മെഡിസെപ് : ചികിത്സക്ക് എത്തുന്നവര്‍ മെഡിസെപ് ഐ.ഡി. കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കണം

Deepthi Vipin lal

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ( MEDISEP ) യില്‍പ്പെട്ടവര്‍ എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ ചികിത്സക്കായി എത്തുമ്പോള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത മെഡിസെപ് ഐ.ഡി. കാര്‍ഡും ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡും ( ആധാര്‍, PAN കാര്‍ഡ്, വോട്ടേഴ്‌സ് ഐ.ഡി. കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എംപ്ലോയീ ഐ.ഡി, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ ) ഹാജരാക്കേണ്ടതാണെന്നു ധനവകുപ്പ് നിര്‍ദേശിച്ചു.

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് ഐ.ഡി. കാര്‍ഡ് www.medisep.kerala.gov.in എന്ന വെബ്‌പോര്‍ട്ടലില്‍ നിന്നു ലോഗിന്‍ ചെയ്തു ഡൗണ്‍ലോഡ് ചെയ്യാം. പെന്‍ഷന്‍കാര്‍ക്കു മെഡിസെപ് ഐ.ഡി. യൂസര്‍ ഐ.ഡി.യായും PPO No. / PEN No. പാസ്‌വേര്‍ഡായും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ജീവനക്കാര്‍ക്കു മെഡിസെപ് ഐ.ഡി. യൂസര്‍ ഐ.ഡി.യായും PEN No. / എംപ്ലോയീ ഐ.ഡി. പാസ്‌വേര്‍ഡായും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.

മെഡിസെപ് ഐ.ഡി. കാര്‍ഡില്‍ പ്രിന്റ് ചെയ്തിട്ടുള്ള വിവരങ്ങളില്‍ കൂട്ടിച്ചേര്‍ക്കലോ തിരുത്തലോ ആവശ്യമുണ്ടെങ്കില്‍ ജീവനക്കാര്‍ ബന്ധപ്പെട്ട ഡി.ഡി.ഒ. മാര്‍ മുഖേനയും പെന്‍ഷന്‍കാര്‍ അതതു ട്രഷറി ഓഫീസര്‍മാര്‍ മുഖേനയും മൂന്നു മാസത്തിനുള്ളില്‍ തിരുത്തണം. മെഡിസെപ് പോര്‍ട്ടലിലുള്ള പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ വെരിഫൈ ചെയ്തിട്ടില്ലെങ്കില്‍ മെഡിസെപ് ഐ.ഡി. കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍, മെഡിസെപ് പോര്‍ട്ടലില്‍ ഇവരുടെ ഡാറ്റ ഉള്ളതിനാല്‍ ചികിത്സാ സൗകര്യം ലഭിക്കും. മെഡിസെപ് പരിരക്ഷ വേണ്ട സമയത്തു തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതി. അതോടൊപ്പം, മാതൃ ട്രഷറിയുമായി ബന്ധപ്പെട്ട് മെഡിസെപ് ഡാറ്റ വെരിഫൈ ചെയ്യണം – നിര്‍ദേശത്തില്‍ പറയുന്നു. തിരിച്ചറിയല്‍ കാര്‍ഡൊന്നുമില്ലാത്ത പെന്‍ഷന്‍കാര്‍ക്കു PPO നമ്പര്‍ നല്‍കി ബന്ധപ്പെട്ട ട്രഷറികളില്‍ നിന്നു കിട്ടുന്ന സാക്ഷ്യപ്പെടുത്തിയ നിര്‍ദിഷ്ട തിരിച്ചറിയല്‍ ഫോം ഹാജരാക്കി മെഡിസെപ്പില്‍ എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ നിന്നു ചികിത്സ തേടാം.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ട്രെയിനികള്‍ക്കു മെഡിസെപ് അംഗത്വം നിര്‍ബന്ധമാണ്. പദ്ധതി ആരംഭിച്ച പോളിസി കാലവധിക്കുള്ളില്‍ പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ നിര്‍ബന്ധമായും മെഡിസെപ് അംഗത്വ അപേക്ഷ പൂരിപ്പിച്ച് ഡി.ഡി.ഒ.ക്കു സമര്‍പ്പിക്കണം. മെഡിസെപ് ഐ.ഡി. കിട്ടുന്ന മുറയ്ക്കു ഇവര്‍ക്കു പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം. മറ്റു വകുപ്പുകളിലെ പ്രീ-സര്‍വീസ് ട്രെയിനിങ്ങിലുള്ള ജീവനക്കാരെ മെഡിസെപ്പില്‍പ്പെടുത്തിയിട്ടില്ല. ട്രെയിനിങ് പൂര്‍ത്തിയാക്കി സര്‍വീസില്‍ പ്രവേശിച്ചാല്‍ ഇവര്‍ക്കും മെഡിസെപ് ബാധകമാവും.

Leave a Reply

Your email address will not be published. Required fields are marked *

Latest News