മികവില്‍ വിജയ പതാകയുമായി വെള്ളോറ വനിതാ സംഘം
419 അംഗങ്ങളുമായി പന്ത്രണ്ടു വര്‍ഷം മുമ്പാരംഭിച്ച കണ്ണൂര്‍ വെള്ളോറ
വനിതാ സര്‍വീസ് സഹകരണ സംഘം സംസ്ഥാനത്തെ മികച്ച
വനിതാ സഹകരണ സംഘത്തിനുള്ള ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.
ഇപ്പോള്‍ ആയിരത്തിയഞ്ഞൂറോളം എ ക്ലാസ് അംഗങ്ങളുള്ള സംഘം
കൃഷി, കച്ചവടം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ വനിതകളെ
വേരുറപ്പിച്ചുനിര്‍ത്തി അവര്‍ക്കു ജീവിതസംതൃപ്തി നേടിക്കൊടുക്കുന്നു.
വലുതാകാന്‍ വലിയകാലം വേണ്ട. പെണ്ണൊരുമയ്ക്കു കരുത്താര്‍ജിക്കാന്‍ ഒരു വ്യാഴവട്ടംതന്നെ ധാരാളം. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്തുള്ള വെള്ളോറ വനിതാ സര്‍വീസ് സഹകരണ സംഘം ബാല്യം പിന്നിടുമ്പോഴേക്കും നാടിനു പെരുമ ചാര്‍ത്തി. സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനമികവിന് ഇത്തവണത്തെ ഒന്നാം സ്ഥാനം ലഭിച്ചതോടെ വെള്ളോറ വനിതകളുടെ വെന്നിക്കൊടിക്ക് ആകാശപ്പൊക്കമായി.
സ്ഥിരവരുമാനത്തിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍ 2010 ലാണു വെള്ളോറ വനിതാ സഹകരണ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. കൃഷി, കച്ചവടം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ വനിതകളെ വേരുറപ്പിക്കുന്നതിലൂടെ അവര്‍ക്കു ജീവിതസംതൃപ്തിയെന്ന നേട്ടവും സംഘം ലക്ഷ്യമിടുന്നു.
ചെറിയ
തുടക്കം
തുടക്കം ചെറുതായിട്ടാണെങ്കിലും ഒരു ദശാബ്ദം പിന്നിടുമ്പോഴേക്കും സംഘം പെണ്‍ശക്തി തെളിയിച്ചു. ഒത്തൊരുമ, വിശ്വാസ്യത, അക്ഷീണപ്രയത്‌നം. സംഘത്തിനു മുന്നില്‍ വിജയവാതിലുകള്‍ തുറക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. 419 പേരായിരുന്നു തുടങ്ങുമ്പോള്‍ സംഘത്തിന്റെ അംഗബലം. ഒരു ലക്ഷത്തിലേറെ രൂപ ഓഹരിമൂലധനത്തോടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ നിക്ഷേപമായി ലഭിച്ചത് 31,000 രൂപ. ഇന്ന് ആയിരത്തിയഞ്ഞൂറോളം എ ക്ലാസ് അംഗങ്ങളുണ്ട്. 11 ലക്ഷം രൂപയുടെ ഓഹരിമൂലധനവും അഞ്ചേകാല്‍ കോടി രൂപയുടെ നിക്ഷേപവുമുള്ള സംഘത്തിനു നാലേകാല്‍ കോടി രൂപയുടെ വായ്പാ നീക്കിയിരിപ്പുമുണ്ട്.
തീര്‍ത്തും ഗ്രാമപ്രദേശമാണ് വെള്ളോറ. ഏറ്റവും അടുത്ത പട്ടണം 24 കിലോമീറ്റര്‍ അകലെ പയ്യന്നൂരാണ്. ഗ്രാമത്തിലെ തെന്നം എന്ന സ്ഥലത്തു സംഘത്തിന്റെ നീതിസ്റ്റോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണക്കാലത്തു നീതിസ്റ്റോര്‍ വഴി വിതരണം ചെയ്ത പലവ്യഞ്ജനക്കിറ്റില്‍ ഉള്‍പ്പെടുത്താനായി അച്ചാര്‍ നിര്‍മാണവും സംഘം ആരംഭിച്ചു. അതിപ്പോഴും തുടരുന്നു. കോവിഡ്കാലത്തു സ്റ്റോറില്‍ നിന്നു സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കിയിരുന്നു. വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റോറും കാന്റീനും സംഘം നടത്തുന്നുണ്ട്. ഹരിതം സഹകരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. പ്രവേശനോത്സവസമയത്തു കുട്ടികള്‍ക്കു നോട്ട്ബുക്കും പേനയും
നല്‍കി. സര്‍ക്കാര്‍ നടപ്പാക്കിയ സ്‌കൂള്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് പദ്ധതിയിലൂടെ കുട്ടികള്‍ക്കു പഠനാവശ്യത്തിനുള്ള സാധനങ്ങള്‍ സംഘം എത്തിച്ചു നല്‍കിവരുന്നു. കോവിഡ് പിടിമുറുക്കിയ രണ്ടു വര്‍ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കു ജീവനക്കാരും ഭരണസമിതിയും സംഘവും സംഭാവന നല്‍കി സാമൂഹികപ്രതിബദ്ധത തെളിയിച്ചു.
