വീര്യം കുറഞ്ഞ മദ്യ ഉല്‍പാദനത്തിന് സഹകരണ സംഘങ്ങള്‍ക്കും അപേക്ഷിക്കാം; ചട്ടത്തിന് കരടായി
പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കുന്നതിന് സഹകരണ സംഘങ്ങള്‍ക്കും അപേക്ഷ നല്‍കാം. നേരത്തെ കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ സഹകരണ ബാങ്ക് നല്‍കിയ അപേക്ഷ സര്‍ക്കാര്‍ തള്ളിയിരുന്നു. അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താത്തതാണ് കാരണം. വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതിനുള്ള വ്യവസ്ഥകള്‍ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതാണ് പയ്യാവൂര്‍ സഹകരണ ബാങ്കിന് ഉല്‍പാദന യൂണിറ്റ് തുടങ്ങാന്‍ തടസ്സമായത്.
അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്താനുള്ള കരട് തയ്യാറാക്കി കഴിഞ്ഞു. ഇത് അംഗീകരിച്ചുള്ള വിജ്ഞാപനം ഉടന്‍ ഇറങ്ങും. കശുമാങ്ങയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റിനുള്ള അനുമതിയാണ് പയ്യാവൂര്‍ സഹകരണ ബാങ്ക് തേടിയിരുന്നത്. എന്നാല്‍, കരട് ചട്ടം അനുസരിച്ച് കൈതച്ചക്ക, കശുമാങ്ങ, പേരയ്ക്ക, മാങ്ങ, ചക്ക, പപ്പായ, കരിമ്പ്, ഉരുളക്കിഴങ്ങ്, ഏത്തയ്ക്ക, ആപ്പിള്‍, ജാതിക്ക, മത്തങ്ങ, തക്കാളി എന്നിവയില്‍ നിന്നെല്ലാം വൈന്‍ ഉല്‍പാദിപ്പിക്കുന്നതിന് അനുമതി നല്‍കാമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ വൈനിന് പരമാവധി വീര്യം 15.5 ശതമാനം ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഇതുപ്രകാരം ചെറുകിട യൂണിറ്റുകള്‍ തുടങ്ങാന്‍ അപേക്ഷ നല്‍കാം. വില്‍പ്പന ബിവറേജസ് വഴി. അസംസ്‌കൃതവസ്തുക്കളെയും നിര്‍മാണശൈലിയെയും ആശ്രയിച്ച് പരമാവധി 15.5 ശതമാനം വീര്യമാകാം. പുറമേ സ്പിരിറ്റ് ചേര്‍ക്കാനാകില്ല. എക്‌സൈസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകും നിര്‍മ്മാണം. ഓരോ ബാച്ച് ഉത്പന്നങ്ങളും കെമിക്കല്‍ എക്‌സാമിനര്‍ ലാബില്‍ പരിശോധിച്ച ശേഷമാകും വില്‍പ്പനാനുമതി. മധുരമുള്ളതും ഇല്ലാത്തതും അടക്കം നാലുതരം വൈനുകള്‍ക്കാണ് നിര്‍മ്മാണാനുമതി. സോഡപോലെ കാര്‍ബണ്‍ഡയോക്‌സൈഡ് നിറച്ചും ഇല്ലാതെയും വില്‍ക്കാം.
നിര്‍മ്മാണ യൂണിറ്റുകള്‍ക്കു മാനദണ്ഡങ്ങളുണ്ട്. മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ലൈസന്‍സ് ലഭിക്കില്ല. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് അപേക്ഷ പരിഗണിക്കുക. കൃഷി അസി. ഡയറക്ടര്‍, ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍, പൊതുമരാമത്തുവകുപ്പ് അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ സമിതിയിലുണ്ടാകും.
നിര്‍മാണയൂണിറ്റിന്റെ വിവിധവശങ്ങള്‍ പരിശോധിച്ച് ഇവര്‍ റിപ്പോര്‍ട്ട് നല്‍കണം. എക്‌സൈസ് കമ്മിഷണറാകും ലൈസന്‍സ് നല്‍കുക. അരലക്ഷം രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീസ്. ബോട്ട്‌ലിങ് യൂണിറ്റിന് 5,000 രൂപയും ഈടാക്കും. അസംസ്‌കൃതവസ്തുക്കള്‍ ശേഖരിക്കാനും തരംതിരിക്കാനും പ്രത്യേകസ്ഥലമുണ്ടാകും. പുളിപ്പിക്കുന്നതിനും കുപ്പിയില്‍ നിറയ്ക്കുന്നതിനും വേറെ ക്രമീകരണം വേണം. ഉത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ വെയര്‍ഹൗസ് ഒരുക്കണം.
[mbzshare]