മിൽമയുടെ ലോങ്ങ് ലൈഫ് പാൽ വരുന്നു. മൂന്നുമാസം സാധാരണ ഊഷ്മാവിൽ കേടുകൂടാതിരിക്കും.
നഷ്ടത്തിൽ പ്രവർത്തിക്കുന്ന മിൽമ നൂതന ആശയങ്ങളുമായാണ് പൊതുസമൂഹത്തിന് മുന്നിലേക്കുവരുന്നത്. ഇതിന്റെ ഭാഗമായി 90 ദിവസം സാധാരണ ഊഷ്മാവിൽ കേടുകൂടാതെ ഇരിക്കുന്ന മിൽമ പാൽ വിപണിയിൽ ഇറക്കാനാണ് പദ്ധതി. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിലിറക്കിയിട്ടുണ്ടെങ്കിലും പൂർണതോതിൽ അടുത്തമാസം വിപണിയിൽ ലഭ്യമാക്കുമെന്ന് മിൽമ ചെയർമാൻ പി.എ.ബാലൻ മാസ്റ്റർ പറഞ്ഞു. കണ്ണൂർ ശ്രീകണ്ഠാപുരം ഡയറിയിൽ ആണ് ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. കേരളത്തിലേക്ക് ആവശ്യമുള്ള മുഴുവൻ പാലിന്റെയും ഉൽപാദനം ഇവിടെനിന്ന് നടക്കും. 18 കോടി രൂപ ചെലവിട്ടാണ് ഇപ്പോൾ ശ്രീകണ്ഠാപുരം ഡയറി ഇതിനായി ഒരുക്കിയിരിക്കുന്നത്. മൊത്തം 54 കോടി രൂപയുടെ പ്രോജക്ട് ആണ് ഇതിനായിഉള്ളത്. ലോങ്ങ് ലൈഫ് പാൽ വരുന്നതോടെ ആവശ്യക്കാർ ഏറും എന്നാണ് മിൽമ പ്രതീക്ഷിക്കുന്നത്. ഫ്രിഡ്ജിൽ പോലും വയ്ക്കാതെ ഉപയോഗിക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും. പാൽ വിപണന മേഖലയിൽ മിൽമ പുതിയ വിപ്ലവത്തിനാണ് ഇതോടെ തുടക്കം കുറിക്കുന്നറിക്കുന്നത്.