ലക്ഷ്യത്തിലെത്താത്ത സഹകരണ സ്വപ്‌നങ്ങള്‍

[mbzauthor]

– കിരണ്‍ വാസു

2021-22 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച കെയ്ക് എന്താണെന്നു സഹകരണ സംഘങ്ങള്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും മനസ്സിലായോ എന്നു സംശയമാണ്. കേരള ബാങ്കിനു വായ്പ വിതരണം
ചെയ്യാനുള്ള ഒരു വായ്പാ സ്‌കീം മാത്രമായി കെയ്ക് പദ്ധതി പരിമിതപ്പെട്ടുവെന്നാണു
പദ്ധതിയുടെ പ്രഖ്യാപനം നടന്ന് ഒരു വര്‍ഷത്തിനു ശേഷം ബോധ്യപ്പെടുന്നത്.
കാര്‍ഷിക അനുബന്ധ മേഖലയില്‍ സാങ്കേതിക പരീക്ഷണത്തിനുകൂടി
അവസരമൊരുക്കുന്നതാണ് ഇക്കൊല്ലത്തെ ബജറ്റിലെ കോ-ഓപ്പറേറ്റീവ് ഇന്‍ ടെക്നോളജി
ഡ്രിവണ്‍ അഗ്രിക്കള്‍ച്ചര്‍ എന്ന പദ്ധതി. പേരില്‍ മാത്രമാണ് ഇതില്‍ പുതുമയുള്ളത്.
കെയ്ക്കിലൂടെയും കോ-ഓപ് മാര്‍ട്ടിലൂടെയും ലക്ഷ്യമിട്ട അതേ കാര്യങ്ങള്‍ക്കാണ്
ഈ പദ്ധതിയും ഊന്നല്‍ നല്‍കുന്നത്. എന്തുകൊണ്ടാണു നമ്മുടെ ബജറ്റുകളിലെ
സഹകരണസ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാവാത്തത് ?

ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള ആസൂത്രണവും നിര്‍വഹണ സാധ്യതകളും ലഭ്യമാകുന്ന സാമ്പത്തിക സ്രോതസ്സിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നതാണു ബജറ്റ് എന്നു പൊതുവായി പറയാം. അതൊരു മാര്‍ഗരേഖയാണ്. ഓരോ പദ്ധതിയും പിറക്കുന്നതു പഠനത്തിന്റെയും ഭാവനാത്മകമായ കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ്. അതു ബജറ്റിലുള്‍പ്പെടുത്തുമ്പോള്‍ അതിനൊരു സാമ്പത്തിക നീക്കിയിരിപ്പ് ഉണ്ടാകുന്നു. അതുപയോഗിച്ച് ക്രിയാത്മകമായി പദ്ധതിനിര്‍വഹണം നടത്തി ഉദ്ദേശിച്ച ലക്ഷ്യം നേടിയെടുക്കുകയാണ് ഒരു ഭരണസംവിധാനത്തില്‍ ചെയ്യാനുള്ളത്. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി സഹകരണ മേഖലയെക്കുറിച്ചുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ ഏറെയും സ്വപ്‌നങ്ങളാണ്. മനോഹരമായ പദ്ധതിനിര്‍ദേശങ്ങള്‍ പ്രായോഗികതയില്ലാതെ നടപ്പാക്കി ലക്ഷ്യത്തിലെത്താതെ അവസാനിക്കുന്നുവെന്നതാണു സഹകരണ മേഖലയിലെ അനുഭവം.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ നിര്‍ദേശിച്ച കോ-ഓപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ കേരള എന്ന കെയ്ക്കും ഇപ്പോഴത്തെ ബജറ്റില്‍ നിര്‍ദേശിച്ച സാങ്കേതികാധിഷ്ഠിത കൃഷിയുടെ സഹകരണ പങ്കാളിത്തവുമെല്ലാം മനോഹരമായ സ്വപ്‌നങ്ങളുടെ പദ്ധതിനിര്‍വഹണ ആസൂത്രണമാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. കേരളത്തില്‍ സഹകരണ സംഘങ്ങള്‍ മൂലധന ശേഷികൊണ്ടും പ്രവര്‍ത്തന വ്യാപ്തികൊണ്ടും ശക്തമാണ്. ഒരു തദ്ദേശ സ്ഥാപനത്തില്‍ പത്തിലേറെ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. ഇവയാകെ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നവിധത്തില്‍ ഒരു പദ്ധതി രൂപപ്പെട്ടാല്‍ അതു വലിയ പരിവര്‍ത്തനത്തിനു വഴിയൊരുക്കും. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച കെയ്ക് ഈ അര്‍ഥത്തില്‍ വലിയ സ്വപ്‌നമായി കൊണ്ടുവന്നതാണ്. സഹകരണ മേഖലയില്‍ നടപ്പാക്കാനായി ആസൂത്രണ ബോര്‍ഡ് തയാറാക്കുന്ന പല പദ്ധതികളിലും സമീപകാലത്തായി ഈ മാറ്റം പ്രകടമാണ്. അതു പ്രായോഗിക തലത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണു പരാജയപ്പെടുന്നത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കെയ്ക് എന്താണെന്നു സഹകരണ സംഘങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മനസ്സിലായോ എന്നുപോലും സംശയമാണ്. കേരള ബാങ്കിനു വായ്പ വിതരണം ചെയ്യാനുള്ള ഒരു വായ്പാ സ്‌കീം മാത്രമായി കെയ്ക് പദ്ധതി പരിമിതപ്പെട്ടുവെന്നാണു പദ്ധതി പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിനു ശേഷം വിലയിരുത്തുമ്പോള്‍ ബോധ്യപ്പെടുന്നത്.

