മെഡിസെപ് : പുതിയ ടെൻഡർ നടപടികൾ ഇഴയുന്നു. പദ്ധതി നീണ്ടു പോകാൻ സാധ്യത.

adminmoonam

മെഡിസെപിന്റെ പുതിയ ടെൻഡർ നടപടികൾ വൈകുന്നു. പദ്ധതി നീണ്ടു പോകാൻ സാധ്യത.സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ പുതിയ ടെൻഡർ നടപടികൾ ഒന്നുമായില്ല. പദ്ധതിയുടെ നടത്തിപ്പിൽ നിന്ന് റിലയൻസിനെ ആഗസ്റ്റ് 15ന് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അപ്പോൾ ഒരുമാസത്തിനകം പുതിയ ടെൻഡർ വിളിക്കും എന്നാണ് ധനമന്ത്രി പറഞ്ഞിരുന്നത്. സ്പെഷാലിറ്റി ചികിത്സാ സൗകര്യമുള്ള ആശുപത്രികളെ ഉൾപ്പെടുത്താത്തതാണു റിലയൻസിനെ ഒഴിവാക്കാൻ പ്രധാനകാരണം. ഗുണഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന വ്യവസ്ഥകൾ അംഗീകരിക്കാത്തതുകൊണ്ടാണ് റിലയൻസിനെ ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് ധനവകുപ്പ് അന്ന് പറഞ്ഞത്. ജൂൺ ഒന്നുമുതൽ പദ്ധതി തുടങ്ങാൻ ഉത്തരവ്ആയെങ്കിലും റിലയൻസുമായി സർക്കാർ കരാർ ഒപ്പിടാൻ വൈകി. റിലയൻസുമായുള്ള ധാരണ പ്രകാരമുള്ള മെഡിസെപിനു സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ എതിർപ്പും ഉന്നയിച്ചിരുന്നു.

പുതിയ ടെൻഡർ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ അഡ്വൈസറി കമ്മിറ്റി രൂപത്തിൽ നാല് അംഗങ്ങളുള്ള കമ്മറ്റിയെ നിയമിക്കണമെന്ന ധനവകുപ്പിന്റെ ശുപാർശ ഇപ്പോഴും ഫയലിൽ ഇരിക്കുകയാണ്. ഇതിന് ധനമന്ത്രിയുടെ അനുമതി കിട്ടിയതിനുശേഷം വേണം മറ്റു നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാൻ. സംസ്ഥാനത്തെ അമ്പതിൽ താഴെയുള്ള പ്രമുഖ ആശുപത്രികളുമായി സർക്കാർ ചർച്ച നടത്തിയിയിരുന്നു. പുതിയ ടെൻഡർ നടപടികൾ സ്വീകരിക്കുമ്പോൾ ആവശ്യമായ മാറ്റങ്ങളും നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്. ഒപ്പം മിനിമം പ്രീമിയം തുകയെ സംബന്ധിച്ചുള്ള തീരുമാനമെടുക്കണം. നടപടിക്രമങ്ങളും ചട്ടങ്ങളും ചർച്ചകളും പൂർത്തിയാക്കി ടെൻഡർ നടപടികളിലേക്ക് കടക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനിയുമൊട്ടേറെ സമയമെടുക്കും.

മെഡിസെപ് വരുന്നതും കാത്ത് ചികിത്സ നീട്ടിക്കൊണ്ടു പോയ പലരും ഇപ്പോൾ വിഷമത്തിലാണ്. തന്നെയുമല്ല സഹകരണ ജീവനക്കാരെ ഇതിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനവും ആയിട്ടില്ല. പദ്ധതി സർക്കാർ നേരിട്ട് നടത്തണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഭിപ്രായം. പദ്ധതിയിൽ ഇടനിലക്കാരായി ഇൻഷുറൻസ് ഏജൻസികളും കമ്പനികളും വരുന്നത് ചൂഷണത്തിന് ഇടയാക്കുമെന്നും അവർ പറയുന്നു. 15 മുതൽ 20 ശതമാനം വരെ തുക കമ്മീഷനായി ഇത്തരം കമ്പനികൾക്ക് ലഭിക്കുമത്രെ. മികച്ച ചികിത്സ നൽകാൻ ഇത് തടസ്സമാകുമെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള സർക്കാർ സംവിധാനങ്ങൾ ആണ് ഇപ്പോൾ ചികിത്സ സംബന്ധമായ ചെലവുകളുടെ രേഖകൾ കൈകാര്യം ചെയ്യുന്നത്. ഇത് വിപുലീകരിച്ച്‌ സർക്കാരിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കുന്നതാണ്  അഭികാമ്യം എന്ന് ഇവർ പറയുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെൻഡർ വിളിച്ച് മെഡിസെപ് ആരംഭിക്കുന്നത് അടുത്തവർഷം ആകാനാണ് സാധ്യത.

Leave a Reply

Your email address will not be published.