സംരംഭക സഹകരണത്തില്‍ ശുദ്ധമായ ചിക്കന്‍

(2021 ഫെബ്രുവരി ലക്കം)
കേരളീയര്‍ക്ക് സുരക്ഷിതമായ കോഴിയിറച്ചി നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സഹകരണ സംരംഭമാണ് ബിസ്ബി ചിക്കന്‍. ഒരു വര്‍ഷം 8000 കോടി രൂപ വിറ്റുവരവുള്ള കോഴിയിറച്ചി വ്യവസായത്തെ മറുനാടന്‍ ലോബികളില്‍ നിന്നു മോചിപ്പിക്കുകയാണ് ഈ സംരംഭകരുടെ ലക്ഷ്യം.
കേരളത്തിലെ കോഴിക്കൃഷിയിലും സഹകരണത്തിന്റെ ചിറകൊതുക്കം. വിളഞ്ഞിറങ്ങുന്നത് ശുദ്ധവും സ്വാദിഷ്ഠവുമായ ചിക്കന്‍. മലയാളിയുടെ തീന്‍മേശകളെ രുചികൊണ്ട് അലങ്കരിക്കാന്‍, കൃത്രിമ വളര്‍ച്ചയെത്തിക്കാതെ പരിചരിച്ച കോഴികളുടെ ഇറച്ചിയെത്തും. കോഴിക്കര്‍ഷകരുടെയും വ്യാപാരികളുടെയും കൂട്ടായ്മയുടെ സ്‌നേഹസ്വാദ് ചേര്‍ത്ത് കേരളത്തിന്റെ തനത് ബ്രാന്‍ഡായി ‘ ബിസ്ബി ചിക്കന്‍ ‘ പുറത്തിറങ്ങി. സംസ്ഥാനത്ത് പൗള്‍ട്രി രംഗത്ത് രൂപീകൃതമായ ആദ്യ കൂട്ടായ്മയുടെ വിജയവിളവെടുപ്പ് മലപ്പുറം പെരിന്തല്‍മണ്ണയിലെ ഫാമില്‍ നിന്നു പുതുവത്സര സമ്മാനമായാണ് പുറത്തുവന്നത്.
സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംരംഭകരെ ഒരുമിച്ചു ചേര്‍ത്തത്. ചെറിയ മുതല്‍മുടക്കില്‍ വലിയ പദ്ധതിയുടെ ഭാഗമാകാനാവും എന്നത് സംരംഭകരെ ആകര്‍ഷിക്കുന്നു. ബിസ്ബി ചിക്കന്‍ കേരളത്തിന്റെ ഭക്ഷ്യ സംസ്‌കാരത്തിനും പുതുവഴികള്‍ വെട്ടുകയാണ്.
ചേര്‍ച്ച, ചര്‍ച്ച, വളര്‍ച്ച
കേരളത്തില്‍ രണ്ട് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ബിസ്‌ബേ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ ട്രസ്റ്റാണ് സഹകരണ കോഴിക്കൃഷിയുടെ സാധ്യതകള്‍ കണ്ടെത്തിയതും വഴിനടത്തിയതും. വിവിധ മേഖലകളിലെ സംരംഭകരുടെ വളര്‍ച്ചക്കും സഹായത്തിനുമായി പ്രവര്‍ത്തിക്കുന്ന ‘ ബിസ്‌ബേ ‘ക്ക് സംസ്ഥാനത്താകെ വേരോട്ടമുണ്ട്. ഈ പ്രവര്‍ത്തനമികവും സാമൂഹിക മാധ്യമങ്ങളിലൂടെ നേടാവുന്ന പ്രചാരവും ഇഴയടുപ്പവും ചേര്‍ത്താണ് പുതിയ സഹകരണ സംരംഭം സാധ്യമാക്കിയത്. കൂട്ടായ ചര്‍ച്ചകള്‍, പഠനങ്ങള്‍ എന്നിവക്കൊടുവില്‍ കുറഞ്ഞ മുതല്‍മുടക്കും കൂടുതല്‍ വികസന സാധ്യതയും എന്ന നിലയ്ക്ക് കോഴിവളര്‍ത്തല്‍ പദ്ധതി തിരഞ്ഞെടുക്കുകയായിരുന്നു. ഇതിന്റെ നടത്തിപ്പിനായി ബിസ്ഫാം വെഞ്ചേഴ്‌സ് എല്‍. എല്‍.പി. എന്ന പേരില്‍ പുതിയ കമ്പനി തുടങ്ങി. ഡോ.സുള്‍ഫിക്കര്‍ അലി, അഭിലാഷ് കണ്ണൂര്‍, നൗഷാദ് വലിയപറമ്പ്, മുനീര്‍ കൊയിലാണ്ടി, സെയ്ഫുദ്ദിന്‍ കോഴിക്കോട് എന്നിവരാണ് കമ്പനിയുടെ ഭരണസമിതി അംഗങ്ങള്‍.