വലിയ ലക്ഷ്യത്തോടെയാണു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സഹകരണത്തില്‍ സാങ്കേതികാധിഷ്ഠിത കൃഷി എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച കെയ്ക്, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ കോ-ഓപ്പറേറ്റീവ് പ്രൊഡക്ട് ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് ( കോ-ഓപ് മാര്‍ട്ട് പദ്ധതി) എന്നീ രണ്ടുപദ്ധതികളെയും ജീവന്‍വെപ്പിക്കുന്നതാണു പുതിയ പദ്ധതി. കഴിഞ്ഞ രണ്ടു പദ്ധതികള്‍ക്കും നിര്‍വഹണത്തില്‍ സംഭവിച്ച മാന്ദ്യം പുതിയ പദ്ധതിക്കുമുണ്ടായാല്‍ ബജറ്റ് പ്രഖ്യാപനം സഹകരണ സ്വപ്‌നമായി അവശേഷിക്കും. അതില്ലാതിരിക്കാന്‍ എന്താണു പദ്ധതി എന്നും അതിന്റെ സാധ്യതകളും ലക്ഷ്യവും എന്തെന്നും സഹകരണ സംഘങ്ങളും വകുപ്പ് ജീവനക്കാരും ഉള്‍ക്കൊള്ളേണ്ടതുണ്ട്. സഹകരണ മേഖല ഇന്നു നേരിടുന്ന പ്രതിസന്ധിയും നാളെ ഉണ്ടായേക്കാവുന്ന അപകടങ്ങളും ഇതിനെയൊക്കെ മറികടക്കാനുള്ള സാധ്യതകളും ഈ പദ്ധതികളുടെ ആസൂത്രണത്തില്‍ പരിശോധിച്ചിട്ടുണ്ടെന്ന് അതിനെ അടുത്തറിയുമ്പോള്‍ ബോധ്യപ്പെടും. അതുണ്ടായാല്‍ മാത്രമേ പദ്ധതിനിര്‍വഹണം ശരിയായ രീതിയില്‍ സാധ്യമാകൂ.

എന്തായിരുന്നു
കെയ്ക് ലക്ഷ്യമിട്ടത് ?

