മില്‍മയും പൊളിച്ചുപണിയുന്നു
കേരളബാങ്കിലൂടെ സഹകരണ വായ്പാഘടന രണ്ടുതട്ടിലേക്ക് മാറ്റുന്നതിന് പിന്നാലെ ക്ഷീരസഹകരണ മേഖലയിലും പുന:സംഘടനയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. കേരള മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനു ( മില്‍മ ) കീഴില്‍ മൂന്നുതട്ടിലായി പ്രവര്‍ത്തിക്കുന്ന ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനം പഠിച്ച സമിതിയുടെ ശുപാര്‍ശ ചില അഴിച്ചുപണി വേണമെന്നുള്ളതാണ്. എന്നാല്‍, പൂര്‍ണ അര്‍ത്ഥത്തിലുള്ള ഘടനാമാറ്റം അഭികാമ്യമല്ലെന്നും സമിതി പറയുന്നു. ക്ഷീര സഹകരണ മേഖലയുടെ ഘടന മൂന്നു തട്ടിലായിത്തന്നെ നിലനിര്‍ത്തുകയും കേരള മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന് കീഴിലുള്ള മേഖലാ യൂണിയനുകള്‍ മൂന്നില്‍ നിന്ന് രണ്ടാക്കി ചുരുക്കുകയും വേണമെന്നാണ് സമിതി നിര്‍ദ്ദേശിച്ചത്.
ക്ഷീരസഹകരണ മേഖലയെ ഗുണപരമായി മാറ്റിയെടുക്കുന്നതിനെക്കുറിച്ച് പഠിക്കാനാണ് ലിഡ ജേക്കബ് അധ്യക്ഷയായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനാല്‍ ഇതിന്‍റെ ഉള്ളടക്കം നിയമസഭയില്‍പോലും വെളിപ്പെടുത്തിയിട്ടില്ല. മില്‍മയുടെ പ്രവര്‍ത്തനത്തിലും ഭരണസമിതിയിലും കാലോചിതമായ പരിഷ്കാരം റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.
37 വര്‍ഷത്തെ സഹകരണ ചരിത്രമാണ് മില്‍മയ്ക്കുള്ളത്. ഇത്രയും കാലത്തിനിടയില്‍ ഘടനാപരമായ മാറ്റം ഒരിക്കലും വരുത്തിയിട്ടില്ല. 37 വര്‍ഷം മുമ്പത്തെ സാഹചര്യവും സാധ്യതയും വിപണന രീതിയുമല്ല ഇന്നുള്ളത്. അതിനാല്‍, ഏതു മാറ്റത്തിനൊരുങ്ങുമ്പോഴും അത് ഏറെ പഠനവിഷയമാക്കേണ്ടതാണെന്ന ബോധ്യം സമിതിക്കുണ്ടായിരുന്നു. ആഗോളവല്‍ക്കരണത്തിന്‍റെയും മത്സരാധിഷ്ഠിത വിപണിയുടെയും രാജ്യാന്തര കരാറുകളുടെയും പശ്ചാത്തലത്തില്‍ മാത്രമേ ഇന്നത്തെ മില്‍മയുടെ പ്രവര്‍ത്തനത്തെ പഠിക്കാനും മാറ്റത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമാകൂ. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്ഷീരമേഖല നേരിടുന്ന വെല്ലുവിളികളും വികസനസാധ്യതകളുമാണ് വിദഗ്ധസമിതി പഠനവിധേയമാക്കിയത്.
കേരളത്തിലെ ക്ഷീരമേഖലയും സഹകരണ സംഘങ്ങളും നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ ആമുഖത്തില്‍ത്തന്നെ അവകാശപ്പെടുന്നുണ്ട്. ക്ഷീര സഹകരണ മേഖലയെ ശക്തിപ്പെടുത്തി വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കുകയെന്നതാണ് സമിതിയുടെ പ്രഥമ പരിഗണനയായി വന്നത്. പാലുല്‍പാദനത്തില്‍ അടിസ്ഥാന ഘടകമായ ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് മുമ്പില്‍ വെച്ചിട്ടുണ്ട്. ഇതൊക്കെയുള്‍ക്കൊള്ളുന്ന 25 ശുപാര്‍ശകളാണ് സമിതി സമര്‍പ്പിച്ചത്.
