പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളെ രക്ഷിച്ചെടുക്കണം

- ബി.പി. പിള്ള ( മുന്‍ ഡയറക്ടര്‍, എ.സി.എസ്.ടി.ഐ, തിരുവനന്തപുരം )

കേരളത്തിലെ 1640 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളില്‍ 1299 എണ്ണം മാത്രമാണു
പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. രണ്ടു വര്‍ഷമായി നമ്മുടെ പ്രാഥമിക കാര്‍ഷികവായ്പാ
സംഘങ്ങളില്‍ പകുതിയോളം നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നത്. ഈ സംഘങ്ങളുടെ
പ്രവര്‍ത്തനച്ചെലവുകള്‍ വര്‍ധിക്കുന്നതനുസരിച്ചു ബിസിനസ്സും വരുമാനവും കൂടുന്നില്ല. സംശയാസ്പദ കിട്ടാക്കടങ്ങള്‍ക്കും കുടിശ്ശികപ്പലിശയ്ക്കും കൂടുതല്‍ തുക കരുതല്‍ വെയ്‌ക്കേണ്ടിവരുന്നു. സമയബന്ധിതമായി സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കപ്പെടുന്നില്ല. ഓരോ വര്‍ഷം കഴിയുന്തോറും സംഘങ്ങളുടെ പ്രവര്‍ത്തനനഷ്ടത്തുക വര്‍ധിക്കുകയാണ്.

 

രാജ്യത്തെ മൂന്നു ലക്ഷത്തില്‍പ്പരം പഞ്ചായത്തുകളിലായി 95,000 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു എന്നും അതില്‍ത്തന്നെ 63,000 സംഘങ്ങളേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളുവെന്നും ഒരു പഞ്ചായത്തിന് ഒരു പ്രാഥമിക കാര്‍ഷികവായ്പാസംഘം എന്ന നിലയില്‍ രാജ്യത്തു പുതുതായി രണ്ടു ലക്ഷം പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതായിട്ടുണ്ടെന്നും കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ ഈയിടെ പറയുകയുണ്ടായി. രാജ്യത്തെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളിലൂടെ പത്തു ലക്ഷം കോടി രൂപ കാര്‍ഷികവായ്പയായി വിതരണം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കാന്‍ പുതിയ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ രൂപവത്കരണം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ 63,000 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനായി 2516 കോടി രൂപ 2023 ലെ കേന്ദ്രബജറ്റില്‍ ഉള്‍പ്പെടുത്തുകയുമുണ്ടായി. പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരികയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് അവയുടെ ബിസിനസ് വൈവിധ്യവത്കരിക്കുകയും ചെയ്യുക എന്നതാണു പൊതു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള കമ്പ്യൂട്ടര്‍വത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. 2022 ഡിസംബര്‍ 27 നു റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ രാജ്യത്തെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ 54 ശതമാനവും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നു സൂചിപ്പിച്ചിട്ടുള്ളപ്പോള്‍ കാര്‍ഷിക-ഗ്രാമപുരോഗതിക്കായി വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ പുനരുജ്ജീവനത്തിനോ പുനരുദ്ധാരണത്തിനോ കേന്ദ്രബജറ്റില്‍ തുക വകകൊള്ളിച്ചിട്ടില്ല.

