മാന്ദ്യം പടരുന്ന കേരളം
സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെല്ലാം നിലച്ചു. വരുമാനം മുട്ടിയ ജനവിഭാഗങ്ങളായി കേരളത്തിലെ അടിസ്ഥാനവിഭാഗം മാറുകയാണ്. ഈ രീതിയിലാണു പോക്കെങ്കില്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തകരും. എല്ലാ മേഖലകളിലും സാമ്പത്തികസ്രോതസ്സായി നിലനില്‍ക്കാന്‍ സഹകരണസംഘങ്ങള്‍ക്കു ഇതുവരെ കഴിഞ്ഞിരുന്നു.
മൂലധനശേഷി ഇല്ലാതായി നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന
സ്ഥിതിയില്‍ സഹകരണസംഘങ്ങള്‍ കൂട്ടത്തോടെ എത്തിയതാണ്
ഇപ്പോഴത്തെ അപകടകരമായ സാമ്പത്തികമാന്ദ്യത്തിനു കാരണം.
അതിഗുരുതരമായ സാമ്പത്തികമാന്ദ്യത്തിലേക്കാണു കേരളത്തിന്റെ പോക്ക്. സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുമ്പോള്‍ അടിസ്ഥാനജനവിഭാഗത്തില്‍ പടരുന്ന സാമ്പത്തികമാന്ദ്യത്തിന്റെ ഗൗരവം പരിഗണിക്കപ്പെടാതെ പോവുകയാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, മാസശമ്പളമില്ലാത്ത ഇടത്തരം ജനവിഭാഗങ്ങള്‍, പെന്‍ഷന്‍കാര്‍ എന്നിവരെല്ലാം വാങ്ങല്‍ശേഷിയില്ലാത്തവരായി മാറി. ഇതിന്റെ പ്രതിഫലനം വിപണിയില്‍ പ്രകടമാണ്. സഹകരണസ്ഥാപനങ്ങള്‍ കൂട്ടത്തോടെ പ്രതിസന്ധിയിലാകാന്‍ കാരണം വായ്പയില്‍ തിരിച്ചടവ് വരാത്തതാണ്. പ്രാദേശികമായി സാധാരണജനങ്ങളുടെ സാമ്പത്തികസ്ഥാപനങ്ങളാണു സഹകരണസംഘങ്ങള്‍. അവയുടെ പ്രതിസന്ധി അടിസ്ഥാനജനവിഭാഗത്തിന്റെ സാമ്പത്തികപ്രശ്‌നമായിത്തന്നെ കാണേണ്ടതുണ്ട്. അടുത്തകാലത്തായി മൂന്നു കര്‍ഷകആത്മഹത്യകള്‍ കേരളത്തിലുണ്ടായി. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെല്ലാം നിലച്ചു. വരുമാനം മുട്ടിയ ജനവിഭാഗങ്ങളായി കേരളത്തിലെ അടിസ്ഥാനവിഭാഗം മാറുകയാണ്. ഈ രീതിയിലാണു കേരളത്തിന്റെ മുന്നോട്ടുപോക്കെങ്കില്‍ ഗ്രാമീണ സാമ്പത്തികവ്യവസ്ഥ തകര്‍ന്നു തരിപ്പണമാകും. കൂട്ട ആത്മഹത്യകളുണ്ടാകാം. ഇത്തരമൊരു സാഹചര്യം കേരളത്തില്‍ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. അതിനു കാരണം സഹകരണ സമ്പദ്‌വ്യവസ്ഥ അതിനെ മറികടക്കാന്‍പാകത്തില്‍ ശക്തമായിരുന്നതുകൊണ്ടാണ്. എല്ലാ മേഖലകളിലും സാമ്പത്തികസ്രോതസ്സായി നിലനില്‍ക്കാന്‍ സഹകരണസംഘങ്ങള്‍ക്കു കഴിഞ്ഞിരുന്നു. മൂലധനശേഷി ഇല്ലാതായി നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന സ്ഥിതിയില്‍ സഹകരണസംഘങ്ങള്‍ കൂട്ടത്തോടെ എത്തിയതാണ് ഇപ്പോഴത്തെ അപകടകരമായ സ്ഥിതിക്കു കാരണം.
വാങ്ങല്‍ശേഷി
കൂട്ടുക
ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുക എന്നതാണു മാന്ദ്യത്തെ അതിജീവിക്കാനുള്ള മാര്‍ഗം. സര്‍ക്കാരാണ് അതിനു പദ്ധതി തയാറാക്കേണ്ടത്. ലോകം മാന്ദ്യത്തിലേക്കു മാറിയ സമീപകാലചരിത്രത്തില്‍ ഇടതുപക്ഷ സര്‍ക്കാരായിരുന്നു കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്നത്. അന്നു ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക്ക് ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലിനു രൂപം നല്‍കിയിരുന്നു. അടിസ്ഥാനസൗകര്യ വികസനപദ്ധതികളിലേക്കും ക്ഷേമപദ്ധതികളിലേക്കും സര്‍ക്കാര്‍ ശ്രദ്ധ നല്‍കി. തൊഴിലാളികള്‍ക്കു കൂലി കിട്ടിയാല്‍ ആ പണം വിപണിയില്‍ യഥേഷ്ടം എത്തും. പണത്തിന്റെ ഒഴുക്ക് വിപണിയില്‍ സാധ്യമാക്കുക എന്നതാണു മാന്ദ്യത്തെ നേരിടാനുള്ള മാര്‍ഗം. പണം സമ്പാദ്യമായി വ്യക്തികളില്‍ കേന്ദ്രീകരിക്കപ്പെട്ടാല്‍ അതു മാന്ദ്യത്തിന്റെ ആഘാതം കൂട്ടും. അടിസ്ഥാനസൗകര്യ വികസനത്തിനു സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമ്പോള്‍ നിര്‍മാണമേഖലയില്‍ കൂടുതല്‍ തൊഴിലുകളുണ്ടാകും. ഇങ്ങനെ ലഭിക്കുന്ന പണം തൊഴിലാളികള്‍ കടകളിലും വാഹനയാത്രയ്ക്കും മറ്റുമായി ഉപയോഗിക്കും. കടകളില്‍ ചെലവുണ്ടാകുമ്പോള്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും മാന്ദ്യമുണ്ടാവില്ല. ഇത്തരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി കാര്‍ഷികമേഖലയിലും ഉല്‍പ്പാദനം കൂട്ടേണ്ടിവരും. അതു കര്‍ഷകനും വരുമാനമുണ്ടാക്കും. ഇതാണു സാമ്പത്തികമാന്ദ്യം നേരിടുന്നതിനുള്ള ‘മണി ഫ്‌ളോ’ ഉറപ്പാക്കാനുള്ള രീതിയായി സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ക്ഷേമപദ്ധതികളും ഇതേ രീതിയിലാണു ഫലപ്രദമാകുന്നത്. പെന്‍ഷന്‍കാരും മറ്റു സാമ്പത്തികസഹായങ്ങള്‍ ലഭിക്കുന്നവരും പണം സമ്പാദ്യമായി സ്വരൂപിക്കുന്നവരല്ല. അതിനാല്‍, ക്ഷേമപദ്ധതികളില്‍ സര്‍ക്കാര്‍ മുടക്കം വരുത്താതിരിക്കുകയും കൂടുതല്‍ ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നതും മാന്ദ്യത്തെ നേരിടാനുള്ള മാര്‍ഗമാണ്. മാസവരുമാനക്കാരായ ഇടത്തരക്കാരും സാമ്പത്തികസംവിധാനത്തെ ശക്തിപ്പെടുത്തുന്നവരാണ്. അടിസ്ഥാനജനവിഭാഗങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു വിപണി ഉറപ്പാക്കുന്നതില്‍ ഇത്തരം വരുമാനക്കാരുടെ പങ്ക് വലുതാണ്. കേരളത്തില്‍ ഈ വ്യവസ്ഥ ആകെ ദുര്‍ബലപ്പെട്ടു എന്നതാണ് ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യത്തിന്റെ അടിസ്ഥാനം. അതു ഭീതിദമായ ഒരവസ്ഥയാണ്. എന്നാല്‍, ആ സ്ഥിതിയെ അതിന്റെ ഗൗരവത്തോടെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നതാണു പ്രധാനം. സര്‍ക്കാരിനു സാമ്പത്തികപ്രതിസന്ധിയുണ്ടെന്ന് ഔദ്യോഗികമായിത്തന്നെ വ്യക്തമാക്കിയ കാര്യമാണ്. കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങളിലെ തര്‍ക്കമാണ് അതിനു കാരണമായി പറയുന്നത്. ഇതു രാഷ്ട്രീയകാരണങ്ങളാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി സര്‍ക്കാരിന്റെ വികസനപദ്ധതികളെ ബാധിക്കുന്നുവെന്ന രീതിയില്‍ മാത്രമാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ നടന്നിട്ടുള്ളത്. എത്ര സാമ്പത്തികബുദ്ധിമുട്ട് നേരിട്ടാലും ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്നോട്ടുപോവില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇത് ആശ്വാസകരമായ സമീപനമാണ്. പക്ഷേ, പ്രായോഗിക തലത്തില്‍ ഇതു നടപ്പാക്കാനാകുന്നില്ലെന്നതാണു മാന്ദ്യം കേരളത്തെ ഇങ്ങനെ കീഴടക്കാന്‍ കാരണമാകുന്നത്.
പണം
പുറത്തേക്ക്
നാലു മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശികയുണ്ട്. സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 18 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. കരാറുകാര്‍ക്ക് ഉള്‍പ്പടെ 40,000 കോടി രൂപയെങ്കിലും സര്‍ക്കാര്‍ നല്‍കാനുണ്ട്. പട്ടികവിഭാഗക്കാരുടേതടക്കമുള്ള ക്ഷേമപദ്ധതികളിലെല്ലാം കുടിശ്ശികയാണ്. 5000 കോടി രൂപയിലധികം സഹകരണസംഘങ്ങള്‍ക്കു നല്‍കാനുണ്ട്. കര്‍ഷകര്‍ക്കു നെല്ല് സംഭരിച്ച പണമടക്കം കൊടുക്കാന്‍ ബാക്കിയാണ്. ക്ഷേമനിധിബോര്‍ഡുകളില്‍നിന്നുള്ള പെന്‍ഷന്‍ എട്ടു മാസമായി കുടിശ്ശികയാണ്. ഈ പണമെല്ലാം സാധാരണ വിപണിയിലേക്ക് ഒഴുകേണ്ടവയാണ്. അതു നിലച്ചതിന്റെ ഫലം വിപണിയില്‍ പ്രകടമായിത്തുടങ്ങി. എന്നാല്‍, തൊഴിലാളികള്‍ക്കു പണി നിലച്ചുവെന്നു പറയാനാവില്ല. കാര്‍ഷികമേഖലയില്‍ തൊഴില്‍നഷ്ടം ഉണ്ടായിട്ടുണ്ട്. നിര്‍മാണമേഖലയില്‍ സാധനങ്ങളുടെ വിലക്കയറ്റം ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിലും അതു സ്തംഭനാവസ്ഥ സൃഷ്ടിച്ചിട്ടില്ല. പക്ഷേ, നിര്‍മാണമേഖലയിലെ തൊഴില്‍ കേരളത്തിലെ വിപണിയെ ചലിപ്പിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ മാറ്റം. ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരിലേറെയും അന്യസംസ്ഥാനത്തൊഴിലാളികളാണ്. ഇവര്‍ക്കു കിട്ടുന്ന കൂലിവിഹിതത്തിന്റെ 90 ശതമാനവും അവര്‍ സ്വന്തം നാട്ടിലേക്ക് അയക്കുകയാണ്. 1000 രൂപ പ്രതിദിനം കൂലി കിട്ടുന്ന ഒരു മറുനാടന്‍ തൊഴിലാളി നൂറു രൂപയില്‍ക്കൂടുതല്‍ കേരളത്തില്‍ ഒരു ദിവസം ചെലവിടുന്നില്ലെന്നാണു സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍, മറുനാടന്‍ തൊഴിലാളികളുടെ ആധിക്യം കേരളത്തിലെ മാന്ദ്യത്തിന് ആക്കം കൂട്ടുന്നുണ്ട്.
2022 നവംബര്‍ 19 നു റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച ‘ഹാന്‍ഡ് ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓണ്‍ ഇന്ത്യന്‍ സ്‌റ്റേറ്റ്‌സ് 2021-22’ ലെ കണക്കനുസരിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന നിര്‍മാണത്തൊഴിലാളികളുടെ ശരാശരി പ്രതിദിനവേതനം 837.30 രൂപയാണ്. കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശരാശരി പ്രതിദിനവേതനം 726.80 രൂപയും കാര്‍ഷികേതര മേഖലയില്‍ 681.80 രൂപയുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണു കേരളത്തില്‍ തൊഴിലെടുക്കുന്നവര്‍ക്കു ലഭിക്കുന്നത്. ദേശീയശരാശരിയേക്കാള്‍ ഇരട്ടിയിലധികം വരുമിത്. ഇതാണു മറുനാടന്‍ തൊഴിലാളികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. സംസ്ഥാനത്തു തൊഴില്‍തേടി എത്തുന്ന മറുനാടന്‍ തൊഴിലാളികള്‍ക്കു രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു പൂര്‍ണമായും നടപ്പാക്കാനായി എന്നു കരുതാനാവില്ല. എങ്കിലും, 5,16,320 മറുനാടന്‍ തൊഴിലാളികളാണു കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുടിയേറ്റത്തൊഴിലാളി ക്ഷേമനിധിപദ്ധതിക്കു കീഴില്‍ 1,64,761 മറുനാടന്‍ തൊഴിലാളികളുണ്ട്. ശരാശരി 500 രൂപ ഒരു തൊഴിലാളിക്കു കൂലി കണക്കാക്കിയാല്‍ ഒരു ദിവസം മറുനാടന്‍ തൊഴിലാളികളുടെ കൈയിലെത്തുന്നത് 25.81 കോടി രൂപയാണ്. ഒരു മാസം 25 ദിവസം പണിചെയ്യുന്നുവെന്നു കണക്കാക്കിയാല്‍ കൂലിവിഹിതം 645.25 കോടി രൂപയാകും. സംസ്ഥാനത്തിന്റെ വിപണിയില്‍ ഒഴുകേണ്ട ഇത്രയും പണമാണു മറ്റു സംസ്ഥാനങ്ങളിലേക്ക് ഈ തൊഴിലാളികളിലൂടെ പോകുന്നത്. ഇതു കേരളത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് ഇപ്പോഴത്തെ മാന്ദ്യത്തിന്റെ കാരണം പരിശോധിച്ചാല്‍ ബോധ്യമാകും.
കടകള്‍
ഒഴിയുന്നു
നോട്ട്‌നിരോധനവും അതിനു പിന്നാലെ എത്തിയ രണ്ടു പ്രളയങ്ങളും പിന്നീടുണ്ടായ കോവിഡ്‌വ്യാപനവുമാണു കേരളത്തിലെ സാധാരണക്കാരന്റെ ജീവിതം പിടിച്ചുലച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചതു കോവിഡ്‌വ്യാപനമാണെന്നു പറയാം. ചെറുകിട വ്യാപാരമേഖലയടക്കം വലിയ പ്രതിസന്ധിയാണു നേരിട്ടത്. അതേസമയം, മഹാമാരിക്കാലത്തു സര്‍ക്കാരിന്റെ ഇടപെടല്‍ സാധാരണക്കാരന്റെ ജീവിതത്തില്‍ വലിയ താങ്ങായി മാറിയിട്ടുണ്ട്. ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി വിട്ടിലെത്തിച്ചു. കിറ്റുകളും സാമൂഹികഅടുക്കളയും ജനങ്ങളുടെ ജീവിതത്തെ അന്നം മുട്ടിക്കാതെ കാത്തു. പക്ഷേ, കോവിഡാനന്തരം കാര്‍ഷിക-വ്യാപാരമേഖലയ്ക്ക് ഒരു പുനര്‍ജനി ഉണ്ടായോയെന്നതു സംശയമാണ്. ലോകത്തു ഡിജിറ്റല്‍ ഇടപാടുകള്‍ ഏറ്റവും വ്യാപിച്ചത് ഇന്ത്യയിലാണ്. അതില്‍ മുന്നില്‍ കേരളമാണ്. അതിനാല്‍, ഓണ്‍ലൈന്‍വ്യാപാരസ്ഥാപനങ്ങള്‍ക്കു കേരളം നല്ലൊരു വിപണിയായി മാറി. ഇതു സാധാരണ ചെറുകിട കച്ചവടക്കാരെ ചെറിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനം കൂടിയിട്ടും കര്‍ഷകന്റെ വരുമാനം കൂടിയില്ല. ക്ഷേമപദ്ധതികള്‍ മന്ദീഭവിച്ചതോടെ സാധാരണക്കാരന്റെ കൈയില്‍ പണമില്ലാതായി. ഇതാണു വ്യാപാരമേഖലയെ തളര്‍ത്തിക്കളഞ്ഞത്.
ഇന്നു നഗര-ഗ്രാമ വ്യത്യാസമില്ലാതെ കച്ചവടസ്ഥാപനങ്ങള്‍ കാലിയാവുന്ന കാഴ്ച പ്രകടമാണ്. കെട്ടിടങ്ങള്‍ക്കു മുമ്പില്‍ വാടകയ്ക്ക് എന്ന ബോര്‍ഡ് വ്യാപകമായി തൂങ്ങിക്കിടക്കുന്നതു കാണാം. കച്ചവടമില്ലാത്തതിനാല്‍ ഒരു ലക്ഷത്തോളം കടകള്‍ പൂട്ടിയെന്നാണു വ്യാപാരിസംഘടനകളുടെ കണക്ക്. ചെറിയ കടകള്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍വരെ ഇതില്‍പ്പെടുമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി പറയുന്നു. കോവിഡിനുശേഷമാണ് ഈ പ്രവണത വര്‍ധിച്ചത്. എത്ര കടകള്‍ പൂട്ടിയെന്നോ എന്തെല്ലാം കാരണത്താല്‍ കച്ചവടം നിര്‍ത്തേണ്ടിവന്നുവെന്നോ ഉള്ള പരിശോധന വ്യാപാരി സംഘടനകള്‍പോലും നടത്തിയിട്ടില്ല. ഗ്രാമങ്ങളിലാണു കടകള്‍ അടച്ചുതുടങ്ങിയത്. ഇതു നഗരങ്ങളിലേക്കും വ്യാപിച്ചു. കാര്‍ഷിക-വ്യാപാരമേഖലയിലെ പ്രതിസന്ധികളാണു കടയടപ്പിലേക്ക് എത്തിയത്. ടെക്സ്‌റ്റൈല്‍, ഫാന്‍സി ചെരുപ്പു ഷോപ്പുകള്‍ എന്നിവയാണു കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. കര്‍ഷക-തൊഴിലാളി കുടുംബങ്ങളില്‍ വരുമാനം കുറഞ്ഞതാണു വ്യാപാരമേഖലയെ സ്വാധീനിച്ച പ്രധാന ഘടകം. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളും നാണ്യവിളകളുടെ വിലയിടിവും ഇടത്തരക്കാരുടെ വാങ്ങല്‍ശേഷി കുറച്ചു. കാര്‍ഷികമേഖല ക്ഷയിച്ചത് ഈ മേഖലയിലെ തൊഴിലാളികളെയും ബാധിച്ചു. ഇതോടൊപ്പം, നിര്‍മാണമേഖലയില്‍നിന്നു തദ്ദേശീയരായ തൊഴിലാളികള്‍ ഏറക്കുറെ പിന്‍വാങ്ങിയതും വിപണിയില്‍ പ്രതിഫലിച്ചു.