മൂന്ന് മേഖലകളായുള്ള മില്‍മയുടെ പ്രവര്‍ത്തനവും അതിന് ഏകീകൃത സ്വഭാവമില്ലാത്തതും സമിതി വിലയിരുത്തുന്നു. അമൂലിന്‍റെ മാതൃകയില്‍ ചില പരിഷ്കാരങ്ങളും മാറ്റത്തിനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭരണസമിതി അംഗമാകുന്നതിന് കാലപരിധി നിശ്ചയിച്ചും നിഷ്ക്രിയരായ അംഗങ്ങളെ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചുമാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. നിയമനങ്ങളിലെ പാകപ്പിഴകള്‍, അഴിമതിമുക്തമാക്കാനാവശ്യമായ ഇടപെടലുകള്‍, രാജ്യത്തിന് അകത്തും പുറത്തും മത്സരാധിഷ്ഠിതമായി വിപണിയിലിടപെടാന്‍ വേണ്ട ഒരുക്കങ്ങള്‍ എന്നിവയെല്ലാം സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്.
സമിതിയുടെ പ്രധാന ശുപാര്‍ശകള്‍
- ത്രിതല സംവിധാനത്തിലുള്ള ക്ഷീരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് വിലയിരുത്തുന്ന സമിതി മൂന്നുതട്ടിലുള്ള ഘടന നിലനിര്‍ത്തി മില്‍മയെ പുതുക്കിപ്പണിയാനാണ് ശുപാര്‍ശ ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സഹകരണ മേഖലയിലൂടെയുള്ള പാല്‍ സംഭരണവും വിതരണവും കുറവാണ്. ഈ സാഹചര്യത്തില്‍ നിലവിലുള്ളതുപോലെ വിപുലമായ ത്രിതല സംവിധാനം തുടരേണ്ടതില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. എന്നാല്‍, ത്രിതല സംവിധാനങ്ങളില്‍ മാറ്റം വരുത്തിയിട്ടുള്ള സംസ്ഥാനങ്ങളില്‍ ക്ഷീര സഹകരണ മേഖലക്ക് തകര്‍ച്ചയാണുണ്ടായിട്ടുള്ളത്. ഇക്കാര്യം പരിഗണിക്കണം. മറ്റ് സംസ്ഥാനങ്ങളിലെ യൂണിയനുകള്‍ കേരളത്തില്‍ മൊത്തം സംഭരിക്കുന്നതിലധികം പാല്‍ കൈകാര്യം ചെയ്യുന്നുണ്ട്. കേരളത്തിലെ യൂണിയനുകള്‍ തമ്മില്‍ പാല്‍ സംഭരണ- വിതരണ രംഗത്ത് കടുത്ത അന്തരമാണ് നിലനില്‍ക്കുന്നത്. പാല്‍ സംഭരിക്കുന്നതിലും വിപണി കണ്ടെത്തുന്നതിലും പിന്നോക്കം നില്‍ക്കുന്ന യൂണിയനുകളെ വിപണിയിലെ മത്സരത്തിന് സജ്ജമാക്കേണ്ടതുണ്ട്. ഇതിനായി കേരളത്തില്‍ നിലവിലുള്ള ത്രിതല ക്ഷീര സഹകരണ സംവിധാനം നിലനിര്‍ത്തിക്കൊണ്ട് മേഖലാ യൂണിയനുകളുടെ എണ്ണം മൂന്നില്‍ നിന്നു രണ്ടാക്കി കുറക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകളെ സംയോജിപ്പിച്ച് പുന:സംഘടന നടത്താനാണ് ശുപാര്‍ശ.
- നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. കേരള മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനിലെ നിയമനങ്ങള്‍ പി.എസ്.സി. വഴിയാണ് നടത്തുന്നത്. ഇതിന് സമാനമായി മേഖലാ യൂണിയനുകളിലെ നിയമനവും പി.എസ്.സി.ക്ക് വിടണം. നിയമനങ്ങള്‍ സുതാര്യമായും അഴിമതിരഹിതവുമായി നടക്കുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ ഇത് അനിവാര്യമാണെന്ന് സമിതി പറയുന്നു.