പകുതിയോളം
നഷ്ടത്തില്‍

കേരളത്തിലെ 1640 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളില്‍ 1299 സംഘങ്ങളെ മാത്രമേ 2022 മാര്‍ച്ച് 31 ലെ ഓഡിറ്റ് വിവരങ്ങളനുസരിച്ചു പ്രവര്‍ത്തനക്ഷമമായ സംഘങ്ങളായി പരിഗണിക്കുന്നുള്ളു. കഴിഞ്ഞ രണ്ടു വര്‍ഷമായി നമ്മുടെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളില്‍ പകുതിയോളം സംഘങ്ങള്‍ നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നത്. നഷ്ടത്തിലുള്ള സംഘങ്ങളില്‍ നല്ലൊരു ഭാഗം സംഘങ്ങളുടെയും സഞ്ചിതനഷ്ടം സ്വന്തഫണ്ടില്‍ കൂടുതലായിട്ടുള്ളതിനാല്‍ നിക്ഷേപച്ചോര്‍ച്ചയുള്ള സംഘങ്ങളാണ്. പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനം, കരുതല്‍ധനം, മറ്റു സ്വതന്ത്രകരുതലുകള്‍, കാപ്പിറ്റല്‍ റിസര്‍വ്, ലാഭത്തിലെ മിച്ചഭാഗം എന്നിവ ചേരുന്നതാണു സ്വതന്ത്രഫണ്ടുകള്‍. പ്രാഥമിക കാര്‍ഷികവായ്പാസംഘത്തിന്റെ ബാക്കിപത്രത്തിലെ ആസ്തികളില്‍ കാണുന്ന സഞ്ചിതനഷ്ടത്തുക അതിന്റെ സ്വന്തഫണ്ടിനുള്ളിലേയുള്ളുവെങ്കില്‍ നെറ്റ്‌വര്‍ത്ത് പോസിറ്റീവും നഷ്ടം ബാഹ്യബാധ്യതയായ നിക്ഷേപത്തേയോ ബോറോയിങ്ങിനേയോ ബാധിച്ചിട്ടില്ലാത്ത അവസ്ഥയിലുമായിരിക്കും. എന്നാല്‍, സഞ്ചിതനഷ്ടം സ്വന്തഫണ്ടില്‍ അധികരിച്ചുവന്നാല്‍ നെറ്റ്‌വര്‍ത്ത് നെഗറ്റീവാവുകയും നിക്ഷേപച്ചോര്‍ച്ച ഉണ്ടാവുകയും ചെയ്യും. റിസര്‍വ് ബാങ്ക് ലൈസന്‍സുള്ള സഹകരണ ബാങ്കുകളുടെ നെറ്റ്‌വര്‍ത്ത് നെഗറ്റീവായാല്‍ അവയെ ബാങ്കിങ്പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ റിസര്‍വ് ബാങ്ക് അനുവദിക്കില്ല. എന്നാല്‍, ബാങ്കിങ്‌നിയന്ത്രണനിയമത്തിന്റെ പരിധിക്കുള്ളില്‍ വരാത്ത വായ്പാസംഘങ്ങളെ സംബന്ധിച്ചിടത്തോളം നിക്ഷേപച്ചോര്‍ച്ചയുണ്ടെങ്കില്‍ത്തന്നെയും പുതിയ ശാഖ തുടങ്ങാനോ അധികജീവനക്കാരെ നിയമിക്കുന്നതിനുള്ള അനുവാദം കിട്ടാനോ ശമ്പളപരിഷ്‌കരണ ആനുകൂല്യം ജീവനക്കാര്‍ക്കു ലഭിക്കാനോ സ്ഥലം വാങ്ങാനോ പുതിയ കെട്ടിടം നിര്‍മിക്കാനോ തടസ്സങ്ങളൊന്നും സഹകരണസംഘം രജിസ്ട്രാറുടെ ഭാഗത്തുനിന്നുണ്ടാകാറില്ല. സഹകരണസംഘങ്ങളുടെ നിയന്ത്രണമേധാവിയുടെ ഭാഗത്തുനിന്നുള്ള ഇത്തരത്തിലുള്ള മൃദുസമീപനം നെറ്റ്‌വര്‍ത്ത് നെഗറ്റീവായതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തനഫലം ലാഭത്തിലാക്കാനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചുനടപ്പാക്കുന്നതിനു അങ്ങനെയുള്ള സംഘങ്ങളുടെ ജീവനക്കാരിലും ഭരണസമിതിയിലും ഉത്സാഹവും കൂട്ടായ ശ്രമങ്ങളും ഉണ്ടാക്കുന്നില്ല.

സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ പ്രവര്‍ത്തനച്ചെലവുകള്‍ വര്‍ധിക്കുന്നതനുസരിച്ചു ബിസിനസ്സും വരുമാനവും വര്‍ധിക്കാത്തതും സംശയാസ്പദ കിട്ടാക്കടങ്ങള്‍ക്കും കുടിശ്ശികപ്പലിശയ്ക്കും കൂടുതല്‍ തുക പ്രൊവിഷന്‍ ( കരുതല്‍ ) വെക്കേണ്ടിവരുന്നതും സഹകരണസംഘം ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള സമയപരിധിക്കുള്ളില്‍ സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാത്തതും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ എണ്ണം വര്‍ധിക്കാനും ഓരോ വര്‍ഷം കഴിയുന്തോറും പ്രവര്‍ത്തനനഷ്ടത്തുക ഭയാനകമായ നിരക്കില്‍ വര്‍ധിക്കാനും കാരണമായിട്ടുണ്ട്.

