സര്‍ക്കാര്‍ – സഹകരണ ഓഡിറ്റ് എകീകരണം ഗുണം ചെയ്യുമോ?
– യു.പി. അബ്ദുള്‍ മജീദ്
( മുന്‍ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍,
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് )
സര്‍ക്കാര്‍ – സഹകരണ ഓഡിറ്റുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
ഓഡിറ്റ് നടപടിക്രമങ്ങളിലും റിപ്പോര്‍ട്ടിങ് രീതിയിലും തുടര്‍നടപടിയിലുമൊക്കെ
അവ വ്യത്യസ്തമാണ്. വ്യത്യസ്ത രീതിയില്‍ത്തന്നെ മുന്നോട്ടു നീങ്ങേണ്ട
ഇവയെ ഏകീകരിക്കുക എന്ന അനാവശ്യ ജോലി സര്‍ക്കാര്‍ എറ്റെടുക്കണോ
എന്ന ചോദ്യമാണിവിടെ ഉയരുന്നത്. തമിഴ്‌നാട്ടില്‍ വിവിധ ഓഡിറ്റ് വിഭാഗങ്ങളെ ഏകീകരിച്ചതു
മാതൃകയാക്കാനാണു കേരളത്തിന്റെ നീക്കം. ഓഡിറ്റ് ഏകീകരിക്കപ്പെടുമ്പോള്‍
കാലക്രമണ ജീവനക്കാരുടെ സേവന കാര്യങ്ങളും തസ്തികയുമെല്ലാം
ഏകീകരിക്കേണ്ടി വരും. ഒരു നിയമത്തിനു കീഴില്‍ രണ്ടു തരം ജോലി
എന്ന അവസ്ഥ കൂടുതല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തും.
സംസ്ഥാനത്തു സര്‍ക്കാര്‍ – സഹകരണ ഓഡിറ്റ് സംവിധാനങ്ങള്‍ ഏകീകരിക്കാനുള്ള നീക്കം ചര്‍ച്ചയായിക്കഴിഞ്ഞു. സഹകരണ വകുപ്പിന്റെ കീഴിലുള്ള സഹകരണ ഓഡിറ്റ് വിഭാഗവും ധന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന ഓഡിറ്റ് വകുപ്പും തദ്ദേശഭരണ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗവും ഒരു കുടക്കീഴിലാക്കാനാണു ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനം. വിവിധ ഓഡിറ്റ് ഏജന്‍സികളെ നിയന്ത്രിക്കുന്നതിനു ഡയറക്ടര്‍ ജനറല്‍ ഓഫ് സ്റ്റേറ്റ് ഓഡിറ്റ് (ഡി.ജി.എ. ) തസ്തിക സൃഷ്ടിക്കാനും ശുപാര്‍ശയുണ്ട്. സ്ഥാപനങ്ങളുടെ അക്കൗണ്ടിങ് രീതികളില്‍ വന്ന മാറ്റങ്ങളും ഇ- ഓഫീസ് സമ്പ്രദായം വ്യാപകമായതും ഓഡിറ്റും മേല്‍നോട്ടവും ഏകീകരിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്ടില്‍ അടുത്ത കാലത്തു ഡയറക്ടര്‍ ജനറല്‍ ഓഫ് ഓഡിറ്റ് തസ്തിക സൃഷ്ടിച്ച് വിവിധ ഓഡിറ്റ് വിഭാഗങ്ങളെ ഏകീകരിച്ച നടപടി മാതൃകയാക്കിയാണു കേരളത്തിലും നീക്കം.
തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സഹകരണ വകുപ്പ് സെക്രട്ടറി, ധന വകുപ്പ് സെക്രട്ടറി, സഹകരണ വകുപ്പ് രജിസ്ട്രാര്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ സ്ഥാപനങ്ങളുടേയും ഓഡിറ്റ് ഏജന്‍സികളുടേയും പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണു തീരുമാനമെടുത്തത്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വഭാവത്തില്‍ വന്ന മാറ്റവും അക്കൗണ്ടിങ് രീതികളിലുണ്ടായ സാങ്കേതിക മുന്നേറ്റവും ഉള്‍ക്കൊണ്ട് ഓഡിറ്റും മേല്‍നോട്ടവും ആധുനിക ഇലക്ട്രോണിക് മോണിറ്ററിങ് സമ്പ്രദായത്തിന്റെ സഹായത്തോടെയാവണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നിര്‍ദേശിച്ചത്. ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും ഇ- ഓഫീസുകള്‍ യാഥാര്‍ഥ്യമായതോടെ റിമോട്ട് ഫിനാന്‍ഷ്യല്‍ ഓഡിറ്റ് രീതി പ്രയോഗികമാക്കാന്‍ പ്രയാസമില്ല. സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറില്‍ ഓഡിറ്റര്‍മാര്‍ക്കു ലോഗിന്‍ ചെയ്യാനും സാമ്പത്തിക ഇടപാടുകളും ഫയലുകളും കാണാനും സൗകര്യമൊരുക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമാവും. ഫിനാന്‍ഷ്യല്‍ ഓഡിറ്റിന്റെ കാര്യക്ഷമത ഉയര്‍ത്താനും ഓഡിറ്റര്‍മാരുടെ സാന്നിധ്യം മൂലം ഓഫീസ് പ്രവര്‍ത്തനത്തിലുണ്ടാവുന്ന തടസ്സങ്ങള്‍ ഒഴിവാക്കാനും കഴിയുമെന്നു വകുപ്പ് മേധാവികള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല റിമോട്ട് ഓഡിറ്റ് വഴി പണവും സമയവും ലാഭിക്കാനാവും. ഓഡിറ്റര്‍മാര്‍ക്കു യാത്ര, താമസം എന്നിവക്കു സര്‍ക്കാര്‍ നല്‍കുന്ന അലവന്‍സുകള്‍ ഒഴിവാക്കാം. ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് വകുപ്പില്‍ സി.ആന്റ്.എ.ജി. റിമോട്ട് ഓഡിറ്റ് നടപ്പാക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. രേഖകള്‍ അതതു സമയം പരിശോധിക്കുന്ന കണ്‍കറന്റ് ഓഡിറ്റ് രീതിയോ ഇടപാട് കഴിഞ്ഞയുടനെ പരിശോധിക്കുന്ന പോസ്റ്റ് ഓഡിറ്റ് രീതിയോ പ്രോത്സാഹിപ്പിക്കണം. നിലവിലുള്ള പോസ്റ്റ് ഓഡിറ്റ് രീതിയില്‍ തീരുമാനങ്ങള്‍ എടുത്തു നടപ്പാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണു പലപ്പോഴും ഓഡിറ്റ് നടക്കുന്നത്. ഇതു തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നു. കൃത്യ സമയത്തു ചൂണ്ടിക്കാട്ടിയിരുന്നുവെങ്കില്‍ തെറ്റുകള്‍ അപ്പോള്‍ത്തന്നെ തിരുത്താന്‍ കഴിയുമായിരുന്നു എന്നാണു യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. സഹകരണ മേഖലയില്‍ വരുന്ന മാറ്റങ്ങളും ചര്‍ച്ച ചെയ്തു. സഹകരണ സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ തടയാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