- നിലവിലെ സാങ്കേതിക വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും സേവനം ഫലപ്രദമായി വിനിയോഗിക്കാനാവുന്നില്ലെന്ന് സമിതി വിലയിരുത്തി. ഇതിനായി കോമണ്‍ കേഡര്‍ സംവിധാനം കൊണ്ടുവരണം. ഗുജറാത്ത് (ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍), കര്‍ണാടക (കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്‍) എന്നിവിടങ്ങളില്‍ പിന്തുടരുന്ന രീതി ഇതിന് മാതൃകയാക്കാവുന്നതാണ്. കേരള മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍റെയും മേഖലാ യൂണിയനുകളുടെയും കീഴിലുള്ള അസിസ്റ്റന്‍റ് മാനേജര്‍ മുതല്‍ മുകളിലേക്കുള്ള ജീവനക്കാരുടെ കോമണ്‍ കേഡര്‍ സംവിധാനം കൊണ്ടു വരണം.
- കേരളത്തിലെ മില്‍മയുടെ പ്രവര്‍ത്തനം അമൂലിന്‍റെ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കണം. ഇതിനായി മേഖലാ യൂണിയനുകളുടെയും ഫെഡറേഷന്‍റെയും ഉല്‍പ്പാദന ശേഷി, വിനിയോഗം, കാര്യക്ഷമത, പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിശോധിക്കുകയും ചിട്ടപ്പെടുത്തുകയും വേണം. ഇത് സമയബന്ധിതമായി നടപ്പാക്കണം. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍റെ പ്രവര്‍ത്തന മാതൃകയാണ് ഇതിനായി പിന്തുടരാവുന്നത്. ഈ തലത്തിലേക്ക് എത്തുന്നതിന് കേരളത്തിലെ ഫെഡറേഷനിലും യൂണിയനുകളിലും പ്രൊഫോര്‍മസ് ഓഡിറ്റ്, ടെക്നിക്കല്‍ ഓഡിറ്റ് എന്നിവ നിശ്ചിത ഇടവേളകളില്‍ നടത്തണം. ഈ സ്ഥാപനങ്ങളുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വിശദമായ ധനകാര്യ വിശകലനം നടത്തുന്നതിനും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. അതോടൊപ്പം കോമണ്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പൊതു അക്കൗണ്ടിങ് സംവിധാനവും ഈ സ്ഥാപനങ്ങളില്‍ കൊണ്ടുവരണമെന്നും നിര്‍ദ്ദേശിക്കുന്നു.
- ഭരണസമിതി തിരഞ്ഞെടുപ്പില്‍ അടിമുടി പരിഷ്കാരമാണ് സമിതി നിര്‍ദ്ദേശിക്കുന്നത്. മേഖലാ യൂണിയനുകളിലെയും ഫെഡറേഷനിലെയും ഭരണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കൂടുതല്‍ ജനാധിപത്യപരമാക്കണം. എല്ലാ മേഖലകളിലെയും കര്‍ഷകരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ഇതിനുവേണ്ടത്. ഇതിന് അതത് ജില്ലകളിലെ അംഗങ്ങള്‍ ചേര്‍ന്ന് ബന്ധപ്പെട്ട ജില്ലകളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നവിധം നിയമാവലിയിലും നിയമങ്ങളിലും ഭേദഗതി വരുത്തണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. കാലാകാലമായി ഒരേ അംഗങ്ങള്‍തന്നെ ഭരണസമിതിയില്‍ തുടരുന്ന രീതിക്കും മാറ്റമുണ്ടാക്കണം. ഒരാള്‍ക്ക് ഭരണസമിതി അംഗമായി തുടരാന്‍ കാലപരിധി നിശ്ചയിക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. പരമാവധി മൂന്നു ടേം മാത്രമേ ഒരാള്‍ക്ക് ഭരണസമിതി അംഗമായി തുടരാനാകൂ എന്ന വ്യവസ്ഥയാണ് സമിതി നിര്‍ദ്ദേശിക്കുന്നത്. ഭരണ സമിതിയില്‍ ഊര്‍ജസ്വലതയുള്ള പുതുമുഖങ്ങള്‍ കടന്നുവരുന്നതിന് ഇത് സഹായിക്കുമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
