ബിരുദപ്രവേശനം: വിദ്യാര്‍ഥികള്‍ എന്തുകൊണ്ട് മാറിച്ചിന്തിക്കുന്നു ?

- ഡോ.ടി.പി. സേതുമാധവന്‍ (പ്രൊഫസര്‍, ട്രാന്‍സ്ഡിസിപ്ലിനറി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് ആന്റ് ടെക്‌നോളജി, ബംഗളൂരു )

ബിരുദകോഴ്‌സുകള്‍ക്കു ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണം
കുറഞ്ഞുവരികയാണ്. ഇവിടെയില്ലാത്ത പുത്തന്‍ കോഴ്‌സുകള്‍ തേടി
നമ്മുടെ കുട്ടികള്‍ വിദേശരാജ്യങ്ങളിലേക്കു പോകുന്നു.
എന്താണ് ഇതിനൊരു പ്രതിവിധി ?

 

രാജ്യത്തു ബിരുദകോഴ്സുകള്‍ക്കു, പ്രത്യേകിച്ച് ബി.എസ്‌സി, ബി.എ. കോഴ്‌സുകള്‍ക്കു, പുതുതായി പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലും ഈ പ്രവണത കൂടുതലാണ്. സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ യഥാക്രമം 30, 60 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു ഫിസിക്‌സ്, കെമിസ്ട്രി, ജീവശാസ്ത്രം, ഹ്യൂമാനിറ്റീസ്, ഭാഷ, മീഡിയ സ്റ്റഡീസ് തുടങ്ങിയ കോഴ്‌സുകള്‍ക്കാണ് ആവശ്യക്കാര്‍ കുറയുന്നത്. എന്നാല്‍, ബി.കോം, ബി.ബി. എ. കോഴ്‌സിനു ചേരാന്‍ വിദ്യാര്‍ഥികള്‍ താല്‍പ്പര്യം കാട്ടുന്നുണ്ട്.

പുതിയ കോഴ്‌സുകള്‍
തേടി വിദേശത്തേക്ക്

എന്തുകൊണ്ടാണു വിദ്യാര്‍ഥികള്‍ പ്ലസ് ടുവിനുശേഷം ബിരുദകോഴ്‌സുകള്‍ക്കു ചേരാന്‍ താല്‍പ്പര്യപ്പെടാത്തത്? വിദ്യാര്‍ഥികള്‍ വിദേശപഠനം ആഗ്രഹിക്കുന്നതിനു നിരവധി കാരണങ്ങളുണ്ട്. സ്വന്തം രാജ്യത്തു നിലവിലില്ലാത്ത പുത്തന്‍കോഴ്‌സുകള്‍ തേടിയാണ് അവര്‍ വിദേശ കാമ്പസുകളിലെത്തുന്നത്. വിദേശീയരുമായി സുഹൃത്ബന്ധം സ്ഥാപിക്കാനും അവരുടെ രാജ്യത്തിന്റെ സംസ്‌കാരം തിരിച്ചറിയാനും വിദേശ രാജ്യങ്ങളിലെത്തുന്നവരുണ്ട്. വിദേശപഠനം വ്യക്തിത്വ വികസനത്തിനും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും ലൈഫ് സ്‌കില്ലുകള്‍ കൈവരിക്കാനും സഹായിക്കും. വൈവിധ്യങ്ങളായ മേജര്‍, മൈനര്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നതിനാല്‍ അടിസ്ഥാന വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. പാരിസ്ഥിതികപഠനം, യാത്ര എന്നിവ വിദ്യാര്‍ഥികള്‍ക്കു വ്യത്യസ്ത അനുഭവങ്ങള്‍ പ്രദാനം ചെയ്യും. സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസം വിദേശപഠനം ഉറപ്പുവരുത്തും. മികച്ച അധ്യാപകരെയും ഗവേഷകരെയും പരിചയപ്പെടാനും നൂതന ഗവേഷണമേഖല കണ്ടെത്താനും വിദേശപഠനം ഏറെ സഹായിക്കും.

