്തില്‍ നിന്നു പിന്മാറി. കൊപ്രസംഭരണത്തിനായി കേരഫെഡില്‍ രജിസ്റ്റര്‍ ചെയ്ത സഹകരണ സംഘങ്ങളെ മാര്‍ക്കറ്റ്ഫെഡില്‍ രജിസ്റ്റര്‍ ചെയ്യിച്ച് സംഭരണം തുടരുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും അതൊന്നും നടപ്പായില്ല. പല ജില്ലകളിലും ഇപ്പോഴും സംഭരണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. അപ്രായോഗിക നിബന്ധനകള്‍ വച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ കൊപ്രസംഭരണം അട്ടിമറിക്കുകയാണ് എന്നൊരു ആരോപണമാണ് നാഫെഡിനെതിരെ ഉയര്‍ന്നത്. എന്നാല്‍, ഈ ആരോപണം കൊണ്ട് പ്രായോഗിക പരിഹാരമുണ്ടാവില്ല. അതിനാല്‍, സാങ്കേതികത്വത്തില്‍ കുരുങ്ങി സംഭരണം മുടങ്ങിയതോടെ പ്രതിസന്ധിയിലായതു സംസ്ഥാനത്തെ ലക്ഷക്കണക്കിനു നാളികേര കര്‍ഷകരാണ്. സംസ്ഥാനത്തിന്റെ നിരന്തര ആവശ്യത്തെത്തുടര്‍ന്നാണു കൊപ്ര സംഭരിക്കാന്‍ ഫെബ്രുവരിയില്‍ കേന്ദ്രം അനുമതി നല്‍കിയത്. പച്ചത്തേങ്ങ 32 രൂപയ്ക്കും കൊപ്ര 105.90 രൂപയ്ക്കും ഏറ്റെടുക്കാനാണു തീരുമാനിച്ചത്. തുടര്‍നടപടികള്‍ പുരോഗമിക്കുമ്പോഴാണു കേരഫെഡിനു പിന്മാറേണ്ടി വന്നത്.

തിരഞ്ഞെടുക്കപ്പെട്ട സഹകരണ സംഘങ്ങള്‍ വഴി കൃഷിവകുപ്പ് പച്ചത്തേങ്ങ സംഭരണം തുടങ്ങുമെന്നു കഴിഞ്ഞ മാര്‍ച്ചിലാണു പ്രഖ്യാപിച്ചത്. കൊപ്രയായി നല്‍കാന്‍ കഴിയാത്ത കര്‍ഷകരുടെ പച്ചത്തേങ്ങ സംഭരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതേത്തുടര്‍ന്നു സംസ്ഥാനത്തിന്റെ താലൂക്കുകളില്‍ സഹകരണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു. പച്ചത്തേങ്ങ 32 രൂപയ്ക്കും കൊപ്ര 105.90 രൂപയ്ക്കും ഏറ്റെടുക്കുമെന്നായിരുന്നു കൃഷിവകുപ്പിന്റെ ഉറപ്പ്. തേങ്ങ നല്‍കേണ്ട കര്‍ഷകര്‍ കൃഷിവകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പല കര്‍ഷകരും ഇതു ചെയ്തിട്ടില്ല. വില ഇത്രയേറെ കുറയുമെന്നു കരുതാതിരുന്നതും രജിസ്‌ട്രേഷന്‍ കുറയാന്‍ കാരണമായി. ഇതോടെ സംഭരണത്തിനു തയാറായ സഹകരണ സംഘങ്ങളെപ്പോലും അതില്‍ ഉള്‍പ്പെടുത്തിയില്ല. രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ എണ്ണം അടിസ്ഥാനമാക്കി സംഭരണകേന്ദ്രങ്ങള്‍ നിശ്ചയിച്ചപ്പോഴാണു സഹകരണ സംഘങ്ങള്‍ പുറത്തായത്. ജില്ലകളിലെ ഒറ്റപ്പെട്ട സംഭരണ കേന്ദ്രത്തില്‍ തേങ്ങയുമായി എത്താന്‍ കര്‍ഷകര്‍ക്കും കഴിഞ്ഞില്ല. ഇതോടെ, മതിയായ രേഖകള്‍ സംഘടിപ്പിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കും സംഭരണം തുണയായില്ല. സംസ്ഥാനത്ത് ഒട്ടേറെ സഹകരണ സംഘങ്ങള്‍ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം തേങ്ങ ഉണക്കി കൊപ്രയാക്കാനുള്ള സംവിധാനവുമുണ്ട്. ഒരു ജില്ലയിലെ ഒരു ഡ്രയര്‍ യൂണിറ്റെങ്കിലും ക്രമീകരിച്ച് പച്ചത്തേങ്ങ സംഭരിച്ചിരുന്നെങ്കില്‍ അവ കൊപ്രയാക്കി നാഫെഡിനു നല്‍കാനാകുമായിരുന്നു. പ്രാദേശിക തലത്തില്‍പോലും സംഭരണം സാധ്യമാകുമായിരുന്നു.

