മില്‍മയ്ക്ക് പാല്‍പ്പൊടി പ്ലാന്റ് ഒരുക്കാന്‍ വിദേശ കമ്പനികളും
പാല്‍പ്പൊടി ഉത്പാദനത്തിനായി മില്‍മ നിര്‍മിക്കുന്ന ഫാക്ടറി തയ്യാറാക്കാന്‍ വിദേശ കമ്പനികളും. അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കമ്പനികളടക്കം ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കുന്നുണ്ട്. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. മെയ് 29ന് ആയിരുന്നു അവസാന തീയതി. കൊവിഡ് സാഹചര്യവും വിദേശ കമ്പനികളുടെ അടക്കം അഭ്യര്‍ത്ഥനയും മാനിച്ച് തീയതി നീട്ടുകയായിരുന്നു.
പാലുല്‍പാദനം കൂടുകയും അധികം വരുന്ന പാല്‍ അന്യസംസ്ഥാനങ്ങളില്‍ അയച്ച് പാല്‍പ്പൊടി ആക്കുന്നതില്‍ തടസ്സം നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് പാല്‍പ്പൊടി ഫാക്ടറി തുടങ്ങാന്‍ തീരുമാനിച്ചത്. മലപ്പുറം മൂര്‍ക്കനാട് 55 കോടി രൂപ
ചെലവിട്ടാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. വിദേശത്ത് നിന്നടക്കം മെഷീനുകള്‍ കൊണ്ടു വന്ന് അത്യാധുനിക രീതിയിലാണ് പ്ലാന്റ് നിര്‍മിക്കുന്നത്.
പ്ലാന്റിന്റെ ഓഫീസ് ഉള്‍പ്പടെ അനുബന്ധ കെട്ടിടങ്ങളെല്ലാം സജ്ജമാണെന്നും ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി മറ്റ്
നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ തുടങ്ങാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മില്‍മ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.എസ് മണി പറഞ്ഞു. പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകാന്‍ ഒരു വര്‍ഷത്തിലധികം സമയമെടുക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മലബാറിലാണ് മില്‍മ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുന്നത്. പ്രതിദിനം എഴുപതിനായിരം ലിറ്ററിലധികം പാല്‍ സംഭരിക്കുന്നു.
അന്‍പതിനായിരം ലിറ്ററിനടുത്താണ് വില്‍പന. ബാക്കിയുള്ള പാലില്‍ ഒരു ഭാഗം തിരുവനന്തപുരം, എറണാകുളം യൂണിറ്റുകളിലേക്ക്
അയക്കുന്നു. വലിയൊരു ഭാഗം തമിഴ് നാട്ടിലെയും കര്‍ണാടകയിലേയും ഫാക്ടറിയിലേക്ക് അയച്ചാണ് പാല്‍പ്പൊടിയാക്കുന്നത്.
ഇത് വലിയ നഷ്ടമാണ് മില്‍മയ്ക്ക് ഉണ്ടാക്കുന്നത്. ഒരു ലിറ്റര്‍ പാല്‍ , പൊടിയാക്കുമ്പോള്‍ 10 രൂപയാണ് നഷ്ടം. ലോക്ഡൗണ്‍ വന്നതോടെ വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. മില്‍മ സംഭരണം നിര്‍ത്തി വയ്ക്കുന്ന അവസ്ഥ വരെ ഉണ്ടായി.
നേരത്തെ ആലപ്പുഴയിലെ പുന്നപ്രയില്‍ ഒരു പാല്‍പ്പൊടി പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പ്രതിദിനം അന്‍പതിനായിരം ലിറ്റര്‍
പാല്‍ ലഭിക്കാതായതോടെ പ്ലാന്റ് പൂട്ടി. യന്ത്രങ്ങളും പഴകിയതോടെ അത് ഇരുമ്പുവിലയ്ക്ക് തൂക്കി വില്‍ക്കുകയായിരുന്നു.