വിദേശപഠനത്തില്‍ വിദ്യാര്‍ഥികള്‍ കാണിക്കുന്ന അമിതമായ താല്‍പ്പര്യം കേരളത്തിലും ആന്ധ്രയിലും പ്രത്യേകം പ്രകടമാണ്. അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകള്‍ക്കു ചേരുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു 200 ശതമാനത്തിലധികമാണ്. ഒന്നേ കാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് 2022-23 ല്‍ കേരളത്തില്‍ നിന്നു ഇംഗ്ലീഷ് പ്രാവീണ്യപരീക്ഷയായ ഐ.ഇ.എല്‍.ടി.എസ്. എഴുതിയത്. ഇതു കൂടാതെ ടോഫെല്‍, ബി.ഇ.സി. മുതലായ ഇംഗ്ലീഷ് പ്രാവീണ്യപരീക്ഷയെഴുതിയവരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, യു.കെ, ന്യൂസിലാന്‍ഡ് തുടങ്ങിയ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലാണു വിദ്യാര്‍ഥികള്‍ കൂടുതലായി ഉപരിപഠനത്തിനു താല്‍പ്പര്യപ്പെട്ടിരുന്നത്. എന്നാല്‍, ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ് തുടങ്ങി എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കും യൂറോപ്യന്‍ കൗണ്‍സില്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനു പോകുന്നുണ്ട്. സിങ്കപ്പൂര്‍, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്ലന്‍ഡ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും വിദ്യാര്‍ഥികള്‍ ഉപരിപഠനം തേടിയെത്തുന്നു. കേരളത്തില്‍നിന്നുമാത്രം ആയിരത്തിലധികം വിദ്യാര്‍ഥികളാണു പ്ലസ് ടുവിനു ശേഷം നഴ്സിംഗ് പഠനത്തിനു യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയത്. ജര്‍മനിയിലേക്കാണു കൂടുതല്‍ പേരും നഴ്‌സിംഗ് പഠനത്തിനെത്തിയത്. പ്രതിവര്‍ഷം ഏതാണ്ട് അര ലക്ഷം വിദ്യാര്‍ഥികളാണു കേരളത്തില്‍ നിന്നുമാത്രം വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്നു യുക്രൈന്‍ ഒഴികെയുള്ള യൂറോപ്യന്‍ കൗണ്‍സില്‍ രാജ്യങ്ങളില്‍ പഠനത്തിനു തിരക്കേറുന്നുണ്ട്. നെക്സ്റ്റ് പരീക്ഷ നടപ്പാക്കാനുള്ള നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ തീരുമാനം ഇതിനു കരുത്തേകുന്നു.

അയല്‍സംസ്ഥാനങ്ങളിലെ സ്വകാര്യ, കല്‍പ്പിത സര്‍വകലാശാലകളില്‍ ബിരുദത്തിനു പഠിക്കുന്നവരുടെ എണ്ണം പ്രതിവര്‍ഷം മുപ്പതിനായിരത്തി ലധികമാണ്. വി.ഐ.ടി, ക്രൈസ്റ്റ്, അമൃത, ശിവ നാടാര്‍, അസീം പ്രേംജി, മണിപ്പാല്‍, അശോക, എം.ഐ.ടി. മുതലായ സര്‍വകലാശാലകള്‍ ഇവയില്‍പ്പെടുന്നു. കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി, തെലങ്കാന, ആന്ധ്ര, ഡല്‍ഹി സംസ്ഥാനങ്ങളിലെത്തുന്ന മലയാളിവിദ്യാര്‍ഥികളുടെ എണ്ണം കൂടുതലാണ്. കാര്‍ഷിക, വെറ്ററിനറി സയന്‍സ് കോഴ്‌സ് പഠിക്കാന്‍ അയല്‍സംസ്ഥാനങ്ങളിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു.

