റിസര്‍വ് ബാങ്ക് നീക്കത്തിനെതിരെ സഹകരണ സംരക്ഷണ സമിതി രൂപീകരിച്ചു
റിസര്‍വ് ബാങ്കിനെ ഉപയോഗിച്ച് സഹകരണമേഖല കൈപ്പിടിയിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാനത്ത് സഹകരണ സംരക്ഷണ സമിതി രൂപീകരിച്ചു. സഹകാരികളുടെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെയും യോഗത്തിലായിരുന്നു രൂപീകരണം. കോണ്‍ഗ്രസ് നേതാവ് കരംകുളം കൃഷ്ണപിള്ള ചെയര്‍മാനും പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.ജോയി എംഎല്‍എ കണ്‍വീനറുമാണ്.
ആര്‍ബിഐ നിലപാടിനെതിരെ സമിതിയുടെ നേതൃത്തില്‍ ജനകീയ പ്രചാരണം നടത്തുമെന്നും ഹകരണമേഖല കൈപ്പിടിയിലാക്കാനുള്ള റിസര്‍വ് ബാങ്ക് നീക്കത്തിനെതിരെ നിയമപോരാട്ടത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും സഹകരണ മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ആര്‍ബിഐ പരസ്യം തെറ്റിധാരണയുണ്ടാക്കുന്നതാണ്. അംഗത്വത്തിലെ തരംതിരിവ് വേണ്ടെന്നു സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ട്. ആര്‍ബിഐ തീട്ടൂരം പുറപ്പെടുവിക്കേണ്ട. കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ഗ്യാരന്റി കോര്‍പറേഷനില്‍നിന്ന് നയാപൈസ കേരളത്തിലെ നിക്ഷേപകന് കിട്ടിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിനുകീഴില്‍ സഹകരണ നിക്ഷേപ ഗ്യാരന്റി സ്‌കീമുണ്ട്. രണ്ടുലക്ഷം രൂപവരെ നല്‍കുന്നു. ഇതിന്റെ പരിധി ഉയര്‍ത്താന്‍ ആലോചനയുണ്ട്. ഇതിനായി ചട്ടഭേദഗതിയടക്കം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ നാലുമുതല്‍ ആറുവരെ ജില്ലകളില്‍ കണ്‍വന്‍ഷന്‍, സര്‍വീസ് സഹകരണ സംഘവും ബാങ്കും അടിസ്ഥാനമാക്കി പ്രാദേശിക കണ്‍വന്‍ഷന്‍ എന്നിവ ചേരും. ബാങ്ക് അല്ലാത്ത സഹകരണ സംഘങ്ങളിലും സഹകാരികളുടെ യോഗം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ വിശദീകരിക്കും. ജില്ലാ, പ്രാദേശിക സംരക്ഷണസമിതികളും രൂപീകരിക്കും. ആര്‍ബിഐയുടെ സര്‍ക്കുലറിലെയും പത്രപരസ്യത്തിലെയും വസ്തുതകള്‍ ബോധ്യപ്പെടുത്തുന്ന നോട്ടീസ് വീടുകളിലെത്തിക്കും. ജില്ലകളിലെ കണ്‍വന്‍ഷന്‍ പൂര്‍ത്തിയായശേഷം ആര്‍ബിഐയുടെ മുന്നില്‍ പ്രത്യക്ഷ സമരം തുടങ്ങുന്നതും ആലോചിക്കും. തീയതി അടക്കമുള്ള കാര്യങ്ങള്‍ സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കും. ബിജെപിയുടെ സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
[mbzshare]