കാര്‍ഷികോല്‍പ്പാദനം കൂടിയതുകൊണ്ടുമാത്രം കര്‍ഷകനു വരുമാനം വര്‍ധിക്കുകയും അവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുകയും ചെയ്യില്ലെന്ന ബോധ്യത്തില്‍ നിന്നാണു കോ-ഓപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ കേരള ( കെയ്ക് ) എന്ന പദ്ധതിയുടെ ആസൂത്രണം തുടങ്ങുന്നത്. പലിശരഹിതമായും കുറഞ്ഞ പലിശയ്ക്കും കാര്‍ഷിക വായ്പ നല്‍കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിനു പുറമെ ഭക്ഷ്യസ്വയംപര്യാപ്ത കേരളം എന്ന ലക്ഷ്യത്തിനായി ‘സുഭിക്ഷ കേരളം’ പോലുള്ള പദ്ധതികളുമുണ്ടായി. ഇതിന്റെ ഫലമായി കേരളത്തില്‍ കാര്‍ഷികോല്‍പ്പാദനം ഗണ്യമായി കൂടി. പക്ഷേ, കാര്‍ഷിക വിളകള്‍ക്കു വിലത്തകര്‍ച്ചയുണ്ടാക്കി എന്നതാണ് ഈ ഉല്‍പ്പാദന വര്‍ധനവിന്റെ പരിണിതി. കര്‍ഷകനു വരുമാനം കൂടിയില്ല. വിലത്തകര്‍ച്ച പലപ്പോഴും നഷ്ടത്തിനു കാരണമാവുകയും ചെയ്തു. പഴം, പച്ചക്കറികള്‍ക്കു സര്‍ക്കാര്‍ തറവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതുറപ്പാക്കാന്‍ സംഭരണ സംവിധാനമുണ്ടായില്ല. ഒരുപരിധിക്കപ്പുറം കൃഷിവകുപ്പിനു സംഭരിക്കാനുള്ള ശേഷിയില്ല. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണു ‘കെയ്ക്’ പദ്ധതിക്ക് രൂപം നല്‍കിയത്.

കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനത്തിനല്ല സംസ്‌കരണത്തിനും വിപണന സംവിധാനം ഒരുക്കുന്നതിനുമുള്ള മൂലധന നിക്ഷേപത്തിനാണു പ്രാധാന്യം നല്‍കേണ്ടതെന്ന പുതിയ കാഴ്ചപ്പാടാണ് കെയ്ക് മുന്നോട്ടുവെച്ചത്. ഉല്‍പ്പാദനത്തിനൊപ്പം കര്‍ഷകനു വരുമാനം കൂടാന്‍ വിപണിയും സംസ്‌കരണ-മൂല്യവര്‍ധിത യൂണിറ്റുകളും വിപുലപ്പെടേണ്ടതുണ്ട്. ഇതിനായി ‘സഹകരണ ഫണ്ടിങ്’ ഉപയോഗപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതിയാണു കെയ്ക്. പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയും ഉപയോഗപ്പെടുത്തി അഞ്ചു വര്‍ഷത്തിനുള്ളില്‍ 10,000 കോടിയുടെ നിക്ഷേപമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നബാര്‍ഡില്‍നിന്നു പുനര്‍വായ്പ സ്‌കീമില്‍ പണം കണ്ടെത്തുകയും സഹകരണ ബാങ്കുകളിലൂടെ കാര്‍ഷിക-അനുബന്ധ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനു പണം ചെലവഴിപ്പിക്കുകയുമാണു ലക്ഷ്യം. ഇതിനു സര്‍ക്കാര്‍ പലിശയിളവ് നല്‍കും.