പ്രവേശന
പരീക്ഷകള്‍

ദേശീയ പ്രവേശനപ്പരീക്ഷകളായ ജെ.ഇ.ഇ, മെയിന്‍, അഡ്വാന്‍സ്ഡ്, കോമണ്‍ യൂണിവേഴ്‌സിറ്റി പ്രവേശനപ്പരീക്ഷ, നീറ്റ്, ക്ലാറ്റ്, നിഫ്റ്റ്, എന്‍.ഐ. ഡി, ഡഇഋഋഉ എന്നിവയിലൂടെ അയല്‍സംസ്ഥാനങ്ങളിലും കേരളത്തിലെ ദേശീയസ്ഥാപനങ്ങളിലും ഉപരിപഠനത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഇതോടൊപ്പം, കേരളത്തില്‍ നിന്നു 60,000 വിദ്യാര്‍ഥികള്‍ പ്രതിവര്‍ഷം രാജ്യത്ത് എഞ്ചിനീയറിംഗ് പ്രോഗ്രാമിനു ചേരുന്നു. പ്രവേശനപ്പരീക്ഷയെഴുതാത്തവര്‍ക്കും എന്‍ജിനീയറിങ്ങിനു അഡ്മിഷന്‍ നല്‍കാനുള്ള തീരുമാനം ചെറിയൊരു ശതമാനം വിദ്യാര്‍ഥികളെ പരമ്പരാഗത ബിരുദ പ്രോഗ്രാമുകളില്‍ നിന്നു പിന്തിരിപ്പിക്കുന്നു.

ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവടു പിടിച്ചു രാജ്യത്തെ സര്‍വകലാശാലകള്‍ നാലുവര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലേക്കു കടക്കുമ്പോള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ തീരുമാനമെടുക്കാന്‍ വൈകുന്നതു വിദ്യാര്‍ഥികളെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ആകര്‍ഷിക്കുന്നു. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, തൊഴില്‍നൈപുണ്യത്തിന്റെ കുറവ്, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണമില്ലായ്മ, കുറഞ്ഞ പ്ലേസ്‌മെന്റ്, അശാസ്ത്രീയ നയങ്ങള്‍, തീരുമാനങ്ങള്‍, വിവാദങ്ങള്‍ എന്നിവ വിദ്യാര്‍ഥികളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. സര്‍ക്കാര്‍കോളേജുകളില്‍ വര്‍ഷങ്ങളോളം ഇന്‍ ചാര്‍ജ് പ്രിന്‍സിപ്പല്‍മാരാണു ഭരിക്കുന്നത്. സ്ഥിരം പ്രിന്‍സിപ്പല്‍മാരില്ലാത്ത കോളേജുകളില്‍ അക്കാഡമിക് കാര്യങ്ങള്‍ക്കപ്പുറം സ്‌കില്‍ വികസനത്തിനോ തൊഴില്‍ ലഭ്യതാമികവ് ഉറപ്പുവരുത്താനോ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കു പ്രാമുഖ്യം ലഭിക്കുന്നില്ല. ലോകത്തെങ്ങും പുത്തന്‍ കോഴ്‌സുകളും ഇന്നൊവേറ്റീവ് പ്രോഗ്രാമുകളും സ്‌കില്‍ വികസനവും തൊഴിലും ലക്ഷ്യമിട്ട പദ്ധതികളും നടപ്പാക്കുമ്പോള്‍ ആര്‍ട്‌സ് ആന്റ്് സയന്‍സ് കോളേജുകള്‍ പരമ്പരാഗത കോഴ്‌സുകള്‍ ഒഴിവാക്കാന്‍ തയാറാകുന്നില്ല.