ചുരുങ്ങിയത് അയ്യായിരം കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന യൂണിറ്റിനെ ഒരു ഫാമാക്കും. ഇതിനു ഏഴു ലക്ഷം രൂപ ചെലവ് വരും. നടത്തിപ്പിനായി 14 പേരില്‍ നിന്നു അമ്പതിനായിരം രൂപ വീതം ഓഹരി വാങ്ങും. കിട്ടുന്ന ലാഭത്തിന്റെ 60 ശതമാനവും ഓഹരി ഉടമകള്‍ക്ക് നല്‍കും. ആറു മാസം കൂടുമ്പോള്‍ ലാഭവിഹിതം കണക്കാക്കി നല്‍കും.
തദ്ദേശീയമായി വിരിയിച്ച കോഴിക്കുഞ്ഞുങ്ങളെയാണ് ഫാമില്‍ വളര്‍ത്തുക. 40 – 45 ദിവസമായാല്‍ രണ്ടു കി. ഗ്രാം വരെ തൂക്കമെത്തും. അപ്പോള്‍ വില്‍പ്പനക്കിറക്കാം. വര്‍ഷത്തില്‍ ഏഴു തവണ വരെ ഇങ്ങനെ വിളവെടുക്കാം. പെരിന്തല്‍മണ്ണയില്‍ 12,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഫാം പാട്ടത്തിനെടുത്താണ് ആദ്യ പദ്ധതി തുടങ്ങിയത്. ഇതില്‍ 28 പേര്‍ സംരംഭകരായുണ്ട്. ഇതിനു പുറമെ പദ്ധതിയില്‍ നിക്ഷേപകരാകാന്‍ നൂറിലധികം പേര്‍ ഇതിനകം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഫാമുകള്‍ തുടങ്ങാനുള്ള ശ്രമം നടക്കുന്നു. കഴിഞ്ഞ നവംബറില്‍ 2500 കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയാണ് പെരിന്തല്‍മണ്ണ ഫാം ആരംഭിച്ചത്. ഇപ്പോഴത് പതിനായിരം കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള ശേഷി കൈവരിച്ചു കഴിഞ്ഞു.
ശുദ്ധം, സുരക്ഷിതം
ഗുണനിലവാരമുള്ള സുരക്ഷിതമായ ചിക്കന്‍ കേരളത്തില്‍ ലഭ്യമാക്കുക എന്നതാണ് ബിസ്ബിയുടെ പ്രധാന ലക്ഷ്യമെന്ന് ഡയരക്ടര്‍ മുനീര്‍ കൊയിലാണ്ടി പറയുന്നു. സ്റ്റിറോയ്ഡുകളുടെയും ഹോര്‍മോണുകളുടെയും ഉപയോഗം മൂലം ആരോഗ്യത്തിനു ഹാനികരമായി മാറുന്ന കോഴികളില്‍ നിന്നു കേരളത്തെ മോചിപ്പിക്കുക എന്ന വലിയ ലക്ഷ്യവും ഇതു മുന്നോട്ടുവെക്കുന്നു. കേരളത്തില്‍ ദിവസേന പത്തു ലക്ഷം കോഴികളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ഇതിന്റെ പത്തു ശതമാനം മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി യ്ക്ക് തമിഴ്‌നാടിനെയും കര്‍ണാടകത്തെയും ആശ്രയിക്കുന്നു. പ്രതിവര്‍ഷം 8000 കോടി രൂപയുടെ വിറ്റുവരവ് നടക്കുന്ന ഈ വ്യവസായം പക്ഷേ, അന്യസംസ്ഥാന ലോബികളുടെ നിയന്ത്രണത്തിലാണ് മുന്നോട്ടു പോകുന്നത്. തദ്ദേശീയരായ സംരംഭകര്‍ പലരും കനത്ത നഷ്ടത്തെത്തുടര്‍ന്ന് പിടിച്ചുനില്‍ക്കാനാകാതെ വ്യാപാരം ഉപേക്ഷിച്ചു. പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി അഞ്ചംഗ സമിതി നടത്തിയ പഠനത്തില്‍ നിന്നു ലഭിച്ച ഈ അറിവുകളാണ് കേരളത്തിന്റെ സഹകരണ കെട്ടുറപ്പില്‍ കോഴിക്കൃഷിസംരംഭം തുടങ്ങേണ്ട അനിവാര്യതയിലേക്ക് എത്തിച്ചതെന്നു മുനീര്‍ പറയുന്നു.