പ്രാദേശിക വിപണികള്‍, ഗോഡൗണുകള്‍, കോള്‍ഡ് ചെയിന്‍ സൗകര്യം, പഴംസംസ്‌കരണ യൂണിറ്റുകള്‍, പഴം-പച്ചക്കറി മാര്‍ക്കറ്റുകള്‍, ആധുനിക മത്സ്യ വിപണന സൗകര്യങ്ങള്‍, ശുചിത്വമുള്ള മത്സ്യ-ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍, പച്ചക്കറി-പാല്‍ സംസ്‌കരണ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റിങ് മേഖലയിലെ മറ്റ് ഇടപെടലുകള്‍ എന്നിവയെല്ലാം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു നേരിട്ട് ഏറ്റെടുത്തും വ്യക്തിഗത വായ്പ നല്‍കിയും നിര്‍വഹിക്കാം. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു നാലു ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍നിന്നുള്ള പുനര്‍വായ്പ കേരള ബാങ്ക് വഴി ലഭ്യമാക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2000 കോടി രൂപയാണ് ഇത്തരത്തില്‍ കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനാനന്തരമുള്ള അടിസ്ഥാന സൗകര്യത്തിനു ചെലവിടാന്‍ ലക്ഷ്യമിട്ടത്. അഞ്ചു വര്‍ഷം കൊണ്ട് 10,000 കോടിയെന്നത് ഒരു പരിധിയായി കണക്കാക്കുന്നില്ല. കാര്‍ഷിക-അനുബന്ധ മേഖലയില്‍ എത്രത്തേളം പദ്ധതികള്‍ ഏറ്റെടുക്കുന്നുവോ അത്രയും മൂലധന നിക്ഷേപത്തിനു വഴിയൊരുക്കുക എന്നതാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കേരള ബാങ്കിനെയും മറ്റു വാണിജ്യ ബാങ്കുകളെയും ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതിനിര്‍വഹണം നടത്തുമെന്നു പ്രഖ്യാപിച്ചത്. വാണിജ്യബാങ്കുകള്‍ക്ക് ഇതിനായി ഒരു സ്‌കീം സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ ഉണ്ടായില്ല. ഈ പദ്ധതി നിര്‍ദേശിച്ച സംരംഭങ്ങള്‍ പ്രാദേശിക തലത്തില്‍ അനിവാര്യമായ കാര്യങ്ങളായതുകൊണ്ട് എല്ലാ സഹകരണ സംഘങ്ങളും അതിനു സന്നദ്ധമാകേണ്ടതാണ്. കേരള ബാങ്കുവഴി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു പണം നല്‍കുന്നതിനു പുതിയ സംവിധാനം ഒരുക്കേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ ലക്ഷ്യമിട്ട 2000 കോടി രൂപയും കേരള ബാങ്കുവഴി വിതരണം ചെയ്യാനാവുന്നതേയുള്ളൂ. ശരിക്കും സഹകരണത്തിന്റെ ശക്തി തെളിയാക്കാനാകുന്ന അവസരമായിരുന്നു ഇത്. പക്ഷേ, ഈ പദ്ധതിക്കായി കേരള ബാങ്ക് നല്‍കിയ വായ്പയുടെ കണക്ക് പരിശോധിക്കുമ്പോഴാണു ‘ബജറ്റ് നിര്‍ദേശം ഒരു സ്വപ്‌നം മാത്രമാണ്’ എന്ന തിരിച്ചറിവ് നമുക്കുണ്ടാകുന്നത്. 49 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കായി 85.65 കോടി രൂപയാണ് ഈ പദ്ധതിക്കു കീഴില്‍ കേരളബാങ്ക് നല്‍കിയ വായ്പ. ഇതില്‍ മലപ്പുറം ജില്ലയില്‍ വായ്പ നല്‍കിയിട്ടുമില്ല. ഒരു സംസ്ഥാനത്തിലെ കാര്‍ഷിക മേഖലയില്‍ നടത്തുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതിയില്‍നിന്ന് ഒരു ജില്ലയെ മാറ്റിനിര്‍ത്തുന്നത് എത്ര നീതിയുക്തമാണെന്ന കാര്യവും ഇതിനൊപ്പം പരിശോധിക്കേണ്ടതുണ്ട്. മലപ്പുറം ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ അപ്പക്‌സ് സംഘം ജില്ലാ സഹകരണ ബാങ്കാണ്. കേരള ബാങ്ക് ജില്ലാ ബാങ്കുവഴിയെങ്കിലും ഈ പദ്ധതിക്കു വായ്പ നല്‍കേണ്ടതാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. സഹകരണ വകുപ്പിനും ഇതിലൊരു പ്രശ്‌നവും തോന്നിയില്ലെന്നത് അത്ഭുതമാണ്. വായ്പയുടെ തോതും വിതരണത്തിലെ സങ്കുചിത ബോധവുമെല്ലാം കാണിക്കുന്നതു പദ്ധതി ആസൂത്രണം ചെയ്തവര്‍ക്കുള്ള ഉള്‍ക്കാഴ്ച അതിന്റെ നിര്‍വഹണച്ചുമതലയുള്ളവര്‍ക്ക് ഉണ്ടായില്ല എന്നാണ്.