തൊഴില്‍ ലഭ്യത
ഉറപ്പാക്കണം

കേരളത്തില്‍ ബിരുദകോഴ്‌സുകളോടുള്ള താല്‍പ്പര്യം വര്‍ധിപ്പിക്കാന്‍ സമഗ്ര തൊഴില്‍ലഭ്യതക്കുള്ള മികവ് ഉറപ്പാക്കുന്ന പദ്ധതികള്‍ ബിരുദ പഠനത്തോടൊപ്പം നടപ്പാക്കണം. സ്‌കില്‍ വികസനം, ഇന്റേണ്‍ഷിപ്പുകള്‍, ഓണ്‍ലൈന്‍ ആഡ് ഓണ്‍ കോഴ്‌സുകള്‍, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്നുള്ള ട്വിന്നിംഗ്, ഡബിള്‍ ഡിഗ്രി, ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍, അസിസ്റ്റന്റ്ഷിപ്പ്, ഫെല്ലോഷിപ്പുകള്‍, പാര്‍ടൈം തൊഴിലുകള്‍ മുതലായവ കേരളത്തിലെ ആര്‍ട്‌സ് ആന്റ്് സയന്‍സ് കോളേജുകളിലും മറ്റു കാമ്പസുകളിലും നടപ്പാക്കണം. അധ്യാപരുടെ തുടര്‍പരിശീലനം, സ്‌കില്‍ വികസനം, പഠനത്തിലെയും അധ്യാപനത്തിലെയും ഗുണനിലവാരം ഉറപ്പുവരുത്തല്‍ എന്നിവയില്‍ വിട്ടുവീഴച പാടില്ല. വിദേശ, ഡീംഡ്, സ്വകാര്യ സര്‍വകലാശാലകളിലെ മികച്ച അക്കാഡമിക്, ഗവേഷണ, വിജ്ഞാന വ്യാപന മാതൃകകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം. മികവുറ്റ അധ്യാപനം, ഗവേഷണം, ടെക്‌നോളജി, സ്‌കില്‍ വികസനം എന്നിവ ലക്ഷ്യമിട്ട് മികച്ച ഭൗതികസൗകര്യം കാമ്പസുകളില്‍ നടപ്പാക്കണം. തൊഴിലവസരങ്ങള്‍, ഉപരിപഠന സാധ്യതകള്‍, ഗവേഷണമേഖലകള്‍ എന്നിവയെക്കുറിച്ചു വിദ്യാര്‍ഥികളില്‍ തുടര്‍ച്ചയായി അവബോധം വളര്‍ത്തണം. പൊതുവിജ്ഞാനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, സാങ്കേതികവിദ്യയിലൂന്നിയുള്ള ഓണ്‍ലൈന്‍ കോഴ്‌സുകള്‍ എന്നിവ കാമ്പസുകളില്‍ ബിരുദപഠനത്തോടൊപ്പം ഉറപ്പാക്കണം. കേരളത്തിലെ ബിരുദപഠനം മികച്ച ഉപരിപഠന, തൊഴില്‍ മേഖലകളിലേക്കു നയിക്കാന്‍ പ്രാപ്തരാക്കും എന്ന ആത്മവിശ്വാസം വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും വളര്‍ത്തിയെടുത്താല്‍ മാത്രമേ വിദ്യാര്‍ഥികളുടെ ബിരുദ കോഴ്‌സുകളോടുള്ള താല്‍പ്പര്യക്കുറവ് മാറ്റിയെടുക്കാന്‍ സാധിക്കൂ.

കാറ്റ് പരീക്ഷ നവംബറില്‍

അഹമ്മദാബാദ്, അമൃത്‌സര്‍, ബംഗളൂരു, ബോധ്ഗയ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജമ്മു, കാശിപ്പൂര്‍, കോഴിക്കോട്, ലഖ്‌നൗ, നാഗ്പ്പൂര്‍, റായ്പുര്‍, റാഞ്ചി, റോഹ്തക്, സമ്പല്‍പുര്‍, ഷില്ലോങ്, സിര്‍മൗര്‍, തിരുച്ചിറപ്പള്ളി, ഉദയ്പൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിലേക്കും 1200 ബിസിനസ് സ്‌കൂളുകളിലേക്കുമുള്ള ബിരുദാനന്തര മാനേജ്മന്റ് പ്രോഗ്രാം, എം.ബി.എ, ബിരുദാനന്തര ഡിപ്ലോമ, ഡോക്ടറല്‍ പ്രോഗ്രാമിലേക്കു പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ – ഇഅഠ (ഇീാാീി അറാശശൈീി ഠലേെ) ക്കു അപേക്ഷിക്കാം. 155 കേന്ദ്രങ്ങളില്‍ 2023 നവംബര്‍ 26 നു മൂന്നു സെഷനുകളിലായി കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ നടക്കും. അപേക്ഷ സെപ്റ്റംബര്‍ 13 വരെ സ്വീകരിക്കും. രണ്ടു മണിക്കൂറാണു പരീക്ഷാസമയം. നെഗറ്റീവ് മാര്‍ക്കിംഗ് രീതി നിലവിലുണ്ട്.

