പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കീഴില്‍ എഫ്.പി.ഒ. രൂപീകരിക്കാന്‍ കേന്ദ്രതീരുമാനം
കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കീഴില്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ രൂപീകരിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കി. എന്‍.സി.ഡി.സി.യാണ് ഇത് നടപ്പാക്കുക. ഈ രീതിയില്‍ 1100 കര്‍ഷക ഉല്‍പാദക കമ്പനികളാണ് സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഒരു എഫ്.പി.ഒ.യ്ക്ക് 33 ലക്ഷം രൂപ എന്‍.സി.ഡി.സി. സാമ്പത്തിക സഹായകമായി നല്‍കും. സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ ക്ലസ്റ്റര്‍ അടിസ്ഥാനമാക്കി സംരംഭങ്ങളും ഉല്‍പാദന യൂണിറ്റുകളും തുടങ്ങാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. ഇത്തരം യൂണിറ്റുകള്‍ക്ക് 25 ലക്ഷം രൂപവരെയാണ് സഹായം. കാര്‍ഷിക വായ്പ സംഘങ്ങളെ കാര്‍ഷികമേഖലയിലെ സമഗ്രപദ്ധതി നിര്‍വഹണ യൂണിറ്റാക്കി മാറ്റാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമാണ് ഇപ്പോഴത്തെ പരിഷ്‌കാരണം.
സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ക്ക് എഫ്.പി.ഒ. തുടങ്ങാന്‍ അനുമതിയില്ല. 10,000 ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് കേരളബാങ്ക് വഴിയാണ്. ഇതിന് സഹകരണ സംഘങ്ങള്‍ക്ക് അനുമതിയില്ല. ഈ ഘട്ടത്തിലാണ് കാര്‍ഷിക വായ്പ സംഘങ്ങളിലൂടെ എഫ്.പി.ഒ. എന്ന രീതിയിലേക്ക് കേന്ദ്രപദ്ധതി മാറുന്നത്. ഇത് കേരളത്തില്‍ ഏത് രീതിയില്‍ നടപ്പാക്കാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പക്ഷേ, കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ വിവിധ പദ്ധതി പണം കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ പാകത്തിലാണ് പുതിയ സ്‌കീം കേന്ദ്രം തയ്യാറാക്കുന്നത്.