- പ്രാഥമിക ക്ഷീര സംഘങ്ങളുടെ രക്ഷാപാക്കേജാണ് മറ്റൊരു ശുപാര്‍ശ. പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങള്‍ മേഖലാ യൂണിയനുകളില്‍ എടുക്കുന്ന ഓഹരികള്‍ക്ക് മതിയായ ഡിവിഡന്‍റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. അതിനാല്‍, പാല്‍വില ഇന്‍സന്‍റീവ്, അധിക പാല്‍ വില എന്നിവ അനുവദിക്കുമ്പോള്‍ നിര്‍ബന്ധിതമായി അധിക ഓഹരി നല്‍കുന്ന രീതി ഒഴിവാക്കണം. ഇതിന് പകരം സംഘങ്ങള്‍ക്ക് കൃത്യമായി വരുമാനം ഉറപ്പാക്കുന്ന ഡെപ്പോസിറ്റ് സ്കീമുകള്‍ക്ക് രൂപം നല്‍കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. ഇത്തരത്തില്‍ കിട്ടുന്ന തുക പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് സെക്ഷന്‍ 80 പ്രകാരം ശമ്പളം നല്‍കുന്നതിനുള്ള ഫണ്ടായി പരിഗണിക്കാമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഈ രീതി പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെന്നു സമിതി ചൂണ്ടിക്കാട്ടുന്നു.
- കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ക്ഷീര സഹകരണ സംഘങ്ങളുടെ അറ്റലാഭ വിഭജന രീതിയില്‍ മാറ്റം വരുത്തണമെന്നാണ് സമിതി നിര്‍ദ്ദേശിക്കുന്ന മറ്റൊരുകാര്യം. ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും കൂടുതല്‍ ഗുണപ്രദമാകുന്ന രീതിയിലുള്ള മാറ്റമാണ് വരുത്തേണ്ടത്. ഇതിനായി അറ്റലാഭത്തിന്‍റെ പത്തുശതമാനം തുക മെമ്പര്‍ റിലീഫ് ഫണ്ടായി നിക്ഷേപിക്കണം. ഇങ്ങനെ നിക്ഷേപം നടത്തുന്നതിന് ഡയറി രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ ഒരു കോര്‍പ്പസ് ഫണ്ട് രൂപവത്കരിക്കണം. ഈ തുക കര്‍ഷകരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. കൂടാതെ കരുതല്‍ധനം, സഹകരണ പ്രചരണ നിധി, വിദ്യാഭ്യാസ ഫണ്ട്, പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ട് എന്നീ നിലകളില്‍ മാറ്റിവെക്കുന്ന തുകകള്‍ സമാഹരിച്ച് ക്ഷീര സഹകരണ സംഘങ്ങള്‍ക്കും മെമ്പര്‍മാര്‍ക്കും സാമ്പത്തിക സഹായത്തിനായി ഉപയോഗിക്കണം. നിലവിലെ സഹകരണ നിയമപ്രകാരം വിദ്യാഭ്യാസത്തിനും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും സംഘങ്ങള്‍ തുക മാറ്റിവെക്കേണ്ടതുണ്ട്. ഇത് സംഘങ്ങള്‍ക്കോ അതിലെ അംഗങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയുന്നതല്ല.
- ഫെഡറേഷനിലെയും മേഖലാ യൂണിയനുകളിലെയും ആര്‍.ആന്‍ഡ് ഡി. വിഭാഗത്തെ പൂര്‍ണമായി ഉടച്ചുവാര്‍ക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. ആവശ്യമായ സാങ്കേതിക വിദഗ്ധരെയും പ്രൊഫഷണലുകളെയും ഉള്‍പ്പെടുത്തി പുന:സംഘടന നടപ്പാക്കണം. ഉല്‍പ്പന്ന വൈവിധ്യവത്കരണത്തിനും വിപണന തന്ത്രങ്ങള്‍ക്കും രൂപം കൊടുക്കുന്നതിനും സമിതി ശുപാര്‍ശ ചെയ്യുന്നു.