സംസ്ഥാനത്തു 18,793 കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുണ്ട്. ഇതില്‍ 5762 എണ്ണം കൈത്തറി, കയര്‍, ഫിഷറീസ് തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടതാണ്. 11 അപെക്‌സ് സൊസൈറ്റികളും 66 അര്‍ബണ്‍ ബാങ്കുകളുമുണ്ടന്നും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കായി സോഫ്റ്റ്‌വെയര്‍ തയാറാക്കാനുള്ള ശ്രമം നടക്കുന്നതായും സഹകരണ വകുപ്പ് സെക്രട്ടറിയും രജിസ്ട്രാറും വ്യക്തമാക്കി. പുതിയ ബാങ്കിങ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കണ്‍കറന്റ് ഓഡിറ്റ് നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. സഹകരണ സംഘം അംഗങ്ങളുടെ വായ്പാ തിരിച്ചടവ് ചരിത്രം ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് വിശ്വാസ്യത ഉറപ്പു വരുത്തുന്ന സംവിധാനം വരും. അത്യാവശ്യ ഘട്ടങ്ങളില്‍ കാര്‍ഷിക വായ്പകളും മറ്റും വലിയ ഈടും നടപടിക്രമങ്ങളുമില്ലാതെ വേഗത്തില്‍ നല്‍കാന്‍ കഴിയുമോ എന്നു പരിശോധിച്ചു വരികയാണ്. ഇരട്ട അംഗത്വം വഴിയുള്ള തട്ടിപ്പുകള്‍ ആധാറുമായി ബന്ധിപ്പിച്ച് ഒഴിവാക്കാനാവും. ഒരംഗത്തിനു പരമാവധി നല്‍കാവുന്ന വായ്പയും പുതിയ സോഫ്റ്റ്‌വെയര്‍ വരുന്നതോടെ ലഭ്യമാവും. പ്രാഥമിക വായ്പാ സംഘങ്ങള്‍ കേരള ബാങ്കിന്റെ ടച്ച് പോയന്റുകളും ബ്രാഞ്ചുകളുമായി താമസിയാതെ മാറും. അതോടെ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച കെ.വൈ.സി. മാര്‍ഗരേഖ പ്രാഥമിക ബാങ്കുകളും പാലിക്കേണ്ടി വരും – സഹകരണ വകുപ്പിന്റെ തലപ്പത്തുള്ളവര്‍ വ്യക്തമാക്കി. അതേസമയം, ഓഡിറ്റ് റിപ്പോര്‍ട്ടുകളിന്മേല്‍ സമയബന്ധിതമായി തുടര്‍നടപടികള്‍ സ്വീകരിക്കാത്തതാണു പ്രധാന പോരായ്മയെന്നു സഹകരണ ഓഡിറ്റ് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. പുതുതായി സൃഷ്ടിക്കുന്ന ഡയറക്ടര്‍ ജനറല്‍ തസ്തികക്കു കീഴില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് കൂടി നടത്തണം. ഇന്ത്യന്‍ അഡ്മിനിസ്ട്രറ്റീവ് സര്‍വീസില്‍ നിന്നോ ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് സര്‍വീസില്‍ നിന്നോ പുതിയ തസ്തികയില്‍ നിയമനമാവാമെന്നും യോഗം അഭിപ്രായപ്പെട്ടു.
തമിഴ്‌നാടിനു പിന്നാലെ