കേരഗ്രാമം മാത്രം പോരാ

നാളികേരത്തിന്റെ നാടായിട്ടും കേരളം മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് തേങ്ങ ഉല്‍പ്പാദനത്തില്‍ പിന്നാക്കം പോയതോടെയാണ് ഇക്കാര്യം ഗൗരവത്തോടെ നമ്മള്‍ പരിശോധിച്ചുതുടങ്ങിയത്. നാളികേര ഉല്‍പ്പാദനം കൂട്ടാനായി ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണു കേരഗ്രാമം. നാളികേര കര്‍ഷകരുടെ ക്ലസ്റ്റര്‍ രൂപവത്കരിച്ച് അവര്‍ക്കുവേണ്ട സഹായങ്ങള്‍ ഉറപ്പാക്കി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതാണു പദ്ധതിയുടെ ലക്ഷ്യമെന്നു പറയാം. ഇന്നു സംസ്ഥാനത്തു മിക്കവാറും പഞ്ചായത്തുകളില്‍ കേരഗ്രാമം പദ്ധതി നിലവില്‍വന്നുകഴിഞ്ഞു. നാളികേര ഉല്‍പ്പാദനത്തിലും വര്‍ധനവ് പ്രകടമാണ്. കൃത്യമായ ഇടവേളകളില്‍ തെങ്ങ് പരിപാലിച്ച് കൃഷിചെയ്യാന്‍ പ്രതിവര്‍ഷം 800 മുതല്‍ 1000 രൂപവരെ ചെലവുണ്ടെന്നു കര്‍ഷകര്‍ പറയുന്നു. പച്ചിലവളവും കാലിവളവും മുടങ്ങാതെ തെങ്ങിന്‍ ചുവട്ടിലിടണം. രാസവള പ്രയോഗവും നടത്തണം. വളങ്ങളുടെ വില സമീപകാലത്തു റോക്കറ്റുപോലെയാണു കുതിക്കുന്നത്. തൊഴിലാളികള്‍ക്ക് 750 രൂപ മുതലാണു കൂലി. ഒരു തെങ്ങില്‍ കയറാന്‍ 60 രൂപ മുതല്‍ കൂലിയുണ്ട്. കായ്ഫലം കുറവാണെങ്കില്‍ ഈ തുകയ്ക്ക് ആളെ കയറ്റിയാല്‍ നഷ്ടമാവും. തേങ്ങ പൊളിക്കാന്‍ ഒരെണ്ണത്തിന് ഒന്നേകാല്‍ രൂപവരെ കൂലി ഈടാക്കുന്നുണ്ട്.

ഉല്‍പ്പാദിപ്പിക്കുന്ന തേങ്ങയ്ക്കു വിപണി ഉറപ്പാക്കാനുള്ള ക്രമീകരണവും പദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ട്. കേരഗ്രാമത്തില്‍നിന്നുള്ള തേങ്ങ സ്ഥിരമായി സംഭരിക്കാന്‍ സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തുകയാണു വേണ്ടത്. വിപണിയില്‍ നല്ലവില ലഭിക്കുമ്പോള്‍ ആ വിലയ്ക്കും വിലകുറയുമ്പോള്‍ താങ്ങുവില ഉറപ്പാക്കിയും സംഭരണം നടക്കണം. ഇങ്ങനെ സ്ഥിരമായി വിപണന സൗകര്യമുണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാകേണ്ടതില്ല. ഓരോ ഗ്രാമത്തിലും എത്ര കര്‍ഷകര്‍ എത്ര തേങ്ങ ഉല്‍പ്പാദിപ്പിക്കുന്നു എന്നതിനൊക്കെ കൃത്യമായ വിവരങ്ങള്‍ കിട്ടും. സംഭരണ സമയത്തു കര്‍ഷക രജിസ്‌ട്രേഷനും തെങ്ങിന്റെ എണ്ണവും നോക്കി സംഭരണത്തിനു നിയന്ത്രണരേഖ വരയ്‌ക്കേണ്ട കാര്യമുണ്ടാവില്ല. മാത്രവുമല്ല, വില കുറയുമ്പോള്‍ മാത്രം സംഭരണത്തിനുള്ള അടിസ്ഥാന സൗകര്യം തേടിപ്പോയാല്‍ കര്‍ഷകന് ഉപകാരപ്പെടില്ലെന്നും സമയത്തു സംഭരണം നടക്കില്ലെന്നും ഇത്തവണത്തെ അനുഭവംതന്നെ തെളിവാണ്.