കാറ്റ് പരീക്ഷയില്‍ 66 ചോദ്യങ്ങള്‍ക്കു മൂന്നു മാര്‍ക്ക് വീതം മൊത്തം മാര്‍ക്ക് 198 ആണ്. ഇതില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും വെര്‍ബല്‍ എബിലിറ്റി റീഡിംഗ്, കോംപ്രിഹെന്‍ഷന്‍, ഡാറ്റ ഇന്റര്‍പ്രെട്ടേഷന്‍, ലോജിസ്റ്റിക്കല്‍ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളുമുണ്ടാകും. വര്‍ഷംതോറും ഏതാണ്ട് 2.3 ലക്ഷം വിദ്യാര്‍ഥികളാണു പരീക്ഷയെഴുതുന്നത്. പരീക്ഷാഫീസ് പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2400 രൂപയും മറ്റുള്ളവര്‍ക്കു 1200 രൂപയുമാണ്. അപേക്ഷ ഓണ്‍ലൈനായി ംംം.ശശാരമ.േമര.ശി ലൂടെ സമര്‍പ്പിക്കാം. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു 45 ശതമാനം മാര്‍ക്ക് മതിയാകും.

കാറ്റിനുള്ള തയാറെടുപ്പിനു നിരവധി ഓണ്‍ലൈന്‍ കോച്ചിംഗുകളും നിലവിലുണ്ട്. സിലബസനുസരിച്ച് പാഠപുസ്തകങ്ങള്‍ കണ്ടെത്തണം. എമരലയീീസ, എന്നിവയില്‍ ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമുകളുണ്ട്. പെര്‍സെന്റൈല്‍ അടിസ്ഥാനത്തിലാണു കാറ്റിന്റെ സ്‌കോര്‍ കണക്കാക്കുന്നത്. കോച്ചിംഗില്ലാതെയും കാറ്റിനു തയാറെടുക്കാം. സിലബസനുസരിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങണം. ഓണ്‍ലൈന്‍ വഴിയും ഇവ ലഭിയ്ക്കും. 9, 10 ക്ലാസുകളിലെ ചഇഋഞഠ കണക്ക് പുസ്തകങ്ങള്‍ പഠിയ്ക്കുന്നതു ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി പേപ്പറിനു നല്ലതാണ്. ഇവയില്‍ ജ്യോമെട്രി, ആള്‍ജിബ്ര, ട്രിഗ്നോമെട്രി, മെന്‍സുറേഷന്‍, മോഡേണ്‍ മാത്‌സ്, അരിതമെറ്റിക്‌സ് എന്നിവ ഉള്‍പ്പെട്ട വെര്‍ബല്‍ എബിലിറ്റി, റീസണിംഗ് എന്നിവയ്ക്ക് ഇംഗ്ലീഷ് ഗ്രാമര്‍ നന്നായി പഠിച്ചിരിക്കണം. പതിവായി പത്രങ്ങള്‍ വായിക്കുന്നവര്‍ക്കു റീഡിംഗ് കോംപ്രിഹെന്‍ഷന്‍ എളുപ്പമായിരിക്കും. കാറ്റ് പരീക്ഷയ്ക്കു ്താഴെ കൊടുത്തിരിക്കുന്ന പുസ്തകങ്ങള്‍ പ്രയോജനകരമായിരിക്കും.

1. Verbal ability – How to prepare for verbal ability and Reading comprehension for CAT – by Meenakshi Upadhyay and Arun Sharma 8 th Edn. 2. Data Interpretation and Logical Reasoning – Gautam Puri 3. Logical Reasoning and Data Interpretation for CAT – Nishit K Sinha 4. How to prepare for Data Interpretation for CAT – Arun Sharma 5. Quantum CAT – Arahant publicatiosn 6. High school English Grammar and Composition book – Wren and Martin 7.Word power made easy – Norman Lewsi 8. Past years CAT questions – GK publications 9. A brief history of Time – Stephen Hawking 10. Cosmos – Carl Sagan. 11. Seven habits of Highly effective people – Stephen Covey 12. Capitalization and Freedom – Milton Friedman 13. Long walk to freedom – Nelson Mandela 14. Wings of fire – A.P.J. Abdul Kalam 15. Shantaram – David Gregory Robter 16. The time Machine – H.G. Wells 17.Three men on a boat – Jerome K. Jerome 18. Around the world in Eighty days – Jules Verne