തമിഴ്‌നാട്ടില്‍ കഴിഞ്ഞ ഏപ്രിലില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവിന്റെ ചുവടുപിടിച്ചാണു കേരളത്തിലും ഡയറക്ടര്‍ ജനറല്‍ ഓഫ് സ്റ്റേറ്റ് ഓഡിറ്റ് ( ഡി.ജി.എ ) തസ്തിക സൃഷ്ടിക്കാന്‍ നീക്കമെങ്കിലും കിഫ്ബി ഓഡിറ്റ് പോലുള്ള ചില വിഷയങ്ങളും ഓഡിറ്റ് ഏകീകരണ നീക്കത്തിനു പ്രേരണയായതായി സംശയിക്കുന്നവരുണ്ട്. തമിഴ്‌നാട്ടില്‍ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ലോക്കല്‍ ഫണ്ട് ഓഡിറ്റ്, കോ-ഓപ്പറേറ്റീവ് ഓഡിറ്റ്, മില്‍ക്ക് കോ-ഓപ്പറേറ്റീവ് ഓഡിറ്റ്, എച്ച്.ആര്‍.ആന്റ് സി.ഇ. (ഹിന്ദു ധര്‍മ സ്ഥാപനങ്ങള്‍ ) ഓഡിറ്റ് എന്നിവയാണു ഡി.ജി.എ. യുടെ കീഴിലാക്കിയത്. എല്ലാ ഓഡിറ്റ് ഏജന്‍സിക്കുമേലും ഡി.ജി.എ. ക്കു പൂര്‍ണ നിയന്ത്രണമുണ്ടെന്നു മാത്രമല്ല, ഓഡിറ്റ് വകുപ്പ് തലവന്മാര്‍ സര്‍ക്കാറിലേക്ക് അയക്കുന്ന എല്ലാ കത്തിടപാടുകളും ഡി.ജി.എ. മുഖേന ആയിരിക്കണമെന്നും നിര്‍ദേശമുണ്ട്. തമിഴ്‌നാട്ടില്‍ ഡി.ജി.എ. യെ നിയമിക്കുന്ന രീതിതന്നെയാണു കേരളം നിര്‍ദേശിച്ചിരിക്കുന്നത്. അവിടെ സ്‌പെഷല്‍ ഓഡിറ്റ് നടത്താന്‍ സ്വകാര്യ ഓഡിറ്റ് ഏജന്‍സികളെ ചുമതലപ്പെടുത്താന്‍ ഡി.ജി.എ. ക്കു നല്‍കിയ അധികാരം കേരളത്തിലും ചര്‍ച്ചയാണ്. ഭരണഘടനാ വിരുദ്ധം എന്നു പറഞ്ഞാണു തമിഴ്‌നാട്ടില്‍ പ്രതിപക്ഷം ഈ തീരുമാനത്തെ എതിര്‍ക്കുന്നത്. ഫിനാന്‍ഷ്യല്‍, ട്രാന്‍സാക്ഷന്‍, പെര്‍ഫോമന്‍സ് എന്നീ മൂന്നു രീതികളിലും സ്വകാര്യ ഓഡിറ്റ് ഏര്‍പ്പെടുത്താന്‍ ഡി.ജി.എ. ക്ക് അധികാരമുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പുറപ്പെടുവിക്കാന്‍ ഓഡിറ്റ് വകുപ്പ് തലവന്മാര്‍ക്ക് അധികാരമുണ്ടെങ്കിലും റിപ്പോര്‍ട്ട് റിവ്യൂ ചെയ്യാന്‍ ഡി. ജി.എ. ക്ക് അധികാരം നല്‍കിയിട്ടുണ്ട്.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാര്‍ലമന്റില്‍ അവതരിപ്പിച്ച അധികാരവികേന്ദ്രീകരണ ബില്ലില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് അധികാരം സി. ആന്റ്. എ.ജി. ക്കു നല്‍കാന്‍ വ്യവസ്ഥ ചെയ്തതിനെ തമിഴ്‌നാട് ശക്തമായി എതിര്‍ത്തിരുന്നു. 1992 ല്‍ 73, 74 ഭരണഘടനാ ദേഗതിയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് സംസ്ഥാനങ്ങള്‍ക്കുതന്നെ നിയമനിര്‍മാണം വഴി നടത്താമെന്നു വ്യവസ്ഥ ചെയ്തു. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗവും സഹകരണ ഓഡിറ്റ് വിഭാഗവും ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നാണു തമിഴ്‌നാട്. അവിടെ നടക്കുന്ന മാറ്റങ്ങള്‍ സ്വാഭാവികമായും മറ്റു സംസ്ഥാനങ്ങള്‍ ഏറ്റെടുക്കും. അതേസമയം, സംസ്ഥാനത്തുതന്നെ സര്‍ക്കാര്‍നിയന്ത്രണത്തില്‍ ശക്തമായ ഓഡിറ്റ് സംവിധാനമുണ്ടെങ്കില്‍ പല സ്ഥാപനങ്ങളിലേക്കും സി. ആന്റ.് എ.ജി. യുടെ കടന്നു കയറ്റം ഒഴിവാക്കാന്‍ കഴിയുമെന്നു കിഫ്ബി ഓഡിറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാരിനു ബോധ്യം വന്നതായും ചൂണ്ടിക്കാട്ടുന്നവരുണ്ട്.