- ഫെഡറേഷന്‍റെ കീഴിലുള്ള പ്രോഗ്രാമിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കാന്‍ കഴിയുകയാണ് പ്രധാനം. ഒപ്പം , പുതിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുമാകണം. ഇതിലൂടെ വിപണി സാധ്യതകള്‍ കൂട്ടാനാകും. പുതിയ മാര്‍ക്കറ്റിങ് മേഖലകള്‍ കണ്ടെത്തുന്നതിനും ഉല്‍പ്പാദന രീതികളും ഗുണമേډാ നിബന്ധനകളും ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു.
- ക്ഷീരസഹകണ സംഘങ്ങള്‍ക്ക് ലഭിക്കുന്ന മാര്‍ജിന്‍ ആറു ശതമാനമായി ഉയര്‍ത്തണമെന്നാണ് മറ്റൊരു ശുപാര്‍ശ. ക്ഷീരസഹകരണ സംഘങ്ങളുടെ ലാഭകരമായ പ്രവര്‍ത്തനത്തിനും നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ജീവനക്കാരെ നിയമിച്ച് സെക്ഷന്‍ 80 പ്രകാരം ശമ്പളം നല്‍കുന്നതിനും ഇത് അനിവാര്യമാണെന്നു സമിതി വിലയിരുത്തുന്നു.
- മൂന്നു വര്‍ഷത്തിലധികമായി ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കാത്ത അംഗങ്ങളെ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി വിവിധ സംഘങ്ങളില്‍ സജീവമല്ലാത്ത അംഗങ്ങള്‍ തുടരുന്നത് സംഘങ്ങളിലെ ജോലിഭാരം വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഈ രീതി സംഘത്തിന് ഗുണകരമല്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്.
- ക്ഷീര വികസന വകുപ്പിന് കൂടുതല്‍ നിയമപരമായ അധികാരങ്ങള്‍ നല്‍കണമെന്ന് സമിതി നിര്‍ദ്ദേശിക്കുന്നുണ്ട്. പ്രത്യേകിച്ച് പാലിന്‍റെ ഗുണമേډ പരിശോധന അടക്കമുള്ള കാര്യങ്ങളില്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ആക്ട് പ്രകാരമുള്ള അധികാരങ്ങള്‍ വകുപ്പിനുണ്ടാകണം. കേരളത്തിന് പുറത്തുനിന്നെത്തുന്ന പാലിന്‍റെ ഗുണമേډാ പരിശോധന ശക്തമാക്കാന്‍ ഇത് അനിവാര്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
- ഫാമുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള പരിധിയിലും മാറ്റം വരുത്തണം. നിലവില്‍ അഞ്ചു പശുക്കളുള്ള ഫാമിനുപോലും ലൈസന്‍സ് ആവശ്യമാണ്. ഈ പരിധി പത്താക്കി ഉയര്‍ത്തണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. ഒപ്പം ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണം. ഇതിനായി ഗ്രീന്‍ ചാനല്‍ ക്രമീകരണം ഉണ്ടാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കര്‍ഷകരുടെ പരാതികള്‍ കേള്‍ക്കാനും തീര്‍പ്പാക്കാനുമുള്ള സംവിധാനമുണ്ടാക്കണം. ഇതിനായി ഒരു അപ്പലറ്റ് അതോറിറ്റി രൂപവത്കരിക്കാനാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
- കര്‍ഷകരുടെ സഹായ കേന്ദ്രങ്ങളായി ക്ഷീരസഹകരണ സംഘങ്ങള്‍ മാറണമെന്ന വിലയിരുത്തലാണ് സമിതിക്കുള്ളത്. പ്രത്യേകിച്ച് കൃത്രിമ ബീജദാനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍. കര്‍ഷകരുടെ വീട്ടുപടിക്കല്‍ ഈ സഹായമെത്തിക്കാനാകണം. ഇതിനായി അര്‍ഹതയുള്ള ക്ഷീര സഹകരണ സംഘം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം. ക്ഷീര സഹകരണ സംഘങ്ങളിലൂടെ കൃത്രിമ ബീജദാനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താനാകണം. കൂടാതെ തരിശായി കിടക്കുന്നതും കൃഷിയില്ലാത്തതുമായ സ്ഥലങ്ങള്‍ കണ്ടെത്തി കുടംബശ്രീയുടെ സഹകരണത്തോടെ തീറ്റപ്പുല്‍ കൃഷി നടപ്പാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
.
