മില്‍മ മലബാര്‍ മേഖല യൂണിയന്‍ കടുത്ത പ്രതിസന്ധിയില്‍ : നാളെ മുതല്‍ പാല്‍ സംഭരണത്തിന് നിയന്ത്രണം
പാല്‍ സംഭരിക്കാനാവാതെ മില്‍മ മലബാര്‍ യൂണിയന്‍ പ്രതിസന്ധിയില്‍. പാല്‍ ഉത്പാദനം വര്‍ധിച്ചതും കൊവിഡ് സാഹചര്യത്തില്‍ വില്‍പന കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസം പകുതിയോടെയാണ് പാലുത്പാദനത്തില്‍ വലിയ വര്‍ധന ഉണ്ടായത്.
മലബാര്‍ മേഖലയില്‍ മാത്രം ദിവസവും ഏകദേശം എട്ട് ലക്ഷം ലിറ്ററിന് അടുത്താണ് പാല്‍ സംഭരിക്കുന്നത്. എന്നാല്‍ വില്‍പന നടക്കുന്നത് നാലര ലക്ഷത്തിനടുത്ത് മാത്രം. അതായത് ദിവസവും മൂന്നര ലക്ഷം ലിറ്ററിലധികം പാല്‍ ബാക്കിയാവുന്നു.
അധികം വരുന്ന പാല്‍ തമിഴ്‌നാട് ,കര്‍ണാടക സംസ്ഥാനങ്ങളില്‍ എത്തിച്ച് പാല്‍പ്പൊടിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍ രണ്ട് ലക്ഷം ലിറ്ററോളം പാല്‍ കൂടുതലായി അയക്കുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇരുപതോളം ഇന്‍സുലേറ്റഡ് ടാങ്കറുകളാണ് പാല്‍ കൊണ്ടു പോകുന്നതിന്. ടാങ്കറുകളുടെ കുറവും, ഫാക്ടറികളില്‍ പത്ത് മണിക്കൂറോളം കാത്ത് നില്‍ക്കേണ്ടി വരുന്നതും മൂലം പാല്‍ എത്തിക്കുന്നതില്‍ കാലതാമസവും നേരിടുന്നു.
തദ്ദേശീയമായി കൂടുതല്‍ പാല്‍ എത്തിത്തുടങ്ങിയതോടെ അന്യസംസ്ഥാനത്തെ ഫാക്ടറികളും പ്രതിസന്ധിയിലായിരിക്കുകയാണ്. പാല്‍ അയക്കുന്നതില്‍ നിയന്ത്രണം വേണമെന്നും കൂടുതല്‍ പാല്‍ അയക്കരുതെന്നും ഫാക്ടറികള്‍ മില്‍മയെ അറിയിച്ചു കഴിഞ്ഞു. എറണാകുളം, തിരുവനന്തപുരം യൂണിയനുകളിലും പാല്‍സംഭരണം വര്‍ധിച്ചതോടെ മലബാര്‍ മേഖലയില്‍ നിന്നും പാല്‍ വാങ്ങുന്നത് നിര്‍ത്തി. നാല്‍പതിനായിരം ലിറ്ററിലധികമാണ് എറണാകുളം ,തിരുവനന്തപുരം ജില്ലകളില്‍ അധികമായി പാല്‍ ഉത്പാദനം.
ഈ സാഹചര്യത്തിലാണ് കര്‍ഷകരില്‍ നിന്നും പാല്‍ സംഭരിക്കുന്നത് നിയന്ത്രിക്കാനുള്ള തീരുമാനം. ചൊവ്വാഴ്ച മുതല്‍ ഉച്ചക്ക് ശേഷം പാല്‍ സംഭരിക്കില്ലെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്.മണി മൂന്നാംവഴിയോട് പറഞ്ഞു.”അതീവ ഗുരുതര സാഹചര്യമാണ്. വില്‍പന കൂട്ടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ പരമാവധി നടത്തുന്നുണ്ട്. ഇതോടൊപ്പം തമിഴ്‌നാട്ടിലെ പാല്‍പ്പൊടി ഫാക്ടറികളുമായി സംസാരിച്ചുവരികയാണ് ” ചെയര്‍മാന്‍ പറഞ്ഞു.
”മൂന്നരലക്ഷം ലിറ്ററോളം പാല്‍, പൊടിയാക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുമ്പോള്‍ വലിയ നഷ്ടമാണ് യൂണിയന് ഉണ്ടാകുന്നത്. ഒരു ദിവസം ഏകദേശം 50 ലക്ഷത്തിലധികം രൂപയിലധികം നഷ്ടമാണ് ഉണ്ടാകുന്നത്. നഷ്ടം സഹിച്ചും കര്‍ഷകരെ സഹായിക്കാനാണ് ശ്രമം നടക്കുന്നത്”. നാല് ദിവസം പാല്‍ സംഭരണത്തില്‍ നിയന്ത്രണം കൊണ്ടുവരുമ്പോള്‍ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചെയര്‍മാന്‍ പറഞ്ഞു.