ഇത്തരമൊരു പ്രതിസന്ധി കേരളം നേരിടുന്നത് ആദ്യമാണെന്നാണു സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് കാരണം സംഭവിച്ചതു കേരള രൂപവത്കരണത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ സാമ്പത്തികത്തകര്‍ച്ചയാണെന്ന് അഞ്ചാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡോ. ബി.എ. പ്രകാശ് പറയുന്നു. ഗള്‍ഫില്‍നിന്നുള്ള പണമാണു കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക അന്തരീക്ഷത്തിനു വലിയ മാറ്റമുണ്ടാക്കിയത്. കോവിഡ്‌വ്യാപനത്തെത്തുടര്‍ന്നു ഗള്‍ഫില്‍നിന്ന് ഏറ്റവും വലിയ തിരിച്ചുവരവാണുണ്ടായത്. ഇവരില്‍ മൂന്നിലൊന്നുപോലും തിരിച്ചുപോയിട്ടില്ല. ഒരുപാട് മേഖലകളിലെ തൊഴിലവസരങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന മലയാളികള്‍ അവിടെനിന്നു ലഭിക്കുന്ന വരുമാനം കേരളത്തിന്റെ സമ്പത്താക്കി ഇവിടെ എത്തിച്ചിരുന്നു. ഈ രീതിക്കു മാറ്റമുണ്ടായി എന്നതും കേരളം ഇന്നു നേരിടുന്ന പ്രതിസന്ധിയാണ്.
മാനവവിഭവശേഷി
കുറയുന്നു
കേരളം വയോജനങ്ങളുടെ നാടായി മാറാന്‍പോകുന്നുവെന്ന ആശങ്കയുടെ മുന്നിലാണു നമ്മള്‍ നില്‍ക്കുന്നത്. ഇതു ഭാവിയില്‍ നേരിടാന്‍ പോകുന്ന ഒരു വലിയ പ്രശ്‌നംതന്നെയാണ്. വിദേശത്തേക്കു യുവാക്കള്‍ ജോലിക്കും പഠനത്തിനുമായി പോകുന്നത് ഇത്രവലിയ പ്രശ്നമാണോ എന്നതാണു ചോദ്യം. കേരളത്തിന്റെ ജി.ഡി.പി.യുടെ 20 ശതമാനം പ്രവാസികളുടെ വിഹിതമാണ്. കേരളത്തില്‍ വലിയ മാറ്റങ്ങള്‍കൊണ്ടുവന്നതു പ്രവാസിപ്പണം എത്താന്‍ തുടങ്ങിയതോടെയാണ്. അങ്ങനെയങ്കില്‍ പ്രവാസജീവിതം കേരളത്തിനു ഗുണകരമാവില്ലേയെന്നു തോന്നാം. എന്നാല്‍, കേരളത്തില്‍ ജനസംഖ്യാഘടനയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. 2021 ലെ കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 16.5 ശതമാനം 60 വയസ്സ് പിന്നിട്ടവരാണ്. 2031 ആകുമ്പോഴേക്കും ഇതു 20 ശതമാനം കവിയും. അതേസമയം, സംസ്ഥാനത്തെ ജനനനിരക്ക് കുറയുകയാണ്. 1980 കളിലും 90 കളിലും യഥാക്രമം 6.5 ലക്ഷവും 5.3 ലക്ഷവും കുട്ടികള്‍ ജനിച്ചിരുന്നുവെങ്കില്‍ 2021 ല്‍ അതു 4.6 ലക്ഷം മാത്രമാണ്. 2031 ആകുമ്പോഴേക്കും ജനനനിരക്ക് 3.6 ലക്ഷത്തിലേക്കു താഴും. അതായത്, സമൂഹത്തിലെ പുതിയ തലമുറയും മുതിര്‍ന്ന പൗരന്മാരും തൊഴില്‍സേനയും തമ്മിലുള്ള അനുപാതത്തില്‍ ഘടനാപരമായ മാറ്റം സംഭവിക്കും. കേരളത്തില്‍നിന്നു വിദ്യാഭ്യാസത്തിനും തൊഴിലെടുക്കുന്നതിനുമായി വിദേശത്തു പോകുന്ന യുവജനങ്ങള്‍ അവിടെ സ്ഥിരതാമസമാക്കുന്ന സ്ഥിതിവിശേഷം വ്യാപകമായിട്ടുണ്ട്.
കേരളത്തിന്റെ ജി.ഡി.പി.യുടെ 20 ശതമാനം പ്രവാസികളുടെ വിഹിതമാണ്. ‘ഇന്‍വേര്‍ഡ് റെമിറ്റന്‍സ്’ കുറയുകയും ‘ഔട്ട്‌വേര്‍ഡ് റെമിറ്റന്‍സ്’ കൂടുകയും ചെയ്യുന്നുവെന്നതാണ് ഇപ്പോഴത്തെ മാറ്റം. ഇവിടെനിന്ന് ഒരു കുട്ടി വിദേശത്തേക്കു പഠിക്കാന്‍ പോകുമ്പോള്‍ അങ്ങോട്ടു പണം നല്‍കുകയാണു ചെയ്യുന്നത്. അവന്‍ അവിടെ സ്ഥിരതാമസമാക്കുന്നതോടെ ഇങ്ങോട്ടുള്ള വരുമാനം കുറയുകയും ചെയ്യുന്നു. അപ്പോള്‍ നമുക്കു നഷ്ടം സാമ്പത്തികം മാത്രമല്ല, മനുഷ്യവിഭവശേഷി കൂടിയാണ്. ഇതാണു പ്രശ്നം. ഇതെല്ലാം കേരളത്തിന്റെ സാമ്പത്തികഘടനയില്‍ വരാനിരിക്കുന്ന ആഘാതത്തിന്റെ സൂചനകളാണ്. പ്രവാസിപ്പണം കേരളത്തിലേക്കു വരുന്നതു കുറഞ്ഞതോടൊപ്പം കേരളത്തിന്റെ പണം വിദേശത്തേക്കു മാറുന്ന റിവേഴ്‌സ് ഇഫക്ട് സാമ്പത്തികമേഖലയില്‍ സംഭവിക്കുകയാണ്. ഇതെല്ലാം കൂടി കേരളത്തിന്റെ സാമ്പത്തികമേഖലയില്‍ വരുത്തിയ ആഘാതം തീവ്രമായ ജീവിതാനുഭവത്തിലേക്കാണു നമ്മളെ എത്തിച്ചിരിക്കുന്നത്.
ആരോഗ്യം ക്ഷയിക്കുന്ന സഹകരണം
സഹകരണസംഘങ്ങളുടെ പ്രതിസന്ധി കേവലം സഹകരണമേഖലയുടെ മാത്രം
പ്രശ്‌നമല്ലെന്ന തിരിച്ചറിവിലേക്കു സാമ്പത്തികവിദഗ്ധര്‍ എത്തിയിരിക്കുന്നു.
സാധാരണ ജനങ്ങള്‍ക്കു തിരിച്ചടവുശേഷി ഇല്ലാതായതാണു സഹകരണമേഖലയുടെ
പ്രശ്‌നങ്ങള്‍ക്കു കാരണം. ഇതു മാന്ദ്യത്തിന്റെ ലക്ഷണമാണ്.
കേരളത്തിന്റെ പ്രാദേശിക ജനവിഭാഗത്തിന്റെ ബാങ്കിങ്സ്ഥാപനമാണു സഹകരണബാങ്കുകള്‍. പ്രാഥമിക സഹകരണബാങ്കുകളിലെ 90 ശതമാനം വായ്പകളും പത്തു ലക്ഷം രൂപയില്‍ത്താഴെയാണ്. ഇടപാടുകാരിലേറെയും സാധാരണക്കാരും കര്‍ഷകരും തൊഴിലാളികളുമാണ്. ഒരു പഞ്ചായത്ത് അല്ലെങ്കില്‍ വില്ലേജ്, അവയുടെ കുറച്ചു ഭാഗം എന്നിങ്ങനെയാണ് ഒരു പ്രാഥമിക സഹകരണബാങ്കിന്റെ പ്രവര്‍ത്തനപരിധി. ആ പരിധിക്കുള്ളിലെ ജനങ്ങളുടെ അടിസ്ഥാന സാമ്പത്തികാവശ്യം നിറവേറ്റാന്‍ ഏറ്റവും കൂടുതല്‍ അവര്‍ ആശ്രയിക്കുന്ന സ്ഥാപനമാണത്. അതായത്, ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതാവസ്ഥയിലുള്ള ഏതു മാറ്റവും ആ പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്ന സഹകരണബാങ്കുകളെയും സംഘങ്ങളെയും ബാധിക്കും. സഹകരണമേഖല പ്രതിസന്ധിയിലാകാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായി. 2018 ലെ പ്രളയത്തിനു ശേഷം സഹകരണമേഖലയ്ക്കു തിരിച്ചടിയാണ്. സംഘങ്ങള്‍ കൂട്ടത്തോടെ നഷ്ടത്തിലേക്കു പോയിക്കൊണ്ടിരുന്നു. ഇതൊരു താല്‍ക്കാലിക പ്രശ്‌നമായാണു തുടക്കത്തില്‍ സഹകാരികള്‍ വിലയിരുത്തിയത്. എന്നാല്‍, ഓരോ വര്‍ഷം കഴിയുമ്പോഴും നഷ്ടത്തിലാകുന്ന സംഘങ്ങളുടെ എണ്ണം കൂടിവന്നു. നിക്ഷേപം തിരിച്ചുകൊടുക്കാന്‍ കഴിയാത്ത സംഘങ്ങളുണ്ടായി. അതു പലയിടത്തും സമരങ്ങളിലും പ്രതിഷേധങ്ങളിലുമെത്തി. അപ്പോഴെല്ലാം സഹകരണമേഖലയിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന നിലയിലേക്കു ചുരുക്കിക്കാണാനാണു സര്‍ക്കാരും സഹകാരികളും ശ്രമിച്ചത്
ഇപ്പോഴത്തെ സ്ഥിതി അതിഗുരുതരമാണ്. സഹകരണസംഘങ്ങളുടെ പ്രതിസന്ധി കേവലം സഹകരണമേഖലയുടെമാത്രം പ്രശ്‌നമല്ലെന്ന തിരിച്ചറിവിലേക്കു സാമ്പത്തികവിദഗ്ധര്‍ എത്തിയിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്കു തിരിച്ചടവുശേഷി ഇല്ലാതായതാണു സഹകരണമേഖലയുടെ പ്രശ്‌നങ്ങള്‍ക്കു കാരണം എന്നതാണു വസ്തുത. ഇതു മാന്ദ്യത്തിന്റെ ലക്ഷണമാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമെല്ലാം വരുമാനം ഉറപ്പാക്കാനാകാതെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാവില്ല. സഹകരണസംഘങ്ങളും ബാങ്കുകളും നേരിടുന്ന പ്രതിസന്ധി വരുമാനശോഷണം സംഭവിച്ച ഒരു ജനതയുടെ ജീവിതാവസ്ഥയുടെ ലക്ഷണമാണ്. ക്ഷേമപദ്ധതികള്‍ക്കു സഹകരണസംഘങ്ങളെ ആശ്രയിക്കുന്ന രീതിയിലേക്കു സര്‍ക്കാര്‍ മാറിയതു തുടക്കത്തില്‍ ശുഭലക്ഷണമായാണു വിലയിരുത്തപ്പെട്ടത്. സഹകരണമേഖലയിലെ അധികപണം ഇത്തരത്തില്‍ സര്‍ക്കാര്‍ തിരിച്ചടവ് ഉറപ്പാക്കുന്ന രീതിയില്‍ വായ്പയാക്കി മാറ്റാനാകുന്ന സ്ഥിതി സംഘങ്ങള്‍ക്കും ഗുണകരമായിരുന്നു. ക്ഷേമപെന്‍ഷന്‍, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍, കാര്‍ഷികകടാശ്വാസപദ്ധതിക്കായുള്ള കണ്‍സോര്‍ഷ്യം എന്നിങ്ങനെ സഹകരണസംഘങ്ങളുടെ ഫണ്ട് ഉപയോഗിച്ചതിന്റെ ആശ്വാസം നേരിട്ട് സാധാരണജനങ്ങള്‍ക്കു ലഭ്യമായിത്തുടങ്ങി. ഈ ഘട്ടത്തിലാണു സര്‍ക്കാര്‍ വരുമാനം മുട്ടിയ അവസ്ഥയിലേക്കു മാറുന്നത്. ഇതോടെ, സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കാനുള്ള പണം കുടിശ്ശികയായി. ഇതു സഹകരണസംഘങ്ങളെയും പ്രതിസന്ധിയിലേക്കു നയിച്ചു. കൂടുതല്‍ വായ്പ സര്‍ക്കാരിനുപോലും നല്‍കാനാവാത്ത സ്ഥിതിയില്‍ സംഘങ്ങളെത്തി. ഇതോടെ, ക്ഷേമപെന്‍ഷനടക്കം മുടങ്ങി. ഒരേസമയം സഹകരണസംഘങ്ങളില്‍ പണത്തിന്റെ ശോഷണം സംഭവിക്കുകയും ജനങ്ങള്‍ക്കു വാങ്ങല്‍ശേഷി കുറയുകയും ചെയ്തതോടെയാണ് ഇപ്പോഴത്തെ മാന്ദ്യത്തിന്റെ ആഘാതത്തിലേക്കു കേരളം എത്തിയത്.
പെന്‍ഷന്‍
കമ്പനി
സാമൂഹിക സുരക്ഷാപെന്‍ഷന്‍ എല്ലാ മാസവും നേരിട്ട് വീടുകളില്‍ എത്തിക്കുന്നതിനു സര്‍ക്കാര്‍ ഒരുക്കിയ ക്രമീകരണമാണു കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍കമ്പനി എന്ന സ്ഥാപനം. പ്രാഥമിക സഹകരണബാങ്കുകള്‍, സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്തു പെന്‍ഷന്‍കമ്പനി എല്ലാ മാസവും പെന്‍ഷനുള്ള തുക കൈമാറും. കമ്പനിയെടുത്ത വായ്പ പലിശസഹിതം അതിന്റെ കാലാവധിക്കുള്ളില്‍ സര്‍ക്കാര്‍ തിരിച്ചുനല്‍കും. ഇതാണ് ഉണ്ടാക്കിയ ധാരണ. 4000 കോടിയലധികം രൂപ ഇതിനകം സഹകരണബാങ്കുകള്‍ പെന്‍ഷന്‍കമ്പനിക്കു വായ്പയായി നല്‍കിയിട്ടുണ്ട്. ഇതിന്റെ പലിശ മൂന്നുമാസം കൂടുമ്പോള്‍ കൃത്യമായി സഹകരണ ബാങ്കുകള്‍ക്കു നല്‍കുന്നുമുണ്ട്. ഇപ്പോള്‍ പുതുതായി 2000 കോടികൂടി സഹകരണബാങ്കുകളില്‍നിന്ന് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതായത്, 6000 കോടിയിലധികം രൂപ സര്‍ക്കാരിനു പെന്‍ഷന്‍കമ്പനിയിലൂടെ സഹകരണബാങ്കുകള്‍ക്കു കടബാധ്യതയുണ്ടാകും. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 10,848.61 കോടി രൂപ പെന്‍ഷന്‍കമ്പനിക്കു ബാധ്യതയുണ്ട്. അതായത്, 2018 മുതല്‍ നല്‍കിയ ക്ഷേമപെന്‍ഷന് ഒരു രൂപപോലും പെന്‍ഷന്‍കമ്പനിയിലേക്കു സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പെന്‍ഷന്‍കമ്പനിക്കു സഹകരണബാങ്കുകള്‍ നല്‍കിയ വായ്പയിലും തിരിച്ചടവുണ്ടാക്കാത്ത സ്ഥിതിയാണ്. മൂന്നു ലക്ഷം മുതല്‍ 50 കോടി രൂപവരെയാണു പെന്‍ഷന്‍കമ്പനിക്കു സഹകരണബാങ്കുകള്‍ വായ്പയായി നല്‍കിയിട്ടുള്ളത്.
സമൂഹത്തില്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഘട്ടമുണ്ടാകുമ്പോള്‍ സഹകരണസംഘങ്ങളെ ബാധിക്കാതിരിക്കാനാണു ലാഭത്തില്‍നിന്ന് ഒരുഭാഗം അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ പാകത്തിലുള്ള റിസര്‍വുകളായി മാറ്റിവെക്കുന്നത്. അംഗസമാശ്വാസ നിധി, പൊതുനന്മാഫണ്ട്, കരുതല്‍ ഫണ്ട് എന്നിവയെല്ലാം ഇതിനുള്ളതാണ്. എന്നാല്‍, പ്രളയാനന്തര കേരളത്തില്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതു സഹകരണസംഘങ്ങളുടെ റിസര്‍വ് ഫണ്ടുകളാണ്. അംഗസമാശ്വാസനിധിയും പൊതുനന്മാഫണ്ടും എറക്കുറെ സര്‍ക്കാര്‍ ഉപയോഗിച്ചു. കെയര്‍ഹോം, കെയര്‍ ഗ്രേസ്, കോവിഡ്കാലത്തു സമൂഹഅടുക്കള, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന എന്നിവയ്‌ക്കെല്ലാം ഈ ഫണ്ടുകളാണ് ഉപയോഗിച്ചത്. ഇപ്പോള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ വരുമാനം കുറയുകയും വായ്പകള്‍ക്കു തിരിച്ചടവില്ലാതെ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയിലേക്കു സഹകരണസംഘങ്ങളുടെ സാമ്പത്തികസ്ഥിതി മാറുകയും ചെയ്തതോടെ ഈ ‘കരുതല്‍’ നഷ്ടവും സംഘങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കേരള ബാങ്കിന്റെ കുടിശ്ശികയില്‍ 60 ശതമാനവും പ്രാഥമിക സഹകരണസംഘങ്ങളുടേതാണെന്നാണു കണക്ക്. സംഘങ്ങള്‍ എടുത്ത വായ്പയും തിരിച്ചടക്കാനാവാത്ത സ്ഥിതിയിലേക്ക് എത്തിയെന്നാണ് ഇതു കാണിക്കുന്നത്. ഇത്തരമൊരു സ്ഥിതി തുടര്‍ന്നാല്‍ അതു കേരള ബാങ്കിനെയും ബാധിക്കും.