സംസ്ഥാനത്ത് അഞ്ചിടത്താണു സംഭരണമുള്ളത്. സഹകരണ സംഘങ്ങള്‍ പലയിടത്തും രംഗത്തില്ല. സംഭരണത്തിനു തയാറായ സഹകരണ സംഘങ്ങള്‍ക്കു കൃഷിവകുപ്പിന്റെ അനുമതി ലഭിച്ചില്ല. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് സംഘങ്ങള്‍പോലും പരിധിക്കു പുറത്തായി. തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ മാത്രമാണു തേങ്ങസംഭരണം നേരിയ തോതിലെങ്കിലും നടന്നത്. സംഭരണകേന്ദ്രങ്ങളുടെ എണ്ണം കൂട്ടുമെന്നു പറഞ്ഞെങ്കിലും നാളിതുവരെ നടന്നില്ല. പാലക്കാട്ടു മാത്രം 56,000 ഹെക്ടറോളം പ്രദേശത്താണു തെങ്ങ് കൃഷിയുള്ളത്. ഇവിടെ സംഭരണം പേരിനു മാത്രമായതോടെ പച്ചത്തേങ്ങ തോട്ടങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. എന്നാല്‍, ഈ അവസരം സ്വകാര്യ ഏജന്‍സികള്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വെളിച്ചെണ്ണ, ബിസ്‌ക്കറ്റ് എന്നിവ വിപണിയിലെത്തിക്കുന്ന രണ്ടു സ്വകാര്യകമ്പനികള്‍ ചെറിയ വിലയ്ക്കു വന്‍തോതില്‍ കൊപ്ര വാങ്ങി സംഭരിച്ചിട്ടുണ്ടെന്നാണു പറയുന്നത്. ഇളനീരിനും വെളിച്ചെണ്ണയ്ക്കുമൊക്കെ വിലയുണ്ടെങ്കിലും ചെലവിനൊത്ത വില നാളികേരത്തിനു കിട്ടുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു.

കണക്ക് ഗൗരവുമുള്ളതാണ്

കേരളം ഉള്‍പ്പെടെയുള്ള നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണു തെങ്ങുകൃഷിയില്‍ മുന്‍നിരയിലുള്ളത്. ഇതില്‍ കേരള തേങ്ങയ്ക്കു വിപണി മൂല്യം കൂടുതലാണ്. കേരള തേങ്ങയെന്ന പേരില്‍ ആന്ധ്ര, തമിഴ്‌നാട് തേങ്ങകള്‍ വിപണിയിലെത്തുന്നുവെന്നതാണു വാസ്തവം. കേരള തേങ്ങയ്‌ക്കൊപ്പം ചേര്‍ത്തു കേരള തേങ്ങയുടെ മുല്യത്തിനു വിപണിയില്‍ വില്‍ക്കുകയാണ്. വ്യാജനെ തിരുകിക്കയറ്റുന്ന രീതി ശീലമായതോടെ കേരള തേങ്ങയ്ക്കും വിപണിമൂല്യം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. നാലു സംസ്ഥാനങ്ങളിലായി 3.16 മില്യണ്‍ കുടുംബങ്ങള്‍ തെങ്ങുകൃഷിയെ ആശ്രയിച്ച് ജീവിക്കുന്നുവെന്നാണു കണക്ക്. 2020 -21 ല്‍ നാളികേര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നിന്നു രാജ്യത്തിനു ലഭിച്ചതു 2,295.6 കോടി രൂപയാണ്. എന്നാല്‍, കേരളത്തില്‍ നാളികേര ഉല്‍പ്പാദനം വര്‍ഷം ചെല്ലുംതോറും കുറഞ്ഞുവരികയാണ്. സംസ്ഥാനത്ത് ഒരു ഹെക്ടറില്‍ നിന്നു വെറും 9175 നാളികേരമാണ് ഉല്‍പാദിപ്പിക്കാനാകുന്നത്. തമിഴ്നാട്ടില്‍ ഇതു 12,280 ഉം ആന്ധ്ര പ്രദേശില്‍ 13,969 ഉമാണ്.