സഹകരണസംഘം രജിസ്ട്രാറുടെ 2007 ഡിസംബര്‍ പത്തിന്റെ 40 / 2007 സര്‍ക്കുലര്‍പ്രകാരം കുടിശ്ശികവായ്പകള്‍ക്കും വായ്പയിലെ കുടിശ്ശികപ്പലിശയ്ക്കും കരുതല്‍ വെക്കാതെ കൃത്രിമലാഭം കാണിച്ചുവന്നിരുന്ന സംഘങ്ങള്‍ ഓഡിറ്റ് ഡയറക്ടറുടെ 2022 ഒക്ടോബര്‍ പതിനൊന്നിലെ ഉത്തരവുപ്രകാരം ഓഡിറ്റര്‍മാര്‍ 40 / 2007 ലെ സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിച്ചിരുന്ന നിരക്കില്‍ കരുതല്‍ വെച്ചതിനാല്‍ കൂടുതല്‍ സംഘങ്ങള്‍ നഷ്ടത്തിലായിട്ടുണ്ട്. 2007-08 വര്‍ഷംമുതല്‍ 40 / 2007 സര്‍ക്കുലര്‍പ്രകാരം ഓരോ വര്‍ഷാവസാനവും കുടിശ്ശികവായ്പയുടെ കുടിശ്ശികക്കാലത്തിന്റെ അടിസ്ഥാനത്തില്‍ കുടിശ്ശികയായ മുതല്‍ഭാഗത്തിനു 10 മുതല്‍ 100 ശതമാനംവരെ കരുതല്‍ വെക്കണമായിരുന്നു. എന്നാല്‍, മിക്ക ജില്ലകളിലും ഓഡിറ്റര്‍മാര്‍ വായ്പക്കാലാവധി കഴിഞ്ഞശേഷം മാത്രമാണു കരുതല്‍ വെച്ചിരുന്നത്. ഒരു വായ്പാസംഘത്തിലെ അംഗം വസ്തുഈടിന്മേല്‍ ആറു ലക്ഷം രൂപ അഞ്ചു വര്‍ഷക്കാലാവധിയ്ക്കു 12 ശതമാനം പലിശനിരക്കില്‍ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ ആ വായ്പയിലെ ആദ്യത്തെ മൂന്നു തവണകളില്‍ ഒരു തവണപോലും അടച്ചിട്ടില്ലെങ്കിലും കുടിശ്ശികയായ മുതല്‍ഗഡുത്തുകയായ 3,50,000 രൂപയ്ക്കു കരുതല്‍ വെക്കേണ്ടതില്ല. മാര്‍ച്ച് 31 ന് ആ വായ്പയില്‍ 40 തവണകള്‍ കുടിശ്ശികയുണ്ടായാല്‍ കുടിശ്ശികയായ ഗഡുക്കളിലെ മുതല്‍ത്തുകയായ 4,00,000 രൂപയ്ക്ക് 50 ശതമാനം പ്രൊവിഷന്‍ വെക്കണമായിരുന്നു. എന്നാല്‍, ഒരു രൂപപോലും പ്രൊവിഷന്‍ വെച്ചിരുന്നില്ല. വായ്പാകാലാവധിയായ അഞ്ചു വര്‍ഷം കഴിഞ്ഞുമാത്രമാണ് അതിനു പ്രൊവിഷന്‍ വെച്ചിരുന്നത്. മാര്‍ച്ച് 31 ന് ആ വായ്പയില്‍ 75 മാസം കുടിശ്ശികയുണ്ടായിരുന്നപ്പോള്‍ വായ്പാകാലാവധി കഴിഞ്ഞു 15 മാസമേ ആയിട്ടുള്ളു എന്ന കാഴ്ചപ്പാടില്‍ കരുതല്‍ വെച്ചിരുന്നില്ല. യഥാര്‍ഥത്തില്‍ ആ വായ്പയിലെ ഗഡുക്കുടിശ്ശിക ആറു വര്‍ഷത്തിനുമേല്‍ ആയിരുന്നതിനാല്‍ കുടിശ്ശികയായ 60 ഗഡുക്കളിലെ മുതല്‍ത്തുകയായ ആറു ലക്ഷം രൂപയ്ക്കു 100 ശതമാനം പ്രൊവിഷന്‍ വെക്കണമായിരുന്നു. 2007-08 സഹകരണവര്‍ഷം മുതല്‍ മേല്‍സൂചിപ്പിച്ച പ്രകാരം 40 / 2007 സര്‍ക്കുലറനുസരിച്ചു സംഘങ്ങളുടെ ലാഭനഷ്ടക്കണക്കില്‍ ചെലവായി കാണിക്കേണ്ട സംശയാസ്പദവായ്പകളിലെ മുതല്‍ഭാഗത്തിനു വെക്കേണ്ട പ്രൊവിഷന്‍ വെക്കാതെ ഇല്ലാത്ത ലാഭം കാണിച്ചുകൊണ്ട് ലാഭനഷ്ടക്കണക്ക് തയാറാക്കുകയും അങ്ങനെ കാണിച്ച ലാഭം വിദ്യാഭ്യാസഫണ്ടും സഹകരണ അംഗസമാശ്വാസഫണ്ടും പ്രൊഫഷണല്‍ വിദ്യാഭ്യാസഫണ്ടും ലാഭവീതവും മറ്റുമായി സംഘത്തില്‍നിന്നു പുറത്തേക്ക് ഒഴുകിപ്പോവുകയും ചെയ്തിട്ടുണ്ട്.