ഓഡിറ്റ് രീതി ഏകീകരണം
1969 ലെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിന്റെ അടിസ്ഥാനത്തിലാണു സഹകരണ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടക്കുന്നത്. സഹകരണ ഓഡിറ്റ് ഡയറക്ടറാണ് ഓഡിറ്റ് വിഭാഗത്തിന്റെ തലവന്‍. 1983 ല്‍ പ്രസിദ്ധീകരിച്ച ഓഡിറ്റ് മാന്വല്‍ അടിസ്ഥാനമാക്കിയാണ് ഇതുവരെ ഓഡിറ്റ് നടന്നത്. നിലവിലെ ഓഡിറ്റ് രീതി പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 37 വര്‍ഷത്തിനു ശേഷം സഹകരണ മേഖലയിലെ ഓഡിറ്റ് രീതി സമഗ്രമായി പഠിക്കാന്‍ ഏഴംഗ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുകയും അവരുടെ നിര്‍ദേശപ്രകാരം മൂന്നു വോള്യങ്ങളായി സഹകരണ ഓഡിറ്റ് മാന്വല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മാന്വല്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സഹകരണ ഓഡിറ്റ് വിഭാഗത്തിന്റെ തലപ്പത്തു ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ തസ്തികയിലുള്ള ആളെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുകയുണ്ടായി. പുതിയ മാന്വല്‍ നടപ്പാക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണു പുതിയ തീരുമാനം. വിദഗ്ധ സമിതിയുടെ ശുപാര്‍ശകളിലൊന്നും വരാത്ത ഓഡിറ്റ് ഏകീകരണവും ഡി.ജി.എ. തസ്തികയുമൊക്കെ സഹകരണ ഓഡിറ്റിലെ മാറ്റങ്ങള്‍ക്കു വിലങ്ങുതടിയാവുമോ എന്നതാണ് ആശങ്ക. ഓഡിറ്റ് മേഖലയില്‍ സ്‌പെഷലൈസേഷനു രാജ്യത്തെ പരമോന്നത ഓഡിറ്റ് അതോറിട്ടിയായ സി. ആന്റ്. എ.ജി. വലിയ പ്രാധാന്യം നല്‍കുമ്പോള്‍ കേരളത്തില്‍ വിവിധ ഏജന്‍സികളുടെ ഓഡിറ്റ് രീതികള്‍ ഏകീകരിക്കാനാണു നീക്കം.
ഓഡിറ്റ് കമ്മീഷന്‍
തദ്ദേശഭരണ സ്ഥാപനങ്ങളുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് സംവിധാനമായ സംസ്ഥാന ഓഡിറ്റ് വകുപ്പിലും പുതിയ നീക്കങ്ങള്‍ ചര്‍ച്ചയാണ്. സ്റ്റേറ്റ് ഓഡിറ്റ് ഡയറക്ടറെ വിളിക്കുകപോലും ചെയ്യാതെയാണ് ഉന്നതതല യോഗം നടന്നത്. ഓഡിറ്റ് രീതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ സി. ആന്റ് എ.ജി. യേക്കാള്‍ മുന്നില്‍ നടന്ന സംസ്ഥാന ഓഡിറ്റ് വകുപ്പ് 2013 മുതല്‍ ഓണ്‍ലൈന്‍ ഓഡിറ്റ് രീതികള്‍ നടപ്പാക്കുന്നുണ്ട്. ഓഡിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലാക്കിയ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ രീതികള്‍ എട്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വന്നു നേരിട്ടു പഠിച്ച് പിന്തുടരുന്നുണ്ട്. 2011 മുതല്‍ 2016 വരേയുള്ള കാലഘട്ടത്തിലാണ് ഈ മാറ്റങ്ങള്‍ ഏറെയും നടന്നത്. 2015 ലാണു ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന്റെ പേര് സംസ്ഥാന ഓഡിറ്റ് വകുപ്പ് എന്നാക്കിയത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു പുറമെ സര്‍വകലാശാലകള്‍, അക്കാദമികള്‍, ബോര്‍ഡുകള്‍, ദേവസ്വങ്ങള്‍, ക്ഷേത്രങ്ങള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ തുടങ്ങി എണ്ണായിരത്തിലധികം സ്ഥാപനങ്ങളുടെ ഓഡിറ്റ് നടത്തുന്നതു സംസ്ഥാന ഓഡിറ്റ് വകുപ്പാണ്. ധന വകുപ്പിന്റെ നിയന്ത്രണത്തില്‍ നിന്നു മാറ്റി സ്റ്റേറ്റ് ഓഡിറ്റിനുവേണ്ടി സ്വതന്ത്ര ഓഡിറ്റ് കമ്മീഷന്‍ രൂപവല്‍ക്കരിക്കാനുള്ള നടപടികള്‍ക്കിടയിലാണ് ഏകീകരണ തീരുമാനം. ഭരണ പരിഷ്‌കാര കമ്മീഷനുകളും അധികാര വികേന്ദ്രീകരണ കമ്മീഷനും ശുപാര്‍ശ ചെയ്ത പ്രകാരമായിരുന്നു 2017-18 ല്‍ ബജറ്റില്‍ സ്വതന്ത്ര ഓഡിറ്റ് കമ്മീഷന്‍ രൂപവല്‍ക്കരിക്കാനുള്ള പ്രഖ്യാപനം. 