മഹാരാഷ്ട്രയില്‍ സഹകരണസംഘങ്ങളിലെ നിഷ്‌ക്രിയ അംഗങ്ങളെ ഒഴിവാക്കുന്നു
ഒരു പ്രവര്‍ത്തനത്തിലും പങ്കുകൊള്ളാതെ നിഷ്‌ക്രിയരായിക്കഴിയുന്ന അംഗങ്ങളെ സഹകരണസംഘങ്ങളിലെ അംഗത്വത്തില്‍നിന്ന് ഒഴിവാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനനുസരിച്ചു 1960 ലെ മഹാരാഷ്ട്ര സഹകരണസംഘംനിയമം ഭേദഗതി ചെയ്യാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. നിഷ്‌ക്രിയ അംഗങ്ങള്‍ക്ക് ഇനി മുതല്‍ സംഘത്തില്‍ വോട്ടവകാശമുണ്ടാവില്ല.
അഞ്ചു കൊല്ലത്തില്‍ ഒരിക്കലെങ്കിലും വാര്‍ഷിക പൊതുയോഗത്തില്‍ ഹാജരാകാത്തവരോ സംഘത്തിന്റെ സേവനം പ്രയോജനപ്പെടുത്താത്തവരോ ആയ അംഗങ്ങളെയാണു നിഷ്‌ക്രിയ അംഗങ്ങളായി പരിഗണിക്കുക. സക്രിയം ( ആക്ടീവ് ), നിഷ്‌ക്രിയം ( നോണ്‍ ആക്ടീവ് ) എന്നിങ്ങനെ ഭേദഗതിയില്‍ അംഗങ്ങളെ വേര്‍തിരിച്ചിട്ടുണ്ട്. സംഘംനിയമാവലിയില്‍ പറയുന്നതുപോലെ സംഘപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും കുറഞ്ഞ രീതിയിലെങ്കിലും സംഘത്തിന്റെ സേവനമോ ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കുകയും ചെയ്യുന്നവരെയാണു സക്രിയ അംഗമായി ഭേദഗതിയില്‍ നിര്‍വചിക്കുന്നത്.
അഞ്ചു കൊല്ലത്തിനിടയില്‍ ഒരിക്കലെങ്കിലും വാര്‍ഷിക പൊതുയോഗത്തില്‍ (AGM ) വരാതിരിക്കുകയോ ഒരിക്കലെങ്കിലും സംഘത്തിന്റെ സേവനം പ്രയോജനപ്പെടുത്താതിരിക്കുകയോ ചെയ്യുന്നവരെയാണു നിഷ്‌ക്രിയഅംഗങ്ങളായി നിര്‍വചിക്കുന്നത്. ഇവരെ അടിസ്ഥാന അംഗത്വത്തില്‍നിന്നു പുറത്താക്കും. സംഘത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതില്‍ ഇവര്‍ക്കു വോട്ട് ചെയ്യാനാവില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശമുണ്ടാവില്ല.
ഈ ഭേദഗതിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു നീക്കം ജനാധിപത്യവിരുദ്ധമാണെന്നു മഹാരാഷ്ട്രയിലെ സഹകരണ പഞ്ചസാരമില്ലുകളുടെ ഫെഡറേഷന്റെ ഡയറക്ടറും മുന്‍ പ്രസിഡന്റുമായ ജയ്പ്രകാശ് ദണ്ഡേഗാവ്ങ്കര്‍ അഭിപ്രായപ്പെട്ടു. സഹകരണസംഘങ്ങള്‍ താഴെത്തട്ടിലുള്ള ജനാധിപത്യസ്ഥാപനങ്ങളാണ്. ഇവയിലെ അംഗത്വം എടുത്തുകളയുന്നതും അംഗങ്ങള്‍ക്കു വോട്ടവകാശം നിഷേധിക്കുന്നതും അതിക്രമമാണ്. ഗ്രാമീണമേഖലയിലെ വനിതാംഗങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പലപ്പോഴും വാര്‍ഷിക ജനറല്‍ ബോഡിയില്‍ എത്താന്‍ കഴിയാറില്ല. പിന്നാക്ക സമുദായങ്ങളിലും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലുംപെട്ട സംഘാംഗങ്ങള്‍ക്കും പണച്ചെലവു കാരണം പൊതുയോഗത്തില്‍ എത്തിപ്പെടാന്‍ കഴിയാറില്ല- അദ്ദേഹം പറഞ്ഞു.