സംസ്ഥാന ബജറ്റില്‍ സഹകരണ മേഖലയ്ക്ക് മികച്ച പരിഗണന: മന്ത്രി വി.എൻ. വാസവൻ
2022 -23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സഹകരണ മേഖലയ്ക്ക് മികച്ച പരിഗണന ലഭിച്ചിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് കൂടുതല്‍ ധനസഹായം അനുവദിച്ച ബജറ്റില്‍ പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ മേഖലയെ വിശ്വാസത്തിലെടുക്കാനും ധനമന്ത്രി തയ്യാറായിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ സബ്സിഡി വിതരണത്തിന് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം ഇതിന് ഉദാഹരണമാണ്. കാര്‍ഷിക മേഖലയില്‍ സഹകരണ സംഘങ്ങളുടെ വിജയകമായ ഇടപെടലിന് കൂടുതല്‍ കരുത്തു പകരുന്നതിനും ബജറ്റ് നിര്‍ദ്ദേശങ്ങള്‍ കാരണമാകും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണം, വിപണനം എന്നിവയില്‍ ഇടപെടാന്‍ സഹകരണ മേഖലയ്ക്ക് 22.5 കോടി രൂപയുടെ സഹായം ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകീകൃത സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. രണ്ടാം നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച 14 പട്ടികജാതി പട്ടികവര്‍ഗ സഹകരണസ സംഘങ്ങള്‍ക്ക് 14 കോടി രൂപയും അനുവദിച്ചു. കാര്‍ഷിക മേഖലയിലെ സബ്സിഡി യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കാത്ത സാഹചര്യം അവസാനിപ്പിക്കാന്‍ സബ്സിഡി വിതരണം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി സഹകരണ സംഘങ്ങള്‍ക്ക് 77.2 കോടി രൂപയാണ് അനുവദിച്ചത്.
കാര്‍ഷിക മേഖലയിലെ മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്ക്് ഉദാഹരണമായി ബജറ്റ് പ്രസംഗത്തില്‍ ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ സംഘത്തിന്റെ മഞ്ഞള്‍ കൃഷിയാണ് ധനമന്ത്രി ഉദ്ധരിച്ചത്. മഞ്ഞള്‍ കൃഷി നടത്തുക മാത്രമല്ല മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി മാറ്റി ഏക്കറിന് 17,000 രൂപയുടെ ലാഭം നേടാനും ആമ്പല്ലൂര്‍ സഹകരണ സംഘത്തിനായിരുന്നു. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി സഹകരണ മേഖലയുണ്ടാക്കിയ നേട്ടം മാതൃകയാക്കി പിന്തുടരണമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വിശദീകരിച്ചത്. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം പകരുന്നതാണ് ഈ നടപടിയെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.