ലാഡര്‍ സിനിമാ നിര്‍മാണ, വിതരണ രംഗത്തേക്ക്

[mbzauthor]

സഹകരണ രംഗത്തെ പ്രമുഖ സ്ഥാപനമായ കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ( ലാഡര്‍ ) സിനിമാ നിര്‍മാണ രംഗത്തേക്കു കടക്കുന്നു. കുറഞ്ഞ ചെലവില്‍, സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനുമാണു ലാഡര്‍ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് രജിസ്ട്രാറുടെ അനുമതിക്കായി സഹകരണ മന്ത്രിക്കു സംഘം അപേക്ഷ നല്‍കിക്കഴിഞ്ഞു.

സംസ്ഥാനം മുഴുവന്‍ പരിധിയായി 2012 ഒക്ടോബര്‍ 24 നു പ്രവര്‍ത്തനമാരംഭിച്ച ലാഡര്‍ പലവക വിഭാഗത്തില്‍പ്പെട്ട ഒരു ഫെഡറല്‍ സഹകരണ സംഘമാണ്. അപ്പാര്‍ട്ടുമെന്റുകള്‍, ഫ്‌ളാറ്റുകള്‍, വില്ലകള്‍ എന്നിവ നിര്‍മിച്ച് അംഗങ്ങള്‍ക്കു മിതമായ നിരക്കില്‍ നല്‍കുക, വ്യാപാര സമുച്ചയങ്ങള്‍, ടൗണ്‍ഷിപ്പുകള്‍, ഹോളിഡേ റിസോര്‍ട്ടുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവ നിര്‍മിക്കുക തുടങ്ങിയവയാണു സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

2813 അംഗങ്ങളും 3.9 കോടി രൂപ ഓഹരി മൂലധനവും 580.04 കോടി രൂപ നിക്ഷേപവുമുള്ള സംഘം ഇതുവരെ 330 കോടി രൂപയുടെ ആറു പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 110 കോടി രൂപയുടെ രണ്ടു പ്രോജക്ടുകള്‍ നിര്‍മാണഘട്ടത്തിലാണ്. 90 കോടിയുടെ രണ്ടു പ്രോജക്ടുകള്‍ ഈ വര്‍ഷം തുടങ്ങും. പി.ഡബ്ല്യൂ.ഡി. യുടെ എ ക്ലാസ് ലൈസന്‍സുള്ള സംഘം 13.17 കോടി രൂപയുടെ 11 കരാര്‍ വര്‍ക്കുകളില്‍ പത്തെണ്ണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സംഘത്തിന്റെ ഉടമസ്ഥതയില്‍ മഞ്ചേരിയിലുള്ള ഇന്ത്യന്‍ മാളില്‍ ഷോപ്പുകള്‍ക്കു പുറമേ 504 സീറ്റുള്ള അഞ്ചു മള്‍ട്ടിപ്ലക്‌സ് തിയേറ്ററുറുകളുണ്ട്. ഒറ്റപ്പാലത്ത് 920 സീറ്റുള്ള മൂന്നു മള്‍ട്ടിപ്ലസ് തിയേറ്ററുകളുടെ നിര്‍മാണം പൂര്‍ത്തിയായിവരുന്നു. കായംകുളത്ത് 616 സീറ്റും കോഴിക്കോട് മീഞ്ചന്തയില്‍ 600 സീറ്റുമുള്ള നാലു മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ വീതം നിര്‍മിക്കാനുള്ള അപേക്ഷ നല്‍കിയിരിക്കുകയാണ്.

ഒരു വര്‍ഷം പരമാവധി നാലരക്കോടി രൂപ വീതമുള്ള നാലു സിനിമകള്‍ നിര്‍മിക്കാനാണു സംഘം ഉദ്ദേശിക്കുന്നത്. സിനിമാ തിയേറ്ററുകളിലൂടെയുള്ള ടിക്കറ്റ് കളക്ഷന്‍, ഒ.ടി.ടി., ഓവര്‍സീസ് റൈറ്റ്‌സ്, ഡി.ടി.എച്ച്, കേബിള്‍ ടി.വി.- ഇന്റര്‍നെറ്റ് – ഓഡിയോ റൈറ്റ്‌സ് എന്നിവ വഴിയും ലാഡറിനു വരുമാനമുണ്ടാനാവുമെന്നു ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.