വിലസ്ഥിരതയില്ലായ്മ, പണിക്കൂലി വര്‍ധന, രാസ-ജൈവ വളങ്ങളുടെയും കീടനാശിനികളുടെയും വില വര്‍ധന, രോഗങ്ങള്‍, പരിചരണത്തിനു തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതി എന്നിവയെല്ലാം കേരളത്തില്‍ നാളികേര ഉല്‍പ്പാദനം കുറയാനുള്ള കാരണമാണ്. കേരളത്തിലെ പരമ്പരാഗത തെങ്ങിനങ്ങളെല്ലാം വലുപ്പം കൂടിയവയാണ്. ഇവയുടെ ഉല്‍പ്പാദനക്ഷമത ഏറെ വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്ന പ്രത്യേകതയുണ്ട്. കുള്ളന്‍ തെങ്ങിനങ്ങള്‍ കേരളത്തില്‍ പ്രചരിച്ചുവരുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ തെങ്ങുമാത്രം തോപ്പുകളായി ക്രമീകരിക്കുന്ന രീതി കേരളത്തില്‍ കുറവാണ്. കേരഗ്രാമം പദ്ധതിയും വൈവിധ്യമുള്ളതും അത്യുല്‍പ്പാദന ശേഷിയുള്ളതുമായ കുള്ളന്‍തെങ്ങിനങ്ങളും ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ഇത്തരം തെങ്ങുകള്‍ക്കു മാത്രമായി നേഴ്‌സറിയും ഇവ വളര്‍ത്തുന്ന കൃഷിയും നിലവിലുണ്ട്. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം തെങ്ങിന്‍തൈകളാണു സഹകരണ സംഘങ്ങള്‍ നട്ടത്. അഞ്ചു ലക്ഷത്തോളം തെങ്ങിന്‍തൈകള്‍ സംഘങ്ങള്‍ നട്ടിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിന്റെയെല്ലാം വിളവുകള്‍ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്ന വിധത്തില്‍ വിപണിയിലെത്തിക്കാന്‍ കഴിയുമ്പോഴാണ് ഒരു ദൗത്യം പൂര്‍ത്തിയാകുന്നത്. അതിനാല്‍, ജില്ലകളില്‍ പൊതു ഡ്രയര്‍ യൂണിറ്റും കര്‍ഷകരില്‍നിന്നു തേങ്ങ വാങ്ങുന്നതിനു പ്രാദേശികാടിസ്ഥാനത്തില്‍ സ്ഥിരം വിപണിയും ഉറപ്പാക്കാനാകണം. ഇതിനുള്ള ചുമതല സഹകരണ സംഘങ്ങള്‍ക്കു നല്‍കുന്നതാണ് ഉചിതം. സംഘങ്ങള്‍ക്കു സ്ഥിരമായി തേങ്ങ നല്‍കുന്ന കര്‍ഷകര്‍ക്കു വില കുറയുമ്പോള്‍ സംഭരണവില നല്‍കണം. അങ്ങനെ നല്‍കുന്നതിനു കര്‍ഷകന്‍ മാറ്റ് രജിസ്‌ട്രേഷന്‍ നടത്തണമെന്ന വ്യവസ്ഥകളും ഒഴിവാക്കാം. ഒരു സഹകരണ സംഘത്തില്‍ സ്ഥിരമായി നല്‍കുന്ന തേങ്ങയുടെ എണ്ണം സംഭരണവില ലഭിക്കാനുള്ള കര്‍ഷകന്റെ യോഗ്യതയായി കണക്കാക്കാവുന്നതേയുള്ളൂ.

Leave a Reply

Your email address will not be published.