ശുപാര്‍ശകള്‍ എങ്ങനെ ബാധിക്കും ?
ക്ഷീരമേഖലയുടെ നവീകരണം ലക്ഷ്യമിട്ട് വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ല. സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ എന്തൊക്കെയാകുമെന്നതാണ് സര്‍ക്കാരിന്‍റെ മുമ്പിലുള്ള ചോദ്യം. തിരുവനന്തപുരം, എറണാകുളം മേഖലാ യൂണിയനുകള്‍ ലയിപ്പിക്കണമെന്ന ശുപാര്‍ശയാണ് ഏറെ പ്രധാനം. ഒരു മേഖലയിലെ ഭരണസമിതിയിലേക്ക് രാഷ്ട്രീയക്കാരെ തിരുകിക്കയറ്റുന്നത് പൂര്‍ണമായും ഇല്ലാതാകും. നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടണമെന്ന ശുപാര്‍ശയും ഭരണസമിതികള്‍ക്ക് അത്ര സുഖമുള്ളതായിരിക്കില്ല. ഇതിനൊപ്പം, മൂന്നു ടേമില്‍ കുടുതല്‍ ഭരണസമിതി അംഗമാകാന്‍ അനുവദിക്കരുതെന്ന ശുപാര്‍ശയും സര്‍ക്കാരിനു ബുദ്ധിമുട്ടുണ്ടാക്കും.
പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രസിഡന്‍റുമാര്‍ക്ക് രണ്ടു ടേം മാത്രമേ പാടുള്ളൂവെന്ന നിബന്ധന നേരത്തെ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. വലിയ എതിര്‍പ്പാണ് ഇക്കാര്യത്തില്‍ സഹകാരികളുടെ ഭാഗത്തുനിന്നുണ്ടായത്. ഈ തീരുമാനത്തിന് ചില പോരായ്മകളും ഉണ്ടായിരുന്നു. ഭരണസമിതി അംഗമാകുന്നതിന് കാലപരിധി നിശ്ചയിച്ചിരുന്നില്ല. രണ്ടു ടേമില്‍ കൂടുതല്‍ പ്രസിഡന്‍റാകുന്നതിന് മാത്രമായിരുന്നു തടസ്സം. തിരഞ്ഞെടുക്കുന്ന ഭരണസമിതി അംഗത്തിന് പ്രസിഡന്‍റാകുന്നതിന് അയോഗ്യത കല്‍പ്പിക്കുന്നതിലെ യുക്തിയാണ് സഹകാരികള്‍ ചോദ്യം ചെയ്തത്. ഒടുവില്‍ സര്‍ക്കാരിത് മാറ്റുകയും ചെയ്തു. പക്ഷേ, മില്‍മയുടെ കാര്യത്തില്‍ ഭരണസമിതി അംഗമാകുന്നതിന് തന്നെയാണ് കാലപരിധി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇതെങ്ങനെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത് എന്നാണ് ഇനി അറിയേണ്ടത്.
ലിഡ ജേക്കബ് കമ്മിറ്റി
നാലംഗ സമിതിയാണ് ക്ഷീരമേഖലയില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. റിട്ട. ഐ.എ.എസ്. ഓഫീസര്‍ ലിഡ ജേക്കബ് ചെയര്‍പേഴ്സണും ക്ഷീരവികസനവകുപ്പ് മുന്‍ ഡയരക്ടര്‍ ജോര്‍ജ് കുട്ടി ജേക്കബ് മെമ്പര്‍ സെക്രട്ടറിയുമായാണ് കമ്മിറ്റി. പാറ്റ്ന ചന്ദ്രഗുപ്ത ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്‍റ് ഡയരക്ടര്‍ ഡോ.മുകുന്ദ ദാസ്, കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റ് പ്രിന്‍സിപ്പല്‍ എം.വി.ശശികുമാര്‍ എന്നിവരാണ് മറ്റ് രണ്ട് അംഗങ്ങള്‍.
[mbzshare]