കോ-ഓപ് മാര്‍ട്ട്
വിപണന ശൃംഖല

‘ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് പ്രൊഡക്ട്’ എന്ന പദ്ധതി 2019 ലാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വായ്‌പേതര സഹകരണ സംഘങ്ങള്‍ക്കായി ക്രിയാത്മകമായ ഒരു പദ്ധതി ആദ്യമായാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ പദ്ധതി ആസൂത്രണത്തിനു പിന്നിലും വലിയ ലക്ഷ്യമായിരുന്നു. കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കു ചെറുതും വലുതുമായ ഒട്ടേറെ ഉല്‍പ്പന്നങ്ങളുണ്ട്. അവ മായം ചേര്‍ക്കാത്തതും ഗുണനിലവാരമുള്ളവയുമാണ്. ലാഭക്കൊതിയിലല്ല സഹകരണ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് അതിനു കാരണം. എന്നാല്‍, ഈ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും അതതു സംഘത്തിന്റെ പ്രവര്‍ത്തനപരിധിയിലും സമീപ പ്രദേശങ്ങളിലും മാത്രമായി ഒതുങ്ങിപ്പോവുകയാണു ചെയ്യുന്നത്. മാത്രവുമല്ല, ഒരു പൊതു ബ്രാന്‍ഡിങ് ഇവയ്ക്കില്ല. ഇതു പരിഹരിക്കാനാണു പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സഹകരണ ഉല്‍പ്പന്നങ്ങള്‍ക്ക് ഐ.എസ്.ഐ. മാതൃകയില്‍ ‘കോ-ഓപ് കേരള’ ബ്രാന്‍ഡിങ് കൊണ്ടുവന്നു. ഇവയുടെ വിപണനത്തിനായി എല്ലാ പഞ്ചായത്തിലും കോ-ഓപ് മാര്‍ട്ട് എന്ന പേരില്‍ വിപണന ശൃംഖല ഒരുക്കാനും പദ്ധതി വിഭാവന ചെയ്തു.

ഈ പദ്ധതി എങ്ങനെ നടപ്പാക്കണം എന്ന ആലോചനയിലായിരുന്നു വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുവരെ. അങ്ങനെ നാലു സഹകരണ സംഘങ്ങള്‍ക്കായി നിര്‍വഹണച്ചുമതല നല്‍കി. അതില്‍ രണ്ടെണ്ണം മാര്‍ക്കറ്റിങ് സംഘമായിരുന്നു. എന്താണ് അവര്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ടത് എന്നതു സംബന്ധിച്ച് ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്തു നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി എല്ലാ പഞ്ചായത്തിലും കോ-ഓപ് മാര്‍ട്ട് തുടങ്ങുമെന്നു പ്രഖ്യാപിച്ചു. പ്രഖ്യാപനം നടപ്പാക്കാന്‍ വേണ്ടിമാത്രമായി സംസ്ഥാനത്തു നാലു കോ-ഓപ് മാര്‍ട്ടുകള്‍ തുറന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ എല്ലാ ജില്ലയിലും ഒരു കോ-ഓപ് മാര്‍ട്ട് എന്ന നിലയിലായി. പക്ഷേ, പദ്ധതി എന്താണോ വിഭാവന ചെയ്തത് അതു നടപ്പായിട്ടില്ല. സഹകരണ ഉല്‍പ്പന്നങ്ങള്‍ ഏകോപിപ്പിക്കാനോ വിതരണം ചെയ്യാനോ സംവിധാനമുണ്ടായില്ല. പദ്ധതിക്കു നിര്‍വഹണ ഏജന്‍സിയുമില്ല. ഒടുവില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് സഹകരണ സംഘമായ എന്‍.എം.ഡി.സി. കോ-ഓപ് മാര്‍ട്ട് പദ്ധതിയുടെ നിര്‍വഹണച്ചൂമതല ഏറ്റെടുത്തു. അതിനു മുന്നോടിയായി ‘കോ-ഓപ് മാര്‍ട്ട് സഹകരണ വിപണിയുടെ ഉദയം’ എന്ന പേരില്‍ എന്‍.എം.ഡി.സി. ഒരു പദ്ധതിരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ ‘ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് പ്രൊഡക്ട്’ എന്ന പദ്ധതി എന്താകണമെന്ന് ഈ രേഖയില്‍ പറയുന്നുണ്ട്. പക്ഷേ, അതുകൊണ്ട് പൂര്‍ണമായില്ല. 2019 ല്‍ ആസൂത്രണം ചെയ്ത പദ്ധതി 2022 ലും ആസൂത്രണത്തില്‍ത്തന്നെ നില്‍ക്കുകയാണ് എന്നതാണു സ്ഥിതി. ബജറ്റ് പ്രഖ്യാപിച്ച ഈ ‘സ്വപ്‌നം’ യാഥാര്‍ഥ്യത്തിലേക്ക് എത്താന്‍ മൂന്നു വര്‍ഷം വേണ്ടിവന്നു എന്നതാണു പ്രധാനം.