സ്‌കോളര്‍ഷിപ്പോടെ അമേരിക്കയില്‍ പഠിക്കാം

വിദ്യാഭ്യാസവായ്പക്കുടിശ്ശിക എഴുതിത്തള്ളാനുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ നീക്കത്തെ അടുത്തിടെയാണു സുപ്രീംകോടതി എതിര്‍ത്തത്. കുടിശ്ശികയായ 400 ബില്യണ്‍ ഡോളറാണു മാപ്പാക്കല്‍ പദ്ധതിയിലൂടെ തീര്‍പ്പാക്കാമെന്നു കോവിഡിന്റെ പ്രത്യാഘാതം വിലയിരുത്തി ജോ ബൈഡന്‍ 2022 ല്‍ ഇലക്ഷന്‍ പ്രചാരണകാലത്തു വാഗ്ദാനം നല്‍കിയിരുന്നത്. തുടര്‍ന്നു തിരിച്ചടവും മുടങ്ങിയിരുന്നു.

അമേരിക്കയില്‍ ഉന്നതവിദ്യാഭ്യാസത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ 77 ശതമാനവും പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുമ്പോള്‍ 23 ശതമാനം മാത്രമാണു സ്വകാര്യ സര്‍വകലാശാലകളിലെത്തുന്നത്. സ്വകാര്യ സര്‍വകലാശാലകളില്‍ ട്യൂഷന്‍ഫീസില്‍ ഭീമമായ വര്‍ധനവുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ ബിരുദം പൂര്‍ത്തിയാക്കി തൊഴില്‍ ചെയ്യുന്നവരുടെ വരുമാനത്തിന്റെ പകുതിയും വായ്പ തിരിച്ചടവിനാണു വിനിയോഗിക്കുന്നത്. അമേരിക്കയിലെ ഏഷ്യന്‍ വിദ്യാര്‍ഥികളിലെ കടബാധ്യത 2016 ലെ 47.8 ശതമാനത്തില്‍ നിന്നു 2021 ല്‍ 66.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ട്യൂഷന്‍ഫീസിലെ വര്‍ധനവും വിദ്യാര്‍ഥികള്‍ക്കു താങ്ങാവുന്നതിലധികമാണ്. നാലുവര്‍ഷ ബിരുദപ്രോഗ്രാമില്‍ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളിലെ ഫീസ് യഥാക്രമം 9349, 32,769 ഡോളറാണ്.

വിദ്യാര്‍ഥികളുടെ
കടബാധ്യത കൂടുന്നു

യൂ.എസ.് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍, യൂ.എസ.് ബ്യുറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ്, യൂ.എസ്. സെന്‍സസ്, നാഷണല്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് അമേരിക്കയില്‍ വിദ്യാര്‍ഥികളുടെ കടബാധ്യത വര്‍ധിക്കുന്നുവെന്നാണ്. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും ഫീസില്‍ കുത്തനെയുണ്ടാകുന്ന വര്‍ധനവും ഉന്നതപഠനത്തിനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നു. സ്‌കോളര്‍ഷിപ്പ് / ഫെല്ലോഷിപ്പ് / അസിസ്്റ്റന്റ്ഷിപ്പ് എന്നിവയില്ലാതെ വീട്ടില്‍നിന്നു പണം കണ്ടെത്തിയോ ബാങ്ക് വായ്പയെടുത്തോ പഠിക്കുക എന്നതു ശരാശരി വിദ്യാര്‍ഥികള്‍ക്കു തീര്‍ത്തും അപ്രാപ്യമാണ്. പാര്‍ട്ട് ടൈം തൊഴിലിനെ മാത്രം ആശ്രയിച്ചുള്ള ബജറ്റിംഗ് അപ്രായോഗികമാണ്. ഇന്ത്യയില്‍ നിന്നു ഉപരിപഠനത്തിനെത്തുന്നവരുടെ എണ്ണവും അനുദിനം വര്‍ധിച്ചുവരുന്നു. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് അടങ്ങുന്ന STEM കോഴ്‌സുകള്‍ പഠിക്കാനാണു വിദ്യാര്‍ഥികള്‍ അമേരിക്കയിലെത്തുന്നത്. ഈ മേഖലയില്‍ അഭ്യസ്തവിദ്യരുടെ ക്ഷാമം അമേരിക്കയില്‍ 50 ശതമാനത്തിലേറെയാണ്. അതിനാല്‍, ഉപരിപഠന, ഗവേഷണ മേഖലകളില്‍ STEM കോഴ്‌സുകള്‍ പഠിക്കാന്‍ അവസരങ്ങളേറെയാണ്. അക്കാഡെമിയ വ്യവസായസ്ഥാപനങ്ങളുമായുള്ള സഹകരണം, മികച്ച സാങ്കേതികവിദ്യ, ഗവേഷണമികവ്, ഭൗതികസൗകര്യങ്ങള്‍, പുത്തന്‍ കോഴ്‌സുകള്‍, ഇന്നോവേഷന്‍ മുതലായവ അമേരിക്കന്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രത്യേകതകളാണ്.

