ബ്രാന്‍ഡ് ഇമേജുമായി ‘കഫേ കുടുംബശ്രീ’
2020 ഫെബ്രുവരി ലക്കം
കേരളത്തിന്റെ തനത് ഭക്ഷണ സംസ്‌കാരം വീണ്ടെടുത്ത് കുടുംബശ്രീ ഹോട്ടലുകളെ ഏകീകരിക്കുന്ന പദ്ധതിയാണ് ‘ കഫേ കുടുംബശ്രീ ‘. വൃത്തിയും സ്വാദുമുള്ള ഭക്ഷണം കേരളീയര്‍ക്ക് നല്‍കുക വഴി സ്ത്രീസംരംഭങ്ങളിലെ വലിയൊരു കുതിച്ചുചാട്ടമാണ് കഫേ ശ്രീ ലക്ഷ്യമിടുന്നത്. പ്രാദേശികമായ രുചിവൈവിധ്യങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിലൂടെ പുതിയൊരു ഭക്ഷണ സംസ്‌കാരം ഉണ്ടാക്കാനും അതോടൊപ്പം കുടുംബശ്രീ പ്രവര്‍ത്തകരുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റം ഉറപ്പു വരുത്താനും ‘കഫേ കുടുംബശ്രീ’ വഴിയൊരുക്കും.
കുടുംബശ്രീ വനിതാ സംരംഭകര്‍ നടത്തുന്ന റെസ്റ്റോറന്റുകള്‍ക്കും കാന്റീനുകള്‍ക്കുമായി ഒരു ബ്രാന്‍ഡ് ഇമേജ് സൃഷ്ടിക്കുകയാണ് ‘ കഫേ കുടുംബശ്രീ ‘. ഗുണനിലവാരമുള്ള ഭക്ഷണശാലകളുടെ ഒരു ശൃംഖല സാധ്യമാക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീയെ പുതിയ തലത്തില്‍ എത്തിക്കാനുള്ള ശ്രമമാണ് കഫേ ശ്രീയിലൂടെ നടപ്പാക്കാന്‍ പോകുന്നത്. കടുംബശ്രീയുടെ ഒരു ഉപ ബ്രാന്‍ഡാണ് കഫേ കുടുംബശ്രീ. ആതിഥേയ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുക മാത്രമല്ല പ്രാദേശിക സാമ്പത്തിക വികസനവും പാവപ്പെട്ട സ്ത്രീകള്‍ക്ക് തൊഴിലുറപ്പാക്കലും ഇതിലൂടെ ലക്ഷ്യമിടുന്നു.
കുടുംബശ്രീയുടെ ആയിരത്തിലധികം കഫേ യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീ മിഷന്‍ പിന്തുണ നല്‍കുന്ന കഫേ കുടുംബശ്രീയ്ക്ക് പ്രൊഫഷണല്‍ പരിശീലനം, സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള സഹായം തുടങ്ങിയവ കഫേ മാനേജ്‌മെന്റ് ടീം നല്‍കുന്നു.
കുടൂംബശ്രീ ഭക്ഷണശാലകള്‍ക്ക് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുണ്ട്. എല്ലാവര്‍ക്കും പരിചിതമായ പേരാണിത്. അതുകൊണ്ടാണ് ഇത് ട്രേഡ് മാര്‍ക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കുടുബശ്രീയുടെ കഫേ എന്നു പറയുമ്പോഴുള്ള സ്വീകാര്യത മറ്റൊന്നിനും ലഭിക്കില്ല. വനിതകള്‍ തയാറാക്കുന്ന വീട്ടുഭക്ഷണം എന്ന രീതിയില്‍ത്തന്നെ തുടരാം എന്നു കരുതിയാണ് ‘ കഫേ കുടുംബശ്രീ ‘ എന്ന പേര് നിലനിര്‍ത്തുന്നതെന്ന് കുടുംബശ്രീ അസി. പ്രോഗ്രാം മാനേജര്‍ അഖില ദേവി അറിയിച്ചു.