നിഷ്‌ക്രിയ ആസ്തി
15,376 കോടി
കേരളത്തിലെ സഹകരണബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തി കുത്തനെ കൂടുകയാണ്. 2022 മാര്‍ച്ചിലെ കണക്കനുസരിച്ച് 15,376.6 കോടി രൂപയാണു സഹകരണബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തിയായിട്ടുള്ളത്. ഇത് അര്‍ബന്‍ സഹകരണബാങ്കുകള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, സംസ്ഥാന സഹകരണബാങ്ക്, സംസ്ഥാന കാര്‍ഷിക ഗ്രാമവികസനബാങ്ക് എന്നിവയുടെ കണക്കു മാത്രമാണ്. സംസ്ഥാനത്തു 1625 പ്രാഥമിക സഹകരണബാങ്കുകളുടെയും മറ്റു സഹകരണസംഘങ്ങളുടെയും കുടിശ്ശിക ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. പ്രാഥമിക സഹകരണബാങ്കുകളാണു നിലവില്‍ വായ്പക്കുടിശ്ശികയുടെ പ്രശ്‌നം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്നത്. കാരണം, സാധാരണക്കാരുമായി നേരിട്ട് ഇടപഴുകുന്നതും അവരുമായി കൂടുതല്‍ ഇടപാടു നടത്തുന്നതും ഈ ബാങ്കുകളാണ്. മൊത്തം വായ്പയുടെ 50 ശതമാനത്തിലധികം കുടിശ്ശികയായി മാറിയ സഹകരണബാങ്കുകള്‍ കേരളത്തില്‍ ഏറെയുണ്ട്. ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്തു ജപ്തിനടപടിയിലേക്കു കടക്കാത്തതുകൊണ്ടാണ് ഇത്രയും കുടിശ്ശികയാകുന്നതെന്നു ബാങ്കിങ്ഭാഷയില്‍ ഇതിനെ വിശേഷിപ്പിക്കാം. എന്നാല്‍, വിറ്റ വിളയ്ക്കു വില കിട്ടാതെയും വരവിനേക്കാള്‍ ചെലവുകൂടി കടം കയറുകയും ചെയ്ത കര്‍ഷകനെതിരെയാണ് ഈ ജപ്തിയുമായി പ്രാഥമികബാങ്കുകള്‍ പോകേണ്ടത്. ആ നടപടി മനുഷ്യത്വമില്ലാത്ത സമീപനമായി വിലയിരുത്തപ്പെടും. ജനകീയബാങ്കിങ് എന്നും മനുഷ്യത്വസമീപനമെന്നും വിളിക്കുന്ന പ്രാഥമിക സഹകരണബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും അത്തരമൊരു നിലപാട് സ്വീകരിക്കാനാവില്ല. ഇതോടെ, ഒരു പ്രദേശത്തെ ജനതയുടെ സാമ്പത്തികപ്രതിസന്ധിയുടെ ആഘാതം സഹകരണബാങ്കുകളും സംഘങ്ങളും ഏറ്റുവാങ്ങാന്‍ തുടങ്ങി.
2022 മാര്‍ച്ചിലെ കണക്കനുസരിച്ച് കേരളത്തില്‍ നഷ്ടത്തിലായ പ്രാഥമിക സഹകരണസംഘങ്ങളുടെ എണ്ണം 9538 ആണ്. ലാഭത്തിലുള്ളത് 3178 എണ്ണം. പിന്നീടുള്ള വര്‍ഷത്തെ കണക്കില്‍ നഷ്ടത്തിലായ സംഘങ്ങളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ലാഭത്തിലായ പല സംഘങ്ങളും കൂട്ടത്തോടെ നഷ്ടത്തിലേക്കു പോകുന്ന പ്രവണതയാണു നിലവിലുള്ളത്. നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാന്‍ വട്ടിപ്പലിശക്കാരോടു പണം വാങ്ങിയ വനിതാസൊസൈറ്റി മലപ്പുറത്തുണ്ട്. സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ സംസ്ഥാനത്താകെയുള്ളത് 16,314 സഹകരണസംഘങ്ങളാണ്. 12,716 സഹകരണസംഘങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവയ്ക്കു പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നു. സംഘങ്ങള്‍ നഷ്ടത്തിലാകുന്നുവെന്നതുമാത്രമല്ല പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘങ്ങള്‍ പൂട്ടിപ്പോകുന്ന സ്ഥിതിയുണ്ടാകുന്നത് എന്തുകൊണ്ട് എന്നതും പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു ജനവിഭാഗത്തില്‍ അവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനുള്ള സാധ്യത വിലയിരുത്തിയാണ് ഒരു സംഘം രജിസ്റ്റര്‍ ചെയ്യുന്നത്. അത്തരമൊരു സംഘം പൂട്ടിപ്പോകുന്നുണ്ടെങ്കില്‍ ആ ജനവിഭാഗത്തിനുവേണ്ടി ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരണം. അല്ലെങ്കില്‍, അവരുടെയിടയില്‍ പ്രവര്‍ത്തിച്ച് സാമ്പത്തികഭദ്രത നേടാന്‍ കഴിയാതെ വരണം. രണ്ടാമത്തെ കാരണത്താലാണു ഭൂരിഭാഗം സംഘങ്ങളും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുന്നത് എന്നു മനസ്സിലാക്കാനാവും. ഇതു വരുമാനം ഉറപ്പാക്കാനാവാത്ത ഒരു വിഭാഗം ജനങ്ങള്‍ അംഗങ്ങളായുണ്ടാകുന്ന ഒരു സംഘത്തിന്റെ ദുരവസ്ഥയാണ്. അതിനു കാരണം ആ പ്രദേശത്തുണ്ടാകുന്ന വരുമാനശോഷണമാണ്.
വരുമാനം മുട്ടുന്ന
ജനത
സംസ്ഥാനത്തെ 164 സഹകരണസംഘങ്ങള്‍ നിക്ഷേപം തിരിച്ചുകൊടുക്കാന്‍ കഴിയാത്തവയാണ് എന്നു 2022 ജുലായ് 18 നാണു നിയമസഭയില്‍ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചത്. ഇതു മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി. മാത്രമല്ല, സഹകാരികളില്‍ ഇതു വലിയ ഞെട്ടലുമുണ്ടാക്കി. മന്ത്രി അന്നു പറഞ്ഞ ഘട്ടത്തില്‍ നിന്ന് ഇന്ന് ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഇപ്പോഴത്തെ കണക്ക് പരിശോധിച്ചാല്‍ അന്നത്തെ 164 നേക്കാള്‍ കൂടുതല്‍ സംഘങ്ങള്‍ നിക്ഷേപം തിരിച്ചുകൊടുക്കാനാവാത്ത സ്ഥിതിയിലായിട്ടുണ്ട്. ഇതു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന മാന്ദ്യമല്ലാതെ പിന്നെന്താണ് ?. ആ 164 വെറുമൊരു സംഖ്യയല്ലെന്നും വരാനിക്കുന്ന അപകടത്തിന്റെ സൂചനയാണെന്നും ‘ മൂന്നാംവഴി ‘ മാസങ്ങള്‍ക്കുമുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു. ആ അപകടാവസ്ഥയിലാണ് ഇന്നു കേരളം നില്‍ക്കുന്നത്. കേരളത്തിലെ കാര്‍ഷിക വായ്പാസംഘങ്ങള്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്നുണ്ടെന്നു റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സഹകരണസംഘങ്ങള്‍ നിക്ഷേപം തിരിച്ചുകൊടുക്കാത്തവയുടെ പട്ടികയിലുണ്ട്. ഇതില്‍ പത്തനംതിട്ട, ആലപ്പുഴജില്ലകളിലെ സ്ഥിതി പേടിപ്പിക്കുന്നതാണെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. ഈ രണ്ടു ജില്ലകളിലും നിക്ഷേപം തിരിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതു മുഴുവന്‍ പ്രാഥമിക സഹകരണബാങ്കുകളാണ്. രണ്ടു ജില്ലയിലും 15 വീതം സഹകരണബാങ്കുകള്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്നുണ്ട്. ആലപ്പുഴയിലെയും പത്തനംതിട്ടയിലേയും പ്രാഥമിക സഹകരണബാങ്കുകള്‍ കൂട്ടത്തോടെ പ്രതിസന്ധിയിലാകുന്നുണ്ടെങ്കില്‍ അവിടത്തെ സാമൂഹിക-സാമ്പത്തിക സാഹചര്യത്തിന് എന്തോ പ്രശ്‌നം സംഭവിച്ചിരിക്കുന്നുവെന്നു പ്രാഥമികമായി വിലയിരുത്തേണ്ടിവരുമെന്ന് അന്നുതന്നെ പലരും മുന്നറിയിപ്പ് നല്‍കിയതാണ്. കാര്‍ഷികമേഖലയിലെ തകര്‍ച്ച, പ്രളയബാധിതരായ ജനത – അങ്ങനെ ജനങ്ങളുടെ ജീവനോപാധികള്‍ക്കു പ്രശ്‌നം സംഭവിച്ചതാണു സഹകരണബാങ്കുകളില്‍ കുടിശ്ശികയായി പ്രതിഫലിച്ചത് എന്നു കാണാനാകും.
പ്രളയാനന്തരം കാര്‍ഷികമേഖലയിലെ വായ്പ ഉള്‍ക്കൊള്ളാനുള്ള ശേഷി മിക്കയിടത്തും കുറഞ്ഞിട്ടുണ്ട്. ഒരേക്കര്‍ കൃഷിയിടത്തില്‍ നേരത്തെ വിവിധ കൃഷികളില്‍നിന്ന് ഒരു ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്നുവെങ്കില്‍ ആ കൃഷിയുടമയായ കര്‍ഷകന് ഒരു ലക്ഷം രൂപ വായ്പ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടെന്നു കണക്കാക്കാം. പ്രളയത്തിനുശേഷം ഭൂമിയുടെ സ്വാഭാവികഘടനയിലുണ്ടായ മാറ്റം കൃഷിയെയും ബാധിച്ചിട്ടുണ്ട്. മുമ്പുള്ള രീതിയിലുള്ള കൃഷിയോ കൃഷിരീതിയോ ചെലവോ പറ്റാതെ വന്നിരിക്കുന്നു. കൃഷിയില്‍നിന്നു ലഭിച്ചിരുന്ന വരുമാനം ഗണ്യമായി കുറഞ്ഞു. ഈ മാറ്റം പരിഗണിക്കാതെ ഒരു ലക്ഷം രൂപ അതേ കര്‍ഷകന്‍ വായ്പയെടുത്താല്‍ അവനു തിരിച്ചടവ് സാധ്യമാവില്ല. ആലപ്പുഴയിലും പത്തനംതിട്ടയിലും കര്‍ഷകരെ ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കുന്നുണ്ട്. വായ്പാതിരിച്ചടവ് വരാതെ സാമ്പത്തികശോഷണം നേരിടുന്നുണ്ടെങ്കില്‍ അത് ആ പ്രദേശം നേരിടുന്ന സാമ്പത്തികാഘാതത്തിന്റെ തെളിവാണ്. റബ്ബര്‍ക്കര്‍ഷകര്‍ നേരിടുന്ന വിലയിടിവ്, പ്രവാസിപ്പണത്തിലുണ്ടായ ശോഷണം എന്നിവയെല്ലാം പത്തനംതിട്ട, കോട്ടയം ജില്ലകളെ ബാധിച്ചിട്ടുണ്ട്.
നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരിച്ച വിലപോലും കര്‍ഷകര്‍ക്കു ലഭിക്കാത്തതും പച്ചക്കറികളും പഴങ്ങളും ഉല്‍പ്പാദനം കൂടുന്നതിനനുസരിച്ച് വില കുറയുന്നതുമെല്ലാം കര്‍ഷകരുടെ വരുമാനത്തെ സാരമായി ബാധിച്ച ഘടകങ്ങളാണ്. കോവിഡ്കാലത്തു വാങ്ങിയ വായ്പകളിലേറെയും ഉല്‍പ്പാദനക്ഷമമല്ലാത്ത രീതിയില്‍ ജനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടിവന്നു. പരമ്പരാഗത മേഖലയിലുള്ളവര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെല്ലാം വരുമാനം കുറഞ്ഞവരുടെ പട്ടികയിലാണ്. മറുനാടന്‍ തൊഴിലാളികള്‍ക്കു ലഭിക്കുന്ന പണം ഇവിടെ ഉപയോഗിക്കാതെയായി. സര്‍ക്കാരിന്റെ എല്ലാ സാമ്പത്തികസഹായങ്ങള്‍ക്കും മുടക്കം വന്നു. വിലക്കയറ്റം രൂക്ഷമായി. ഇതൊക്കെ ഒരു സമൂഹത്തില്‍ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെയും സാമ്പത്തികഘടനയില്‍ എന്തു മാറ്റമുണ്ടാക്കുന്നു എന്നതിന്റെയും പ്രത്യേക്ഷ പ്രകടനമാണു സഹകരണസംഘങ്ങളിലും ബാങ്കുകളിലും ഉണ്ടായിട്ടുള്ളത്. അതിനെ ഗൗരവത്തോടെ കണ്ട് ഇടപെടാനായില്ലെങ്കില്‍ ഈ മാന്ദ്യത്തിന്റെ അനന്തരഫലം സഹകരണമേഖലയുടെ കൂടി തകര്‍ച്ചയാകും.
സംഘങ്ങളില്‍
സര്‍ക്കാര്‍കടം കൂടി
സര്‍ക്കാരും സഹകരണസ്ഥാപനങ്ങളും ഒരേപോലെ സാമ്പത്തികപ്രതിസന്ധി നേരിടുന്ന കാലമാണു കടന്നുപോകുന്നത്. കുടിശ്ശിക കൂടുന്നതും സര്‍ക്കാര്‍-സഹകരണ പങ്കാളിത്തപദ്ധതിയില്‍ സര്‍ക്കാരിന്റെ വിഹിതം ലഭിക്കാത്തതുമാണു സഹകരണസംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. ഒപ്പം, ഒറ്റപ്പെട്ട ചില സഹകരണസംഘങ്ങളിലെ ക്രമക്കേടുകള്‍ വലിയ വാര്‍ത്തകളായി ജനവിശ്വാസം ചോര്‍ത്തുമ്പോള്‍ ആശങ്കയുടെ തോത് ഉയരുകയാണ്. ക്ഷേമപ്രവര്‍ത്തനങ്ങള്‍പോലും കൃത്യമായി ഏറ്റെടുക്കാന്‍ കഴിയാത്ത അതിഗുരുതരമായ സാമ്പത്തികപ്രതിസന്ധിയാണു സര്‍ക്കാര്‍ നേരിടുന്നത്. സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള കെ.ടി.ഡി.എഫ്.സി. എന്ന ധനകാര്യസ്ഥാപനത്തിനുണ്ടായ പ്രശ്‌നംകാരണം നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. സര്‍ക്കാരിന്റെ ഗാരന്റിയിലാണു കെ.ടി.ഡി.എഫ്.സി. നിക്ഷേപം സ്വീകരിച്ചിരുന്നത്. ഗാരന്റിയുണ്ടെങ്കിലും നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കാനുള്ള ബാധ്യത ഏറ്റെടുക്കാന്‍ കഴിയാത്ത സാമ്പത്തികപ്രതിസന്ധിയിലാണുള്ളതെന്നു സര്‍ക്കാരിനു ഹൈക്കോടതിയില്‍ ബോധിപ്പിക്കേണ്ടിവന്നു. ഇതു ഗൗരവമുള്ള ഒരു ഘട്ടമാണ്.
സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് സാമ്പത്തികസഹായം ഉറപ്പാക്കുന്ന പ്രാദേശിക ധനകാര്യസ്ഥാപനങ്ങളാണു സഹകരണസംഘങ്ങള്‍. സാമൂഹികപ്രതിബദ്ധതയുള്ള പദ്ധതികള്‍ സര്‍ക്കാരിനുവേണ്ടി സഹകരണസംഘങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. കെയര്‍ഹോം പദ്ധതി അതില്‍ പ്രധാനപ്പെട്ടതാണ്. പ്രളയം കേരളത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു സഹകരണസംഘങ്ങള്‍ പണംമുടക്കി പുതിയ വീടു വെച്ചുനല്‍കി. അതിന്റെ ഒന്നാം ഘട്ടത്തില്‍ ആയിരത്തിലധികം വീടുകളാണു നിര്‍മിച്ചുനല്‍കിയത്. രണ്ടാംഘട്ടത്തില്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ആദ്യത്തേതു തൃശ്ശൂരില്‍ പൂര്‍ത്തിയാക്കി കൈമാറി. കോവിഡ് വ്യാപനഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ പലിശരഹിത വായ്പ നല്‍കിയതു സഹകരണസംഘങ്ങളാണ്. കമ്മ്യൂണിറ്റി കിച്ചണ്‍, മറ്റു സഹായകേന്ദ്രങ്ങള്‍ എന്നിവയെല്ലാം സര്‍ക്കാരിന്റെ നിര്‍ദേശം ഏറ്റെടുത്തു സഹകരണസംഘങ്ങള്‍ നിര്‍വഹിച്ചതാണ്. സംഘങ്ങള്‍ ലാഭത്തില്‍നിന്നു നീക്കിവെച്ച പൊതുനന്മാഫണ്ട്, അംഗസമാശ്വാസനിധി എന്നിവയെല്ലാം ഇതിലേക്ക് ഉപയോഗിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കേരളത്തില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കിയതു സഹകരണസംഘങ്ങളാണ്. ഇതെല്ലാം സഹകരണസംഘങ്ങള്‍ സര്‍ക്കാരിനും അതുവഴി ജനങ്ങള്‍ക്കും നല്‍കിയതാണ്. ഇതൊന്നും തിരിച്ചുകിട്ടാനുള്ളതല്ല.
