മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദതിബില്‍: ജെ.പി.സി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

moonamvazhi
ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിബില്‍ -2022 പരിശോധിക്കാന്‍ നിയുക്തമായ സംയുക്ത പാര്‍ലമെന്ററി സമിതി ( ജെ.പി.സി. ) ബുധനാഴ്ച ലോക്‌സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇരുസഭകളില്‍നിന്നുമുള്ള 31 എം.പി.മാരാണു സി.പി. ജോഷി അധ്യക്ഷനായ ജെ.പി.സി.യിലുള്ളത്. രാജ്യസഭയിലെ ഡി.എം.കെ. അംഗമായ എന്‍.ആര്‍. ഇളങ്കോ മാത്രം ബില്ലില്‍ വിയോജനക്കുറിപ്പ് എഴുതി.

2022 ഡിസംബര്‍ ഏഴിനു കേന്ദ്ര സഹകരണമന്ത്രി അമിത് ഷായാണു ഭേദഗതിബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. സഹകരണ താല്‍പ്പര്യങ്ങള്‍ക്കെതിരാണു ബില്‍ എന്നു പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ വിശദമായ പരിശോധനയ്ക്കായി സംയുക്ത പാര്‍ലമെന്ററിസമിതിയെ നിയോഗിച്ചത്. ലോക്‌സഭയില്‍നിന്നു 21 അംഗങ്ങളാണു സമിതിയിലുള്ളത്. രാജ്യസഭയില്‍ നിന്നു പത്തും. ലോക്‌സഭാംഗമായ കൊടിക്കുന്നില്‍ സുരേഷാണു സമിതിയിലുള്ള ഏക മലയാളി.

ബില്ലിലെ ചില വ്യവസ്ഥകള്‍ ബാങ്കിങ് നിയന്ത്രണനിയമത്തിന് എതിരാകുമെന്ന റിസര്‍വ് ബാങ്കിന്റെ ആശങ്കയ്ക്കു അടിസ്ഥാനമില്ലെന്നു ബില്ലിലെ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കിയ ജെ.പി.സി. വ്യക്തമാക്കി. വിദ്യാഭ്യാസനിധിയുടെ സൂക്ഷിപ്പ് തങ്ങള്‍ക്കു മാത്രമായിരിക്കണമെന്ന ദേശീയ സഹകരണ യൂണിയന്റെ ( എന്‍.സി.യു.ഐ. ) വാദം ജെ.പി.സി. അംഗീകരിച്ചില്ല. വിദ്യാഭ്യാസനിധിയിലെ പണം ചെലവഴിക്കുന്ന കാര്യത്തില്‍ നിര്‍ണായകതീരുമാനം കൈക്കൊള്ളുന്നതു എന്‍.സി.യു.ഐ. ആയിരിക്കുമെങ്കിലും നിധിയുടെ കസ്റ്റോഡിയന്‍ കേന്ദ്രസര്‍ക്കാരായിരിക്കുമെന്ന വ്യവസ്ഥയാണു ജെ.പി.സി. അംഗീകരിച്ചത്. സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി, സഹകരണ ഓംബുഡ്‌സ്മാന്‍, സഹകരണ പുനരധിവാസനിധി തുടങ്ങിയ കാര്യങ്ങളിലെല്ലാം ഭേദഗതിനിര്‍ദേശങ്ങളോട് സമിതി യോജിപ്പു പ്രകടിപ്പിച്ചു. നടപ്പു ബജറ്റുസമ്മേളനത്തില്‍ത്തന്നെ ഈ ജെ.പി.സി. റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുക്കാന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News