ഉറച്ച പിന്തുണ
കഫേ കുടുംബശ്രീ സംരംഭങ്ങള്‍ തുടങ്ങാനുള്ള എല്ലാ പിന്തുണയും കുടുംബശ്രീയാണ് നല്‍കുക. ട്രെയിനിങ്, സാമ്പത്തിക സഹായം, സബ്‌സിഡി , കണക്ക് എഴുതാനുള്ള പരിശീലനം തുടങ്ങിയ എല്ലാ സഹായങ്ങളും കുടൂംബശ്രീ നല്‍കും. ‘കഫേ കുടുംബശ്രീ’ കോമണ്‍ ബ്രാന്‍ഡിംഗിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. കുടുംബശ്രീ ഹോട്ടലുകള്‍ക്ക് പുതിയ പേര് നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ കോഫി ഹൗസിന് സമാനമായി സവിശേഷമായ രീതിയില്‍ കഫേ കുടുംബശ്രീയെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ കുടുംബശ്രീക്ക് കീഴിലുള്ള ഹോട്ടലുകള്‍ പല പേരുകളിലാണ് അറിയപ്പെടുന്നത്. എന്നാല്‍, ഇനിമുതല്‍ ‘കഫേ കുടുംബശ്രീ’ എന്ന പേരില്‍ മാത്രമായിരിക്കും ഇവ പ്രവര്‍ത്തിക്കുക.
കുടുംബശ്രീ എക്സിക്യുട്ടീവ് ഡയരക്ടര്‍ എസ്. ഹരികിഷോറിന്റെ ആശയമാണ് ‘ കഫേ കുടുംബശ്രീ ‘ എന്ന ഏകീകൃത ബ്രാന്‍ഡ്. കേരളത്തിലെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ ഓരോ ബ്ലോക്കില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ട് യുണിറ്റുകളെയായിരിക്കും ആദ്യ ഘട്ടത്തില്‍ ഏകീകൃത ബ്രാന്‍ഡിംഗിലേക്ക് മാറ്റുന്നത്. അതായത് 152 ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും 304 ‘കഫേ കുടുംബശ്രീ’ ഹോട്ടലുകള്‍ക്കാണ് ഈ വര്‍ഷം ഏകീകൃത ബ്രാന്‍ഡിംഗ് ലഭിക്കുക. അടുത്ത വര്‍ഷം മുതല്‍ എല്ലാ യൂണിറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി സഹകരിച്ചാണ് കഫേ ശ്രീ യ്ക്ക് പുതിയ ഡിസൈനും ലോഗോയും വികസിപ്പിച്ചെടുക്കുന്നത്. കുടൂംബശ്രീയ്ക്ക് മൊബൈല്‍ ആപ്പ് സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നുണ്ട്. അതില്‍ കഫേ കുടുംബശ്രീയുടെ വിവരങ്ങളും രേഖപ്പെടുത്തുന്നുണ്ട്. എത്ര യൂണിറ്റുകളുണ്ട്, എവിടെയൊക്കെ പ്രവര്‍ത്തിക്കുന്നു, വിഭവങ്ങളുടെ മെനു, വിറ്റുവരവ് തുടങ്ങിയ കാര്യങ്ങള്‍ മൊബൈല്‍ ആപ്പില്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റും പ്രത്യേക തിരിച്ചറിയല്‍ നമ്പറും ഓരോ കഫേയ്ക്കും ഉണ്ടായിരിക്കും. പൊതു നിയമാവലി അനുസരിച്ചായിരിക്കും കഫേ കുടുംബശ്രീ പ്രവര്‍ത്തിക്കുക. അതിനുള്ള നടപടി ക്രമങ്ങള്‍ കുടുംബശ്രീ തയാറാക്കി വരുന്നുണ്ട്.
കാറ്ററിങ് യൂണിറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കാന്റീന്‍, ആവശ്യക്കാര്‍ക്ക് പൊതിച്ചോറ് തയാറാക്കി എത്തിച്ച് കൊടുക്കുന്ന യൂണിറ്റ്, മലപ്പുറത്തെ മൊബൈല്‍ യൂണിറ്റ് ( ഭക്ഷണം പാചകം ചെയ്ത് വണ്ടിയില്‍ കയറ്റി കൊണ്ടുപോയി വില്‍ക്കുന്ന സ്ഥാപനം ) , എ.സി. കഫേ, ചെറിയ ഔട്ട്‌ലറ്റുകള്‍ തുടങ്ങിയ എല്ലാ കുടുംബശ്രീ സംരംഭങ്ങളും ഏകീകൃത ബ്രാന്‍ഡിംഗിലേക്ക് കൊണ്ടുവരുന്ന പദ്ധതിയാണ് നടപ്പാകാന്‍ പോകുന്നത്. കേരളത്തില്‍ എവിടെയും കുടുംബശ്രീ ഭക്ഷണം കിട്ടുന്ന തലത്തിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
വടക്കന്‍ മേഖലയിലെ വിഭവങ്ങള്‍ തെക്കും തെക്കന്‍ മേഖലയിലെ വിഭവങ്ങള്‍ വടക്കും കിട്ടുന്ന രീതിയിലാണ് ഫുഡ്‌ഫെസ്റ്റ് മെനു ക്രമീകരിക്കുന്നത്. തിരുവനന്തപുരത്ത് ഫുഡ്‌ഫെസ്റ്റ് നടത്തിയാല്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നത് മലബാര്‍ വിഭവങ്ങളായിരിക്കും. തിരുവനന്തപുരത്തുകാര്‍ക്ക് മലബാര്‍ വിഭവങ്ങള്‍ കഴിക്കാനുള്ള അവസരമായിട്ടായിരിക്കും ഫുഡ്‌ഫെസ്റ്റ് ഒരുക്കുന്നത്.