ഇതിനൊപ്പം, സര്‍ക്കാര്‍ തിരിച്ചുനല്‍കുമെന്ന ഉറപ്പില്‍ ഒട്ടേറെ കാര്യങ്ങള്‍ക്കു സഹകരണസംഘങ്ങള്‍ പണം ചെലവഴിച്ചിട്ടുണ്ട്. അതു വര്‍ഷങ്ങളായി തുടരുന്ന സഹകരണത്തിന്റെ രീതിയാണ്. ഇത്തരത്തില്‍ സംഘങ്ങള്‍ വായ്പയായും പദ്ധതിപങ്കാളിത്ത വിഹിതമായും നല്‍കുന്ന പണം സര്‍ക്കാരുകള്‍ തിരിച്ചുനല്‍കാറുമുണ്ട്. സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാവുകയും സംഘങ്ങള്‍ക്കു നല്‍കേണ്ട പണം കുടിശ്ശികയാവുകയും ചെയ്തതിനാലാണ് ഇപ്പോള്‍ ആശങ്കയുണ്ടാകുന്നത്. ക്ഷേമപെന്‍ഷനുകള്‍ക്കായി നല്‍കിയ വായ്പ, കാര്‍ഷികകടാശ്വാസം നല്‍കിയ വിഹിതം, പലിശരഹിത വായ്പാപദ്ധതി നടപ്പാക്കിയതിലുള്ള സഹായം എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇതിലെല്ലാമായി ആയിരക്കണക്കിനു കോടി രൂപയാണ് ഇപ്പോള്‍ സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കാനുള്ളത്. സഹകരണസംഘങ്ങള്‍ നല്ല അവസ്ഥയിലല്ല ഇപ്പോള്‍. കോവിഡ്‌വ്യാപനത്തിനുശേഷം നല്‍കിയ വായ്പകളില്‍ കാര്യമായ തിരിച്ചടവുണ്ടാകുന്നില്ല. കുടിശ്ശിക കൂടിയതോടെ ലാഭം കുറയുകയും ചില സംഘങ്ങളെല്ലാം നഷ്ടത്തിലാവുകയും ചെയ്തു. സഹകരണവിരുദ്ധ പ്രചരണത്തില്‍ വിശ്വസിച്ചുപോയ ഒരുവിഭാഗം ആള്‍ക്കാരില്‍ നിക്ഷേപം പിന്‍വലിക്കാനുള്ള പ്രവണതയുണ്ടായി. ഇതെല്ലാം ആശങ്കയ്ക്കിടയാക്കുന്നു. സാധാരണജനങ്ങള്‍ക്കു വായ്പ നല്‍കുകയും അവരെ ബുദ്ധിമുട്ടിക്കാതെ അതു തിരിച്ചടപ്പിക്കുകയും ചെയ്യുന്ന ജനകീയ ബാങ്കിങ്‌രീതിയാണു സഹകരണസംഘങ്ങളുടേത്. സാധാരണക്കാരുടെ നിക്ഷേപമാണ് അവിടെ ഏറെയുമുള്ളത്. അത്തരം നിക്ഷേപകരെ ആശങ്കപ്പെടുത്താന്‍ എളുപ്പമാണ്. അവരെല്ലാം ഒരുമിച്ചെത്തി നിക്ഷേപം പിന്‍വലിച്ചാല്‍ ഏതു സംഘവും പ്രതിസന്ധിയിലാകും. പക്ഷേ, സഹകരണസംഘങ്ങളുടെ ജനകീയനിലപാടില്‍ അവര്‍ക്കു വിശ്വാസമുണ്ട്. ആ വിശ്വാസം അത്രപെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയാത്തതുകൊണ്ടാണു സംഘങ്ങളിലെ നിക്ഷേപം ഇപ്പോഴും ഭദ്രമായി നിലനില്‍ക്കുന്നത്. പക്ഷേ, സര്‍ക്കാരിന്റെ കുടിശ്ശിക കൂടിക്കൊണ്ടിരിക്കുന്നതു സംഘങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യംതന്നെയാണ്.
പെന്‍ഷന്‍കമ്പനിയെ
പേടിക്കണോ?
സമൂഹികസുരക്ഷാ പെന്‍ഷന്‍ എല്ലാ മാസവും നേരിട്ട് എത്തിക്കുന്നതിനു സര്‍ക്കാര്‍ ഒരുക്കിയ ക്രമീകരണമാണു കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍കമ്പനി എന്ന സ്ഥാപനം. പ്രാഥമിക സഹകരണബാങ്കുകള്‍, സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്തഴ പെന്‍ഷന്‍കമ്പനി എല്ലാ മാസവും പെന്‍ഷനുള്ള തുക കൈമാറും. കമ്പനിയെടുത്ത വായ്പ സര്‍ക്കാര്‍ പലിശസഹിതം അതിന്റെ കാലാവധിക്കുള്ളില്‍ തിരിച്ചുനല്‍കും. ഇതാണ് ഉണ്ടാക്കിയ ധാരണ. 4000 കോടിയിലധികം രൂപ സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍കമ്പനിക്കു വായ്പയായി നല്‍കിയിട്ടുണ്ട്. ഇതിന്റെ പലിശ മൂന്നുമാസം കൂടുമ്പോള്‍ കൃത്യമായി സഹകരണബാങ്കുകള്‍ക്കു നല്‍കുന്നുമുണ്ട്. അതിനാല്‍, സുരക്ഷിതമായ വായ്പാപദ്ധതിയായിട്ടാണു സഹകരണബാങ്കുകള്‍ ഇതിനെ കാണുന്നത്. ഇപ്പോള്‍ 2000 കോടികൂടി സഹകരണബാങ്കുകളില്‍നിന്ന് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതായത്, 6000 കോടിയിലധികം രൂപ സര്‍ക്കാരിനു പെന്‍ഷന്‍കമ്പനിയിലൂടെ സഹകരണബാങ്കുകള്‍ക്കു കടബാധ്യതയുണ്ടാകും. ഇത്തരത്തില്‍ ബാധ്യത കൂടുന്നതു സഹകരണബാങ്കുകള്‍ പേടിക്കേണ്ടതുണ്ടോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആശങ്ക ഉയരുന്നത്. പെന്‍ഷന്‍കമ്പനിയെക്കുറിച്ച് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍ പുറത്തുവന്നതും ഈ ആശങ്കയ്ക്കു വഴിയൊരുക്കുന്നു.
പെന്‍ഷന്‍കമ്പനിയുടെ പ്രവര്‍ത്തനം അത്ര സുതാര്യമോ സുരക്ഷിതമോ അല്ലെന്നാണു സി.എ.ജി.യുടെ കണ്ടത്തല്‍. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 10,848.61 കോടി രൂപ പെന്‍ഷന്‍കമ്പനിക്കു ബാധ്യതയുണ്ട്. 2018-19 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി സമാഹരിച്ച വായ്പത്തുകയില്‍നിന്ന് 1596.34 കോടി രൂപ പലിശയായി കമ്പനി അടച്ചിട്ടുണ്ട്. വായ്പയുടെ പലിശ നല്‍കുന്നതും വായ്പത്തുകയില്‍നിന്നാണ് എന്നതാണ് സി.എ.ജി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പനി എടുത്ത വായ്പയുടെ ബാധ്യത സര്‍ക്കാരിനായിരിക്കുമെന്നാണു മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ വ്യവസ്ഥയുടെ ലംഘനമായാണു വായ്പത്തുകയില്‍നിന്നു പലിശയടയ്ക്കുന്ന കമ്പനിയുടെ രീതി എന്നാണു സി.എ.ജി. ചൂണ്ടിക്കാട്ടുന്നത്. അതായത്, 2018 മുതല്‍ നല്‍കിയ പെന്‍ഷന് ഒരു രൂപപോലും സര്‍ക്കാര്‍ പെന്‍ഷന്‍കമ്പനിയിലേക്കു നല്‍കിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പെന്‍ഷന്‍കമ്പനിക്കു കൂടുതല്‍ വായ്പ സഹകരണ ബാങ്കുകള്‍ നല്‍കുന്നതു ഗുരുതരമായ പ്രത്യാഘാതത്തിനു വഴിവെക്കുമോ എന്നാണ് ആശങ്ക. സര്‍ക്കാരിന്റെ കുടിശ്ശിക കൂടുകയും സഹകരണബാങ്കുകള്‍ക്കു സാമ്പത്തികബുദ്ധിമുട്ടുണ്ടാവുകയും ചെയ്താല്‍ അതു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ആഘാതമുണ്ടാക്കും.
ഫണ്ട് കിട്ടാന്‍
പ്രയാസം
നിലവിലെ 4000 കോടിയിലധികം വായ്പ നിലനില്‍ക്കെയാണു പ്രാഥമിക സഹകരണബാങ്കുകള്‍വഴി 2000 കോടി കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചാണു പെന്‍ഷന്‍കമ്പനിയിലേക്കു പണം സ്വരൂപിക്കുന്നത്. പാലക്കാട് മണ്ണാര്‍ക്കാട് റൂറല്‍ സഹകരണബാങ്കായിരുന്നു കണ്‍സോര്‍ഷ്യംമാനേജര്‍. 2019 മാര്‍ച്ച് 14 നാണു മണ്ണാര്‍ക്കാട് ബാങ്കിനെ ഫണ്ട്മാനേജരായി സര്‍ക്കാര്‍ നിയമിച്ചത്. 2023 ഫെബ്രുവരിയിലാണ് 2000 കോടി കൂടി പിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത്രയും തുക ബാങ്കുകളില്‍നിന്നു സമാഹരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍, പുതിയ ബാങ്കുകളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപവത്കരിക്കണമെന്ന നിര്‍ദേശമുയര്‍ന്നു. ഫണ്ട്മാനേജരായുള്ള ചുമതലകള്‍ തുടരാന്‍ ബാങ്കിനു പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ ഈ പദവിയില്‍നിന്ന് ഒഴിവാക്കണമെന്നു കാണിച്ച് മണ്ണാര്‍ക്കാട് ബാങ്ക് 2023 ജുലായ് 16 നു സര്‍ക്കാരിനു കത്ത് നല്‍കി. ഇതേത്തുടര്‍ന്നു പുതിയ ഫണ്ട്മാനേജരെ കണ്ടെത്താന്‍ സര്‍ക്കാര്‍ സഹകരണസംഘം രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കി. കണ്‍സോര്‍ഷ്യം ഫണ്ട്മാനേജരുടെ ചുമതല ഏറ്റെടുക്കാമെന്നു കണ്ണൂര്‍ മാടായി സര്‍വീസ് സഹകരണബാങ്ക് അറിയിച്ചു. 2023 സെപ്റ്റംബര്‍ 12ന് സഹകരണസംഘം രജിസ്ട്രാര്‍ ഇതുസംബന്ധിച്ച കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മാടായി ബാങ്കിനെ ഫണ്ട്മാനേജരാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഫണ്ട്മാനേജരുടെ ചുമതലകള്‍ എന്തെല്ലാമാണെന്ന് ഉത്തരവിലുണ്ട്. സാമൂഹികസുരക്ഷാ പെന്‍ഷന്‍ വിതരണത്തിനുള്ള ഫണ്ട് ഇതിനായുള്ള പൂള്‍ അക്കൗണ്ടിലേക്ക് എത്തിക്കേണ്ട ചുമതല ഫണ്ട്മാനേജരുടേതാണ്. ഈ ഫണ്ട് പെന്‍ഷന്‍കമ്പനിയുടെ അക്കൗണ്ടിലേക്കു മാറ്റിനല്‍കണം. വായ്പയുടെ പലിശ, കാലാവധി, തിരിച്ചടവ് എന്നിവയെല്ലാം വ്യക്തമാക്കിക്കൊണ്ട് പെഷന്‍കമ്പനിയുമായി കരാറുണ്ടാക്കേണ്ടതും ഫണ്ട്മാനേജരാണ്. മാടായി ബാങ്കിന്റെ നേതൃത്വത്തിലുള്ള സഹകരണബാങ്ക് കണ്‍സോര്‍ഷ്യമാണ് ഇപ്പോള്‍ 2000 കോടി സ്വരൂപിക്കുന്നത്. തുടക്കത്തിലെ വേഗതയില്‍ ഫണ്ട് സ്വരൂപിക്കാന്‍ പെന്‍ഷന്‍കമ്പനിക്കു കഴിയുന്നില്ല. ഇതു പദ്ധതിയോടുള്ള വിമുഖതയല്ല കാണിക്കുന്നത്. പകരം, സഹകരണബാങ്കുകളില്‍ സാമ്പത്തികബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നതിന്റെ സൂചനയാണ്. കിട്ടാനുള്ള പണം കുടിശ്ശികയായാല്‍ സംഘങ്ങളുടെ പ്രതിസന്ധി രൂക്ഷമാകും എന്ന വിലയിരുത്തലാണു ഫണ്ട് കിട്ടാന്‍ പ്രയാസമുണ്ടാക്കുന്നത്.
1128 കോടി
വേറെയും കടം
പെന്‍ഷന്‍കമ്പനിക്കു നല്‍കിയ തുകമാത്രമല്ല, വിവിധ സ്‌കീമുകളും കാര്‍ഷിക കടാശ്വാസക്കമ്മീഷന്‍ ഉത്തരവുകളുമെല്ലാം അനുസരിച്ച് 1128 കോടി രൂപ വേറെയും സര്‍ക്കാര്‍ സഹകരണസംഘങ്ങള്‍ക്കു നല്‍കാനുണ്ട്. പാലക്കാട് ജില്ലയില്‍ നെല്‍ക്കര്‍ഷകര്‍ക്കു സര്‍ക്കാര്‍ പലിശരഹിത വായ്പാപദ്ധതി പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക സഹകരണബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശ സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന രീതിയിലായിരുന്നു ഈ പദ്ധതി. ഈയിനത്തില്‍ 701.89 കോടി രൂപയാണു സംഘങ്ങള്‍ക്കു നല്‍കാനുള്ളത്. കാര്‍ഷികവായ്പകള്‍ക്കുള്ള ഉത്തേജന പലിശയിളവ്പദ്ധതിയാണു മറ്റൊന്ന്. സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ നല്‍കുന്ന കാര്‍ഷികവായ്പ പലിശരഹിതമാക്കാനുള്ള പദ്ധതിയായിരുന്നു ഇത്. കാര്‍ഷികവായ്പയ്ക്കു നാലു ശതമാനം പലിശസബ്സിഡി നബാര്‍ഡ് നല്‍കുന്നുണ്ട്. ബാക്കിപലിശ സംസ്ഥാന സര്‍ക്കാരും സംഘങ്ങള്‍ക്കു നല്‍കും. ഈ രീതിയിലാണു പലിശരഹിത വായ്പാപദ്ധതി നടപ്പാക്കിയത്. ഈയിനത്തില്‍ 279.60 കോടി രൂപയാണു സഹകരണബാങ്കുകള്‍ക്കു നല്‍കാനുള്ളത്. 2020-21 വരെയുള്ള കണക്കാണിത്. ഇതിനുശേഷം ഈ പദ്ധതിതന്നെ കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. കേരള ബാങ്ക് വന്നതോടെ നബാര്‍ഡില്‍നിന്നുള്ള പലിശയിളവ് സംഘങ്ങള്‍ക്കു ലഭിക്കുന്നില്ല. ഇതോടെയാണു പദ്ധതിതന്നെ നിലച്ചുപോയത്.
കാര്‍ഷികകടാശ്വാസപദ്ധതിയുമായി ബന്ധപ്പെട്ട് കടാശ്വാസക്കമ്മീഷന്‍ നല്‍കിയ ഉത്തരവനുസരിച്ച് 164.78 കോടി രൂപ നല്‍കണം. 21,069 അപേക്ഷകളിലാണ് ഇത്രയും തുക അനുവദിച്ചത്. 6308 അപേക്ഷകള്‍ ഇപ്പോള്‍ പരിഗണനയിലുണ്ട്. ഇവയില്‍ 42.84 കോടി രൂപയുടെ ഇളവിനു കൂടി അര്‍ഹതയുണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. ഇതുകൂടി ചേരുമ്പോള്‍ സംഘങ്ങള്‍ക്ക് 1171 കോടി രൂപയാകും കുടിശ്ശിക. പലിശപോലും ലഭിക്കാതെയാണു സംഘങ്ങളുടെ പണം ഈ രീതിയില്‍ സര്‍ക്കാരില്‍ കെട്ടിക്കിടക്കുന്നത്.
സഹകരണസഹായം
മുടക്കാതെ സര്‍ക്കാര്‍
ഇത്തരം കുടിശ്ശികകള്‍ സഹകരണസംഘങ്ങളില്‍ സര്‍ക്കാരിനുണ്ടെങ്കിലും സഹകരണമേഖലയിലെ സമാശ്വാസപദ്ധതികളില്‍ മുടങ്ങാതെ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. പുനര്‍ജനി പദ്ധതിയനുസരിച്ച് പട്ടികവിഭാഗം സംഘങ്ങള്‍ക്ക് ഒട്ടേറെ സഹായം സഹകരണവകുപ്പ് അനുവദിക്കുന്നുണ്ട്. ഇതിലേറെയും ഗ്രാന്റും സബ്‌സിഡിയുമാണ്. സംരംഭങ്ങള്‍ പ്രോത്സാഹിപ്പിച്ച് പട്ടികവിഭാഗം സംഘങ്ങളെ സ്വയംപര്യാപ്തമാക്കാനുള്ളതാണു പുനര്‍ജനിപദ്ധതി. ഇതിനൊപ്പം, നൂതന കാര്‍ഷികപദ്ധതികള്‍, ഉല്‍പ്പന്നക്കയറ്റുമതി, പ്രാദേശിക വിപണനസംവിധാനം ഒരുക്കല്‍ എന്നിവയ്‌ക്കെല്ലാം സംഘങ്ങള്‍ക്കു സഹായം നല്‍കുന്നുണ്ട്. സഹകരണവകുപ്പിന്റെ വിവിധ സമാശ്വാസപദ്ധതികളിലൂടെ സഹകാരികള്‍ക്കും സഹകരണസംഘം അംഗങ്ങള്‍ക്കുമായി 1175 ലക്ഷം രൂപയുടെ ധനസഹായം ഈ പ്രതിസന്ധിക്കിടയിലും അനുവദിച്ചിട്ടുണ്ട്. സഹകാരിസാന്ത്വനം, നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍, അംഗത്വസമാശ്വാസനിധി എന്നീ പദ്ധതികളിലൂടെ എത്തിയ അപേക്ഷകളിലാണു തുക അനുവദിക്കാന്‍ തീരുമാനിച്ചത്. സംഘങ്ങളിലെ അംഗങ്ങളില്‍ രോഗംമൂലം അവശതയനുഭവിക്കുന്നവര്‍ക്കുള്ള അംഗത്വ സമാശ്വാസനിധിയില്‍ ലഭിച്ച 2329 അപേക്ഷകര്‍ക്കായി 4,94,05,000 രൂപയുടെ ധനസഹായം അനുവദിച്ചു. ഇതോടെ, ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം അംഗത്വ സമാശ്വനിധിയിലൂടെ വിതരണം ചെയ്ത തുക 83,33,95,000 രൂപയായി. അശരണരായ സഹകാരികള്‍ക്കുള്ള സഹകാരി സാന്ത്വനപദ്ധതിയില്‍നിന്ന് 54 അപേക്ഷകര്‍ക്കായി 18,95,000 രൂപയുടെ സഹായമാണ് ഒടുവിലായി അനുവദിച്ചിട്ടുള്ളത്.