സംശയാസ്പദ,
കിട്ടാക്കട വായ്പ

40 / 2007 സര്‍ക്കുലര്‍പ്രകാരം ആള്‍ജാമ്യവായ്പകള്‍ക്കു മാര്‍ച്ച് 31 ന് ഒരു വര്‍ഷത്തിനുള്ളിലെ കുടിശ്ശികയേ ഉള്ളുവെങ്കില്‍ കുടിശ്ശികമുതലിനു കരുതല്‍ ഒന്നും വെക്കേണ്ടതില്ല. എന്നാല്‍, കുടിശ്ശിക ഒരു വര്‍ഷത്തിനുമേല്‍ മൂന്നു വര്‍ഷംവരെയാണെങ്കില്‍ കുടിശ്ശികയായ മുതല്‍ഭാഗത്തിനു പത്തു ശതമാനം കരുതലും കുടിശ്ശിക മൂന്നു വര്‍ഷത്തിനുമേലാണെങ്കില്‍ കുടിശ്ശികമുതലിനു 100 ശതമാനം കരുതലും വെക്കണമെന്നാണു സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിക്കുന്നത്. വസ്തുഈടിന്മേലുള്ള വായ്പകള്‍ മാര്‍ച്ച് 31 നു മൂന്നു വര്‍ഷത്തിനുള്ളിലേ കുടിശ്ശികയുള്ളുവെങ്കില്‍ കുടിശ്ശികഗഡുക്കളിലെ മുതല്‍ഭാഗത്തിനു കരുതല്‍ ഒന്നും വെക്കേണ്ടതില്ല. എന്നാല്‍, വസ്തുഈടിന്മേലുള്ള വായ്പകളില്‍ മാര്‍ച്ച് 31 ന് മൂന്നു വര്‍ഷത്തിനുമേല്‍ ആറു വര്‍ഷംവരെ മാത്രമേ കുടിശ്ശികയുണ്ടായിട്ടുള്ളുവെങ്കില്‍ കുടിശ്ശികയായ വായ്പഅക്കൗണ്ടിലെ കുടിശ്ശികയായ ഗഡുക്കളിലെ മുതല്‍ഭാഗത്തിന് അമ്പതു ശതമാനം കരുതല്‍ സൂക്ഷിക്കണം. വായ്പയിലെ കുടിശ്ശികക്കാലം മാര്‍ച്ച് 31 ന് ആറു വര്‍ഷത്തിനുമേല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കുടിശ്ശികയായ ഗഡുക്കളിലെ മുതല്‍ഭാഗത്തിനു 100 ശതമാനം കരുതല്‍ വെക്കണം. വായ്പാസംഘത്തിലെ ഒരംഗം 12 ലക്ഷം രൂപ 10 വര്‍ഷത്തെ കാലാവധിക്കു 12 ശതമാനം പലിശയ്ക്കു വായ്പയെടുത്തിട്ടുണ്ടെങ്കില്‍ മാര്‍ച്ച് 31 ന് ആ വായ്പയിലെ കുടിശ്ശിക 36 മാസത്തിനുള്ളിലാണെങ്കില്‍ കരുതലൊന്നും വെക്കേണ്ടതില്ല. മാര്‍ച്ച് 31 ന് 50 തവണകള്‍ കുടിശ്ശികയായിട്ടുണ്ടെങ്കില്‍ ആദ്യം കുടിശ്ശിക വരുത്തിയ തവണയില്‍ 50 മാസത്തെ കുടിശ്ശികയായിട്ടുണ്ട്. കുടിശ്ശിക തവണകളിലായി അഞ്ചു ലക്ഷം രൂപ മുതല്‍ക്കുടിശ്ശിക ഉണ്ടായിട്ടുള്ളതിനാല്‍ കുടിശ്ശികമുതലായ അഞ്ചു ലക്ഷം രൂപയ്ക്കു 50 ശതമാനം കരുതല്‍ വെക്കണം. മാര്‍ച്ച് 31 ന് ആ വായ്പയിലെ മുതല്‍ക്കുടിശ്ശികക്കു 2,50,000 രൂപയാണു കരുതല്‍ വെക്കേണ്ടത്. മാര്‍ച്ച് 31 ന് ആ വായ്പയില്‍ 80 തവണ കുടിശ്ശികയായിട്ടുണ്ടെങ്കില്‍ ആദ്യം കുടിശ്ശിക വരുത്തിയ തവണയിലെ കുടിശ്ശികക്കാലം 80 മാസമായി. ആറു വര്‍ഷത്തിനുമേല്‍ ( 72 തവണയില്‍ക്കൂടുതല്‍ ) കുടിശ്ശികയായ തവണകളിലെ മുതല്‍ഭാഗത്തിനു ( 8,00,000 രൂപ ) 100 ശതമാനം ( 8,00,000 രൂപ ) കരുതല്‍ വെക്കണം. മൂന്നു വര്‍ഷത്തിനുമേല്‍ ആറു വര്‍ഷംവരെ കുടിശ്ശികയായ വായ്പ സംശയാസ്പദവായ്പയും ആറു വര്‍ഷത്തിനുമേല്‍ കുടിശ്ശികയായ വായ്പകള്‍ കിട്ടാക്കട വായ്പയുമാണ്.