തുറന്ന പാചകപ്പുര
ഫുഡ് ഫെസ്റ്റിവലില്‍ തുറന്ന പാചകപ്പുരയിലായിരിക്കും ഭക്ഷണം പാകം ചെയ്യുന്നത്. പാചകം ലൈവായി ഉപഭോക്താവിന് കാണാന്‍ കഴിയും. ഭക്ഷണം നേരത്തേ തയാറാക്കി ഫ്രീസറില്‍ സൂക്ഷിച്ചു വെയ്ക്കുന്നതും തലേ ദിവസങ്ങളിലെ ഭക്ഷണം വില്‍ക്കുന്നതും കഫേ കുടുംബശ്രീ പൂര്‍ണ്ണമായും ഒഴിവാക്കും. എപ്പോള്‍ വേണമെങ്കിലും കഫേ പരിശോധനയ്ക്ക് വിധേയമാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരവും കഫേ മാനേജ്‌മെന്റ് ടീം ഉറപ്പു വരുത്തും. എല്ലാ ജില്ലയിലും ജില്ലാ കോര്‍ഡിനേഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ ടീം നേരിട്ട് കഫേകളുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്തും.
കേരളത്തിന്റെ തനതായ ഭക്ഷണം വളരെ രുചിയോടെ, ശുചിയോടെ ജനങ്ങള്‍ക്ക് നല്‍കുന്നു. പൊതുവായ മെനു, പൊതുവായ രുചി എന്നതല്ല കഫേ ശ്രീയുടെ രീതി. പ്രാദേശിക വിഭവങ്ങള്‍ക്കാണ് ഊന്നല്‍. ഉദാഹരണത്തിന,് കുമരകത്തെ ഹോട്ടലില്‍ പോയാല്‍ അവിടത്തെ തനതായ ഭക്ഷണമായിരിക്കും ലഭിക്കുക. മലബാറില്‍ പോയാല്‍ അവിടത്തെയും തനത് ഭക്ഷണം ഉറപ്പ്. ഓരോ കാലാവസ്ഥയിലും കിട്ടുന്ന സാധനങ്ങള്‍ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കാനും പ്രത്യേകം ശ്രദ്ധിക്കും. ചക്കയും മാങ്ങയും കിട്ടുന്ന സമയത്ത് ഇവ ഉപയോഗിച്ചായിരിക്കും പ്രത്യേക വിഭവങ്ങള്‍ തയാറാക്കുക. ഇന്ത്യ ഫുഡ് കോര്‍ട്ട് എന്ന പേരില്‍ മറ്റു സംസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ചു പുതിയ സംരംഭം തുടങ്ങാനും പരിപാടിയുണ്ട്.
കുടുംബശ്രീയുടെ പരിശീലന സ്ഥാപനമാണ് ‘ഐ ഫ്രം’. ഇവര്‍ തന്നെയാണ് കഫേ കുടുംബശ്രീയ്ക്ക് വേണ്ട സാങ്കേതിക സഹായം നല്‍കുന്നത്. ഐ ഫ്രമിന്റെ നേതൃത്വത്തിലാണ് കഫേ കുടുംബശ്രീയെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നത്.
സ്ത്രീകളുടെ പാചക വൈദഗ്ധ്യം ഫലപ്രദമായി ഉപയോഗിക്കാന്‍ കഫേ കുടുംബശ്രീ അവസരമൊരുക്കും. കേരളത്തിലെ വലിയ ഹോട്ടല്‍ ശൃംഖലയായി ഇതിനെ മാറ്റും. ഏകീകൃത ബ്രാന്‍ഡിംഗ്് നിലവില്‍ വരുന്നതോടെ ഗുണനിലവാരം, ശുചിത്വം, വില എന്നിവ കൊണ്ട് എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന ഒരിടമായി കഫേ കുടുംബശ്രീ മാറുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.