സഹകരണമേഖലക്ക്
താളം തെറ്റുന്നുവോ?
‘ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്നതു സഹകരണമേഖലയാണ്. സഹകരണസംഘങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളതു ഗ്രാമീണജനതയുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടുള്ള മേഖലകളിലാണ്. കൃഷി, മത്സ്യമേഖല, കാര്‍ഷികസംസ്‌കരണം, പാലുല്‍പ്പാദനം എന്നിവയിലെല്ലാം സഹകരണസംഘങ്ങളുടെ പങ്കാളിത്തവും സ്വാധീവും വളരെ വലുതാണ്. കര്‍ഷകര്‍ക്കു വായ്പയും കാര്‍ഷികോപകരണങ്ങളും ഉറപ്പാക്കുക, പാല്‍, മത്സ്യം, പച്ചക്കറി, പഴങ്ങള്‍, പൂവുകള്‍, ഔഷധച്ചെടികള്‍, കാട്ടുല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം വിപണന-വിതരണ സംവിധാനം ഒരുക്കുക എന്നിവയെല്ലാം ചെയ്യുന്നതില്‍ സഹകരണസംഘങ്ങളാണു മുന്നില്‍. പിന്നാക്കവിഭാഗങ്ങള്‍ക്കും ഗ്രാമീണമേഖലകള്‍ക്കുംവേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണഏജന്‍സിയായി സഹകരണസംഘങ്ങളെ ഉപയോഗപ്പെടുത്തുകയും സംഘങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സാമ്പത്തികസഹായം നല്‍കുകയും ചെയ്യുന്നതു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ സഹകരണ മേഖലയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്’- ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ സഹകരണസംഘങ്ങളുടെ പങ്ക് എത്രത്തോളമുണ്ടെന്ന ഒരു ചോദ്യത്തിനു രാജ്യസഭയില്‍ സഹകരണമന്ത്രി അമിത് ഷാ നല്‍കിയ മറുപടിയാണിത്.
ഇതു വെറുംവാക്കല്ല. കേന്ദ്ര സഹകരണമന്ത്രാലയം പുതുതാണെങ്കിലും സഹകരണമേഖലയുടെ സ്വാധീനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഈ വിലയിരുത്തല്‍ പുതുതല്ല. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ സഹകരണസംഘങ്ങളുടെ പങ്കിനെക്കുറിച്ച് നബാര്‍ഡ് എല്ലാ റിപ്പോര്‍ട്ടുകളിലും ചൂണ്ടിക്കാണിക്കാറുണ്ട്. നെഹ്‌റുവിന്റെ കാലം മുതല്‍ കേന്ദ്രസര്‍ക്കാരുകള്‍ അതിനു സാമ്പത്തിക-ഭരണപിന്തുണ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്നു രാജ്യത്താകെ 8,54,355 സഹകരണസംഘങ്ങളുണ്ട്. വായ്‌പേതര സംഘങ്ങളാണു കൂടുതല്‍. സഹകരണമേഖലയുടെ വളര്‍ച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയുടെ ഫലമാണ്. എന്നാല്‍, ഇപ്പോള്‍ സഹകരണസംഘങ്ങളോടുള്ള സര്‍ക്കാരുകളുടെ മനോഭാവത്തില്‍ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. മത്സരിച്ചുജയിക്കാനും പൊരുതി അതിജീവിക്കാനും കഴിയണം എന്നതാണു കേന്ദ്രസര്‍ക്കാരിന്റെ സമീപനം. ജനവിശ്വാസവും സാമ്പത്തികാടിത്തറയും നേടിയെടുത്ത സഹകരണമേഖല ഇനി സര്‍ക്കാരിന്റെ വികസനപദ്ധതികളുടെ നിക്ഷേപകരാകണമെന്നതാണു സംസ്ഥാനസര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിനിടയില്‍, അംഗങ്ങളുടെ ക്ഷേമവും സാമ്പത്തികമുന്നേറ്റവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ചലനാത്മകതയും ഉറപ്പുവരുത്തുന്ന സഹകരണമേഖലയുടെ പ്രവര്‍ത്തനം എവിടെയൊക്കെയോ താളം തെറ്റിപ്പോകുന്നുവെന്നു സംശയിക്കണം. കേരളത്തിലെ സഹകരണമേഖലയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങളെ വിലയിരുത്തുമ്പോള്‍ നമുക്ക് ഈ അപകടം ബോധ്യപ്പെടും.
ദുര്‍ഗതിയിലായ നാളികേര കര്‍ഷകര്‍
തേങ്ങവില കുറഞ്ഞതു ഗ്രാമീണമേഖലയിലെ സാമ്പത്തികസ്ഥിതിയെ സാരമായി
ബാധിച്ചിട്ടുണ്ട്. വിപണിയില്‍ വില കുറയുമ്പോള്‍ താങ്ങുവില നല്‍കി സംഭരിച്ചാല്‍
ഇത്രയും പ്രശ്‌നമുണ്ടാവില്ല. എന്നാല്‍, സംഭരണസംവിധാനം പാടെ തകര്‍ന്നിരിക്കുന്നു.
നാളികേരസംഭരണം സഹകരണസംഘങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. അതുപോലെ, കൊപ്രഉല്‍പ്പാദനത്തിലേക്കു കര്‍ഷകര്‍ തിരിച്ചെത്തിയാല്‍ അതു നാളികേര കാര്‍ഷികമേഖലയെ സാമ്പത്തികമായി ഉണര്‍ത്തുമെന്നാണു പൊതുവേയുള്ള അഭിപ്രായം.
കേരളത്തിന്റെ ഒരു പ്രധാനവിളയാണു തേങ്ങ. സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ ഏറ്റവും കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുന്നതും തേങ്ങ അടിസ്ഥാനമാക്കിയാണ്. 71 സഹകരണസംഘങ്ങള്‍ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കര്‍ഷകകൂട്ടായ്മകള്‍, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ എന്നിവയും തേങ്ങ അടിസ്ഥാനമാക്കി സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വിപണിയിലെ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കര്‍ഷകരുടെ വരുമാനത്തെ ബാധിക്കാതിരിക്കാന്‍ താങ്ങുവില നിശ്ചയിച്ചിട്ടുണ്ട്. വിപണിയില്‍ വില കുറയുമ്പോള്‍ താങ്ങുവില അടിസ്ഥാനമാക്കി തേങ്ങ, കൊപ്രസംഭരണം നടത്തുന്നുണ്ട്. ഒരു മാസം 4000 ലക്ഷം കിലോ തേങ്ങ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണു കണക്ക്. കര്‍ഷകര്‍ക്കു പുറമെ, മണ്ണില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍, തേങ്ങ പറിക്കുന്ന തൊഴിലാളികള്‍, മില്ലുകാര്‍, സംരംഭകയൂണിറ്റുകള്‍, ഉല്‍പ്പന്നങ്ങളുടെ വിതരണക്കാര്‍, ചെറുകിടകര്‍ഷകര്‍ എന്നിവരെയെല്ലാം നേരിട്ട് ബാധിക്കുന്നതാണു നാളികേരവിപണി. തേങ്ങയ്ക്കു വിലകിട്ടുമ്പോള്‍ ആ പണം പല മേഖലകളിലേക്കും കൈമാറ്റം ചെയ്യപ്പെടും. അതു ചലനാത്മകമായ ഒരു സാമ്പത്തികവ്യവസ്ഥ സൃഷ്ടിക്കുന്നതിനു വഴിയൊരുക്കും.
തേങ്ങവില കുറഞ്ഞതു ഗ്രാമീണമേഖലയിലെ സാമ്പത്തികസ്ഥിതിയെ സാരമായി ബാധിച്ച ഒരു പ്രധാനഘടകമാണ്. വിപണിയില്‍ വില കുറയുമ്പോള്‍ താങ്ങുവില നല്‍കി സംഭരിച്ചാല്‍ ഇത്രയും പ്രശ്‌നമുണ്ടാവില്ല. എന്നാല്‍, സംഭരണസംവിധാനം പാടെ തകര്‍ന്നുപോയതാണ് ഈ സ്ഥിതിക്കു കാരണമായത്. ദേശീയ ഏജന്‍സിയായ നാഫെഡാണു കൊപ്രസംഭരണത്തിനുള്ള ഏജന്‍സി. കേരഫെഡാണു സംസ്ഥാനത്തെ നോഡല്‍ ഏജന്‍സി. കേരഫെഡ് കര്‍ഷകരില്‍നിന്നു തേങ്ങ സംഭരിച്ച് കൊപ്രയാക്കി നാഫെഡിനു നല്‍കുന്ന രീതിയാണുള്ളത്. നേരിട്ട് കൊപ്രയാക്കി കൈമാറാനുള്ള സംവിധാനം പ്രാദേശികതലത്തില്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇത്തരമൊരു രീതി സ്വീകരിക്കുന്നത്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ നാഫെഡ് കേരളത്തില്‍നിന്നു സംഭരിച്ചത് 92.81 ലക്ഷം കിലോ തേങ്ങയാണ്. ഒരു വര്‍ഷം 48,000 ലക്ഷം കിലോ തേങ്ങ ഉല്‍പ്പാദിപ്പിക്കുന്നിടത്താണ് ഇത്രയും കുറഞ്ഞ സംഭരണനിരക്കുള്ളത്. ഭൂരിപക്ഷം നാളികേരകര്‍ഷകര്‍ക്കും സംഭരണത്തിന്റെ സാമ്പത്തികനേട്ടം ലഭിക്കുന്നില്ലെന്ന് ഈ കണക്കില്‍നിന്നുതന്നെ വ്യക്തമാണ്.
സംഭരണസംവിധാനം ദുര്‍ബലപ്പെട്ടതിനാല്‍ കിട്ടുന്ന വിലയ്ക്കു തേങ്ങ വിപണിയില്‍ കൊടുക്കേണ്ട സ്ഥിതിയാണു കര്‍ഷകര്‍ക്കുള്ളത്. ഇതു കര്‍ഷകര്‍ക്കു വരുമാനനഷ്ടമുണ്ടാക്കി. പലര്‍ക്കും കടബാധ്യതയ്ക്കു വഴിയൊരുക്കി. വരുമാനം നിലച്ച കര്‍ഷകന്‍ മണ്ണില്‍ പണിയെടുപ്പിക്കുന്നതും കുറയ്ക്കും. ഇതു തൊഴില്‍നഷ്ടത്തിനു വഴിയൊരുക്കും. ഇതാണു നാളികേരം പ്രധാന കാര്‍ഷികവിളയായി മാറുന്ന മേഖലയില്‍ സാമ്പത്തികശോഷണത്തിനു വഴിയൊരുക്കിയത്. എന്നാല്‍, മൂല്യവര്‍ധിതഉല്‍പ്പന്നങ്ങളുടെ വിലയില്‍ വലിയ കുറവുണ്ടായിട്ടില്ല. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നാളികേരത്തിന്റെ 20 ശതമാനം മാത്രമാണു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി മാറ്റുന്നത്. അതുകൊണ്ട്, ഇത്തരം ഉല്‍പ്പന്നത്തിന്റെ വിലയില്‍ വര്‍ധനവുണ്ടായാലും അതിന്റെ ഗുണം ഭൂരിപക്ഷം കര്‍ഷകര്‍ക്കും ലഭിക്കാറില്ല. നാളികേര വികസനബോര്‍ഡിന്റെ കണക്കനുസരിച്ച് നാളികേരകര്‍ഷകര്‍ വിളയുടെ ഒമ്പതു ശതമാനം ഇളനീരിനായി ഉപയോഗിക്കുന്നുണ്ട്. ബാക്കിയുള്ള തേങ്ങയില്‍ ഒരു ശതമാനം മതപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. 30 ശതമാനം വീട്ടാവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ബാക്കി 60 ശതമാനമാണു വ്യവസായാവശ്യത്തിനായി മാറ്റുന്നത്. ഇതില്‍നിന്നുള്ള വരുമാനമാണു കര്‍ഷകനും അനുബന്ധമേഖലയിലെ തൊഴിലാളികള്‍ക്കുമായി ലഭിക്കുന്നത്.
വ്യവസായാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന തേങ്ങയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലേക്കു പോകുന്നത് 20 ശതമാനം മാത്രമാണ്. ബാക്കി 80 ശതമാനവും കൊപ്രയായി മാറ്റുകയാണ്. കൊപ്രയില്‍ മില്ലിങ് കൊപ്ര 69 ശതമാനവും ഉണ്ടക്കൊപ്ര 31 ശതമാനവുമാണ്. തേങ്ങയ്ക്കും കൊപ്രയ്ക്കും മെച്ചപ്പെട്ട വില ലഭിച്ചാല്‍ മാത്രമാണ് അതു കര്‍ഷകന്റെ വരുമാനത്തില്‍ പ്രകടമാവുകയെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന സംരംഭങ്ങളെ സഹകരണസംഘങ്ങളും സര്‍ക്കാരും പ്രോത്സാഹിപ്പിച്ചാല്‍ ഒരു പരിധിവരെ കര്‍ഷകര്‍ക്കു വരുമാനം ലഭ്യമാക്കാനാകും.
കയറ്റുമതി
കൂടി
രാജ്യത്തു നാളികേരഉല്‍പ്പന്നങ്ങള്‍ക്കു കയറ്റുമതിയില്‍ വന്‍നേട്ടമാണ് 2022-23 സാമ്പത്തികവര്‍ഷം ഉണ്ടായത്. എന്നാല്‍, ഇതിന്റെ ഗുണം കര്‍ഷകര്‍ക്കു കിട്ടുന്നില്ലെന്നതാണു ദുരവസ്ഥ. സംഭരണസംവിധാനങ്ങളുടെ അപര്യാപ്തത, കര്‍ഷകര്‍ക്കു കൊപ്രയാക്കാനുള്ള അടിസ്ഥാനസൗകര്യത്തിന്റെ കുറവ് എന്നിവയെല്ലാം കാരണം കയറ്റുമതിയുടെ നേട്ടം കര്‍ഷകര്‍ക്കല്ല ഇടനിലക്കാര്‍ക്കും ഏജന്‍സികള്‍ക്കും വന്‍കിട കച്ചവടക്കാര്‍ക്കുമാണ്. ഇതു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്നില്ല. 2022-23 വര്‍ഷം 3554.23 കോടി രൂപയുടെ നാളികേരഉല്‍പ്പന്നങ്ങളാണു രാജ്യം കയറ്റുമതി ചെയ്തത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 318.23 കോടി രൂപയുടെ വര്‍ധനവ്. നാലു വര്‍ഷം കൊണ്ട് കയറ്റുമതിമൂല്യം ഇരട്ടിയായി. 2019-20 ല്‍ 1762 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണു കയറ്റുമതി ചെയ്തത്.
കയറ്റുമതിയുടെ അളവിലും മൂല്യത്തിലും മുന്നിലുള്ളതു ചിരട്ടയില്‍നിന്നുണ്ടാക്കുന്ന ഉത്തേജിത കരിയാണ് (ആക്ടിവേറ്റഡ് കാര്‍ബണ്‍). ആകെ 1.50 ലക്ഷം ടണ്‍ ഉത്തേജിത കരിയാണു കയറ്റിയയച്ചത്. ഇതിന് 2369.76 കോടി രൂപയുടെ മൂല്യം വരും. കയറ്റുമതിയുടെ 66.65 ശതമാനം വരുമിത്. ജലശുദ്ധീകരണം, വായുമലിനീകരണനിയന്ത്രണം എന്നിവയ്ക്കും സൗന്ദര്യവര്‍ധകവസ്തുക്കളുടെ നിര്‍മാണത്തിനും അവിഭാജ്യഘടകമാണ് ഉത്തേജിത കരി. ചിരട്ടയില്‍നിന്ന് ഉത്തേജിത കരിയുണ്ടാക്കുന്ന സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും കേരളത്തിനു പുറത്താണ്. അതിനാല്‍, ഇതുവഴിയുണ്ടാകുന്ന സാമ്പത്തിക ക്രയവിക്രയത്തിന്റെ ഗുണവും കാര്യമായി സംസ്ഥാനത്തിനു ലഭിക്കുന്നില്ല. കരിനിര്‍മാണത്തിനു വന്‍തോതില്‍ ചിരട്ട കേരളത്തില്‍നിന്നു ശേഖരിക്കുന്നുണ്ട്. 60.82 കോടി രൂപയുടെ ചിരട്ടക്കരിയും കഴിഞ്ഞവര്‍ഷം കയറ്റുമതി ചെയ്തു. കയറ്റുമതിയില്‍ വെളിച്ചെണ്ണയാണു രണ്ടാം സ്ഥാനത്ത്. 453.40 കോടി രൂപയാണ് ഇതിലൂടെ ലഭിച്ചത്. ഫ്രഷ്, ഫ്രോസണ്‍ ചിരകിയ തേങ്ങയുടെ കയറ്റുമതിയും കൂടി. 168 കോടിയുടെ ചിരകിയ തേങ്ങയും കയറ്റിയയച്ചു.
നാളികേരത്തിന്റെയും നാളികേര ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി കഴിഞ്ഞ അഞ്ചു വര്‍ഷമായി കുറയുന്നുവെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022-23 ല്‍ 457 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷമിത് 728 കോടിയായിരുന്നു. കൊപ്ര എക്‌സ്‌പെല്ലര്‍ കേക്കുകളാണു കൂടുതല്‍ ഇറക്കുമതി ചെയ്തത്. 4817 ടണ്‍ ഡെഡിക്കേറ്റഡ് കോക്കനട്ടും ഇറക്കുമതി ചെയ്തു. വെളിച്ചെണ്ണ, കൊപ്ര എന്നിവയുടെ ഇറക്കുമതി കുത്തനെ കുറഞ്ഞു. നാളികേര മൂല്യവര്‍ധിതഉല്‍പ്പന്നങ്ങള്‍ക്കു സ്വദേശത്തും വിദേശത്തും വിപണിയുണ്ടെങ്കിലും ഇവയുടെ ഉല്‍പ്പാദനത്തില്‍ കേരളവും രാജ്യവും പിറകിലാണ്.