സ്വര്‍ണപ്പണയവായ്പ, നിക്ഷേപഈടിന്മേലുള്ള വായ്പ എന്നിവ മതിയായ സെക്യൂരിറ്റിയുള്ളവയാണെങ്കില്‍ അവയെ സുരക്ഷിതവായ്പകളായി കണക്കാക്കാമെന്നും അവയ്ക്കു കരുതല്‍ വെക്കേണ്ടതില്ലെന്നും 40 / 2007 സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സര്‍ക്കുലര്‍പ്രകാരം കുടിശ്ശികയായ മുതലിനു കരുതല്‍ വെക്കാത്ത സംഘങ്ങളില്‍ കുടിശ്ശികയായ തവണകളിലെ മുതലിന് ഒന്നിച്ചു കരുതല്‍ വെച്ചാല്‍ ഭീമമായ നഷ്ടത്തിലേക്കു സംഘം പോകുമെന്നതിനാല്‍ മൂന്നു വര്‍ഷത്തെ ഓഡിറ്റിനുള്ളില്‍ ഘട്ടംഘട്ടമായി തവണക്കുടിശ്ശികകളിലെ മുതല്‍ഭാഗത്തിനു കരുതല്‍ വെക്കുന്നതിനുള്ള നടപടി കൈക്കൊള്ളേണ്ടതാണെന്നു സഹകരണ ഓഡിറ്റ് ഡയറക്ടറുടെ 11.10.2022 ലെ എഡി ( 3 ) 1474 / 2022 -ാം നമ്പര്‍ ഉത്തരവില്‍ എല്ലാ ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരോടും നിര്‍ദേശിച്ചിട്ടുണ്ട്.