2018-19 ല്‍ ഇതിനു സ്‌പെഷല്‍ ഓഫീസറെ വെക്കാനും നിര്‍ദേശമുണ്ടായി. കമ്മീഷന്‍ രൂപവല്‍ക്കരണത്തിന് ഓഡിറ്റ് ഡയറക്ടര്‍ സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാറിന്റെ പരിഗണനയിലാണ്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇന്റേണല്‍ ഓഡിറ്റ് സംവിധാനമായ പെര്‍ഫോമന്‍സ് ഓഡിറ്റ് ഏകീകൃത ഓഡിറ്റ് സംവിധാനത്തിനു കീഴിലാക്കുന്നതും എതിര്‍പ്പിനു കാരണമാണ്. പഞ്ചായത്ത്, നഗരസഭാ ജീവനക്കാര്‍തന്നെയാണു പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തുന്നതില്‍ ഭൂരിപക്ഷവും. ഓഡിറ്റിന്റെ എണ്ണപ്പെരുപ്പം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുന്നതും സ്റ്റേറ്റ് ഓഡിറ്റ് വിഭാഗവും അക്കൗണ്ടന്റ് ജനറലിന്റെ സ്റ്റാഫും നടത്തുന്ന ഓഡിറ്റില്‍ നിന്നു വ്യത്യസ്തമായി ഒന്നും പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം നടത്താത്തതും ചൂണ്ടിക്കാട്ടിയായിരുന്നു ഇതു നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ഈ വിഭാഗത്തിലുള്ള ജീവനക്കാരെ മാതൃവകുപ്പുകളിലേക്കു പുനര്‍വിന്യസിക്കാനായിരുന്നു നടപടി തുടങ്ങിയത്. സ്റ്റാറ്റിയൂട്ടറി ഓഡിറ്റും ഇന്റേണല്‍ ഓഡിറ്റും ഒരു ഉദ്യോഗസ്ഥന്റെ കീഴില്‍ വരുന്നത് ഓഡിറ്റിന്റെ നിലവാരം താഴാന്‍ കാരണമാവും.
നിയമ ഭേദഗതി
സഹകരണ നിയമം, ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം എന്നിവ അടിസ്ഥാനമാക്കി നടത്തുന്ന ഓഡിറ്റുകള്‍ ഡി.ജി.എ. ക്കു കീഴിലാക്കാന്‍ ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി അനിവാര്യമാണ്. ഉയര്‍ന്ന തസ്തിക സൃഷ്ടിക്കാന്‍ സിവില്‍ സര്‍വീസുകാര്‍ എടുക്കുന്ന താല്‍പ്പര്യം നിയമഭേദഗതിക്കു രാഷ്ടീയ നേതൃത്വം എടുത്താലേ കാര്യങ്ങള്‍ നടക്കൂ. മാത്രമല്ല, പഞ്ചായത്ത് രാജ്-നഗരസഭാ സ്ഥാപനങ്ങളുടെ ഓഡിറ്റിനു നിയമനിര്‍മാണം നടത്താനള്ള സംസ്ഥാനങ്ങള്‍ക്കുള്ള ഭരണഘടനാ അധികാരത്തിന്റെ പിന്‍ബലമുള്ള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമത്തില്‍ ഭേദഗതി വരുത്തി മറ്റു സംവിധാനങ്ങളുണ്ടാക്കുമ്പോഴുള്ള പ്രശ്‌നങ്ങളും പരിഗണിക്കേണ്ടി വരും. 1994 ല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം പാസായ ശേഷം ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളുടെ ഓഡിറ്റ് കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിനു പരിമിതിയുണ്ട്. ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി എന്ന പേരിലുള്ള നിയമസഭാ സമിതിയാണു കണ്‍സോളിഡേറ്റഡ് ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നത്. പുതിയ തസ്തിക സൃഷ്ടിച്ച് ഓഡിറ്റിന്റെ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിനും മറുപടി പറയേണ്ടി വരും. ആക്ട് ഭേദഗതി ചെയ്ത് ഓഡിറ്റ് ഏകീകരിക്കപ്പെടുമ്പോള്‍ ഉടനെ അല്ലെങ്കിലും കാലക്രമണ ജീവനക്കാരുടെ സേവന കാര്യങ്ങളും തസ്തികയുമെല്ലാം ഏകീകരിക്കേണ്ടി വരും. ഒരു നിയമത്തിനു കീഴില്‍ രണ്ടു തരം ജോലി എന്ന അവസ്ഥ കൂടുതല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളാവും വിളിച്ചുവരുത്തുക.