സഹകരണ
പങ്കാളിത്തം
കര്‍ഷകനു ഗുണം കിട്ടാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ചലനാത്മകത ഉറപ്പാക്കാനും നേരിട്ടുള്ള സംഭരണരീതിക്കു വഴിയൊരുക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയം. ഇതിനു നാളികേരസംഭരണം സഹകരണസംഘങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നാണു നിര്‍ദേശം. ഓരോ പ്രദേശത്തെയും കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ സഹകരണസംഘങ്ങള്‍ നടത്തണം. ഇതു നാഫെഡ് നല്‍കുന്ന പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ രേഖപ്പെടുത്തിയാല്‍ സംഭരിക്കേണ്ട നാളികേരത്തിന്റെ അളവ് ദേശീയതലത്തില്‍ നേരത്തെ കണക്കാക്കാനാകും. ഇതിനുള്ള ഫണ്ട് സര്‍ക്കാരില്‍നിന്നു നേരത്തെ ലഭ്യമാക്കാന്‍ അതിലൂടെ നാഫെഡിനു കഴിയും. സംഭരണം നടക്കുന്ന ഘട്ടത്തില്‍ത്തന്നെ കര്‍ഷകന്റെ അക്കൗണ്ടിലേക്കു നേരിട്ട് പണമെത്തിക്കാനാവണം. ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ പ്രാദേശികാടിസ്ഥാനത്തില്‍ സഹകരണസംഘങ്ങളെ സജ്ജമാക്കുകയാണു വേണ്ടതെന്നാണു കേന്ദ്രം നല്‍കുന്ന നിര്‍ദേശം.
നാഫെഡിനു വേണ്ടി വി.എഫ്.പി.സി.കെ.കളാണ് ( വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ -കേരളം ) ഇപ്പോള്‍ പച്ചത്തേങ്ങ സംഭരിക്കുന്നത്. ഇതു കൊപ്രയാക്കിയാണു നാഫെഡിനു കൈമാറുന്നത്. പച്ചത്തേങ്ങയ്ക്കു സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില 34 രൂപയാണ്. ഒരു കിലോ കൊപ്രയ്ക്ക് 108.60 രൂപയാണു നാഫെഡ് നല്‍കുന്ന താങ്ങുവില. പച്ചത്തേങ്ങയില്‍നിന്ന് 30 ശതമാനം കൊപ്ര ലഭിക്കുമെന്നാണു കണക്ക്. കൊപ്രയുടെ താങ്ങുവില അടിസ്ഥാനമാക്കി തേങ്ങയ്ക്കു വില നിശ്ചയിക്കുമ്പോള്‍ 29.32 രൂപയാണു നല്‍കാനാവുക. എന്നാല്‍, കേരളത്തില്‍ തേങ്ങയ്ക്കു 34 രൂപ താങ്ങുവില നിശ്ചയിച്ചതിനാല്‍ 4.68 രൂപ സംസ്ഥാനസര്‍ക്കാര്‍ അധികമായി നല്‍കേണ്ടിവരുന്നുണ്ട്. നേരിട്ട് കൊപ്ര സംഭരിച്ചാല്‍ ഈ തുക സംസ്ഥാനസര്‍ക്കാരിനു ലാഭമാണ്. അതിനാല്‍, സഹകരണസംഘങ്ങളെ കൊപ്രസംഭരണ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ക്രമീകരണമുണ്ടാക്കണമെന്ന കേന്ദ്രനിര്‍ദേശം കേരളത്തില്‍ സര്‍ക്കാരിനും കര്‍ഷകര്‍ക്കും ഒരേപോലെ ഗുണകരമാണ്.
കൊപ്രയാണു സംഭരിക്കുന്നതെങ്കില്‍ ഒരു കിലോയ്ക്ക് 108.60 രൂപ നിരക്കില്‍ തുക മൂന്നു ദിവസത്തിനകം കര്‍ഷകന്റെ അക്കൗണ്ടിലെത്തും. ഇതില്‍ സംസ്ഥാനസര്‍ക്കാരിനു ബാധ്യതയില്ല. പച്ചത്തേങ്ങയാണു നല്‍കുന്നതെങ്കില്‍ ഏഴു ദിവസത്തിനകം ഇതു കൊപ്രയാക്കി മാറ്റണം. ശേഷം കൊപ്രയുടെ അളവ് നാഫെഡിന്റെ ഇ-സമൃദ്ധി പോര്‍ട്ടലില്‍ രേഖപ്പെടുത്തി കിലോയ്ക്ക് 29.32 രൂപ നിരക്കിലുള്ള തുക കര്‍ഷകന്റെ അക്കൗണ്ടിലേക്കു മാറ്റും. 4.68 രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്കു കര്‍ഷകന്റെ അക്കൗണ്ടിലേക്കു കൈമാറും. രണ്ടു വിഹിതവും ഒരുമിച്ച് കര്‍ഷകനു ലഭിക്കില്ല. നാളികേരകര്‍ഷകരുടെ വിവരങ്ങള്‍, കൃഷിയുടെ അളവ് എന്നിവയെല്ലാം നേരത്തെ നല്‍കിക്കൊണ്ടുള്ള സംഭരണരീതിയാണു സഹകരണസംഘങ്ങളെ പങ്കാളിയാക്കിയുള്ള സംഭരണരീതിയിലൂടെ ഉദ്ദേശിക്കുന്നത്. മാത്രവുമല്ല, ഇതു സ്ഥിരം സംഭരണരീതിയായി നിലനിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. വിപണിയില്‍ വില ഉയര്‍ന്നുനില്‍ക്കുകയാണെങ്കില്‍ ആ വിലയ്ക്കാകും കര്‍ഷകനില്‍നിന്നു കൊപ്ര സംഭരിക്കുക. വില കുറഞ്ഞാല്‍ താങ്ങുവില അടിസ്ഥാനമാക്കും. ഈ സംവിധാനം നിലവില്‍ വന്നാല്‍ കര്‍ഷകനു കൃത്യമായ വരുമാനം താമസമില്ലാതെ ലഭിക്കും. സംഭരണസംവിധാനത്തിന്റെ പോരായ്മയാണു നാളികേരകര്‍ഷകര്‍ക്കിടയിലും അതുവഴി ഗ്രാമീണമേഖലയിലും വരുമാനശോഷണത്തിനും സാമ്പത്തികമാന്ദ്യത്തിനും വഴിയൊരുക്കുന്നത്.
കൊപ്ര നേരിട്ട്
സംഭരിക്കണം
കര്‍ഷകരില്‍നിന്നു നേരിട്ട് കൊപ്രസംഭരണം നടത്താനുള്ള നടപടി സ്വീകരിക്കണമെന്നാണു കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള കമ്മീഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ കോസ്റ്റ് ആന്റ് പ്രൈസസിന്റെയും (സി.എ.സി.പി.) ശിപാര്‍ശ. ഇങ്ങനെ സംഭരിച്ചാലേ നാളികേരകര്‍ഷകര്‍ക്കു സംഭരണത്തിന്റെ ഗുണം ലഭിക്കുകയുള്ളൂ. താങ്ങുവിലയ്ക്കുള്ള കൊപ്രസംഭരണം താഴെത്തട്ടിലെത്തിക്കാന്‍ നാളികേരകര്‍ഷകരെ കൊപ്ര ഉല്‍പ്പാദനത്തിനു പ്രാപ്തരാക്കുകയാണു വേണ്ടത്. ഇതിനായി ഡ്രയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും സി.എ.സി.പി.യുടെ ശിപാര്‍ശയില്‍ പറയുന്നു. കാര്‍ഷികവിളകള്‍ സംഭരിക്കാനുള്ള സംവിധാനം സഹകരണസംഘങ്ങളിലൂടെയാക്കണമെന്ന കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ നിര്‍ദേശവും ഇതിനൊപ്പം ചേര്‍ത്തുവെക്കാവുന്നതാണ്. കേരളത്തില്‍ ഒരു പഞ്ചായത്തില്‍ ശരാശരി 16 സഹകരണസംഘങ്ങളെങ്കിലുമുണ്ട്. കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍തന്നെ ഒന്നിലേറെയുണ്ട്. ഈ സംഘങ്ങള്‍ കേന്ദ്രീകരിച്ച് സംഭരണത്തിനുള്ള അടിസ്ഥാനസൗകര്യമൊരുക്കിയാല്‍ അതിന്റെ ഗുണം കര്‍ഷകര്‍ക്കു കിട്ടും. കര്‍ഷകര്‍ക്കു സഹകരണസംഘങ്ങളുടെ ഡ്രയര്‍ യൂണിറ്റില്‍ തേങ്ങ എത്തിച്ച് കൊപ്രയാക്കി മാറ്റാനാവും.
ഭൂരിഭാഗം ചെറുകിട-ഇടത്തരം നാളികേര കര്‍ഷകര്‍ക്കും പച്ചത്തേങ്ങ കൊപ്രയാക്കുന്നതിനുള്ള അടിസ്ഥാനസൗകര്യമില്ലെന്നാണു സി.എ.സി.പി.യുടെ വിലയിരുത്തല്‍. ഈ പ്രശ്നം പരിഹരിക്കാന്‍ കര്‍ഷക കൂട്ടായ്മകള്‍, തദ്ദേശസ്ഥാപനങ്ങള്‍, പ്രാഥമിക സഹകരണസംഘങ്ങള്‍ എന്നിവയെ ഉപയോഗപ്പെടുത്തി സംസ്‌കരണസംവിധാനം ഏര്‍പ്പെടുത്തണമെന്നു കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനു ശിപാര്‍ശ നല്‍കിയിട്ടുണ്ട്. കാര്‍ഷികാടിസ്ഥാന സൗകര്യനിധി ഇതിനായി ഉപയോഗപ്പെടുത്താം. 2023-24 വര്‍ഷത്തെ താങ്ങുവിലനിര്‍ണയവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ കൃഷിമന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു ഈ ശിപാര്‍ശയുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊപ്ര ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തില്‍ താങ്ങുവിലയ്ക്കുള്ള കൊപ്രസംഭരണം ലക്ഷ്യം കണ്ടിരുന്നില്ല. രണ്ടു വര്‍ഷത്തേക്ക് ഒരു ലക്ഷം ടണ്‍ കൊപ്ര സംഭരിക്കാന്‍ അനുമതി ലഭിച്ചിട്ടും 1377 ടണ്‍ കൊപ്ര മാത്രമാണു സംഭരിക്കാനായത്. കര്‍ഷകരില്‍നിന്നു പച്ചത്തേങ്ങ സംഭരിച്ചശേഷം സംഭരണഏജന്‍സി ഇതു കൊപ്രയാക്കുന്ന രീതി അവംലംബിച്ചതാണു കാരണം. കര്‍ഷകരെ കൊപ്ര ഉല്‍പ്പാദനത്തിലേക്കു തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ത്തന്നെ ശക്തമായിരുന്നു. ഇതിനിടെയാണു സി.എ.സി.പി.യും സമാനശിപാര്‍ശ നല്‍കിയത്.
നാളികേര വികസനബോര്‍ഡിനു കീഴില്‍ രാജ്യത്തു 9790 നാളികേര ഉല്‍പ്പാദനസംഘങ്ങളും 747 നാളികേര ഉല്‍പ്പാദകഫെഡറേഷനുകളും 69 നാളികേര ഉല്‍പ്പാദനക്കമ്പനികളുമുണ്ടെന്നു സി.എ.സി.പി. ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ വലിയൊരു കൂട്ടായ്മയാണിത്. ഡ്രയര്‍ ഉള്‍പ്പടെയുള്ള സൗകര്യം ഒറ്റയ്ക്ക് ഏര്‍പ്പെടുത്തിയാല്‍ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് അതു ലാഭകരമാവില്ല. കര്‍ഷക കൂട്ടായ്മകള്‍ ഈ സംവിധാനം കൊണ്ടുവന്നാല്‍ അത് ഒട്ടേറെ കര്‍ഷകര്‍ക്കു ഗുണം ചെയ്യും. ഇതിനൊപ്പമാണു സഹകരണസംഘങ്ങളുടെ പങ്കാളിത്തംകൂടി വരുന്നത്. കേരളത്തിനു പ്രതീക്ഷ പകരുന്നതാണ് ഈ നിര്‍ദേശങ്ങള്‍. സംസ്ഥാന കൃഷിവകുപ്പ് കര്‍ഷകകൂട്ടായ്മകള്‍ക്കു സഹായം നല്‍കുകയും സഹകരണസംഘങ്ങളടക്കം കാര്‍ഷികാടിസ്ഥാന സൗകര്യവികസനനിധി ഉപയോഗപ്പെടുത്തുകയും ചെയ്തു ഡ്രയര്‍ യൂണിറ്റുകളും സ്ഥാപിച്ചാല്‍ കൊപ്ര ഉല്‍പ്പാദനത്തിലേക്കു കര്‍ഷകര്‍ തിരിച്ചെത്തും. അതു നാളികേര കാര്‍ഷികമേഖലയെ സാമ്പത്തികമായി ഉണര്‍ത്തും.
ഭൗമസൂചികയ്ക്ക് എന്തു വില?
കുറ്റിയാട്ടൂര്‍ മാങ്ങ മുതല്‍ മറയൂര്‍ ശര്‍ക്കരവരെ കേരളത്തിലെ 35 ഉല്‍പ്പന്നങ്ങള്‍
ഇതുവരെ ഭൗമസൂചികാ പദവി നേടിയിട്ടുണ്ട്. എന്നാല്‍, വിപണിയിലെ സാമ്പത്തികമാന്ദ്യം ഭൗമസൂചികാ പദവി ലഭിച്ച ഉല്‍പ്പന്നങ്ങള്‍ക്കുപോലും വിലയില്ലാതാക്കി. വയനാട് ജീരകശാല നെല്ലും പൊക്കാളി നെല്ലും കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ മണ്ണ് ഉപേക്ഷിച്ചു മടങ്ങുകയാണ്. ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്യുമ്പോള്‍ കടം പെരുകും. അതോടെ, കര്‍ഷകര്‍ പാടം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും. അങ്ങനെ കര്‍ഷകഗ്രാമങ്ങള്‍
സാമ്പത്തികപ്രതിസന്ധിയിലേക്കു നീങ്ങും.
കുറ്റിയാട്ടൂര്‍ മാങ്ങ മുതല്‍ മറയൂര്‍ ശര്‍ക്കരവരെ 35 ഇനങ്ങള്‍ക്കു കേരളത്തില്‍ ഭൗമസൂചികാ ( ഏലീഴൃമുവശരമഹ കിറലഃ ) പദവി ലഭിച്ചിട്ടുണ്ട്. ഒരു പ്രത്യേക ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ അത് ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോടു ബന്ധപ്പെട്ടിരിക്കുമ്പോള്‍ അവയെ തിരിച്ചറിയാന്‍ വേണ്ടിയാണു ഭൗമസൂചികാ പദവി നല്‍കുന്നത്. മികച്ച ഗുണനിലവാരവും ഉല്‍പ്പന്നത്തിന്റെ മൗലികസ്വഭാവവുമാണ് അതിന്റെ മാനദണ്ഡം. ഇന്ത്യയില്‍ നാനൂറിലധികം ഉല്‍പ്പന്നങ്ങളാണ് ഇതുവരെ ഭൗമസൂചികയില്‍ ഇടംപിടിച്ചിട്ടുള്ളത്. പത്തു വര്‍ഷത്തേക്കാണു ഭൗമസൂചികാ പദവി നല്‍കുക. പിന്നീട് പുതുക്കി നല്‍കും. സംസ്ഥാനത്ത് ആറന്മുളക്കണ്ണാടിക്കാണ് ആദ്യമായി ഈ പദവി ലഭിച്ചത്. വയനാട് ജീരകശാല അരി, ഗന്ധകശാല അരി, വയനാട് റോബസ്റ്റ് കോഫി, വാഴക്കുളം കൈതച്ചക്ക, മധ്യതിരുവിതാംകൂറിലെ ശര്‍ക്കര, മറയൂര്‍ ശര്‍ക്കര, കുത്താംപുള്ളി കൈത്തറി, നവരയരി, പൊക്കാളി അരി, പാലക്കാടന്‍ മട്ട, ചേന്ദമംഗലം മുണ്ടുകള്‍, കാസര്‍കോട് സാരി, എടയൂര്‍ മുളക്, നിലമ്പൂര്‍ തേക്ക്, ആലപ്പുഴ ഏലക്ക, തിരൂര്‍ വെറ്റില, ചെങ്ങലിക്കോടന്‍ നാടന്‍നേന്ത്ര തുടങ്ങിയവയ്‌ക്കൊക്കെ ഈ പദവിയുണ്ട്. ഭൗമസൂചികാ പദവി നേടിയ ഉല്‍പ്പന്നങ്ങള്‍ക്കു വിപണി കണ്ടെത്താന്‍ സംസ്ഥാന വ്യവസായ വകുപ്പ് പ്രത്യേക പദ്ധതിതന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയെയും ഇവയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ധിതഉല്‍പ്പന്നങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുകയും വിപണി കണ്ടെത്തുകയും ചെയ്യാന്‍ പ്രത്യേക വെബ്‌സൈറ്റും തുടങ്ങി. എന്നാല്‍, ഇതുകൊണ്ടൊക്കെ ഈ ഉല്‍പ്പന്നങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കോ മറ്റുള്ളവര്‍ക്കോ ഗുണപരമായ നേട്ടം സ്ഥിരമായി ഉറപ്പാക്കാന്‍ കഴിയുന്നുണ്ടോയെന്നതാണു ചോദ്യം.