ഈടുസ്വര്‍ണവും
ലേലവും

സഹകരണസംഘങ്ങളിലെ സ്വര്‍ണപ്പണയവായ്പകളിലെ ഈടുസ്വര്‍ണം ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സംബന്ധിച്ച് 2023 ജനുവരി 28 നു 2 / 23 -ാം നമ്പര്‍ സര്‍ക്കുലര്‍ സഹകരണസംഘം രജിസ്ട്രാര്‍ ഇറക്കുകയുണ്ടായി. സംഘത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് അല്ലെങ്കില്‍ ശാഖാമാനേജര്‍ സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ്‌വില നിരന്തരം നിരീക്ഷിക്കേണ്ടതും സ്വര്‍ണവിലയില്‍ ഇടിവുണ്ടാവുകയും വായ്പ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആയതു സംഘത്തിനു നഷ്ടമുണ്ടാക്കുമെന്നു ബോധ്യപ്പെടുകയാണെങ്കില്‍ അക്കാര്യം അടിയന്തരമായി സംഘംപ്രസിഡന്റ്, ചീഫ് എക്‌സിക്യുട്ടീവ്, രണ്ടു ഭരണസമിതിയംഗങ്ങള്‍, ഒരു സീനിയര്‍ ജീവനക്കാരന്‍ എന്നിവരുള്‍പ്പെടുന്ന സബ്കമ്മിറ്റിക്കു റിപ്പോര്‍ട്ട് ചെയ്തു തുടര്‍നടപടി സ്വീകരിക്കേണ്ടതാണെന്നു ഈ സര്‍ക്കുലറില്‍ സൂചിപ്പിച്ചിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ ഈടിന്റെ മൂല്യത്തിലുണ്ടായ കുറവ് നികത്തുന്നതിനാവശ്യമായ തുക ഒടുക്കുന്നതിനോ അധികസ്വര്‍ണം ഈടു വെക്കുന്നതിനോ വായ്പക്കാരനോട് രേഖാമൂലം സംഘത്തിനാവശ്യപ്പെടാമെന്നു വ്യക്തമാക്കിയിട്ടുണ്ട്. അപ്രകാരം വായ്പക്കാരന്‍ നടപടി സ്വീകരിക്കാത്തപക്ഷം വായ്പയുടെ കാലാവധി ആയിട്ടില്ലെങ്കില്‍പ്പോലും തുടര്‍ന്നു 14 ദിവസത്തിനുള്ളില്‍ വായ്പയിലെ ഈടുസ്വര്‍ണം ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ സബ്കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ടതും അപ്രകാരം സ്വീകരിച്ച നടപടി ഭരണസമിതിയുടെ തുടര്‍ന്നുള്ള യോഗത്തില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതുമാണെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഒരംഗം സംഘത്തില്‍നിന്നു വായ്പയെടുക്കുമ്പോള്‍ ആ വായ്പക്കാരനും സംഘവുമായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടുകയാണ്. ആ ഉടമ്പടിയുടെ നിബന്ധനകളാണു വായ്പക്കരാറിലുള്ളത്. സ്വര്‍ണത്തിന്റെ വിപണിവില കുറയുമ്പോള്‍ വായ്പത്തുകയുടെ ഒരു ഭാഗം കാലാവധി എത്തുംമുമ്പു അടയ്ക്കുന്നതിനോ അല്ലെങ്കില്‍ കൂടുതല്‍ സ്വര്‍ണം പണയമായി നല്‍കാന്‍ വായ്പക്കാരനോട് സംഘത്തിന് ആവശ്യപ്പെടുന്നതിനോ വായ്പക്കാരന്‍ ഒപ്പിട്ടുതന്ന വായ്പക്കരാറില്‍ വ്യക്തമായ വ്യവസ്ഥകളുണ്ടെങ്കിലേ ലേലംപോലുള്ള നടപടി സംഘത്തിനു കൈക്കൊള്ളാന്‍ കഴിയൂ.

