ബാങ്ക് എന്ന് ഉപയോഗിക്കാനാവില്ല; നിയമഭേദഗതി സഹകരണ ബാങ്കുകളേയും ബാധിക്കും
ബാങ്കിങ് നിയമഭേദഗതി സഹകരണ ബാങ്കുകളെയും ബാധിക്കുമെന്ന് ഉറപ്പായി. ഭേദഗതി പ്രകാരം ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്നീ പദങ്ങള്‍ ഉപയോഗിക്കാന്‍ ആര്‍.ബി.ഐ. ലൈസന്‍സ് ഇല്ലാത്ത സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയില്ല. പ്രാഥമിക സഹകരണ ബാങ്കുകള്‍, സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവയ്ക്ക് ബാങ്ക് എന്ന പേര് ഉപേക്ഷിക്കേണ്ടി വരും. എം.എല്‍.എ.മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി സഹകരണ മന്ത്രി വി.എന്‍ വാസവന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓഹരി വില്‍പന നടത്തി മൂലധനം സ്വരൂപിക്കാനുള്ള വ്യവസ്ഥ, ഓഹരി തിരിച്ച് നല്‍കുന്നത് തടഞ്ഞുകൊണ്ടുള്ള വ്യവസ്ഥ, സഹകരണ ബാങ്കുകളിലെ ഭരണ സമിതികളെ പിരിച്ചുവിടാനുള്ള വ്യവസ്ഥ ,മാനേജ്‌മെന്റ്, ഓഡിറ്റ്, വൈന്‍ഡിങ് അപ് എന്നിവയുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളും പുതിയ ഭേദഗതിയില്‍ ഉണ്ട്. സഹകരണ തത്വങ്ങള്‍ക്ക് അനുസൃതമല്ലാത്ത ഈ വ്യവസ്ഥകള്‍ റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു.
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘം, ബാങ്ക് എന്ന പേരും ചെക്കും ഉപയോഗിക്കാതിരുന്നാല്‍ നിയമം ബാധകമാകില്ലെന്നാണ് വ്യവസ്ഥ. അതുകൊണ്ടു തന്നെ പ്രാഥമിക സഹകരണ ബാങ്കുകള്‍, കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നിവ ബാങ്ക് എന്ന പേര് ഉപേക്ഷിക്കണമെന്നും ഇടപാടുകാര്‍ക്ക് ചെക്ക് നല്‍കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്നും സഹകരണ മന്ത്രി ആവശ്യപ്പെട്ടു.
ബാങ്കിങ് നിയമ ഭേദഗതി ബില്‍ നിയമമാകുന്നതിന് മുമ്പ് സഹകരണ ബാങ്കുകളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഭേദഗതി വേണമെന്ന് സംസ്ഥാന നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരും വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ബില്‍ നിയമമായതിന് ശേഷമുള്ള ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍വ്വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നടന്നില്ല. എല്ലാ കക്ഷികളുമായും ആലോചിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
[mbzshare]