വിപണിയിലെ സാമ്പത്തികമന്ദിപ്പ് ഭൗമസൂചികാ പദവി ലഭിച്ച ഉല്‍പ്പന്നങ്ങള്‍ക്കുപോലും വിലയില്ലാതാക്കി. പൊക്കാളി അരി, വയനാട് ജീരകശാല അരി എന്നിവയ്ക്കായി കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ മണ്ണ് ഉപേക്ഷിച്ചു മടങ്ങുന്ന സ്ഥിതിയാണ്. ഭൗമസൂചികാ പദവി ലഭിച്ചിട്ടും മറയൂര്‍ ശര്‍ക്കരുയുടെയും കാന്തല്ലൂര്‍ മല്ലപ്പൂണ്ടി (വെളുത്തുള്ളി) യുടെയും നിലനില്‍പ്പ് ചോദ്യചിഹ്നമായി തുടരുന്നു. വിപണി കണ്ടെത്താന്‍ കഴിയാത്തതും ന്യായവില ലഭിക്കാത്തതും ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതും കര്‍ഷകരെ കൃഷി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. 2500 ഏക്കറിലധികം കരിമ്പുകൃഷിയുണ്ടായിരുന്ന മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ ഇപ്പോഴതു 400 ഏക്കറില്‍ താഴെമാത്രമായി ചുരുങ്ങി. 2023 ല്‍ മാത്രം 500 ഏക്കറിലധികം സ്ഥലത്തു കരിമ്പുകൃഷി നിര്‍ത്തി മറ്റു കൃഷികള്‍ തുടങ്ങി. മറ്റു ചില കരിമ്പുപാടങ്ങള്‍ പ്ലോട്ട് തിരിച്ച് കെട്ടിടങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞു. തമിഴ്നാട്ടില്‍നിന്നു മുമ്പ് മറയൂര്‍ ശര്‍ക്കരയുടെ രൂപത്തില്‍ ശര്‍ക്കരയുണ്ടാക്കി വിപണിയില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ പരസ്യമായി തമിഴ്നാട്ടില്‍നിന്നു കരിമ്പ് എത്തിച്ച് ‘ മറയൂര്‍ശര്‍ക്കര ‘ യുണ്ടാക്കി വിറ്റുവരുന്ന വ്യാപാരികളുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ കരിമ്പുകൃഷി പൂര്‍ണമായും അവസാനിക്കുന്ന സാഹചര്യമാണുള്ളത്. ഗുണമേന്മയേറിയ കാന്തല്ലൂര്‍ വെളുത്തുള്ളിക്കു കേരളത്തില്‍ വിപണി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മധുര വടുകുപ്പെട്ടി ഗ്രാമത്തിലെ വിപണിയില്‍ വെളുത്തുള്ളി എത്തിച്ചാണു കര്‍ഷകര്‍ വില്‍ക്കുന്നത്.
ചേകാടിയിലെ
കര്‍ഷകരുടെ കഥ
കാര്‍ഷികജില്ലയായ വയനാടിന്റെ നെല്ലറയാണു ചേകാടി. സുഗന്ധനെല്ലിനങ്ങളായ ഗന്ധകശാലയുടെയും ജീരകശാലയുടെയും സ്വന്തം നാട്. ഭൗമസൂചികാപദവി നേടിയതാണു വയനാടിന്റെ സ്വന്തം വിത്തിനങ്ങളായ ഗന്ധകശാലയും ജീരകശാലയും. കണ്ണത്താദൂരത്തോളം സ്വര്‍ണം വിതറി വിളവെടുപ്പിനു പാകമായി നില്‍ക്കുന്ന നെല്‍വയലുകളുടെ മനോഹരകാഴ്ചയാണ് ഇവിടെ. എന്നാല്‍, സുഗന്ധനെല്ലിനങ്ങളുടെ തനിമ ഇക്കാലം വരെ നിലനിര്‍ത്തിയിരുന്ന ചേകാടിയും ഒടുവില്‍ ഗന്ധകശാലകൃഷിയില്‍നിന്നു പിന്മാറുകയാണ്. ഒരുകാലത്തു ഗന്ധകശാലയും ജീരകശാലയും കൃഷി ചെയ്യുന്ന ഏറ്റവും വലിയ പാടശേഖരമായിരുന്നു ചേകാടി. മുന്‍കാലങ്ങളില്‍ കൃഷിയിറക്കിയതിന്റെ പത്തിലൊന്നു വയലുകള്‍പോലും ഇപ്പോഴില്ല. വിളയ്ക്കു വില കിട്ടാത്തതും ചെലവു കൂടുന്നതുമാണു കാരണം. സുഗന്ധനെല്ലിനങ്ങള്‍ക്കുള്ള പ്രോത്സാഹനക്കുറവും ഉയരുന്ന ഉല്‍പ്പാദനച്ചെലവുമാണ് ഈ കൃഷിയുടെ വേരറുക്കുന്നത്. ലാഭനഷ്ടക്കണക്കില്‍ ആദ്യം ശോഷിച്ചുതുടങ്ങിയതു ജീരകശാലയാണ്. ഇതിനു പിന്നാലെയാണു ഗന്ധകശാലയും പാടത്തില്‍നിന്ന് ഇല്ലാതാകുന്നത്. മറ്റു നെല്ലിനങ്ങളില്‍നിന്നു വ്യത്യസ്തമായ ചെറിയ അരിമണികളും സുഗന്ധവുമാണു ഗന്ധകശാലയുടെ പ്രത്യേകത. ചെട്ടി സമുദായക്കാരുടെ വിശേഷദിവസങ്ങളിലെ സദ്യവട്ടങ്ങളില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ് ഈ സുഗന്ധനെല്ലിനങ്ങള്‍ അതിനാലാണു കുറച്ചെങ്കിലും ഇപ്പോള്‍ കൃഷി ചെയ്യുന്നത്.
മറ്റു നെല്ലിനങ്ങള്‍ കൃഷി ചെയ്താല്‍ ഒരേക്കറില്‍ 20-25 ക്വിന്റല്‍ നെല്ല് കിട്ടും. അതേസ്ഥാനത്തു ഗന്ധകശാല കൃഷിയില്‍നിന്ന് 6-7 ക്വിന്റല്‍ നെല്ല് മാത്രമാണു കിട്ടുന്നത്. ഇതു ചേകാടിയിലെ കര്‍ഷകരുടെ വരുമാനം ഇല്ലാതാക്കുന്നു. മാത്രമല്ല, കേരളത്തിന്റെ തനതു നെല്ലിനങ്ങള്‍കൂടി ഇതുവഴി ഇല്ലാതാവുകയാണ്. കൃഷി ആദായകരമല്ലാതെ മാറുന്നതോടെ കര്‍ഷകര്‍ പാടത്തില്‍നിന്നു കയറി മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ്. കൃഷിയെ നെഞ്ചോട് ചേര്‍ത്ത ഒരു കര്‍ഷകജനതയാണ് ഇപ്പോള്‍ നിലവിളിക്കുന്നത്. കാര്‍ഷികസംസ്‌കാരം പിന്തുടരുന്ന ചേകാടിക്കാരുടെ ഹൃദയം നെല്‍വയലുകളിലാണ്. മൂന്നു വശവും വനത്താലും ഒരു വശം കബനി നദിയാലും ചുറ്റപ്പെട്ട ചേകാടി ഗ്രാമത്തില്‍ നാലില്‍ മൂന്നുഭാഗവും വയലാണ്. കരഭൂമി കുറവും വയല്‍ കൂടുതലുള്ളതുമായ ഗ്രാമം. ഇവിടെയുള്ള ചെട്ടിയാന്മാര്‍ക്കൊപ്പം ഗോത്രജനവിഭാഗങ്ങളും സ്വന്തംനിലയില്‍ നെല്‍ക്കൃഷി ചെയ്തുവരുന്നുണ്ട്. നഷ്ടക്കണക്കുകള്‍ നിരത്തി മറ്റു കര്‍ഷകര്‍ നെല്‍ക്കൃഷി ഉപേക്ഷിക്കുമ്പോഴാണ് ഇവിടെ ഒരു ഗ്രാമം മുഴുവന്‍ വയലിലേക്ക് ഇറങ്ങുന്നത്.
മഴക്കുറവ് അടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് ഇത്തവണയും ചേകാടിക്കാര്‍ നെല്‍ക്കൃഷി ഇറക്കിയത്. വലിച്ചൂരി, തഞ്ചാവൂര്‍ മട്ട, മുള്ളന്‍ ചണ്ണ, എച്ച്-ഫോര്‍ തുടങ്ങിയ നെല്ലിനങ്ങളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. വന്യമൃഗശല്യം രൂക്ഷമായതിനാല്‍ ഞാറു നടുന്നതു മുതല്‍ പാടത്തു ഷെഡ്ഡ് കെട്ടി കാവലിരുന്നാണു നെല്‍ക്കൃഷിയെ കര്‍ഷകര്‍ സംരക്ഷിക്കുന്നത്. പരമ്പരാഗതരീതിയിലും കൊയ്ത്തു മെതിയന്ത്രം ഉപയോഗിച്ചും ചേകാടിയില്‍ നെല്ല് വിളവെടുക്കുന്നുണ്ട്. കൊയ്ത്തു മെതി യന്ത്രത്തിനു മണിക്കൂറിനു 2500 രൂപയാണു വാടക. മെതി യന്ത്രം മാത്രമാണെങ്കില്‍ 1300. നിലവില്‍ ചേകാടിയില്‍ തൊഴിലാളിക്ഷാമമുള്ളതിനാല്‍ ഭൂരിഭാഗം കര്‍ഷകരും കൊയ്ത്തു മെതി യന്ത്രത്തെയാണ് ആശ്രയിക്കുന്നത്. ഇതാകുമ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പാടത്തുനിന്നു നെല്ല് കൊയ്തു മെതിച്ചെടുക്കാനാകും. ചെലവും കുറവാണ്. തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നുമാണു കൊയ്ത്തു യന്ത്രങ്ങളെത്തിക്കുന്നത്. പാടത്തു പൊരുതി നിന്നിട്ടും ജീവിതം വഴിമുട്ടുമ്പോള്‍ കര്‍ഷകര്‍ക്കു പാടം ഉപേക്ഷിക്കാതെ വഴിയില്ല. ഈ പിന്മാറ്റം വലിയ അപകടകരമായ സൂചനയാണു കേരളത്തിനു നല്‍കുന്നത്.
പൊക്കാളി
കര്‍ഷകരുടെ കണ്ണീര്‍
ചേകാടിയിലേത് ഒറ്റപ്പെട്ട സങ്കടങ്ങളല്ല. എറണാകുളം കടമക്കുടിയിലും ഇതേപ്രശ്‌നം ആവര്‍ത്തിക്കുന്നതു കാണാം. അവിടെ പൊക്കാളി കര്‍ഷകരാണു പ്രതിസന്ധിയിലുള്ളത്. ഇതും ഭൗമസൂചികാപദവി നേടിയ നെല്ലിനമാണ്. 110 ഏക്കറോളം പാടത്തു പൊക്കാളി കൃഷി ചെയ്യുകയും 1400 ക്വിന്റല്‍ നെല്ല് ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇവിടെ. ഇതിനു വില കിട്ടുന്നില്ല. സാധാരണ നെല്ലിനെപ്പോലെയാണു പൊക്കാളിയെയും സംഭരണത്തില്‍ കണക്കാക്കുന്നത്. സാധാരണ നെല്‍ക്കൃഷിയേക്കാള്‍ ചെലവുവരുന്നതാണു പൊക്കാളി. ഭൗമസൂചികാ പദവിയുള്ള ഉല്‍പന്നങ്ങള്‍ക്കു പ്രത്യേക പരിഗണന നല്‍കി വിപണിസാധ്യത കണ്ടെത്താന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടെന്നു പറയുമ്പോഴും അതൊന്നും കടമക്കുടിയില്‍ ഗുണകരമാകുന്നില്ല. നെല്ല് സംഭരിക്കുന്ന ഏജന്‍സിയായ സപ്ലൈകോയ്ക്കു പൊക്കാളിയും ഒരു നെല്ല് മാത്രമാണ്. പൊക്കാളി നെല്ലിനു ന്യായവില ഉറപ്പാക്കി സംഭരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു കാണിച്ച് കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് സര്‍ക്കാരിനു നിവേദനം നല്‍കിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു. 2022 നവംബറിലാണു നിവേദനം നല്‍കിയത്. നാലു സഹകരണബാങ്കുകള്‍ പൊക്കാളികര്‍ഷകരെ സഹായിക്കാന്‍ ഈ മേഖലയില്‍ രംഗത്തുണ്ട്. കോരമ്പാടം സഹകരണബാങ്ക്, പള്ളിയാക്കല്‍ സഹകരണബാങ്ക്, പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക്, വടക്കേക്കര സഹകരണബാങ്ക് എന്നിവയാണിത്. അതിനാല്‍, സഹകരണവകുപ്പ് കൂടി ചേര്‍ന്നു പൊക്കാളി നെല്ല് സംഭരിക്കാനും അതു പ്രത്യേക ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാനുമുള്ള പദ്ധതി തയാറാക്കണമെന്നായിരുന്നു പഞ്ചായത്തുപ്രസിഡന്റിന്റെ ആവശ്യം. ഇതിനും പരിഹാരമുണ്ടായിട്ടില്ല.
ഒരേക്കര്‍ സ്ഥലത്തു പൊക്കാളി നെല്‍ക്കൃഷി നടത്താന്‍ 50,000 രൂപയാണു ശരാശരി ചെലവ്. 600-700 ക്വിന്റല്‍ നെല്ലാണ് ഇതില്‍നിന്നു ലഭിക്കാനിടയുള്ളത്. ഒരു കിലോ നെല്ലിനു 60 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമാണു കര്‍ഷകന് ഒരുവിധം പിടിച്ചുനില്‍ക്കാനാവുക. എന്നാല്‍, 28.50 രൂപ നല്‍കിയാണു സപ്ലൈകോ ഈ നെല്ല് സംഭരിക്കുന്നത്. സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് പൊക്കാളിനെല്ല് സംഭരിക്കുകയും കുത്തി അരിയാക്കാന്‍ മില്ല് സ്ഥാപിച്ച് പ്രത്യേക ബ്രാന്‍ഡില്‍ വിപണനം നടത്തുകയും ചെയ്യുക എന്നതായിരുന്നു ആവശ്യം. കോരമ്പാടം സഹകരണ ബാങ്ക് പൊക്കാളിഅരി ഗ്രാമിക എന്ന പേരില്‍ വിപണിയിലെത്തിക്കുന്നുണ്ട്. പുട്ടുപൊടി പോലുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഇതേ ബ്രാന്‍ഡില്‍ എത്തിക്കുന്നുണ്ട്. പള്ളിയാക്കല്‍ ബാങ്കും സ്വന്തം നിലയില്‍ പൊക്കാളിഅരിക്കു വിപണി കണ്ടെത്തുന്നുണ്ട്. ഇതൊന്നും അടിസ്ഥാനപരമായി പൊക്കാളിക്കര്‍ഷകരുടെ പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരമുണ്ടാക്കുന്നതല്ല. കര്‍ഷകര്‍ക്കു വരുമാനം ഉറപ്പാക്കുന്ന രീതിയില്‍ സ്ഥിരംപദ്ധതികളാണു വേണ്ടത്. ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്യുമ്പോള്‍ കടം പെരുകും. അതോടെ, കര്‍ഷകര്‍ പാടം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും. കര്‍ഷകഗ്രാമങ്ങള്‍ അങ്ങനെ സാമ്പത്തികപ്രതിസന്ധിയിലേക്കു നീങ്ങും. അത്തരമൊരു അവസ്ഥയിലൂടെയാണു കേരളത്തിലെ ഗ്രാമങ്ങളെല്ലാം ഇപ്പോള്‍ കടന്നുപോകുന്നത്. ഭൗമസൂചികാപദവിയെന്ന ‘ആഡംബരം’ കൊണ്ടുമാത്രം കര്‍ഷകര്‍ക്ക് അവരുടെ ജീവിതത്തിനു വഴിയുണ്ടാവില്ല. ഭൗമസൂചികാപദവിക്കും ഇപ്പോള്‍ കേരളത്തില്‍ വിലയില്ലാതായിരിക്കുന്നു.
നിര്‍മാണ-കാര്‍ഷിക മേഖലയിലും മന്ദത
ഗ്രാമീണമേഖലയിലെ ചെറുനിര്‍മാണങ്ങള്‍ മന്ദിപ്പിലാണ്. പുതിയ പ്രവൃത്തികള്‍ തുടങ്ങുന്നത് 50 ശതമാനം കുറഞ്ഞു. നിര്‍മാണസാമഗ്രികള്‍ക്കു വില കുറഞ്ഞിട്ടും പുതിയ പ്രവൃത്തികള്‍ ഉണ്ടാകുന്നില്ല. നെല്ല്-പഴം-പച്ചക്കറിരംഗത്തും മാന്ദ്യം പിടിമുറുക്കിക്കഴിഞ്ഞു.
സാമ്പത്തികശോഷണത്തിന്റെ ആഘാതം നിര്‍മാണമേഖലയിലും പ്രതിഫലിച്ചുതുടങ്ങി. വന്‍കിട കമ്പനികളുടെയും ബില്‍ഡേഴ്‌സിന്റെയും നിര്‍മാണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ മുടക്കമില്ലാതെ നടക്കുന്നത്. ഗ്രാമീണമേഖലയിലെ ചെറുനിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദിപ്പിലാണ്. പുതിയ പ്രവൃത്തികള്‍ തുടങ്ങുന്നത് 50 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണു ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) വിലയിരുത്തുന്നത്. കോവിഡിനുശേഷം നിര്‍മാണമേഖലയില്‍ പ്രതിസന്ധികള്‍ തുടങ്ങിയിരുന്നു. നിര്‍മാണസാമഗ്രികളുടെ വില കുത്തനെ കൂടിയതായിരുന്നു കാരണം. ഇതിനൊപ്പം, വീടിന്റെ അടക്കമുള്ള പെര്‍മിറ്റ്ഫീസുകള്‍ സര്‍ക്കാര്‍ കുത്തനെ കൂട്ടി. ചില ഫീസുകള്‍ 600 ശതമാനത്തിലേറെയാണു വര്‍ധിപ്പിച്ചത്. ഇതെല്ലാം നിര്‍മാണമേഖലയെ ബാധിച്ചിരുന്നു. എന്നാല്‍, നിര്‍മാണസാമഗ്രികള്‍ക്കു വില കുറഞ്ഞിട്ടും പുതിയ പ്രവൃത്തികള്‍ ഉണ്ടാകുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. സാമ്പത്തികമാന്ദ്യം അത്രയേറെ ഗ്രാമീണ-നഗരമേഖലകളെ ബാധിച്ചിട്ടുണ്ട്. വന്‍കിട നിര്‍മാണങ്ങളില്‍ ഭൂരിഭാഗത്തിലും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണു ജോലി ചെയ്യുന്നത്. അതിനാല്‍, ഇവരുടെ കൂലിയിനത്തിലുള്ള പണവും കേരളത്തിന്റെ വിപണികളില്‍ എത്തുന്നില്ല.