സാമ്പത്തിക
സഹായം

വിദേശപഠനത്തിനു തയാറെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടത് ഇതിനു വേണ്ട സാമ്പത്തികസഹായം എങ്ങനെ ഉറപ്പുവരുത്താമെന്നതാണ്. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കു നിരവധി ഫുള്‍ടൈം / പാര്‍ട്ട്‌ടൈം സ്‌കോളര്‍ഷിപ്പുകളുണ്ട്. മിക്ക സര്‍വകലാശാലകളിലും വിദ്യാര്‍ഥികള്‍ക്കു വിവിധ സ്‌കോളര്‍ഷിപ്പുകളോ സാമ്പത്തിക സഹായപദ്ധതികളോ ഉണ്ട്. യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പുകള്‍, ഫിനാന്‍ഷ്യല്‍ സ്‌കോളര്‍ഷിപ്പുകള്‍, മെറിറ്റ്, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, സര്‍ക്കാര്‍ / സ്വകാര്യ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ ഇവയില്‍പ്പെടും. സ്‌കോളര്‍ഷിപ്പിനു നിശ്ചിതതീയതിക്കകം അപേക്ഷിക്കണം. ഇതിനുമുമ്പുതന്നെ അഡ്മിഷന്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചിരിക്കണം. ഓരോ യൂണിവേഴ്സിറ്റിയ്ക്കും അവസാനതീയതി വ്യത്യാസപ്പെട്ടിരിക്കും. യൂണിവേഴ്സിറ്റി വെബ്‌സൈറ്റിലെ സ്‌കോളര്‍ഷിപ്പ് പേജില്‍ നിന്നു പൂര്‍ണ വിവരങ്ങള്‍, യോഗ്യത എന്നിവ അറിയാന്‍ സാധിക്കും.

അമേരിക്കയിലെ സാമൂഹികസംരംഭകത്വ സ്ഥാപനമായ ബ്രിഡ്ജ് – 360 ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയിലെ മികച്ച സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കാന്‍ സൗജന്യ സേവനങ്ങളും സ്‌കോളര്‍ഷിപ്പ് / ഫെല്ലോഷിപ്പ് ലഭിക്കാനുള്ള നടപടിക്രമങ്ങളും ചെയ്തുവരുന്നു. ബ്രിഡ്ജ് -360 ന്റെ ലിങ്കിലൂടെ വിദ്യാര്‍ഥിക്ക് അഡ്മിഷന്‍ താല്‍പ്പര്യം അറിയിക്കാം. 48 മണിക്കൂറിനകം അമേരിക്കയില്‍ നിന്നുള്ള ഇന്റര്‍വ്യൂ പ്രതീക്ഷിക്കാം. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ താല്‍പ്പര്യത്തിനിണങ്ങിയ സര്‍വകലാശാലയിലേക്ക് ഉപരിപഠനത്തിനായുള്ള നടപടിക്രമങ്ങളാരംഭിക്കും. പ്രവേശനനടപടികള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം ആ സര്‍വകലാശാലയിലേക്കു സ്‌കോളര്‍ഷിപ്പിനും ശുപാര്‍ശ ചെയ്യും. നിരവധി അമേരിക്കന്‍ സര്‍വകലാശാലകളിലേക്കു സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ബ്രിഡ്ജ് -360 അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബ്രിഡ്ജ് -360 ലേക്ക് അപേക്ഷിക്കാനുള്ള ഇ മെയില്‍: [email protected]. www.bridg360.com.

                                     (മൂന്നാംവഴി സഹകരണമാസിക സെപ്റ്റംബര്‍ ലക്കം – 2023)

Leave a Reply

Your email address will not be published.