റിമോട്ട് ഓഡിറ്റ്
റിമോട്ട് ഓഡിറ്റ് എന്ന പുതിയ നിര്‍ദേശത്തിന്റെ പ്രായോഗികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഫിനാന്‍ഷ്യല്‍ ഓഡിറ്റില്‍ ഓണ്‍ലൈനായി ഫയലുകളുടേയും രേഖകളുടേയും സ്‌കാന്‍ ചെയ്ത കോപ്പികള്‍ പരിശോധിക്കാം. എന്നാല്‍, ഒറിജിനല്‍തന്നെ കണ്ട് ബോധ്യപ്പെടേണ്ട രേഖകളുടെ കാര്യത്തില്‍ റിമോട്ട് ഓഡിറ്റിനു പരിമിതികളുണ്ട്. അതേസമയം, സ്‌കീമുകള്‍, പ്രോജക്ടുകള്‍ തുടങ്ങിയവ പെര്‍ഫോമന്‍സ് ഓഡിറ്റിനു വിധേയമാക്കുമ്പോള്‍ ആസ്തികളും മറ്റും നേരില്‍ പരിശോധിക്കണം. പൊതുപണം ചെലവഴിച്ച പ്രോജക്ടില്‍ മിതവ്യയം, കാര്യക്ഷമത, ഫല പ്രാപ്തി എന്നിവ വിലയിരുത്താന്‍ റിമോട്ട് ഓഡിറ്റ് കൊണ്ടു സാധ്യമല്ല. ഓഡിറ്റ് രീതികളില്‍ മാറ്റം വരുത്താനും ആധുനികവല്‍ക്കരണത്തിന്റെ വഴിയില്‍ നീങ്ങാനും ചെലവുകള്‍ ചുരുക്കാനും നിലവിലെ ഓഡിറ്റ് വകുപ്പുകള്‍ക്കുതന്നെ കഴിയുമെന്നും അതിന് ഓഡിറ്റ് ഏകീകരണവും ലക്ഷങ്ങള്‍ ശമ്പളം നല്‍കേണ്ട ഡി.ജി.എ. തസ്തികയും അനുബന്ധ സ്റ്റാഫും ആവശ്യമില്ലെന്നും അഭിപ്രായമുണ്ട്.