കൃഷിക്കും
ഊന്നല്‍
പാട്ടത്തിനെടുത്തതില്‍ അറുപതു സെന്റ് സ്ഥലത്തു സംഘം പതിവായി നെല്‍ക്കൃഷി ചെയ്യുന്നുണ്ട്. മൂന്നു വയലായി കിടക്കുന്ന സ്ഥലത്താണു കൃഷി. ഒക്ടോബറില്‍ നടന്ന ഈ വര്‍ഷത്തെ കൊയ്ത്തുത്സവം എരമം-കുറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. കൊയ്‌തെടുത്ത നെല്ല് സംഘം നേരിട്ട് വില്‍പ്പന നടത്തും. വൈക്കോലിനും നല്ല ഡിമാന്‍ഡാണ്. കൊയ്‌ത്തൊഴിഞ്ഞ പാടത്തു വെള്ളരി ഉള്‍പ്പടെയുള്ള വേനല്‍ക്കാല പച്ചക്കറികളുടെ വിളവിറക്കും. ചേന, ചേമ്പ്, ഇഞ്ചി, ചീര തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ഇതിനോടു ചേര്‍ന്ന പത്തു സെന്റ് സ്ഥലത്തു ചെണ്ടുമല്ലിക്കൃഷിയും നടത്തുന്നു. വെള്ളോറയിലെ സൊസൈറ്റി ഓഫീസ്‌കെട്ടിടത്തിനോടു ചേര്‍ന്നുള്ള സ്ഥലത്തു ഗ്രോ ബാഗുകളില്‍ ഔഷധത്തോട്ടം ഒരുക്കിയിട്ടുണ്ട്. ഉത്സവകാല പച്ചക്കറി വിളവെടുപ്പുകള്‍ക്കു പ്രത്യേക ചന്തകളൊരുക്കി വിപണി കണ്ടെത്തും. അതതു സമയത്തെ വിളവുകള്‍ നീതിസ്റ്റോറിലൂടെയും വില്‍പ്പന നടത്തും.
ഡെപ്പോസിറ് ഗ്യാരണ്ടി സ്‌കീമില്‍ അംഗത്വം എടുത്തിട്ടുള്ള ഈ വനിതാ സംഘം പ്രതിമാസ ചിട്ടികള്‍ നടത്തുന്നുണ്ട്. കാര്‍ഷികേതര വായ്പയും സ്വര്‍ണപ്പണയ വായ്പയുമാണു സംഘം ഇപ്പോള്‍ നല്‍കിവരുന്നത്. പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ സംഘം ലാഭത്തിലാണു നടക്കുന്നതെന്നു സെക്രട്ടറി പി. ലത പറഞ്ഞു. ക്ലാസ് 1 പദവിയില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന് ഒരു താല്‍ക്കാലിക ജീവനക്കാരനും മൂന്നു കളക്ഷന്‍ ഏജന്റുമാരുമടക്കം പത്തു പേരാണു സേവനത്തിനുള്ളത്. എരമം-കുറ്റൂര്‍ ഗ്രാമപ്പഞ്ചായത്തും കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെ ഏരിയം, പറവൂര്‍ പ്രദേശങ്ങളും ചേര്‍ന്നതാണു സംഘത്തിന്റെ പ്രവര്‍ത്തനമേഖല. സംഘത്തിന്റെ ആദ്യശാഖ കരിപ്പാല്‍ തെന്നത്ത് നവംബറില്‍ ആരംഭിക്കുമെന്നു സെക്രട്ടറി പറഞ്ഞു.
അംഗങ്ങളില്‍ കുറേപ്പേര്‍ക്കു തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഒരു തയ്യല്‍ പരിശീലനകേന്ദ്രവും ഗാര്‍മെന്റ് യൂണിറ്റും തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു സംഘം ഭരണസമിതി പ്രസിഡന്റ് കെ. സത്യഭാമ പറഞ്ഞു. കെ. സുശീല, പി.എസ്. രാധാമണി, കെ. പ്രേമവല്ലി, എ.വി. നളിനി, കെ.ആര്‍. അശ്വതി, സി.വി. ശശികല, എം.വി. സരിത, കെ.പി. രാഗിണി എന്നിവര്‍ ഭരണസമിതി അംഗങ്ങളാണ്.