ഇനി സാങ്കേതിക
പരീക്ഷണവും

കാര്‍ഷിക അനുബന്ധ മേഖലയില്‍ സാങ്കേതിക പരീക്ഷണത്തിനുകൂടി അവസരമൊരുക്കുന്നതാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ച കോ-ഓപ്പറേറ്റീവ് ഇന്‍ ടെക്നോളജി ഡ്രിവണ്‍ അഗ്രിക്കള്‍ച്ചര്‍ എന്ന പുതിയ പദ്ധതി. പേരില്‍ മാത്രമാണ് ഈ പദ്ധതിയിലും പുതുമയുള്ളത്. കെയ്ക്കിലൂടെയും കോ-ഓപ് മാര്‍ട്ടിലൂടെയും ലക്ഷ്യമിട്ട അതേ കാര്യങ്ങള്‍ക്കാണ് ഈ പദ്ധതിയും ഊന്നല്‍ നല്‍കുന്നത്. കാര്‍ഷിക രംഗത്തു സംഭരണം, വിപണനം, മൂല്യവര്‍ധന എന്നിവയില്‍ സഹകരണ സംഘങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി ഇടപടേണ്ടതുണ്ട് എന്നാണു പദ്ധതി പ്രഖ്യാപനത്തിനുള്ള ആമുഖമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിശദീകരിച്ചത്. 22.5 കോടി രൂപയാണു കോ-ഓപ്പറേറ്റീവ് ഇന്‍ ടെക്നോളജി ഡ്രിവണ്‍ അഗ്രിക്കള്‍ച്ചര്‍ എന്ന പദ്ധതിക്കു നീക്കിവച്ചിട്ടുള്ളത്.

ആധുനിക സൗകര്യങ്ങളോടുകൂടിയ സംഭരണം, നിലവാരമനുസരിച്ച് തരംതിരിക്കല്‍, ശീതീകരണിയില്‍ സൂക്ഷിക്കല്‍, ഇ-നാംമുമായി ബന്ധിപ്പിക്കല്‍, കര്‍ഷക ഉല്‍പ്പാദക സംഘങ്ങളെ പ്രോത്സാഹിപ്പിക്കല്‍, മൂല്യവര്‍ധന തുടങ്ങിയ സൗകര്യങ്ങളുള്ള വിപണി ഒരു പഞ്ചായത്തില്‍ ഒന്ന് എന്ന കണക്കില്‍ സ്ഥാപിക്കുകയാണു ലക്ഷ്യം. ഈ വിപണിയൊരുക്കലാണു കോ-ഓപ് മാര്‍ട്ട് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ആ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ വിളവെടുപ്പിനുശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതാണു കെയ്ക് എന്ന പദ്ധതി. അതും തുടരുമെന്ന് ഈ ബജറ്റ് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. ഇതിനൊപ്പമാണു കാര്‍ഷിക അനുബന്ധ മേഖലയില്‍ സാങ്കേതിക അധിഷ്ഠിത കൃഷി എന്ന പദ്ധതി അവതരിപ്പിക്കുന്നത്. ഈ മൂന്നു പദ്ധതിയും സഹകരണ മേഖലയിലൂടെ സമൂഹത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന വലിയ സ്വപ്‌നത്തിന്റെ ആസൂത്രണങ്ങളാണ്.

