മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങുന്നതിന് സംസ്ഥാനത്തിന്റെ നിരാക്ഷേപ പത്രം വേണ്ട
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അതത് സംസ്ഥാനങ്ങളുടെ നിരാക്ഷേപ പത്രം വേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചില സംസ്ഥാനങ്ങള്‍ നിരാക്ഷേപ പത്രം നല്‍കുന്നില്ലെന്ന് രാജ്യസഭയില്‍ ഡോ.രാധാ മോഹന്‍ദാസ് അഗര്‍വാള്‍ ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്ര സഹകരണ മന്ത്രി ഈ മറുപടി നല്‍കിയത്. നിരാക്ഷേപത്രം നിഷേധിക്കുന്നത് സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വായ്പ സംഘങ്ങളും വിവധോദ്ദേശ്യ സംഘങ്ങളും ഒന്നിലേറെ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തന പരിധിയായി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അതത് സംസ്ഥാനങ്ങളുടെ നിരാക്ഷേപ പത്രം വേണമെന്ന നിര്‍കര്‍ഷിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 2002-ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തിന്റെ ചട്ടം 3(ജി)യില്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍, നബാര്‍ഡ്, നാഷണല്‍ കോഓപ്പറേറ്റീവ് വികസന കോര്‍പ്പറേഷന്‍(എന്‍.സി.ഡി.സി.) എന്നിവയുടെ സമ്മതപത്രം ഇക്കാര്യത്തില്‍ വേണ്ടതില്ല.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് അതത് സംസ്ഥാനങ്ങളിലെ സഹകരണ സംഘം രജിസ്ട്രാറുടെ നിരാക്ഷേപ പത്രം വാങ്ങണമെന്ന നിര്‍ദ്ദേശം നേരത്തെ കേന്ദ്രത്തിന് മുമ്പില്‍വെച്ചത് കേരളമാണ്. കേരളം പ്രവര്‍ത്തന പരിധിയാക്കി വ്യാപകമായി മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോഴായിരുന്നു ഇത്. ഇത് കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ അംഗീകരിച്ച് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു. ഇതിന് ശേഷം എന്‍.ഒ.സി. നല്‍കാന്‍ കേരളം തയ്യാറായിട്ടില്ല. കേരള സഹകരണ സംഘം രജിസ്ട്രാറുടെ പേരില്‍ വ്യാജ എന്‍.ഒ.സി. തയ്യാറാക്കി മള്‍ട്ടി സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമം നടന്നതും പിടിക്കപ്പെട്ടിരുന്നു.
സഹകരണ സംഘങ്ങള്‍ക്ക് ഏറെ വിശ്വാസ്യതയുള്ള സംസ്ഥാനമായതിനാല്‍ ഇവിടെനിന്ന് നിക്ഷേപം ലഭ്യമാകാന്‍ എളുപ്പമാണെന്ന തോന്നലാണ് കേരളം പ്രവര്‍ത്തന കേന്ദ്രമാക്കി മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. വായ്പ സംഘങ്ങള്‍ക്കും വിവിധോദ്ദേശ സംഘങ്ങള്‍ക്കും ഇപ്പോഴും സംസ്ഥാനങ്ങളുടെ നിരാക്ഷേപ പത്രം വേണമെന്ന വ്യവസ്ഥ തുടരുന്നതിനാല്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടാകേണ്ടതില്ല. നിലവില്‍ 20 മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.