കുടിശ്ശികവായ്പയിലെ മുതല്‍ഭാഗത്തിനു കരുതല്‍ വെക്കുന്നതും കുടിശ്ശികപ്പലിശക്കു കരുതല്‍ വെക്കുന്നതും സംഘത്തിന്റെ ലാഭനഷ്ടക്കണക്കിനെ ഒരേരീതിയിലല്ല ബാധിക്കുന്നത്. കിട്ടാക്കടങ്ങള്‍ക്കും സംശയാസ്പദ കടങ്ങള്‍ക്കും പലിശവരവില്‍നിന്നാണു കരുതല്‍ഇനത്തില്‍ ചെലവുണ്ടാകുന്നത്. എന്നാല്‍, കുടിശ്ശികപ്പലിശക്കുള്ള കരുതല്‍ അങ്ങനെയല്ല. ലാഭനഷ്ടക്കണക്കില്‍ വായ്പയില്‍നിന്നുള്ള പലിശവരവായി യഥാര്‍ഥത്തില്‍ സംഘത്തിനു ലഭിച്ച പലിശയോടൊപ്പം ലഭിക്കാനുള്ള പലിശകൂടി കൂട്ടിയാണു തുക നിര്‍ണയിക്കുന്നത്. ഒരു വര്‍ഷം വായ്പക്കാരില്‍നിന്നും യഥാര്‍ഥത്തില്‍ കിട്ടിയ പലിശയോടൊപ്പം ബാക്കിപത്രത്തിലെ ആസ്തിഇനമായി കാണിച്ചിട്ടുള്ള കിട്ടാനുള്ള പലിശയും ( കുടിശ്ശികയായ പലിശയും നില്‍പ്പുവായ്പയില്‍ ജനിച്ചതും അടയ്ക്കാന്‍ സമയമാവാത്തതുമായ പലിശയും കൂടുന്നത് ) കൂട്ടി അതില്‍നിന്നും തൊട്ടുമുന്‍വര്‍ഷം വായ്പയില്‍ കിട്ടാനുണ്ടായിരുന്ന പലിശ കുറച്ചു കിട്ടുന്ന തുകയാണു ലാഭനഷ്ടക്കണക്കിലെ വായ്പ പലിശവരവ്. ലാഭനഷ്ടക്കണക്കില്‍ കാണിച്ചിട്ടുള്ള പലിശവരവില്‍ എത്ര രൂപയാണോ വര്‍ഷാവസാനം കിട്ടാനുള്ള പലിശയിനത്തില്‍ കുടിശ്ശികയായിട്ടുള്ളത് ആ പലിശത്തുകയ്ക്കു 100 ശതമാനം കരുതല്‍ കുടിശ്ശികപ്പലിശക്കുള്ള കരുതലായി ലാഭനഷ്ടക്കണക്കില്‍ ചെലവിനത്തില്‍ കാണിക്കണം. എന്നാല്‍, വരവുചെലവു സ്റ്റേറ്റ്‌മെന്റില്‍ കാണിച്ചിട്ടുള്ള, യഥാര്‍ഥത്തില്‍ പലിശയോടൊപ്പം നില്‍പ്പുവായ്പകളില്‍ ജനിച്ചതും അടയ്ക്കാന്‍ സമയമാവാത്തതുമായ പലിശ മാത്രമേ കിട്ടാനുള്ള പലിശയിനമായി എടുക്കുന്നുള്ളുവെങ്കില്‍ കുടിശ്ശികപ്പലിശക്കുള്ള കരുതല്‍ എന്നൊരു ചെലവിനം ലാഭനഷ്ടക്കണക്കിലുണ്ടാവില്ല. കുടിശ്ശികയായ ഉത്തമവായ്പകള്‍ക്കു മുതല്‍ഭാഗത്തിനു കരുതല്‍ വെക്കേണ്ടായെങ്കില്‍ അതില്‍ ജനിച്ച പലിശ കുടിശ്ശികയാണെങ്കില്‍ അതിനു 100 ശതമാനം കരുതല്‍ വെക്കണം. ( ഒരു വര്‍ഷംവരെ കുടിശ്ശികയുള്ള ആള്‍ജാമ്യവായ്പകളും മൂന്നു വര്‍ഷംവരെ കുടിശ്ശികയുള്ള വസ്തുഈടു വായ്പകളും ഉത്തമവായ്പകളാണ് ). ആള്‍ജാമ്യവായ്പകള്‍ ഒരു വര്‍ഷത്തിനുമേല്‍ മൂന്നു വര്‍ഷംവരെ കുടിശ്ശികയായതിലെ കുടിശ്ശികമുതലിനു പത്തു ശതമാനം കരുതല്‍ വെച്ചാല്‍ മതിയെങ്കില്‍, അതില്‍ ജനിച്ച പലിശ പലിശവരവിനത്തില്‍ ലാഭനഷ്ടക്കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രസ്തുത കുടിശ്ശികപ്പലിശക്കു 100 ശതമാനം പ്രൊവിഷന്‍ വെക്കണം.