അതേസമയം, ഇക്കാര്യങ്ങളൊന്നും സഹകരണ മേഖലയിലേക്ക് എത്തിക്കാനും സംഘങ്ങള്‍ക്ക് ഇതു സംബന്ധിച്ച് അവബോധം നല്‍കാനും സഹകരണ വകുപ്പിനു കഴിഞ്ഞിട്ടില്ല. അതാണു കഴിഞ്ഞ മൂന്നു വര്‍ഷമായി ബജറ്റ് മുന്നോട്ടുവെക്കുന്ന സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക് എത്തിക്കാനാകാത്തത്. നടപ്പാക്കികൊണ്ടിരിക്കുന്ന പദ്ധതികളായ കെയ്ക്കും കോ-ഓപ് മാര്‍ട്ടും എന്താണോ ആസൂത്രണം ചെയ്തത് അതില്‍നിന്നു വിഭിന്നമായാണു നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്നതും പ്രധാനമാണ്. ഈ സാഹചര്യത്തില്‍ പുതിയ പദ്ധതിനിര്‍വഹണത്തില്‍ പ്രത്യേക ശ്രദ്ധ സഹകരണ വകുപ്പിന് ഉണ്ടാകേണ്ടതുണ്ട്. എല്ലാ പഞ്ചായത്തിലും കോ-ഓപ് മാര്‍ട്ട്, അതിലേക്ക് പ്രാദേശികാടിസ്ഥാനത്തില്‍ ഭക്ഷ്യസംസ്‌കരണ, മൂല്യവര്‍ധിത ഉല്‍പ്പാദന യൂണിറ്റുകള്‍, ആ യൂണിറ്റുകള്‍ക്കാവശ്യമായ യന്ത്രങ്ങള്‍ ഒരുക്കല്‍, ആ യൂണിറ്റുകളിലേക്കു കാര്‍ഷിക വിളകള്‍ എത്തിക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യമുണ്ടാക്കല്‍, കാര്‍ഷിക വിളകള്‍ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് സംഭരിക്കല്‍, കൃഷി വ്യാപിപ്പിക്കാന്‍ ഗ്രൂപ്പ് കൃഷിപ്രോത്സാഹിപ്പിക്കല്‍, വിളകള്‍ അടിസ്ഥാനമാക്കി കര്‍ഷക ക്ലസ്റ്ററുകള്‍ രൂപവത്കരിക്കല്‍ – ഇതാണു സഹകരണ വകുപ്പ് കുറച്ചു വര്‍ഷങ്ങളായി പ്രഖ്യാപിച്ച വിവിധ പദ്ധതികളിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍. ഇതിനെല്ലാം പ്രാഥമിക സഹകരണ ബാങ്കുകളിലൂടെയും കേരള ബാങ്കിലൂടെയും വായ്പ ഉറപ്പാക്കുകയും കോ-ഓപ് മാര്‍ട്ടിന്റെ നടത്തിപ്പ് ചുമതലയുള്ള എന്‍.എം.ഡി.സി.യിലൂടെ വിപണി ഉറപ്പാക്കുകയുമാണു വേണ്ടത്. ഉല്‍പ്പാദനക്ഷമതയുള്ള വായ്പകള്‍ക്ക്് ഊന്നല്‍ നല്‍കുമ്പോള്‍ സഹകരണ ബാങ്കുകള്‍ക്കു കുടിശ്ശിക ഇല്ലാതാകും. ഉല്‍പ്പന്നങ്ങള്‍ക്കു വിപണി ഉറപ്പാക്കുന്നതോടെ ലാഭക്ഷമതയുള്ള സംരംഭങ്ങളുണ്ടാകും. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളെല്ലാം ന്യായവിലയ്ക്കു വിറ്റഴിക്കാനാകും. ഈ ലക്ഷ്യത്തിലേക്ക് എത്താനുള്ള നടപടികളാണ് ഇനി സഹകരണ വകുപ്പ് സ്വീകരിക്കേണ്ടത്.

[mbzshare]

Leave a Reply

Your email address will not be published.