വിദേശത്തുള്ളവരടക്കം നിരവധി സംരംഭകര്‍ ഉള്‍പ്പെട്ട കൂട്ടായ്മയാണ് ബിസ്‌ബേ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ ട്രസ്റ്റ്. അതുകൊണ്ടുതന്നെ പ്രവാസി ക്ഷേമത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സംഘടന മുന്‍തൂക്കം നല്‍കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കണ്ണൂരിലേക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്താന്‍ ട്രസ്റ്റ് മുന്‍കയ്യെടുത്തിരുന്നു.
വിപണിസാധ്യത വിപുലം
സവിശേഷ ശ്രദ്ധയോടെ വളര്‍ത്തിയെടുക്കുന്ന കോഴികളെ ഫാമുകളില്‍നിന്നു നേരിട്ട് ബിസ്ബിയുടെ ഔട്ട് ലെറ്റുകളിലേക്ക് എത്തിക്കുക എന്നതാണ് അടുത്ത നടപടി. ബിസ്ബി എന്ന ബ്രാന്‍ഡ് ഈ ഔട്ട്‌ലെറ്റുകള്‍ വഴി കേരളത്തില്‍ വ്യാപകമാക്കും. പ്രത്യേക നിറം, ജീവനക്കാര്‍ക്ക് പ്രത്യേക യൂണിഫോം തുടങ്ങി ഏകീകൃത രൂപകല്‍പ്പനയുള്ള വില്‍പ്പന കേന്ദ്രങ്ങളാവും ഇവ. വിദേശ രാജ്യങ്ങളിലേതുപോലെ വൃത്തിയും മലിനീകരണ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചും സ്ഥാപിക്കുന്ന ഇത്തരം കിയോസ്‌കുകള്‍ ധാരാളം പേര്‍ക്ക് തൊഴിലവസരം ഉണ്ടാക്കും. ഇതിനകം ധാരാളം പേര്‍ ബിസ്ബി ഔട്ട്‌ലൈറ്റുകളുടെ ഫ്രാഞ്ചൈസി എടുക്കാന്‍ സന്നദ്ധരായിട്ടുണ്ട്. വിവിധ കാറ്ററിങ് സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം കേരളത്തിന്റെ തനത് ബ്രാന്‍ഡ് എന്ന നിലയില്‍ ‘ബിസ്ബി ‘ക്ക് പെട്ടെന്നു കടന്നുചെല്ലാനാകുമെന്നു സംഘാടകര്‍ കരുതുന്നു. ഖത്തറിലേക്കും സൗദിയിലേക്കും കയറ്റുമതിക്കുള്ള സാധ്യതയുമുണ്ട്. കോഴിയിറച്ചി മലയാളിയുടെ ഭക്ഷണശീലത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ സാധ്യമല്ലെന്നിരിക്കെ സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ കോഴികളുടെ വിപണന സാധ്യത വലുതാണെന്നു ഇവര്‍ വിലയിരുത്തുന്നു.
പച്ചക്കറിയും പുല്ലും നല്‍കി കോഴികളെ വളര്‍ത്തുന്നതിനായി ജൈവ ഫാം തുടങ്ങാനും കമ്പനി തയാറെടുക്കുന്നുണ്ട്. ജീവനുള്ള കോഴി, കോഴിക്കുഞ്ഞുങ്ങള്‍, പ്രത്യേകം ശീതീകരിച്ച ഇറച്ചി, ജൈവ വളം തുടങ്ങി ഈ മേഖലയിലെ അനുബന്ധ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ ബിസ്ഫാം കമ്പനി തീരുമാനിച്ചിട്ടുണ്ട്. മൊബൈല്‍ ആപ്പുകള്‍ വഴി ആവശ്യക്കാരിലേക്ക് ഡോര്‍ ഡെലിവറിയായി ചിക്കന്‍ എത്തിക്കുന്ന പദ്ധതിയും തുടങ്ങുന്നതോടെ സ്ഥിരവും വിപുലവുമായ വിപണിയില്‍ ‘ബിസ്ബി ‘ ആകര്‍ഷണീയ ഭക്ഷ്യ വിഭവമായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.