കരുതല്‍കാരണം
നഷ്ടം

2023 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തെ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളുടെ ലാഭനഷ്ടക്കണക്കില്‍ വായ്പാകാലാവധി കഴിഞ്ഞുമാത്രം സംശയാസ്പദ- കിട്ടാക്കടവായ്പകളായി തരംതിരിച്ചു പ്രൊവിഷന്‍ വെച്ചുകൊണ്ടിരുന്ന സംഘങ്ങള്‍ക്കു സഹകരണ ഓഡിറ്റ് ഡയറക്ടറുടെ മേല്‍സൂചിപ്പിച്ച ഉത്തരവുപ്രകാരം പ്രൊവിഷന്‍ വെക്കേണ്ടിവരുമ്പോള്‍ ഭീമമായ തുക മുതല്‍ഭാഗത്തിനു കരുതല്‍ വെക്കേണ്ടിവരും. യഥാര്‍ഥത്തില്‍ വേണ്ടിവരുന്ന കരുതല്‍തുകയുടെ ഒരു ഭാഗം 2022-23 വര്‍ഷത്തെ ലാഭനഷ്ടക്കണക്കില്‍ കാണിച്ചാല്‍ മതിയെങ്കിലും പ്രസ്തുത തുക മൊത്തം പലിശവരവിന്റെ 15-20 ശതമാനത്തില്‍ കുറയാതെ ഉണ്ടാകാനുള്ള സാധ്യതകളാണുള്ളത്. അതുകൊണ്ടുതന്നെ സംശയാസ്പദ കടങ്ങള്‍ക്കും കിട്ടാക്കടങ്ങള്‍ക്കും പ്രൊവിഷന്‍ വെക്കുന്നതുകൊണ്ടുമാത്രം നിരവധി പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ പ്രവര്‍ത്തനഫലം നഷ്ടത്തിലാകാനുള്ള സാധ്യത കൂടുതലാണ്. 13,385 ലക്ഷം രൂപ നില്‍പ്പുവായ്പയുള്ള ഒരു പ്രാഥമിക കാര്‍ഷികവായ്പാസംഘത്തിന്റെ ലാഭനഷ്ടക്കണക്കില്‍ കുടിശ്ശികപ്പലിശ വായ്പത്തുകയുടെ 21.5 ശതമാനവും കിട്ടാക്കട-സംശയാസ്പദകടങ്ങള്‍ക്കുള്ള കരുതല്‍ വായ്പത്തുകയുടെ 9.1 ശതമാനവും കാണുന്നു. 12,297 ലക്ഷം രൂപ നില്‍പ്പുവായ്പയുള്ള മറ്റൊരു സംഘത്തിന്റെ ലാഭനഷ്ടക്കണക്കില്‍ വായ്പത്തുകയുടെ 44.46 ശതമാനം കുടിശ്ശികപ്പലിശക്കുള്ള കരുതലായും 1525 ലക്ഷം രൂപ കിട്ടാക്കട-സംശയാസ്പദ കടങ്ങള്‍ക്കുള്ള കരുതലായും കാണിച്ചിരിക്കുന്നു. വായ്പത്തുകയുടെ 9.1 ശതമാനം കിട്ടാക്കട-സംശയാസ്പദ കടങ്ങള്‍ക്കു കരുതല്‍വെച്ച സംഘത്തിന്റെ 2022-23 വര്‍ഷത്തെ പ്രവര്‍ത്തനനഷ്ടം 2125 ലക്ഷം രൂപയാണെങ്കില്‍ രണ്ടാമത്തെ സംഘത്തിന്റെ നഷ്ടം 1894 ലക്ഷം രൂപയാണ്. ഈ രണ്ടു സംഘങ്ങളുടെയും നഷ്ടത്തിനുള്ള പ്രധാനകാരണം കിട്ടാക്കട-സംശയാസ്പദ കരുതലാണ്.

 

(മൂന്നാംവഴി സഹകരണ മാസിക ആഗസ്റ്റ് ലക്കം 2023)

Leave a Reply

Your email address will not be published. Required fields are marked *

Latest News