സംരക്ഷണനിധിയില്‍നിന്ന് സംഘങ്ങള്‍ക്കുള്ള സഹായം അടയ്ക്കുന്ന തുകയുടെ പകുതി
പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന സഹകരണ സംരക്ഷണ നിധിയില്‍നിന്ന് സഹായം നല്‍കുന്നതിനുള്ള മാനദണ്ഡം തയ്യാറാക്കി. ഇതിനായി രൂപീകരിച്ച ചട്ടത്തിലാണ് സഹായം നല്‍കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. വായ്പയായിട്ടായിരിക്കും സഹായധനം നല്‍കുക. ഈ വായ്പയ്ക്ക് എത്രയാകും പലിശയെന്ന് നിശ്ചയിച്ചിട്ടില്ല.
സഹകരണ സംഘങ്ങളുടെ അഗ്രികള്‍ച്ചറല്‍ ക്രഡിറ്റ് സ്റ്റെബലൈസേഷന്‍ ഫണ്ട്, റിസര്‍വ് ഫണ്ട് എന്നിവയില്‍നിന്ന് ഒരുഭാഗമാണ് സഹകരണ സംരക്ഷണനിധിയിലേക്ക് സംഘങ്ങള്‍ നല്‍കേണ്ടത്. നിധിയിലേക്ക് നല്‍കുന്ന അഗ്രികള്‍ച്ചറല്‍ ക്രഡിറ്റ് സ്റ്റെബലൈസേഷന്‍ ഫണ്ടിന്റെ 50 ശതമാനമാണ് സംഘങ്ങള്‍ക്ക് വായ്പയായി നല്‍കുക. ഈ സഹായം കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് മാത്രമാകും ലഭിക്കുക. അഗ്രികള്‍ച്ചറല്‍ ക്രഡിറ്റ് സ്റ്റെബലൈസേഷന്‍ ഫണ്ട് കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ മാത്രമാണുള്ളത്.
റിസര്‍വ് ഫണ്ടിന്റെ 50 ശതമാനവും സംഘങ്ങള്‍ക്ക് വായ്പയായി നല്‍കും. ഇത് ഏത് സംഘങ്ങള്‍ക്കും ലഭിക്കുമെന്നാണ് ചട്ടത്തില്‍ പറയുന്നത്. നിധിയിലേക്ക് സംഘങ്ങള്‍ നല്‍കിയ റിസര്‍വ് ഫണ്ട് വിഹിതത്തിന്റെ 50 ശതമാനം മാത്രമായിരിക്കും വായ്പയ്ക്ക് അര്‍ഹതയുണ്ടാകുക. സംഘങ്ങളുടെ അപേക്ഷയില്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്കോ സര്‍ക്കാരിന് ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാം. ഈ തീരുമാനത്തിന് അനുസരിച്ച് കേരളബാങ്ക് ആയിരിക്കും തുക സംഘങ്ങള്‍ക്ക് കൈമാറുകയെന്നാണ് ചട്ടത്തില്‍ പറയുന്നത്.