സംരംഭങ്ങള്‍ക്ക് കേരള ബാങ്ക്നല്‍കിയത് 842 കോടി;32,088 തൊഴിലവസങ്ങള്‍
സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി കേരള ബാങ്ക് നല്‍കിയത് 842.54 കോടി രൂപ. വിവിധ തൊഴില്‍ സംരംഭ പദ്ധതികള്‍ക്ക് നല്‍കിയ വായ്പയാണിത്. ഇതുവഴി 32,088 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.
കോവിഡ് പ്രതിസന്ധിയില്‍ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലും വരുമാനവും ഉറപ്പാക്കാനായാണ് സര്‍ക്കാര്‍ നൂറുദിന കര്‍മ്മ പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയത്. ഭക്ഷ്യ സംസ്‌കരണം, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതായിരുന്നു സര്‍ക്കാര്‍ പദ്ധതികള്‍. 2020 സെപ്റ്റംബറിലാണ് സര്‍ക്കാര്‍ നൂറു ദിന കര്‍മ്മപദ്ധതി പ്രഖ്യാപിച്ചത്. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. 2021 സെപ്റ്റംബറില്‍ ഇതിന് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ മൂന്നു ഘട്ടങ്ങളിലായി കേരള ബാങ്ക് നല്‍കിയ വായ്പയാണ് 842.54 കോടി രൂപ.
തൊഴില്‍ ദാന പദ്ധതിയുടെ ഒന്നാം ഘട്ടം 2020 സെപ്റ്റംബര്‍ മുതല്‍ 100 ദിവസത്തേക്കാണ് നടപ്പാക്കിയത്. ഈ കാലയളവില്‍ 10,453 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി 222.54 കോടി രൂപ കേരള ബാങ്ക് വായ്പയായി നല്‍കി. രണ്ടാം ഘട്ടത്തില്‍ 9083 തൊഴിലവസരങ്ങള്‍ക്കായി 225 കോടിയാണ് അനുവദിച്ചത്. 2021 ജൂണ്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള മൂന്നാം ഘട്ട നൂറു ദിന തൊഴില്‍ ദാന പദ്ധതി പ്രകാരം 12,552 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി 395 കോടി രൂപ കേരള ബാങ്ക് വഴി വിതരണം ചെയ്തു.
പ്രവാസികള്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വ്യത്യസ്ത വായ്പാ പദ്ധതികളാണ് കേരള ബാങ്ക് ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നത്. കേരള ബാങ്കിന്റെ 769 ശാഖകള്‍ വഴി കുറഞ്ഞ പലിശ നിരക്കില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പകള്‍ നല്‍കി. ഇതിനായി വിവിധ വായ്പാ പദ്ധതികളും കേരള ബാങ്ക് ആവിഷ്‌കരിച്ചിരുന്നു. കേരള ബാങ്ക് സുവിധ, കേരള ബാങ്ക് മിത്ര, ഭക്ഷ്യ സംസ്‌കരണ സൂക്ഷ്മ വ്യവസായ വായ്പ, പ്രവാസികള്‍ക്കായുള്ള പ്രവാസി കിരണ്‍, പ്രവാസി ഭദ്രത, ദീര്‍ഘകാല കാര്‍ഷിക വായ്പകള്‍ എന്നിവയാണിത്. പുതിയ തൊഴില്‍ സംരംഭങ്ങള്‍ക്കായി സ്വയംസഹായ സംഘങ്ങള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കും നല്‍കിയ വിവിധ വായ്പകള്‍ ഇവയിലൂടെയാണ് 13 ജില്ലകളിലായി ഒരു വര്‍ഷം കൊണ്ട് 32,088 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്. കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനേക്കാള്‍ 12,942 തൊഴിലവസരങ്ങളാണ് ഒരു വര്‍ഷം കൊണ്ട് കേരള ബാങ്ക് അധികമായി നല്‍കിയത്.