ഓഡിറ്റ് ലക്ഷ്യങ്ങള്‍ വ്യത്യസ്തം
വ്യത്യസ്തങ്ങളായ ലക്ഷ്യങ്ങളും രീതികളുമുള്ള ഓഡിറ്റ് ഏജന്‍സികളെ ഒരു കുടക്കീഴിലാക്കുന്നതു ഗുണത്തേക്കാള്‍ ദോഷം ചെയ്യുമോ എന്ന ചോദ്യം തുടക്കത്തിലേ ഉയര്‍ന്നുകഴിഞ്ഞു. സഹകരണ ഓഡിറ്റ് മറ്റ് ഓഡിറ്റുകളില്‍ നിന്നു വ്യത്യസ്തമായി വിശാലമായ പരിശോധനാ രീതിയാണു പിന്തുടരുന്നത്. സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിക്കുന്നതോടൊപ്പം അസ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റിനു പ്രാധാന്യം നല്‍കുന്നുണ്ട്. മനേജ്‌മെന്റിന്റെ നയങ്ങള്‍, തീരുമാനങ്ങള്‍, ബജറ്റിങ്, സ്റ്റാഫിങ്, ജീവനക്കാരുടെ പെര്‍ഫോമന്‍സ്, ധന മാനേജ്മെന്റ്, കാഷ് മാനേജ്‌മെന്റ്, കാഷ് ഫ്‌ളോ, മാനവവിഭവശേഷി പ്ലാനിങ്, ട്രെയിനിങ്, സ്‌കില്‍ ഡവലപ്‌മെന്റ് തുടങ്ങി ഒട്ടനവധി കാര്യങ്ങളാണു വിശദമായി വിലയിരുത്തുന്നത്. സഹകരണ തത്വങ്ങള്‍ പാലിച്ചുകൊണ്ട് സംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അംഗങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തിനാണു സഹകരണ ഓഡിറ്റില്‍ ഊന്നല്‍ നല്‍കുന്നത്. ആസ്തി ബാധ്യതകളും ലാഭ-നഷ്ടങ്ങളും സ്ഥാപനത്തിന്റെ പ്രവര്‍ത്തനക്ഷമതയുടെ അളവു കോലാണ്. എന്നാല്‍, തദ്ദേശഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതു ഫണ്ട് കൈകാര്യം ചെയ്യുകയും പ്രോജക്ടുകളും സ്‌കീമുകളും നടപ്പാക്കുകയും ചെയ്യുമ്പോള്‍ ധനവിനിയോഗച്ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിച്ചിട്ടുണ്ടോ എന്നും ചെലവ് ലക്ഷ്യപ്രാപ്തി കൈവരിച്ചോ എന്നും പരിശോധിക്കലും ഉറപ്പുവരുത്തലുമാണു സര്‍ക്കാര്‍ ഓഡിറ്റ്. സര്‍ക്കാറില്‍ നിന്നു ധനസഹായം കൈപ്പറ്റിയും ജനങ്ങളില്‍ നിന്നു നികുതി പിരിച്ചും സേവനം മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഓഡിറ്റ് സഹകരണ ഓഡിറ്റില്‍ നിന്ന് ഏറെ വിഭിന്നമാണ്. സര്‍ക്കാറിനോടും പൊതുജനങ്ങളോടുമാണ് ഓഡിറ്റര്‍മാര്‍ കടപ്പെട്ടിരിക്കുന്നത്.
ഓഡിറ്റ് നടപടിക്രമങ്ങളിലും റിപ്പോര്‍ട്ടിങ് രീതിയിലും തുടര്‍നടപടിയിലുമൊക്കെ സര്‍ക്കാര്‍ – സഹകരണ ഓഡിറ്റുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വ്യത്യസ്ത രീതിയില്‍ത്തന്നെ മുന്നോട്ടു നീങ്ങേണ്ട ഇവയെ ഏകീകരിക്കുക എന്ന അനാവശ്യ ജോലി പുതിയ തസ്തികയുണ്ടാക്കി സര്‍ക്കാര്‍ എറ്റെടുക്കണോ എന്ന ചോദ്യം പ്രസക്തമാണ്. ഒരു രാജ്യം, ഒരു നികുതി എന്നൊക്കെ പറയുംപോലെ ഒരു സ്റ്റേറ്റ്, ഒരു ഓഡിറ്റ് എന്നുകൂടി പറയാനാണെങ്കില്‍ കടം വാങ്ങി നിത്യനിദാനച്ചെലവുകള്‍ നടത്തുന്ന സ്റ്റേറ്റില്‍ വരട്ടെ ഒരു ഡയറക്ടര്‍ ജനറല്‍ ഓഫ് സ്റ്റേറ്റ് ഓഡിറ്റ് കൂടി.
[mbzshare]