പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായവുമായി നോര്‍ക്കറൂട്ട്‌സ്

moonamvazhi

കോവിഡാനന്തരം സജീവമായ പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ നോര്‍ക്ക് റൂട്ട്‌സിന്റെ പദ്ധതി. സംസ്ഥാനത്ത് 70 പ്രവാസി സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയിലേറെയും പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയാത്ത വിധം പ്രതിസന്ധി നേരിടുന്നുണ്ട്. വിദേശത്തുള്ളവര്‍ക്ക് ഓഹരി നല്‍കാന്‍ കഴിയുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നത്. ഈ ഘട്ടത്തിലാണ് പ്രവാസി സംഘങ്ങള്‍ക്ക് പുതിയ പദ്ധതി നോര്‍ക്ക റൂട്ട്‌സ് തയ്യാറാക്കിയിട്ടുള്ളത്.

ഇത്തരം പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്. ലഭിക്കുന്നത് ഈ തുക മൂന്നു ലക്ഷം രുപ വരെയാണ് നല്‍കുക. സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും 2 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും നല്‍കും.

അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്‌ട്രേഷന്‍ കഴിഞ്ഞിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. സംഘത്തിലെ എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികളോ, വിദേശത്തുനിന്ന് തിരിച്ചു വന്നവരോ ആയിരിക്കണം. ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കണം. എന്നിങ്ങനെയാണ് നിബന്ധനകള്‍.

ഉല്‍പാദന, സേവന, ഐ.ടി, കൃഷി, മൃഗസംരക്ഷണം,ക്ഷീരവികസനം, ചെറുകിട വ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മാണം, നിര്‍മാണ മേഖല എന്നിങ്ങനെയുള്ള തൊഴില്‍ സംരംഭങ്ങളിലൂടെ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. അവരുടെ നിലവിലുളള സംരംഭങ്ങളില്‍ ഇത്രയും തൊഴിലവസരം നല്‍കുന്നുണ്ടെങ്കില്‍ അവയ്ക്കും സഹായത്തിന് അപേക്ഷിക്കാം. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കും ധനസഹായം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News