കേരളത്തില്‍ 794 ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ മിക്കതിന്റെയും പ്രവര്‍ത്തനത്തെ മാന്ദ്യം ബാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ചെറുകിട കരാറുകളാണു മിക്ക സംഘങ്ങളുടെയും ഇപ്പോഴത്തെ ആശ്രയം. അംഗങ്ങളായ തൊഴിലാളികള്‍ക്കു തൊഴിലും കൂലിയും ഉറപ്പാക്കുകയാണു ലേബര്‍ സഹകരണസംഘങ്ങളുടെ ലക്ഷ്യം. അതിനുപോലും കഴിയാത്ത സ്ഥിതിയിലേക്കു സഹകരണസംഘങ്ങള്‍ എത്തുകയാണ്. സ്വകാര്യകരാറുകാരുടെ ഉപകരാറും സഹകരണസംഘത്തിനു ലഭിക്കുന്ന ഇളവ് ഉപയോഗപ്പെടുത്തി സ്വകാര്യ കരാറുകാര്‍ക്കുവേണ്ടി കരാറുകളും ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന രീതിയിലേക്കുവരെ ചില സംഘങ്ങള്‍ മാറിയിട്ടുണ്ട്. ഇതുകൊണ്ടും പിടിച്ചുനില്‍ക്കാന്‍ പല സംഘങ്ങള്‍ക്കും കഴിയുന്നില്ല. സര്‍ക്കാര്‍വകുപ്പുകളുടെ നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കിയാലും ബില്‍ മാറിക്കിട്ടാത്ത സ്ഥിതിയുണ്ട്. കരാറുകാര്‍ക്കടക്കം 40,000 കോടി രുപ സര്‍ക്കാര്‍ നല്‍കാനുണ്ട്. അതിനാല്‍ പുതിയ കരാറുകള്‍ ഏറ്റെടുക്കാനും കരാറുകാര്‍ തയാറാകുന്നില്ല. ഇതെല്ലാം തൊഴിലിനെയും കൂലിയേയും ബാധിക്കുന്നുണ്ട്.
വില്‍പ്പന കുറഞ്ഞതോടെയാണു സിമന്റ്, കമ്പി എന്നിവയുടെ വില കുറയ്ക്കാന്‍ കമ്പനികള്‍ തയാറായത്. കോവിഡിനുമുമ്പ് കിലോയ്ക്ക് 50-52 രൂപയായിരുന്നു കമ്പിയുടെ വില. കോവിഡിനുശേഷം അത് 85 രൂപവരെയായി ഉയര്‍ന്നു. ഇപ്പോഴത് 67-71 രൂപയായി കുറഞ്ഞിട്ടുണ്ട്. സിമന്റിനും ഇതേ സ്ഥിതിയാണ്. ഡിസംബര്‍ മുതലാണു സിമന്റ്‌വില കുറഞ്ഞുതുടങ്ങിയത്. സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ സാധാരണ നിര്‍മാണജോലികള്‍ കൂടേണ്ടതാണ്. സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും കരാര്‍ജോലികള്‍ പൂര്‍ത്തിയാക്കേണ്ട സമയം, ഭവനവായ്പകള്‍ കൂടുതല്‍ അനുവദിക്കുന്നതിനാല്‍ വീടുനിര്‍മാണത്തില്‍ വരുന്ന തിരക്ക് എന്നിവയെല്ലാം അതിനു കാരണമാണ്. എന്നാല്‍, ഇതൊന്നും ഇത്തവണ പ്രകടമായില്ല. ഇതോടെയാണു സിമന്റ്‌വില കുറയ്ക്കാന്‍ കമ്പനികള്‍ തയാറായത്. മുന്‍നിര ബ്രാന്‍ഡ് സിമന്റിന് 420-440 വരെയായിരുന്നു വിലയുണ്ടായിരുന്നത്. ഇത് 380-360 രൂപയായി കുറഞ്ഞു. ലോക്കല്‍ ബ്രാന്‍ഡുകള്‍ക്ക് ഇതിലും കുറവുണ്ട്.
എം.സാന്റ്, പി-സാന്റ്, മെറ്റല്‍, മണല്‍ എന്നിവയുടെ വില്‍പ്പനയിലും കുറവുവന്നിട്ടുണ്ട്. നിര്‍മാണമേഖലയില്‍ വ്യാപിക്കുന്ന മാന്ദ്യമാണ് ഇതിനു കാരണമെന്ന് ഈ രംഗത്തുള്ള കച്ചവടക്കാരും പറയുന്നു. നേരത്തെ സീസണില്‍ 2500 അടിവരെ മെറ്റല്‍ വിറ്റിരുന്ന സ്ഥാപനങ്ങളില്‍ ഇപ്പോള്‍ 500-1000 അടിയാണ് വില്‍ക്കുന്നത്. വില്‍പ്പന മൂന്നിലൊന്നായി കുറഞ്ഞു. മാന്ദ്യം വരുമാനത്തെ ബാധിച്ചുതുടങ്ങിയതോടെ ഇത്തരം സ്ഥാപനങ്ങളില്‍ ജോലിക്കാരെ കുറച്ചുതുടങ്ങിയിട്ടുണ്ട്. വലിയ ടോറസ് ലോറികള്‍ക്കും പണികുറഞ്ഞു. ദേശീയപാത നിര്‍മാണക്കമ്പനികള്‍ക്കു വാടകയ്ക്കു നല്‍കിയ ലോറികളില്‍ അധികവും നേരത്തെ പ്രാദേശികമായി ഓടിയവയാണ്. സ്‌റ്റോണ്‍ ക്രഷറുകള്‍ പലതും ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നതു ദേശീയപാതാവികസനത്തിന്റെ പണി നടക്കുന്നതുകൊണ്ടാണ്. വില കുറച്ചുള്ള രക്ഷാശ്രമം ഈ രംഗത്തും ഉണ്ടായിട്ടുണ്ട്. എം-സാന്‍ഡിന് ഒരടിക്ക് 60 രൂപവരെയായിരുന്നു നേരത്തെയുള്ള വില. ഇത് 56 രൂപയായി കുറഞ്ഞു. മെറ്റലിന്റെ വില 50 രൂപയില്‍നിന്ന് 46 രൂപയായി കുറച്ചു. മണലിന്റെ വിലയിലും ലോഡിന് 750 രൂപയോളം കുറഞ്ഞിട്ടുണ്ട്.
കണ്ണീരില്‍
നനയുന്ന കര്‍ഷകര്‍
കര്‍ഷകര്‍ പൂര്‍ണമായും നിസ്സഹായരായിപ്പോയ അവസ്ഥയിലാണിപ്പോള്‍. വയനാട്ടില്‍ കര്‍ഷകരുടെ ജീവിതം തളര്‍ന്നതും വളര്‍ന്നതും കാര്‍ഷിക വിളകളുടെ വിലയെ അടിസ്ഥാനമാക്കിയാണ്. ഒരുകാലത്തു കൂട്ട കര്‍ഷകആത്മഹത്യകളുണ്ടായത് ഇവിടെ ഓര്‍ക്കേണ്ടതാണ്. കൃഷിയെമാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബത്തിന് ഇന്നു ദുരിതപൂര്‍ണമാണു ജീവിതം. മറ്റു വരുമാനമുള്ളവര്‍ ഒരുവിധം പിടിച്ചുനില്‍ക്കുന്നു. പക്ഷേ, കാര്‍ഷികമേഖലയിലെ തളര്‍ച്ച ഗ്രാമീണ സാമ്പത്തികമേഖലയെ ക്ഷയിപ്പിക്കുന്നുണ്ട്. അതാണ് ഇപ്പോള്‍ സമസ്തമേഖലയേയും ബാധിച്ചുകൊണ്ടിരിക്കുന്ന മാന്ദ്യത്തിനു വഴിവെച്ച ഒരു ഘടകം. സംഭരിച്ച നെല്ലിന്റെ പണം കിട്ടാന്‍ കര്‍ഷകര്‍ കാത്തുകെട്ടി കിടക്കുകയാണ്. കോടികളാണ് ഈ രീതിയില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത്. നെല്ല്‌സംഭരണം കാര്യക്ഷമമാക്കണമെന്നും കര്‍ഷകന് ഉടനടി പണം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച് പഠിച്ച വി.കെ. ബേബികമ്മറ്റി സര്‍ക്കാരിനു ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. നെല്ലുസംഭരണം കര്‍ഷകസൗഹൃദവും കാര്യക്ഷമവുമാക്കാന്‍ നിലവിലെ സര്‍ക്കാര്‍സംവിധാനം ഉടച്ചുവാര്‍ത്തു സപ്ലൈകോയുടെ കീഴില്‍ സ്വതന്ത്രസംവിധാനം ഒരുക്കണമെന്നാണു കമ്മറ്റി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കര്‍ഷകര്‍ക്ക് പി.ആര്‍.എസ്. (നെല്ലു സംഭരണ രശീതി) നല്‍കിയാലുടന്‍ അവരുടെ അക്കൗണ്ടിലേക്ക് അതിന്റെ വില എത്തണം. ഇപ്പോള്‍ ആറു മാസത്തിലധികം സമയമെടുക്കുന്നുണ്ട്. നിലവില്‍ ഒരു കിലോ നെല്ല് അരിയാക്കാന്‍ സ്വകാര്യമില്ലുകളുടെ ചെലവിന്റെ മൂന്നിരട്ടിയോളം സപ്ലൈകോ ചെലവഴിക്കുന്നുണ്ടെന്നാണു സമിതിയുടെ കണ്ടെത്തല്‍. മുന്‍ ഐ.എ.എസ്. ഓഫീസറായ വി.കെ. ബേബിയുടെ നേതൃത്വത്തില്‍ 2022 ല്‍ നിയോഗിക്കപ്പെട്ട കമ്മറ്റി കര്‍ഷകര്‍, കൃഷി-സപ്ലൈകോ വകുപ്പ് ഉദ്യോഗസ്ഥര്‍, മില്‍ ഉടമകള്‍ എന്നിവരെ നേരില്‍ക്കണ്ടാണു റിപ്പോര്‍ട്ട് തയാറാക്കിയത്.
മറ്റു കാര്‍ഷികവിളകളുടെ സ്ഥിതിയും സമാനമാണ്. വിപണിയില്‍ പഴം, പച്ചക്കറി എന്നിവയ്ക്കു വില കൂടുമ്പോഴും അതിന്റെ ഗുണം കര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ മറ്റൊരു പ്രശ്‌നം. പ്രാദേശികവിപണിയിലേക്കുപോലും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള സാധനങ്ങളാണ് എത്തുന്നത്. ആദ്യം നാടന്‍ ഉല്‍പ്പന്നങ്ങളേക്കാള്‍ വില കുറഞ്ഞാണു മറുനാടന്‍ സാധനങ്ങളെത്തിയത്. ഇതുകാരണം പ്രാദേശിക ഉല്‍പ്പാദനം കുറഞ്ഞു. അതോടെ വിപണിയില്‍ വിലകൂടുന്ന സ്ഥിതിയുമുണ്ടായി. 16 ഇനം പഴം-പച്ചക്കറികള്‍ക്കു സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനുള്ള സംഭരണസംവിധാനങ്ങള്‍ വേണ്ടത്ര സ്ഥാപിച്ചിട്ടില്ല. വി.എഫ്.പി.സി.കെ. പോലുള്ള ഏജന്‍സികള്‍ക്കു സംഭരിക്കുന്നതിനും പരിധിയുണ്ട്. ഉല്‍പ്പന്നങ്ങള്‍ കൂടുതലായി സംഭരിച്ചാല്‍ അതു സൂക്ഷിച്ചുവെക്കാനുള്ള കോള്‍ഡ് സ്‌റ്റോറേജോ മറ്റു വിപണികളിലെത്തിച്ച് വില്‍പ്പന നടത്താനുള്ള സംവിധാനമോ ഇല്ല. അതിനാല്‍, സംഭരണംതന്നെ പരിമിതപ്പെടുത്തുകയാണു ചെയ്യുന്നത്. ഇതെല്ലാം കാരണം കര്‍ഷകന്റെ വരുമാനം ഗതിമുട്ടിയ അവസ്ഥയിലെത്തി.
ഗ്രാമമേഖലയില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന ഒന്നാണു നേന്ത്രക്കായ. തൃശ്ശൂരില്‍നിന്നു നേന്ത്രക്കായ കയറ്റുമതിക്കായി സംഭരിക്കാറുണ്ട്. എന്നാല്‍, നേന്ത്രകര്‍ഷകര്‍ കൂട്ടത്തോടെ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ആവശ്യത്തിനു നേന്ത്രക്കായ ഉല്‍പ്പാദിപ്പിച്ചിട്ടും വിലയില്ലാതായതുകൊണ്ടു കര്‍ഷകരും സംഭരിക്കുന്ന കച്ചവടക്കാരും ഒരുപോലെ നഷ്ടത്തിലാണ്. 15 രൂപയാണു കിലോയ്ക്കു വില. ഒന്നരമാസത്തോളമായി ഇരുപതു രൂപയില്‍ത്താഴെയാണ്. മണ്ഡലകാലം, ക്രിസ്മസ്, പുതുവത്സരം എന്നിവയോടടുപ്പിച്ച് സാധാരണ വില ഉയരാറുണ്ടെങ്കിലും ഉത്തവണ വന്‍തിരിച്ചടിയായി. ഈ വിലയ്ക്കു വിറ്റാല്‍ പണിക്കൂലി പോലും കിട്ടില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. വിളവെടുക്കാനായ കുലകള്‍ വെട്ടിവില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. മികച്ച വരുമാനം പ്രതീക്ഷിച്ച് നട്ടുവളര്‍ത്തിയ കൃഷി മുടക്കുമുതല്‍പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയിലാണ്. കച്ചവടക്കാര്‍ക്കും ഇതേ അവസ്ഥയാണ്. കര്‍ഷരില്‍നിന്നെടുത്ത നേന്ത്രക്കുലകള്‍ കടയില്‍ത്തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണെന്നു കച്ചവടക്കാര്‍ പറയുന്നു. നേന്ത്രക്കായ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന വയനാട് ജില്ലയില്‍നിന്നു കൊല്ലം, കായംകുളം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലേക്കു കൊണ്ടുപോകാറുണ്ടായിരുന്നു. ആഭ്യന്തരവിപണിയിലെ ഈ ക്രമീകരണവും ഇപ്പോള്‍ ഇല്ലാതായി. കഴിഞ്ഞ വര്‍ഷം 24 രൂപയ്ക്കും 30 രൂപയ്ക്കും ഇടയില്‍ മാറി മാറി ലഭിച്ചിരുന്ന സ്ഥാനത്താണ് 16 രൂപയില്‍ എത്തിനില്‍ക്കുന്നത്. 25 രൂപയ്ക്കു മുകളില്‍ വില ലഭിച്ചാല്‍ മാത്രമേ ഗുണമുണ്ടാവുകയുള്ള എന്നു കര്‍ഷകര്‍ പറയുന്നു. കോവിഡ്‌വ്യാപനഘട്ടത്തില്‍പ്പോലും കിലോയ്ക്ക് 22 രൂപ ലഭിച്ചിരുന്നു.
പരമ്പരാഗതരീതി
മാറുന്നു
പരമ്പരാഗത കാര്‍ഷികരീതിയിലൂന്നിയുള്ള ജീവിതക്രമം കേരളത്തിന്റ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയായിരുന്നു. പശു, ആട്, കോഴി, മുയല്‍ എന്നിവയെ വളര്‍ത്തുന്ന രീതി കാര്‍ഷികകൂടുംബങ്ങളിലുണ്ടായിരുന്നു. ക്ഷീരമേഖലയില്‍ കേരളത്തിനു, പ്രത്യേകിച്ച് മലബാര്‍ മേഖലയ്ക്ക്, നേട്ടമുണ്ടാക്കാനായതു കര്‍ഷകവീടുകള്‍ കേന്ദ്രീകരിച്ചുള്ള പശുവളര്‍ത്തല്‍കൊണ്ടായിരുന്നു. എന്നാല്‍, ഉല്‍പ്പാദനച്ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്തതോടെ ഈ രംഗത്തുനിന്നു കര്‍ഷകര്‍ പിന്മാറിത്തുടങ്ങി. സംരംഭകരായി ഫാമിങ്‌മേഖലയില്‍ കുറച്ചുപേര്‍ വന്നതിനാലാണു പാലുല്‍പ്പാദത്തില്‍ വലിയ കുറവുണ്ടാകാതെ നിലനില്‍ക്കുന്നത്. എന്നാല്‍, ഇതു കര്‍ഷകരുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കോഴിവളര്‍ത്തലില്‍നിന്നു നല്ലൊരു ഭാഗം കര്‍ഷകരും പിന്മാറി. ഇതോടെ ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും കേരളത്തിലെ വിപണിയില്‍ നാടന്‍മുട്ട കിട്ടാനില്ലാത്ത സ്ഥിതിയാണ്.
ഈ വിപണിയും മറുനാട്ടിലെ ഏജന്‍സികള്‍ സ്വന്തമാക്കുന്ന സ്ഥിതിയാണ്. നാടന്‍മുട്ടയെന്ന രീതിയില്‍ തമിഴ്നാട്ടില്‍നിന്നു കേരളത്തിലേക്കു മുട്ട എത്തുന്നുണ്ട്. ഒരു ദിവസം ഏകദേശം 60 ലക്ഷം കോഴിമുട്ടകള്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതായാണു മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. എന്നാല്‍, തമിഴ്നാട്ടിലെ നാമക്കലില്‍നിന്ന് ഒരു ദിവസം ഒന്നരക്കോടി മുതല്‍ ഒന്നേ മുക്കാല്‍ക്കോടിവരെ മുട്ടയാണ് ഒരു ദിവസം കേരളത്തിലെത്തുന്നത്. സംഘടിതമായ സംഭരണരീതിയോ വിപണിയോ ഇല്ലാത്തതിനാല്‍ കേരളത്തില്‍ മുട്ട ഉല്‍പ്പാദന രംഗത്തേക്കു വരാന്‍ കര്‍ഷകര്‍ മടിക്കുകയുയാണ്. ലാഭവും കുറവാണ്. ഒരു ദിവസം 120 ഗ്രാം തീറ്റ വേണം. ക്ഷീരമേഖലയിലുള്ളതുപോലെ സബ്സിഡികളോ സഹായങ്ങളോ ഇല്ല. പൊതുവിപണിയില്‍ സാധരണ മുട്ടയുടെ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. നേരത്തെ 5.50 രൂപയുണ്ടായിരുന്നതു ജനുവരി ആദ്യം ഏഴു രൂപയാണ്. മാന്ദ്യം കേരളത്തിലെ കാര്‍ഷിക-ഗ്രാമീണജീവിതത്തെ ബാധിക്കുമ്പോള്‍ സംഭവിക്കുന്ന അനന്തരഫലത്തില്‍ ഒന്നുമാത്രമാണിത്.
(മൂന്നാംവഴി സഹകരണമാസിക 2024 ഫെബ്രുവരി ലക്കം)
[mbzshare]